Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ്സിന്റെ നിയന്ത്രണം കൈക്കലാക്കി വിഡി സതീശൻ കെ സുധാകരൻ കെ സി വേണുഗോപാൽ അച്ചുതണ്ട്; വർക്കിങ്ങ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ഗ്രൂപ്പ് പ്രതിനിധിയെ പരിഗണിക്കാത്തതിൽ അമർഷം; ഫ്രെയ്മിന് പുറത്തായ മുതിർന്ന നേതാക്കൾക്ക് കലിപ്പ് തീരുന്നില്ല

കോൺഗ്രസ്സിന്റെ നിയന്ത്രണം കൈക്കലാക്കി വിഡി സതീശൻ കെ സുധാകരൻ കെ സി വേണുഗോപാൽ അച്ചുതണ്ട്; വർക്കിങ്ങ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ഗ്രൂപ്പ് പ്രതിനിധിയെ പരിഗണിക്കാത്തതിൽ അമർഷം; ഫ്രെയ്മിന് പുറത്തായ മുതിർന്ന നേതാക്കൾക്ക് കലിപ്പ് തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്നും ഗ്രൂപ്പിന്റെ പേരിൽ പഴികേൾക്കേണ്ടി വന്ന കോൺഗ്രസ്സിന് സമീപകാലത്തെ ഗ്രൂപ്പ് കളികൾ ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചെറുതല്ല.കളികൾ അതിന്റെ പൂർണ്ണതയിലെത്തി അത് ഒടുവിൽ പാർട്ടിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും എന്ന ഘട്ടമെത്തിയപ്പോഴാണ് അണികൾ ഉൾപ്പടെ അമർഷവുമായി രംഗത്തെത്തിയത്. പ്രതിഷേധം കടുത്തപ്പോൾ തലമുറ മാറ്റം എന്ന സിദ്ധാന്തത്തിലുടെ ആദ്യം പ്രതിപക്ഷനേതാവിലും ഇപ്പോൾ കെപിസിസി പ്രസിഡന്റിലും പുനർചിന്തനം നടത്തുകയായിരുന്നു.ഇരു മാറ്റങ്ങളെയും അണികളിലും സർവ്വോപരി പാർട്ടിയിലും ഉണ്ടാക്കിയ ആവേശം ചെറുതല്ല

പക്ഷെ മാറ്റത്തിലേക്ക് കുതിക്കുമ്പോഴും പഠിച്ച പല്ലവി മറക്കില്ല എന്നതുപോലെ ഗ്രൂപ്പ് കളി അത്രപെട്ടെന്ന് മറക്കാൻ കോൺഗ്രസ്സിനെക്കൊണ്ടാവില്ല എന്നത് തന്നെയാണ് നിലവിലെ പാർട്ടിക്കുള്ളിലെ സംഭവ വികാസങ്ങളും സൂചിപ്പിക്കുന്നത്. കാരണം പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾക്ക് കടുത്ത അമർഷമാണ് പുകയുന്നത്. കെപിസിസി. പ്രസിഡന്റിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിലാണ് ഇവർ ഹൈക്കമാൻഡിനുനേരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നത്. പാർട്ടിയിൽ പ്രബലമായ രണ്ടു വിഭാഗങ്ങളെയും പൂർണമായും അവഗണിക്കുന്നുവെന്ന വികാരമാണ് ഗ്രൂപ്പ് നേതൃത്വം ഉയർത്തുന്നത്.

വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ നിശ്ചയമായും പേരുകൾ നിർദ്ദേശിക്കുമായിരുന്നുവെന്നാണ് ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കുന്നത്. ഗ്രൂപ്പുകൾക്കതീതമായാണ് മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. ടി. സിദ്ദിഖ് എ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും പ്രതിപക്ഷനേതാവിന്റെ നിയമനത്തിൽ അദ്ദേഹം സ്വതന്ത്ര നിലപാടെടുത്തു. പി.ടി. തോമസും കൊടിക്കുന്നിൽ സുരേഷും എ ഗ്രൂപ്പിൽനിന്ന് നേരത്തേ അകന്നിരുന്നു.

പ്രസിഡന്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ഹൈക്കമാൻഡ് താത്പര്യമനുസരിച്ച് നിയമിക്കുന്നതിൽ എതിർപ്പില്ലെന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചത്. കെ. സുധാകരനെ പ്രസിഡന്റാക്കാൻ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഹൈക്കമാൻഡ് തലത്തിൽ ഏകദേശധാരണയായെന്നിരിക്കെ, മറ്റുപേരുകൾ ഉയർത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്.

ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. മാറ്റങ്ങളെക്കുറിച്ച് സോണിയയോ രാഹുലോ സംസാരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അത്തരം ചർച്ചകളുണ്ടായാലേ പ്രശ്‌നം പരിഹരിക്കപ്പെടൂവെന്ന സൂചനയും ഗ്രൂപ്പ് നേതൃത്വം പങ്കുവെക്കുന്നു.

ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തോട് എതിർപ്പില്ല. എന്നാൽ, അതാണ് കാഴ്ചപ്പാടെങ്കിൽ വർക്കിങ് പ്രസിഡന്റുമാർ മൂന്ന് എന്തിനാണെന്ന് ഗ്രൂപ്പുകൾ ചോദിക്കുന്നു. ഗ്രൂപ്പുകൾക്കതീതമെന്ന വിശേഷണം നൽകി പുതിയ ഗ്രൂപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പക്ഷം.

വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചതെന്ന വിശ്വാസമാണ് ഗ്രൂപ്പുകൾ പങ്കുവെക്കുന്നത്. ഉടനടി പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. എ, ഐ ഗ്രൂപ്പ് നേതാക്കൾ പരസ്പരം ആശയവിനിമയത്തിലാണ്.

അതേസമയം പ്രതിഷേധമുണ്ടെങ്കിലും കെപിസിസി., ഡി.സി.സി. പുനഃസംഘടനയിൽ അഭിപ്രായം പറയുമെന്ന പൊതു നിലപാടിലാണ് ഗ്രൂപ്പുകൾ. ഉടനടി സംഘടനാ തിരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നിരിക്കെ, നാമനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന. ഇതിൽനിന്ന് വിട്ടുനിന്നാൽ ഒപ്പംനിൽക്കുന്നവരെ സംരക്ഷിക്കാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP