Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മുട്ടിൽ മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാം എന്നതിന് തെളിവ്'; പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ട് പി ടി തോമസ്; മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ താനാണോ ഇനി മാപ്പ് പറയേണ്ടതെന്നും പി ടി; 25 ലക്ഷത്തോളം കോഴ നൽകി 56 കുറ്റി മരം മുറിച്ചെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ

'മുട്ടിൽ മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാം എന്നതിന് തെളിവ്'; പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ട് പി ടി തോമസ്; മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ താനാണോ ഇനി മാപ്പ് പറയേണ്ടതെന്നും പി ടി; 25 ലക്ഷത്തോളം കോഴ നൽകി 56 കുറ്റി മരം മുറിച്ചെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്കൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പുറത്തുവിട്ട് മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ മറുപടിയുമായി പി.ടി. തോമസ് എം.എൽഎ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനിൽക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. കോഴിക്കോട് നടന്ന ചടങ്ങിന്റെ ചിത്രമാണിതെന്നാണ് മനസിലാക്കുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഈ ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്നും പി.ടി. തോമസ് ചോദിച്ചു. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.



മുഖ്യമന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ചിത്രമെന്നാണ് പി.ടി. തോമസ് ആരോപിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് ഇവരുമായി ബന്ധമുണ്ടെന്നോ മരംമുറി കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നോ താൻ ആരോപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങിൽ പങ്കെടുക്കാൻ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മാറ്റിവെച്ചതിന് ശേഷം, പാർട്ടി മുഖപത്രത്തിൽ പരസ്യം വന്നതിന് ശേഷം ഇങ്ങനെ ഒരാൾക്ക് സൗഹാർദപരമായി കൈ കൊടുക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിനായി 2017 ജനുവരി 21 ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിച്ചു. 22ന് രാവിലെ 9 മണിക്ക് നിശ്ചയിച്ചിരുന്ന സംഭവം ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതുകൊല്ലം എംഎൽഎ എം. മുകേഷാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് വേണ്ടി മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ സംഘാടകർ കേസുകളിൽ പ്രതികളാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി പിന്മാറിയത്.

അതേ സമയം മുട്ടിൽ മേഖലയിൽനിന്ന് മരം മുറിച്ചത് നിയമാനുസൃതമായാണെന്ന് അവകാശപ്പെട്ട് മുഖ്യപ്രതിയും വ്യവസായിയുമായ റോജി അഗസ്റ്റിൻ രംഗത്തെത്തി. ആവശ്യമായ രേഖകൾ നൽകിയിരുന്നു. ഒരു നിയമവും ലംഘിച്ചിട്ടില്ല. മുറിച്ച് 20 ദിവസം കഴിഞ്ഞാണ് മരം കയറ്റിക്കൊണ്ട് പോയത്. അന്വേഷണ ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയാണ് കേസെടുത്തത്. വനത്തിൽനിന്ന് മരം മുറിച്ചെന്നാണ് കേസെടുത്തതെന്നും റോജി പറഞ്ഞു. ഡിപ്പോ ലൈസൻസ് ഉപയോഗിച്ച് പെരുമ്പാവൂരിലേക്കാണ് മരം എത്തിച്ചതെന്നും റോജി ഒരു ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി.

മുട്ടിലിൽ മരം മുറിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായും റോജി വെളിപ്പെടുത്തി. ഡിഎഫ്ഒയ്ക്ക് പത്തുലക്ഷവും റേഞ്ച് ഓഫിസർക്ക് അഞ്ചുലക്ഷവും നൽകി. വനം ഓഫിസ് സ്റ്റാഫിനും പണം നൽകി. ഇവരാരും തന്റെ മുഖത്തുനോക്കി പണം തന്നില്ലെന്ന് പറയില്ലെന്നു റോജി പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടില്ല.

സ്വന്തം പറമ്പിലെ 14 കുറ്റിയടക്കം 56 കുറ്റി മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണു മുറിച്ചത്. വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറയുന്നു. മരം മുറിച്ചതിൽ അനുമതി തേടി വയനാട് ഡിഎഫ്ഒയോട് സംസാരിക്കുന്ന ഫോൺ സംഭാഷണവും പ്രതി റോജി പുറത്തുവിട്ടു. നിങ്ങൾ എന്ത് വിവരമില്ലാത്ത മനുഷ്യനാണെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറിനോട് റോജി ചോദിക്കുന്നുണ്ട്. രാജിവച്ച് കൂടേയെന്നും ഒളിച്ചു നടക്കാതെ തന്റെ ഓഫിസിലുള്ള രേഖ നൽകാൻ തയാറാകണമെന്നും റോജി ആവശ്യപ്പെടുന്നുണ്ട്. ഡിഎഫ്ഒയ്ക്ക് പണം നൽകിയതായും ഫോൺ സംഭാഷണത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP