Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്‌ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നു

മുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്‌ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ വീണ്ടും എൻഐഎ അന്വേഷണം. കുറച്ചു കാലം എൻഐഎ ഈ കേസിൽ ഇടപെടൽ ഒന്നും നടത്തിയിരുന്നില്ല. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കൊടുവള്ളി മാഫിയയുമായി മുഹമ്മദ് മൻസൂറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.

കേസിലെ മുഖ്യസൂത്രധാരൻ കെ.ടി.റമീസിന്റെ കൂട്ടാളിയാണു മൻസൂർ. കള്ളക്കടത്തിനുള്ള സ്വർണം ദുബായിൽ കണ്ടെത്താനും അത് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലുള്ള പാഴ്‌സലിൽ ഒളിപ്പിക്കാനും മൻസൂർ സഹായിച്ചിട്ടുണ്ടെന്നാണ് എൻഐഎ കേസ്. ഇന്റർപോളിന്റെ സഹായത്തോടെയാണു മൻസൂറിനെ ഇന്നലെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്യാനും ഇനി നീക്കമുണ്ടാകും. ഇതോടെ അന്വേഷണം പുതിയ തലത്തിലെത്തും.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എൻഐഎ ഉദ്യോഗസ്ഥർ മ്രുഹമ്മദ് മൻസൂറിനെ കസ്റ്റഡിയിലെടുത്തു. എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയ മൻസൂറിനെ 14 വരെ കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. മൻസൂറിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണു പ്രതിയെ ചോദ്യം ചെയ്യുന്നത്.

കള്ളക്കടത്തു സ്വർണം ഉരുക്കി ആകൃതി മാറ്റി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിക്കുന്നതിൽ മൻസൂർ വിദഗ്ധനാണ്. 2018 ൽ കൊടുവള്ളി കുളപ്പൊയിലിൽ കസ്റ്റംസ് പിടികൂടിയ സ്വർണക്കടത്ത് കേസിലും മൻസൂർ ഉൾപ്പെട്ടിരുന്നു. സ്വർണക്കടത്തുമായ ബന്ധപ്പെട്ട ഭീകരബന്ധം അന്വേഷിക്കുന്നത് എൻ.ഐ.എയാണ്. മുൻപ് പല തവണ സ്വർണം കടത്തിയിട്ടുള്ള ഇയാൾ കസ്റ്റംസിന്റെ നോട്ടപുള്ളിയുമാണ്.

ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്വർണം കടത്തുന്നതിന് ഒത്താശ ചെയ്തിരുന്ന ഇയാൾക്ക് െേഫെസൽ ഫരീദ് അടക്കമുള്ളവരുമായി അടുത്തബന്ധമുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കൊടുവള്ളി മാഫിയയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് മൻസൂറിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമം തുടരുകയായിരുന്നു.

ദുബായിൽ ചെക്ക് കേസിൽ പിടിയിലായ മൻസൂർ അഹമ്മദിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. തുടർന്ന് ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൻസൂറിനെ എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തു. ഇതിനുശേഷം കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇന്നുതന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്തിൽ ഫൈസൽ ഫരീദിന് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നത് മൻസൂർ അഹമ്മദാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിനെത്തുടർന്നാണ് ഇയാളെയും കേസിൽ പ്രതിചേർത്തത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദ് ഇപ്പോഴും ദുബായിയിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ഇതുവരെ എൻ.ഐ.എയ്ക്ക് കഴിഞ്ഞിട്ടില്ല.

നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ്. ദുബായ് പൊലീസിന്റെ പിടിയിലാണ് ഇയാളെന്നാണ് സൂചന. എന്നാൽ സ്ഥിരീകരിക്കാൻ എൻഐഎ തയ്യാറായിട്ടില്ല. വ്യാജ രേഖകളുടെ നിർമ്മാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.

ഫൈസലിന്റെ പാസ്‌പോർട്ട് തടഞ്ഞുവച്ച കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണു പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ.

അതിനിടെ കോഫെപോസ നിയമപ്രകാരം തടവിൽ കഴിയുന്ന, റമീസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സഹോദരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമവിരുദ്ധമായാണു കെ.ടി. റമീസിനെ തടവിലാക്കിയിരിക്കുന്നതെന്ന് ആരോപിച്ച് കെ.ടി.റൈഷാദ് നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.

2017 ജൂലൈ 15 മുതൽ 2020 ജൂൺ 27 വരെ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയതിലും ഗൂഢാലോചനയിലും റമീസിനു മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നു കോഫെപോസ നിയമത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നവംബർ 19 ന് കേന്ദ്ര ധനമന്ത്രാലയം റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണു കെ.ടി.റമീസിനെ കരുതൽ തടവിലാക്കിയത്.

ഉത്തരവ് വൈകിയെന്നും നിരപരാധിത്വം തെളിയിക്കാനായി വേണമെന്ന് ആവശ്യപ്പെട്ട നിർണായക രേഖകളും മറ്റു നൽകിയില്ലെന്ന ഹർജിക്കാരന്റെ വാദം ഉൾപ്പെടെ ഹൈക്കോടതി തള്ളി.കസ്റ്റംസ് നിയമം 108 പ്രകാരം രേഖപ്പെടുത്തിയ മൊഴികൾ തെളിവുകളാണെന്നു വ്യക്തമാക്കിയ കോടതി മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണു കരുതൽ തടവിനുള്ള ഉത്തരവിട്ടതെന്നത് അടക്കമുള്ള വാദങ്ങളും തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP