Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തുവർഷം കഴിച്ചത് ഭക്ഷണം പകുത്ത്; ചെറിയ പനിയൊക്കെ അതിജീവിച്ചത് പാരസെറ്റമോൾ കൊണ്ട്; ഇങ്ങനെ ജീവിക്കേണ്ടി വന്നത് സാഹചര്യം കൊണ്ട്; എന്റെ വീട്ടുകാരെ എനിക്കിപ്പോഴും പേടി; പുതിയ ലോകത്തിൽ റഹ്‌മാനും സജിതയും ജീവിതം പറയുന്നു

പത്തുവർഷം കഴിച്ചത് ഭക്ഷണം പകുത്ത്; ചെറിയ പനിയൊക്കെ അതിജീവിച്ചത് പാരസെറ്റമോൾ കൊണ്ട്; ഇങ്ങനെ ജീവിക്കേണ്ടി വന്നത് സാഹചര്യം കൊണ്ട്; എന്റെ വീട്ടുകാരെ എനിക്കിപ്പോഴും പേടി;  പുതിയ ലോകത്തിൽ റഹ്‌മാനും സജിതയും ജീവിതം പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പത്ത് വർഷക്കാലം ഒരുമനുഷ്യക്കുഞ്ഞ് പോലുമറിയാതെ തന്റെ പ്രണയിനിയെ മുറിക്കുള്ളിലെ പ്രത്യേക അറയിൽ സംരക്ഷിച്ച യുവാവിന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. പ്രണയത്തെക്കുറിച്ചൊക്കെ വാചാലരാകുമ്പോഴും അവർ നേരിട്ട സാഹചര്യം ചർച്ച ചെയ്യപ്പേടെണ്ടത് തന്നെയാണ്.ഇത്രയും ആധുനികമായ ഒരു സമൂഹത്തിൽ രണ്ടുപേർക്ക് സ്വസ്ഥമായി ജീവിക്കണമെങ്കിൽ അത് ഇപ്പോഴും പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വരുന്നു എന്നത് തന്നെയാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

പുതുലോകത്തിൽ പുതുജീവിതം സ്വപം കാണുമ്പോഴും ഇരുവരും പങ്കുവെക്കുന്ന ആശങ്കകൾ ചെറുതല്ല.റഹിമാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തിൽ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിച്ചതെന്നാണ് റഹിമാൻ പറയുന്നത്.തനിക്ക് ഇപ്പോഴും തന്റെ വീട്ടുകാരെ ഭയമുണ്ടെന്നാണ് റഹ്‌മാൻ പറയുന്നത്.എങ്കിലും ഇനിയെങ്കിലും സമൂഹത്തിന്റെ പിന്തുണയിലെങ്കിലും സമാധാനമായി ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാജിതയും റഹ്‌മാനും.പുറത്ത് വന്ന് തങ്ങളുടെ പത്ത് വർഷത്തെ അനുഭവങ്ങളും ഇനിയുള്ള പ്രതീക്ഷകളും പങ്കുവെക്കുകയാണ് ഇരുവരും.

തങ്ങളുടെ പ്രണയം മറ്റുള്ളവർ അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന ഭയമായിരുന്നു ഈ ഒളിപ്പിക്കലിന് പ്രേരണയായത്.'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാൻ കൊടുത്തിരുന്നു.

ഇലക്രോണിക്‌സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്.മോട്ടോർ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ടോയ് കാറുകളിലുള്ള മിനിമോട്ടോർ എല്ലാ കടകളിലും കിട്ടും. ഞാൻ ഇങ്ങനെ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കുറേയൊക്കെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ട്. ചുമരിലെ വിടവ് ഉണ്ടാക്കിയത് കാറ്റും വെളിച്ചവും കിട്ടാൻ വേണ്ടിയാണ്.

ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.

ഇനി സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം. പൊലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇനി ഒരുപ്രശ്‌നവും ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവർ എന്നെ പുറത്താക്കിയിരിക്കുകയാണ്.'ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.' ഇതായിരുന്നു കഴിഞ്ഞ പത്തു വർഷം റഹ്‌മാൻ പറഞ്ഞുനിർത്തുന്നു.

ഒറ്റമുറിയിൽ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. ഭർത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്‌സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹിമാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിക്കുന്നത്. എന്റെ വീട്ടുകാർ വിളിച്ചു. ഇപ്പോൾ സമാധാനമായെന്നും സാജിത പറയുന്നു. ഒരിക്കലും ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോൾ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. എന്നാലും ഇക്കയുടെ വീട്ടുകാരെ പേടിയുണ്ടെന്നും സാജിതയും പറഞ്ഞ് നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP