Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 16 മാസം; സാങ്കേതിക പഠനം ഓൺലൈനിൽ സാധ്യമല്ല; കെട്ടിടവാടകയും കറണ്ടുബില്ലും അധികബാധ്യതകളാകുന്നു; ദിവസങ്ങളോളം പ്രവർത്തിക്കാതെ കേടുവരുന്ന ഉപകരണങ്ങളും വെല്ലുവിളി

സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 16 മാസം; സാങ്കേതിക പഠനം ഓൺലൈനിൽ സാധ്യമല്ല; കെട്ടിടവാടകയും കറണ്ടുബില്ലും അധികബാധ്യതകളാകുന്നു; ദിവസങ്ങളോളം പ്രവർത്തിക്കാതെ കേടുവരുന്ന ഉപകരണങ്ങളും വെല്ലുവിളി

വിഷ്ണു ജെ.ജെ നായർ

തിരുവനന്തപുരം: സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2020 മാർച്ച് മുതൽ അടഞ്ഞുകിടക്കുകയാണ്. 16 മാസമായി അടഞ്ഞുകിടക്കുന്ന ഇത്തരം സ്ഥാപനങ്ങളെയാണ് പത്താം ക്ലാസ് മുതൽ എഞ്ചിനീയറിംങ് വരെയുള്ള വിദ്യാർത്ഥികൾ തൊഴിൽ തേടുന്നതിനിനുള്ള സാങ്കേതികവിദ്യാഭ്യാസത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വിദേശരാജ്യങ്ങളിൽ തൊഴിൽ നേടുന്നതിനും ഇവർ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്.

ഐടി, ഫയർ ആൻഡ് സേഫ്റ്റി, ഹാർഡ് വെയർ ടെക്‌നോളജി, മൊബൈൽ ടെക്‌നോളജി, ലിഫ്റ്റ് ടെക്‌നോളജി മുതൽ ടൈപ്പ് റൈറ്റിങ് വരെയുള്ള സാങ്കേതിക വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഇത്തരം സ്ഥാപനങ്ങളെയാണ്. ഇവയെല്ലാം പ്രാക്ടിക്കൽ അടിസ്ഥിതമായതിനാൽ ഓൺലൈൻ പഠനം അപ്രായോഗികമാണ്. ഇന്ന് സർക്കാർ ജോലികൾക്ക് പോലും കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധിത യോഗ്യതയായി പരിഗണിക്കുന്നു. ചില തസ്തികകളിലേയ്ക്ക് ടൈപ്പ് റൈറ്റിങ് സർട്ടിഫിക്കറ്റ് പോലും സർക്കാർ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ യുവാക്കൾ വിദേശരാജ്യങ്ങളിലേയ്ക്ക് പോകാനായി ഏറ്റവുമധികം ആശ്രയിക്കുന്നതും മൊബൈൽ- ഹാർഡ് വെയർ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസത്തെയാണ്. ഇത്തരത്തിൽ വിവിധതരം സാങ്കേതിക പരിജ്ഞാനം നൽകുന്ന സർക്കാർ വകുപ്പുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ പതിനായിരത്തോളം വരും. ഇത്തരം പഠന രംഗങ്ങളിൽ നേരിട്ടുള്ള സർക്കാർ സംവിധാനങ്ങൾ വളരെ പരിമിതമാണ്. ഒരു മാസം മുതൽ മൂന്ന് വർഷം വരെയുള്ള കോഴ്‌സുകൾ സാധ്യമാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ എല്ലാം ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.

കോവിഡിനു ശേഷം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനും കമ്പ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും ആവശ്യമായ പലിശരഹിത വായ്പയും പുനരുദ്ധാരണ പാക്കേജും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ റെൻവ സംസ്താന പ്രസിഡന്റെ റോയി ടിഎയും സെക്രട്ടറി ടിനു കെ രാജും ആവശ്യപ്പെട്ടു. വായ്പകളും ചിട്ടികളും അടക്കം ബാധ്യതകളുടെ പുറത്ത് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ നിശ്ചിതകാലത്തേയ്‌ക്കെങ്കിലും ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കി മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ്. ഒപ്പം അടഞ്ഞുകിടന്ന കാലയളവിലെ ഇലക്ട്രിസിറ്റി ബില്ല് ഒഴിവാക്കേണ്ടതും ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ അനുവദിച്ചാൽ മാത്രമേ വിദ്യാസമ്പന്നരായ പതിനായിരക്കണക്കിന് സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ നിന്നും സംരക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും റെൻവ പറയുന്നു.

പഠന കേന്ദ്രത്തെ നേരിട്ടും അല്ലാതെയും ആശ്രയിച്ചു കഴിയുന്നവർ ലക്ഷങ്ങളാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ വാഗ്ദാനങ്ങൾ ഇവർക്ക് മുൻപിൽ നിശ്ചലമാണ്. 16 മാസമായി വരുമാനമൊന്നുമില്ലാത്ത ഇവർ കെട്ടിടവാടകയും കറണ്ട് ബില്ലും അടക്കമുള്ള ബാധ്യതകളിലാണ്. ഉപയോഗിക്കാതിരിക്കുന്ന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുകൊണ്ടുള്ള നഷ്ടം ഇതിന് പുറമെയാണ്. സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ മേഖല നശിച്ചുപോകുന്ന അവസ്ഥയാണ്. ഒപ്പം സംരംഭകരായ ഈ അഭ്യസ്തവിദ്യരുടെ മുന്നിലെ വഴി അടയുകയും ചെയ്യും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇപ്പോഴും ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷൻ സംവിധാനമാണ് നിലവിലുള്ളത്. 16 മുതൽ 45 വയസ്സ് വരെ ഉള്ള വിദ്യാർത്ഥികൾ വന്നു പഠിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സാങ്കേതിക വിദ്യാഭ്യാസ രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. കൂടാതെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തി വാക്‌സിനേഷൻ എടുത്താൽ ലോക് ഡൗണിന് ശേഷം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രാക്ടിക്കൽ ക്ലാസുകൾ നടത്താൻ കഴിയും. സർക്കാർ തുറക്കാൻ അനുവദിക്കാത്ത സമയങ്ങളിൽ വാടക ഒഴിവാക്കി, സ്ഥാപന ഉടമകൾക്ക് നിയമസംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഉറപ്പുവരുത്തുകയും ചെയ്താൽ ഇവർക്ക് ഇനിയും മുന്നോട്ടു പോകാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP