Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയുടെ മരണ കാരണം പ്രാണവായു നൽകുന്നതിലെ അപാകത; ഓക്സിജൻ ലെവൽ താഴ്ന്ന് പിടഞ്ഞപ്പോഴും ആരും തിരിഞ്ഞു നോക്കിയില്ല; ഭാര്യ ശ്വാസം കിട്ടാതെ മരിക്കുന്നത് കണ്ട് നിസ്സഹായനായി അതേ വാർഡിൽ തളർന്നു കിടക്കുന്ന ഭർത്താവും; തിരുവല്ല പുഷ്പഗിരി ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; പ്രതികരിക്കാനില്ലെന്ന് മാനേജ്‌മെന്റ്

അമ്മയുടെ മരണ കാരണം പ്രാണവായു നൽകുന്നതിലെ അപാകത; ഓക്സിജൻ ലെവൽ താഴ്ന്ന് പിടഞ്ഞപ്പോഴും ആരും തിരിഞ്ഞു നോക്കിയില്ല; ഭാര്യ ശ്വാസം കിട്ടാതെ മരിക്കുന്നത് കണ്ട് നിസ്സഹായനായി അതേ വാർഡിൽ തളർന്നു കിടക്കുന്ന ഭർത്താവും; തിരുവല്ല പുഷ്പഗിരി ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; പ്രതികരിക്കാനില്ലെന്ന് മാനേജ്‌മെന്റ്

വിഷ്ണു ജെ.ജെ നായർ

തിരുവല്ല: തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസാപിഴവ് മൂലം സ്ത്രീ മരണപ്പെട്ടെന്ന പരാതിയുമായി മകൻ രംഗത്ത്. കുമ്പനാട് സ്വദേശി ഗ്രേസി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ ജിബു മാത്യു ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ഡിഎംഒയ്ക്കും പരാതി നൽകി. കോവിഡ് ബാധ മൂലം ഓക്സിജൻ ലെവൽ താഴ്ന്നിട്ടും ഹോസ്പിറ്റൽ ജീവനക്കാർ ഇടപെടുന്നില്ലെന്ന് പരാതിപ്പെട്ട് മരിക്കുന്നതിന് മുമ്പ് ഗ്രേസി ജോൺ അയച്ച ശബ്ദരേഖയും മകൻ പുറത്തുവിട്ടിട്ടുണ്ട്.  

ഏപ്രിൽ മാസം 21 നായിരുന്നു കോവിഡ് മൂലം ന്യുമോണിയ ബാധിച്ച് ഗ്രേസി ജോൺ പുഷ്പഗിരി ആശുപത്രിയിൽ അഡ്‌മിറ്റാകുന്നത്. അതിന് മുമ്പ് അവരുടെ ഭർത്താവ് ജോൺ മത്തായിയും കോവിഡ് ബാധിച്ച് അവിടെ ചികിൽസയിലായിരുന്നു. ബെഡ് ഒഴിവില്ലാത്തതിനാൽ രണ്ട് പേരെയും ഒരു റൂമിലാണ് അഡ്‌മിറ്റ് ചെയ്തത്. 23-ാം തീയതി മുതൽ ഗ്രേസി ജോണിന് ശ്വാസം മുട്ടൽ ആരംഭിച്ചു. ഓക്സിജൻ ലെവൽ 87 വരെ താഴ്ന്നിട്ടും സി പാപ് ഓക്സിജൻ മാസ്‌ക്ക് ഉപയോഗിക്കാതെ കേബിൾ രൂപത്തിലുള്ള നേസൽ പ്രോംഗ് മാത്രമാണ് ഉപയോഗിച്ചതെന്ന് ജിബു പരാതിയിൽ പറയുന്നു. അതുകൊണ്ടുതന്നെ ഓക്സിജൻ വേണ്ടവിധം വലിച്ചെടുക്കാൻ ഗ്രേസിക്ക് സാധിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെട്ടിട്ടും ഓക്സിജൻ മാസ്‌ക് മാറ്റി നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.

ഓക്സിജൻ ആവശ്യത്തിന് വലിച്ചെടുക്കാൻ സാധിക്കാതെ വന്നപ്പോൾ ഗ്രേസിയുടെ നില കൂടുതൽ വഷളായി. രാത്രിയിൽ രൂക്ഷമായ ശ്വാസം മുട്ടലുണ്ടായപ്പോൾ നേഴ്സുമാരെ വിളിക്കുകയും കോളിങ് ബെല്ലുകൾ അടിക്കുകയും ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ജിബു പരാതിപ്പെടുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന അവശനായ അദ്ദേഹത്തിന്റെ പിതാവ് ജോൺ മത്തായിയുടെ വീഡിയോയും അതിന് തെളിവായി ജിബു ഹാജരാക്കുന്നുണ്ട്. ഭാര്യ പ്രാണവായു കിട്ടാതെ കഷ്ടപ്പെടുമ്പോൾ മാറിമാറി നേഴ്സുമാരെ വിളിച്ചതും കോളിങ് ബെല്ലടിച്ചതും ജോൺ മത്തായിയായിരുന്നു. കോവിഡ് മൂലം ശരീരം തളർന്ന അവസ്ഥയിലായിരുന്ന അദ്ദേഹം. ഇല്ലെങ്കിൽ ക്വാറിഡോറിലൂടെ ഓടിപ്പോയെങ്കിലും അദ്ദേഹം നേഴ്സുമാരെ വിളിക്കുമായിരുന്നെന്ന് ജിബു പറയുന്നു. ഗ്രേസി ശ്വാസം കിട്ടാതെ പിടയുന്നത് നിറക്കണ്ണുകളോടെ നോക്കിനിൽക്കാനെ അദ്ദേഹത്തിന് സാധിച്ചുള്ളു.

കോവിഡ് വാർഡിലേയ്ക്ക് നേഴ്സുമാർ തിരിഞ്ഞുനോക്കാറില്ലെന്ന് ജിബു പറയുന്നു. വാർഡിന്റെ വാതിലിന് പുറത്താണ് നേഴ്സുമാരുടെ റൂം. വാർഡിൽ നിന്ന് വിളിച്ചാൽ കേൾക്കാത്ത ദൂരത്തിലാണത്. വളരെ അപൂർവമായി മാത്രമെ അവർ വാർഡിലേയ്ക്ക് വരാറുള്ളു. പലപ്പോഴും വരുന്നത് പ്രത്യേക പരിഗണനയുള്ള വിഐപി രോഗികളുടെ കാര്യങ്ങൾക്ക് മാത്രമാണ്. ദിവസത്തിൽ ഒരു തവണ മാത്രമേ ഡോക്ടർ റൗണ്ടിന് വരാറുള്ളുവെന്നും ജിബു പറയുന്നു.

രാത്രി മുഴുവൻ ഗ്രേസി ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും വെളുപ്പിന് മാത്രമാണ് നേഴ്സുമാർ അവിടേയ്ക്ക് വന്നത്. ആ സമയത്ത് ആശുപത്രി അധികൃതർ ജിബുവിനെ വിളിച്ച് ഓക്സിജൻ ലെവൽ 45 ആയെന്നും ഐസിയു ഒഴിവില്ലെന്നും അറിയിക്കുകയായിരുന്നു. അതിന് തലേദിവസം അവസ്ഥ രൂക്ഷമായാൽ ഐസിയുവിൽ കയറ്റാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് വെളുപ്പിന് വിളിച്ച് ഐസിയു ഒഴിവില്ലെന്ന് പറഞ്ഞതെന്ന് ജിബു പറയുന്നു. ഒടുവിൽ മറ്റൊരു ആശുപത്രിയിൽ ഐസിയു ബുക്ക് ചെയ്ത ശേഷം ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിക്കാണ് ഗ്രേസി മരിച്ച വിവരം ജിബുവിനെ അറിയിക്കുന്നത്.

കൃത്യമായി ഓക്സിജൻ നൽകാത്തതാണ് ഗ്രേസിയുടെ മരണകാരണമെന്ന് ജിബു ആരോപിക്കുന്നു. നാസൽ പ്രോംഗ് മാത്രമായിരുന്നു ഇട്ടിരുന്നതെന്ന് ഡിസ്ചാർജ് സമ്മറിയിൽ പറയുന്നുണ്ട്. ഓക്സിജൻ ലെവൽ 85 ൽ താഴെ വന്നപ്പോഴും ഐസിയുവിൽ പ്രവേശിപ്പിക്കാൻ ഇവർ തയ്യാറായിട്ടില്ലെന്നും ജിബു ആരോപിക്കുന്നു.

പലതവണ കോളിങ് ബെൽ അടിച്ച് വിളിച്ചിട്ടും ജീവനക്കാരാരും റൂമിലേയ്ക്ക് പോയില്ല. ശരിക്കും ആശുപത്രി അധികൃതർ ഓക്സിജൻ നൽകിയിരുന്നോ എന്ന കാര്യത്തിലും ജിബു സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആശുപത്രി ബിൽ നൽകിയപ്പോൾ അതിൽ ഓക്സിജൻ രേഖപ്പെടുത്തിയിരുന്നില്ല. ഇവർ അത് ചൂണ്ടിക്കാണിച്ചപ്പോൾ അതിന് വേണ്ടി ഒരു ഡ്യൂപ്ലിക്കേറ്റ് കോപ്പി എടുത്തുകൊണ്ടു വരുകയായിരുന്നുവെന്നും ജിബു പരാതിയിൽ പറയുന്നു.

ഈ പരാതിയെ പറ്റി അന്വേഷിക്കാൻ മറുനാടൻ പ്രതിനിധി പുഷ്പഗിരി ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഫോണിലൂടെ ഇതിനെ പറ്റി ഒന്നും പറയാൻ തയ്യാറല്ലെന്നായിരുന്നു പിആർഒയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP