Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കടമറ്റത്ത് കത്തനാരിൽ ആദ്യം എത്തിയത് ഡ്യൂപ്പായി; പ്രമുഖരെ കിട്ടാതെ വന്നപ്പോൾ ഒറിജിനൽ കത്തനാരായി; സീരിയൽ വഴി ആകെ നേടിയത് കഥാപാത്രത്തിന്റെ പ്രശസ്തി; സമ്പാദ്യം സ്വന്തമായൊരു വീടിന്റെ അഡ്വാൻസ് തുക മാത്രം; കത്തനാരിന്റെ രണ്ടാം ഭാഗം നിർമ്മിച്ചപ്പോൾ നഷ്ടങ്ങൾ; മലയാളികളുടെ കടമറ്റത്തച്ചൻ പ്രകാശ് പോൾ മനസു തുറക്കുന്നു

കടമറ്റത്ത് കത്തനാരിൽ ആദ്യം എത്തിയത് ഡ്യൂപ്പായി; പ്രമുഖരെ കിട്ടാതെ വന്നപ്പോൾ ഒറിജിനൽ കത്തനാരായി; സീരിയൽ വഴി ആകെ നേടിയത് കഥാപാത്രത്തിന്റെ പ്രശസ്തി; സമ്പാദ്യം സ്വന്തമായൊരു വീടിന്റെ അഡ്വാൻസ് തുക മാത്രം; കത്തനാരിന്റെ രണ്ടാം ഭാഗം നിർമ്മിച്ചപ്പോൾ നഷ്ടങ്ങൾ; മലയാളികളുടെ കടമറ്റത്തച്ചൻ പ്രകാശ് പോൾ മനസു തുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരുകാലത്ത് മലയാള ടെലിവിഷൻ രംഗത്തെ സൂപ്പർസ്റ്റാറായിരുന്നു കടമറ്റത്ത് കത്തനാർ സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ പ്രകാശ് പോൾ. സിനിമയിലെ സൂപ്പർതാരങ്ങലെ വെല്ലുന്ന താരപരിവേഷം ടെലിവിഷൻ രംഗത്തും സ്വന്തമാക്കിയ അപൂർവ്വ വ്യക്തികളിൽ ഒരാൾ. മിനി സ്‌ക്രീനിൽ അദ്ദേഹം കത്തനാരായി തീർത്ത മാന്ത്രിക പ്രകടനങ്ങൾ കുടുംബപ്രക്ഷകർ ഇന്നും ഓർക്കുന്നു. എന്നാൽ കത്തനാർ എന്ന കഥാപാത്രത്തിന് അപ്പുറത്തേക്ക് കടക്കാൻ പ്രകാശ് പോളിന് സാധിച്ചിട്ടില്ല. ആ ഒരൊറ്റ കഥാപാത്രത്തെ ഗംഭീരമാക്കിയ ശേഷം അജ്ഞാത വാസത്തിലേക്കെന്ന പോലെ പ്രകാശ്പോൾ മറയുകയായിരുന്നു. എവിടെ പോയി അദ്ദേഹം എന്ന് പ്രേക്ഷകർ ഒന്നടങ്കം അന്വേഷിച്ചെങ്കിലും ആർക്കും അദ്ദേഹം പിടി നൽകിയില്ല. പൊതുവേ അന്തർമുഖനായ പ്രകാശ്പോൾ ആർക്കും മുന്നിലെത്താതെ വീട്ടിൽ ഒതുങ്ങുകയായിരുന്നു.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം താൻ കത്തനാരിൽ എത്തിയത് എങ്ങനെ എന്നും തനിക്കുണ്ടായ തിരിച്ചടികളെ കുറിച്ചുമൊക്കെ വിശദമായി മറുനാടൻ പ്രേക്ഷകരുമായി മനസ്സുതുറക്കുകയാണ് പ്രകാശ്പോൾ. വീടിന് അഡ്വാൻസ് നൽകാനുള്ള തുക മാത്രമാണ് കത്തനാരിൽ നിന്നും താൻ ഉണ്ടാക്കിയതെന്നും കടം കയറിയപ്പോൾ അതും തിരിച്ചുവാങ്ങേണ്ടി വന്നതായും പ്രകാശ് പോൾ പറയുന്നു. ജയഹിന്ദിൽ കത്തനാരിന്റെ രണ്ടാം ഭാഗം തുടങ്ങിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയെന്നും പ്രകാശ്പോൾ പറയുന്നു. പോളുമായുള്ള അഭിമുഖത്തിലേക്ക്...

താങ്കൾ എങ്ങിനെയാണ് കടമറ്റത്ത് കത്തനാരായത്. ആ ജീവിതം ഒന്നു പറയാമോ?

കത്തനാരിൽ നിന്നല്ല തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. അതിനുമുന്നെ ഒന്നു രണ്ടു സീരിയലുകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നും തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ആയിരുന്നില്ല. പക്ഷെ പ്രധാന വേഷത്തിലെത്തിയ ഒരു കഥാപാത്രം ചെയ്തതിന് ശേഷം തന്നെ മറ്റൊരു വേഷത്തിലേക്കും ആരും വിളിക്കാതായി. തന്നെപ്പോലെ ശരീരഘടനയുള്ള ഒരാളെ സീരിയലുകളിലേക്ക് വേണ്ടായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്. പിന്നീട് ഞാൻ സൂര്യ ടിവിയുടെ പ്രഭാത പരിപാടിയുടെ കോഓഡിനേറ്ററായി.

അവിടെ നിന്നാണ് ടിഎസ് സുരേഷ് ബാബു ഒരു ദിവസത്തെ വർക്കുണ്ടെന്നും വരണമെന്നും പറയുന്നത്. അങ്ങിനെ ലോക്കേഷനിലെത്തി ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയും ചെയ്തു. മൂന്നു മാസങ്ങൾക്ക് ശേഷമാണ് കടമറ്റത്ത് കത്തനാരായി വേഷമിടുന്ന ആളുടെ ഡ്യൂപ്പായാണ് ഞാൻ ഒരു ദിവസം അഭിനയിച്ചതെന്ന് എനിക്ക് മനസ്സിലായത്. സത്യത്തിൽ എന്റെ ശരീരഘടനയുള്ള ഒരു നടനെ അവർ കാത്തിരിക്കുകയായിരുന്നു. ആറടി പൊക്കവും താടിയും മുടിയും ഉള്ള ഒരാളെ.ഇതൊക്കെ തനിക്ക് ഉണ്ടായതുകൊണ്ടാണ് തന്നെ ഡ്യൂപ്പായി തന്നെ പരിഗണിച്ചത്. എന്നാൽ ലൊക്കേഷനിൽ നിന്ന് ഇത് ഏത് സീരിയൽ ആണെന്നോ എത് കഥാപാത്രമാണെന്നോ ഒന്നും ഞാൻ ചോദിച്ചിരുന്നില്ല.

സീരിയലിന്റെ പൈലറ്റ് എപ്പിസോഡ് ചാനലിൽ കൊടുക്കണമെങ്കിൽ ടൈറ്റിൽ സോങ്ങ് വേണം. അതിലാണ് ഞാൻ അഭിനയിച്ചത്. അപ്പോൾ അവർക്ക് നടനെ കിട്ടിയിരുന്നില്ല. ബാബു ആന്റണി, സരേഷ് കൃഷ്ണ, ക്യാപറ്റൻ രാജു എന്നിവരൊക്കെയായിരുന്നു ഇവരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. അവസാനം ഒന്നും ശരിയാവാതെ വന്നപ്പോഴാണ് ഡ്യൂപ്പായി ചെയ്ത എന്നെ തന്നെ വീണ്ടും അവർ പരിഗണിച്ചത്. ആദ്യം അവർ ഇ കാര്യം അവതരിപ്പിച്ചപ്പോൾ ഞാൻ അത്ര താൽപ്പര്യം കാണിച്ചില്ല. കാരണം സുര്യ ടിവിയുടെ വർക്ക് കുറച്ചുകൂടി സേഫായിരുന്നു.അത്യാവശ്യം വരുമാനം ഉണ്ട്.എല്ലാ ദിവസവും വർക്കുണ്ടാകും അങ്ങിനെ കുറെ ഗുണങ്ങൾ അതിനുണ്ടായി. പകഷെ സീരിയിന്റെ കാര്യത്തിൽ അതല്ല സ്ഥിതി. വരുമാനം കുറവ്, ജോലി സുരക്ഷിതത്വം ഉറപ്പ് പറയുന്നില്ല അതൊക്കെയാണ് തന്നെ പിന്നോട്ട് വലിച്ചത്. പക്ഷെ അഭിനയത്തോടുള്ള താൽപ്പര്യം കാരണം ഞാൻ സമിതിക്കുകയായിരുന്നു.

പത്തോ ഇരുപതോ ദിവസം ഒരുമിച്ച് ഷൂട്ട് നടക്കും. പിന്നെ ഇടവേള. അങ്ങിനെയായിരുന്നു ചിത്രീകരണം.ഇതിനിടക്ക് രണ്ടും ഒരുമിച്ചാകാത്തതിനാൽ പൊൻപുലരി വിട്ടു.സീരിയൽ സംപ്രേഷണം തുടങ്ങി ആറാമത്തെ എപ്പിസോഡിലാണ് തന്റെ മുഖം ചെറുതായി സീരിയലിൽ കാണിക്കുന്നത്.അന്ന് ഞാൻ പുറത്തൊന്നും അധികം യാത്രചെയ്യാറില്ല. ലോക്കെഷൻ വീട് ഇതാണ് രീതി. മകന്റെ അഡ്‌മിഷനായി സ്‌കുളിൽ പോകേണ്ട ഒരു ആവശ്യം ഉണ്ടായി.പക്ഷെ ആ ഒരൊറ്റ എപ്പിസോഡ് എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്. ഞാൻ ഫേസ്മസായി.. കുട്ടികൾ ഉൾപ്പടെ തന്നെ കണ്ട് ഓടി വന്നതോടെ സ്‌കുളിലെ ടീച്ചർമാർ എന്നെ ഒരു മുറിയിൽ ഒളിപ്പിക്കുകയായിരുന്നു ചെയ്തത്.

അക്ഷരാർത്ഥത്തിൽ ഞാൻ അന്ന് ഭയപ്പെടുകയായിരുന്നു.കാരണം ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഇത്തരം പ്രശസ്തികൾ നമുക്ക് താങ്ങാൻ പറ്റില്ല.മാത്രമല്ല അത് ഒരു നടൻ എന്ന നിലയിലെ അംഗീകാരമായിരുന്നില്ല.ആ കഥാപാത്രത്തിനുള്ള അംഗീകാരമായിരുന്നു.ഞാൻ അങ്ങിനെ അമാനുഷിക ശക്തിയുള്ള ഒരാളാണ്. അങ്ങിനെയാണ് പിന്നീട് പ്രേക്ഷകർ എന്നെ പരിഗണിച്ചത്. ചില ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ എന്റെ കാല്തൊട്ട് വന്ദിക്കുക, കൈപിടിച്ച് അവർതന്നെ തലയിൽ വെക്കുക ഇങ്ങനെയൊക്കെ ആയിരുന്നു രീതി. പക്ഷെ ഞാൻ അ പ്രശ്സതി ഉപയോഗിച്ചില്ല എന്നതാണ് സത്യം.

ആരാധകരിൽ നിന്നുണ്ടാ അനുഭവങ്ങൾ എന്തെങ്കിലും പങ്കുവെക്കാമേ? കടമറ്റത്ത് കത്തനാരെ ആരാധകർ സ്വീകരിച്ച അനുഭവം

എന്നെ അത്ഭുതപ്പടുത്തിയ ഒരനുഭവം പറയാം. ഒരു ദിവസം എനിക്കൊരു ഫോൺ വന്നു.. പ്രകാശ് പോൾ സാറല്ലെ ചോദിച്ച് അതെ പ്രകാശ് പോളാണ് എന്നുപറഞ്ഞപ്പൊ അവർ പറഞ്ഞു എന്റെ പേര് സരസ്വതി ഗാന്ധി എന്നാണ്. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്റെ ഭാര്യയാണ് മലയാളിയാണ്. എന്നെ വീ്ട്ടിൽ വന്ന് കാണണമെന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷെ അപ്പോൾ തന്നെ ഇത് തന്നെ കളിപ്പിക്കാൻ വേണ്ടി ആരോ ചെയ്യുന്നതാണെന്ന തോന്നൽ ഉണ്ടായിരുന്നു, ഞാൻ സ്ഥലം ചോദിച്ചപ്പോൾ ജഗതിയിലാണെന്നും താമസിക്കുന്ന ഫ്ളാറ്റിന്റെ പേരും പറഞ്ഞു.അത് എനിക്കറിയാവുന്ന ഫ്ളാറ്റായിരുന്നു. എന്റെ സുഹൃത്തും നടനുമായ ജയകൃഷ്ണൻ അവിടെയാണ് താമസം ഞാൻ ജയകൃഷ്ണനെ ബന്ധപ്പെട്ടപ്പോൾ കാര്യം ശരിയാണ്. അങ്ങിനെ ഒരാൾ അവിടെ താമസിക്കുന്നുണ്ട്. അറിഞ്ഞപ്പോൾ എനിക്ക് ആകാംഷ കൂടി.

അങ്ങിനെ ഞാൻ അവരെ വിളിച്ച് പറഞ്ഞു ഇങ്ങോട്ട് വരണ്ട ഞാൻ അങ്ങോട്ട് വരാമെന്ന്.അങ്ങിനെ ഞാൻ എത്തി. കോളി ബെല്ലടിച്ചപ്പോൾ അവർ വന്നു വാതിൽ തുറന്ന് അകത്തേക്ക് ക്ഷണിച്ചു. അ വീട് എന്നെ ശരിക്കും ഞെട്ടിച്ചു. 1947 ന് മുമ്പുള്ള ഇന്ത്യയിലേക്ക് പ്രവേശിച്ച പോലെയായിരുന്നു അ വീടിന്റെ ഉള്ള്.പഴയ ഫോട്ടോകൾ അടക്കം.ഇത് എന്നെ സംബന്ധിച്ച് മറക്കാന് പറ്റാത്ത അനുഭവമാണ്.

ആരാധകരുടെ ഇടപെടൽ എപ്പോഴെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? അങ്ങനെ വല്ല അനുഭവവും?

അത്തരത്തിൽ ഒരിക്കലെ അനുഭവം ഉണ്ടായിരുന്നു.പൊതുവേ വാണീജ്യസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് ഞാൻ പോകാറില്ല.അപൂർവ്വമായി മാത്രമാണ് അങ്ങിനെ ഉണ്ടാകുന്നത്.അത്തരത്തിൽ കാസർഗോഡ് ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ സംഘാടകർ പരാമവധി സമയം എന്നെ ഹോട്ടലിൽ ഇരുത്തിയിട്ട് വേദിയിൽ ആൾക്കാർ കൂടാൻ കാത്തിരുന്നു.ഞാൻ ഉദ്ഘാടന സ്ഥലത്ത് എത്തിയപ്പോഴേക്കും എനിക്ക് വേദിയലെത്തൻ കഴിയാത്തവണ്ണം ആൾക്കാർ നിറഞ്ഞിരുന്നു.

ആകെ ഉണ്ടായിരുന്നത് ഒരു വണ്ടി പൊലീസ് മാത്രം. ഞാൻ കാറിറങ്ങി സ്റ്റേജിനടുത്തേക്ക് എത്തിയപ്പോഴേക്കും എന്റെ ഷർട്ട് മുഴുവൻ കീറുകയും മുടി വലിച്ചു പറിക്കുകയും ചെയ്തിരുന്നു.മനപ്പുർവമല്ല.. തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച് പോയതാണ്.ഒരുപരിധിവരെ ആൾക്കാരെ അഭിമുഖീകരിക്കാൻ പേടിയുള്ള ആളാണ് ഞാൻ.സീരിയലിൽ മനുഷ്യർക്ക് പുറമെ ഭൂതത്തെയും പ്രേതത്തെയും ഒക്കെ ഓടിക്കുമെങ്കിലും ഇപ്പോഴും ഒരു മുന്നുപേരോട് ഒരുമിച്ച് സംസാരിക്കേണ്ടി വന്നാൽ വല്ലാത്ത ഭയമാണ്.

സിനിമയിൽ മമ്മൂട്ടിക്കൊ മോഹൻലാലിനൊക്കെ ലഭിക്കുന്ന പരിഗണന ടെലിവിഷൻ രംഗത്ത് ലഭിച്ച നിങ്ങൾ പിന്നെ എന്തുകൊണ്ടാണ് ഈ മേഖലയിൽ തുടരാതിരുന്നത്. എങ്ങിനെയാണ് പ്രകാശ് പോൾ എന്ന നടൻ ഔട്ടായത്?

അതിന്റെ പ്രധാന കാരണം ആ കഥാപാത്രം തന്നെയായിരുന്നു.കാരണം ആ വേഷത്തിൽ അല്ലാതെ എന്നെ ആരും അംഗീകരിക്കാതായി. അമൃത ടിവിയിൽ ഞാനൊരു സീരിയൽ ചെയ്തു.സിനിമയാണെങ്കിൽ സത്യത്തിൽ അത് മോഹൻലാൽ ചെയ്യേണ്ട കഥാപാത്രം ആയിരുന്നു. ഞാൻ ആ വേഷം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ ഞാൻ അതിൽ പരാജയപ്പെട്ടു എന്നു തന്നെയാണ് ഞാൻ കരുതുന്നത്. മുണ്ടു മടക്കിക്കുത്തി തോക്ക് പിറകിൽ വച്ച് കുറ്റിത്തലമുടിയൊക്കെ ആയിട്ടായിരുന്നു ആ കഥാപാത്രത്തിന്റെ രൂപം. പക്ഷെ തനിക്കത് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് തന്നെയാണ് സത്യം.അതിനപ്പുറം അത്തരത്തിൽ ഒരു വേഷത്തിൽ തങ്ങളുടെ കത്തനാരെ കാണാൻ ജനങ്ങൾക്കും ഇഷ്ടമില്ലായിരുന്നു. റേറ്റിങ്ങിന്റെയൊന്നും പരിസരത്തെ അത് പോയില്ല.

പിന്നെ ചെയതത് മാൻഡ്രേക്ക് എന്ന സീരിയലാണ്. അത് ജനങ്ങൾ സ്വീകരിച്ചിരുന്നു. പക്ഷെ അതിന്റെ നിർമ്മാണ ചെലവും ചാനലിൽ നിന്ന് കിട്ടുന്ന പണവും തമ്മിൽ ഒത്ത്പോയില്ല.അങ്ങിനെ നിർമ്മാതാവ് തന്നെ ഉപേക്ഷിക്കുകയായിരുന്നു

എന്തുകൊണ്ടാണ് കടമറ്റത്ത് കത്തനാർ നിർത്തേണ്ടി വന്നത്. ഇത്രയെറെ പ്രചാരമുണ്ടായ ഒരു സീരിയൽ നിർത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ?

സാധാരണ സീരിയലിന്റെ സ്വഭാവം അനുസരിച്ചാണെങ്കിൽ 16 വർഷങ്ങൾക്കിപ്പുറം അതിപ്പഴും ഓടിക്കൊണ്ടിരുന്നേനെ.പക്ഷെ സീരിയലിന്റെ നിർമ്മാതാവ് എടുത്ത ധീരമായ ഒരു തീരുമാനമായിരുന്നു അത്. മോശമാകുന്നു എന്ന് കണ്ടപ്പൊ പുള്ളി നിർത്താൻ തീരുമാനിക്കുകയായിരുന്നു. ചാനൽ പോലും നിർത്തരുതെന്നാണ് ആവശ്യപ്പെട്ടത്. കാരണം റേറ്റിങ്ങ് അപ്പോഴും നല്ലപോലെ ഉണ്ടായിരുന്നു. മെറിലാന്റിന്റെ കാർത്തികേയൻ സർ ആയിരുന്നു നിർമ്മാതാവ്. അന്ന് പുള്ളി വർക്കിന്റെ ക്വാളിറ്റിയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്.. ഇന്ന് പക്ഷെ അദ്ദേഹം പ്രൊഡ്യൂസറായി. ക്വാളിറ്റിക്കൊപ്പം വാണീജ്യ വിജയവും അദ്ദേഹം പരിഗണിക്കാൻ തുടങ്ങി. 27 എപ്പിസോഡുകളോളമാണ് കടമറ്റത്ത് കത്തനാർ സംപ്രേഷണം ചെയ്തത്. പിന്നെ അവസാനിപ്പിക്കാൻ ഒരു 20 എപ്പിയോഡ് ബാക്കിയുള്ളപ്പോഴാണ് നിർത്താം എന്ന് അദ്ദേഹം പറയുന്നത്.

സീരിയൽ നിർത്തിയപ്പോൾ നിരാശ തോന്നിയിരുന്നോ?

നിരാശ തോന്നിയില്ലെന്ന് മാത്രമല്ല.ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത് ഞാനാണ്. ഇങ്ങനെ ഈ സീരിയിൽ തുടരുന്നതിലും നല്ലത് നിർത്തുന്നത എന്നായിരുന്നു എന്റെ പക്ഷം.കാരണം ആദ്യത്തെ കത്തനാരും അവസാനം എത്തിച്ചേർത്ത കത്തനാരും തമ്മിൽ കംപേർ ചെയ്യാൻ പറ്റാത്തവിധം മോശമായിത്തുടങ്ങിയിരുന്നു.അഭിനയിക്കുന്ന എനിക്കുപോലും അവേശമൊന്നും തോന്നുന്നില്ല.അങ്ങിനെയാണ് ഞാൻ അത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.

പിന്നെ എന്തുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറം കത്തനാർ വീണ്ടും ആരംഭിക്കാൻ ആലോചിച്ചത്?

രണ്ട് വർഷത്തിന് ശേഷം ജയ്ഹിന്ദ് ചാനലിലാണ് കത്തനാർ വീണ്ടുമെത്തിയത്. ആദ്യ സീരിയൽ നടക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ എപ്പോഴെങ്കിലും കത്തനാർ വീണ്ടും ചെയ്യണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു. പഴയകഥയും പഴയ കാലവും അല്ല. കടമറ്റത്ത് കത്തനാർ ഇന്നത്തെ കാലത്ത് വന്നാൽ എന്താകും എന്നായിരുന്നു ചിന്ത. അത് ചെറുപ്പക്കാരനായ കത്തനരാല്ല മറിച്ച് വർഷങ്ങളുടെ വാർധക്യമുള്ള കത്തനാർ. അതായിരുന്നു പ്ലാൻ.

അ സമയത്ത് രമേശ് ചെന്നിത്തലുമായി ജയ്ഹിന്ദിൽ മറ്റൊരു പരിപാടി ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ പോയപ്പോഴാണ് തങ്ങൾക്ക് കൂടി ഗുണമാകുന്ന ഒരു സീരിയൽ ചെയ്താൽ നോക്കാം എന്നുപറഞ്ഞത്. എന്നിട്ട് അദ്ദേഹം തന്നെയാണ് കത്തനാർ ഒന്നുകൂടി ചെയ്താലോ എന്ന് ചോദിച്ചത്. അങ്ങിനെ വന്നപ്പോൾ ഞാൻ എന്റെ ഈ ആഗ്രഹം പറയുകയും ചെയ്തു. കാരണം ആ സമയത്ത് കടമറ്റത്ത് കത്തനാരായി എന്നെയല്ലാതെ മറ്റൊരാളെ ആരും ആലോചിക്കില്ല എന്ന കാര്യം ഉറപ്പാണ്.

അത്കൊണ്ട് തന്നെ ആ സീരിയൽ കുറച്ച് വർഷം കഴിഞ്ഞിട്ടായാലും ചെയ്യാം എന്നായിരുന്നു എന്റെ പ്ലാൻ.അപ്പോൾ തന്നെ അത്തരമൊരു സാഹസത്തിന് മുതിരണോ എന്നൊരു സംശയം തനിക്കുണ്ടായിരുന്നു. പക്ഷെ ചെന്നിത്തലയുമായുള്ള സൗഹൃദം കാരണം ആ ആവശ്യം എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. അങ്ങിനെയാണ് പ്രൊജക്്ട് ആരംഭിക്കുന്നത്

എങ്ങിനെയാണ് കത്തനാരുടെ നിർമ്മാതാവാകുന്നത്?

ചാനൽ പൊതുവെ സീരിയലുകൾക്ക് കാശ് മുടക്കില്ല. നമ്മൾ ചെയ്തിട്ട് അവർക്ക് നൽകണം. എപ്പോസോഡ് സംപ്രേഷണം ചെയ്ത് അവർ കാശ് നൽകും. ഒരോ ചാനലിനും ഒരോപോലെയാണ് കാശ് തരുന്നത്. പക്ഷെ ജയ്ഹിന്ദിന് പറ്റിയ അമളി എന്താന്ന് വച്ചാൽ അവർ എഷ്യാനെറ്റിന്റെ കോൺട്രാക്ടിന്റെ കോപ്പി എടുത്തുവച്ചാണ് ഇവിടെയും കോൺട്രാക്ട് തയ്യാറാക്കിയത്. അപ്പൊ കോൺട്രാക്ട് ടൈപ്പ് ചെയ്യുമ്പോൾ എഷ്യാനെറ്റിൽ പറഞ്ഞപോലെ നാൽപ്പത്തിയഞ്ച് ദിവസത്തിന് ശേഷം തുക തരാം എന്നാണ് ഉദ്ദേശിച്ചത്. പക്ഷെ ടൈപ്പിങ്ങിൽ നാലുവിട്ടുപോയി വെറും അഞ്ച് ദിവസം ആയി.

അന്ന് ഇതൊന്നും നോക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.ഒരു സിഇഒ ഉണ്ടായിരുന്നു. അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയു ഇല്ലാത്ത ആളായിരുന്നു.പേര് ശരിക്ക് ഓർക്കുന്നില്ല. വിനോദ് എന്നോ മറ്റൊ ആയിരുന്നു.സീരിയൽ തുടങ്ങിയ ശേഷം ഇത് ആൾക്കാർ വെറുതെ കാണുമെന്ന് നിങ്ങൾ ധരിക്കരുതെന്നും ആളുകളെ കാണിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് അയാളോട് പറയാൻ നിരവധി തവണ ശ്രമിച്ചു. പക്ഷെ അപ്പോഴൊന്നും അദ്ദേഹം അത് മുഖവിലയ്ക്കെടുത്തില്ല.എ പ്പോഴും ലാപ്പ്ടോപ്പിലേക്ക് നോക്കിയിരിക്കും.

ഒരുതവണ എന്റെ ആകാംഷകൊണ്ട് ഞാൻ നോക്കിയപ്പോൾ പുള്ളി സ്പൈഡർമാൻ ഗെയിം കളിക്കുകയാണ്. അത്രയും ഉത്തരവാദമില്ലാത്ത ആളെക്കൊണ്ടാണ് ഇവർ ഇ സ്ഥാനം കൈകാര്യം ചെയ്തിരുന്നത്.

ആദ്യത്തെ എപ്പിസോഡുകൾക്കൊക്കെ ഏകദേശം എത്ര രൂപ ചെലവായി?

ആദ്യത്തെ എപ്പോസോഡുകൾക്ക് ഒന്നിന് രണ്ടര ലക്ഷം എന്ന നിരക്കിൽ ചെലവായി.അത് സ്വാഭാവികമാണ്.സെറ്റ് റെഡിയാകുന്നതൊക്കെ ആ എപ്പിസോഡിലാണ്.പിന്നീട് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഞാൻ ചോദിച്ചിരുന്നത്. അതിനിടക്ക് പൈലറ്റ് എപ്പിസോഡൊക്കെ കണ്ട് ഇഷ്ടപ്പെട്ട ഹസൻ ഒരു മണ്ടത്തരം കാണിച്ചു.ആദ്യത്തെ ഇരുപത് എപ്പിസോഡ് ഒരുലക്ഷം വച്ച് തരാം. പിന്നെ എന്തിനാ ഒന്നേ മുപ്പത് ആക്കുന്നെ. ഒന്നരലക്ഷം വരെ ഒക്കെ തരാലോ എന്ന്.

ഇത് ഒരു ആനമണ്ടത്തരമാണ്. ചാനലിനെപ്പറ്റി ഒന്നം അറിയാത്തത ്കൊണ്ടാണ് ഹസൻ അങ്ങിനെ പറഞ്ഞത്. കാരണം അങ്ങിനെ ഒരിക്കലും ചെയ്യാൻ പറ്റത്തില്ല. പക്ഷെ പുള്ളി പ്രതീക്ഷിച്ചത് ഇരുപത് ദിവസം കൊണ്ട് മറ്റ് സീരിയൽ കാണുന്ന എല്ലാവരും ജയഹിന്ദിലേക്ക് വരും എന്നാണ്. ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ എല്ലാവരും കരുതിയത് എഷ്യാനെറ്റിൽ വീണ്ടും തുടങ്ങുന്നുവെന്നാണ്. അപ്പോഴൊക്കെയും ഞാൻ പറയും അല്ല ജയഹിന്ദാണെന്ന്. പക്ഷെ ആപ്പോഴൊന്നും ആർക്കും ജയ്ഹിന്ദിനെ അറിയില്ലായിരുന്നു. അതിന് വേണ്ട ഒരു നടപടിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

എത്ര എപ്പിസോഡാണ് രണ്ടാമത്തെ കത്തനാർ ഷൂട്ട് ചെയ്തത്? ചാനലിൽ നിന്ന് പ്രതിഫലം ലഭിച്ചിരുന്നോ?

ഷൂട്ട് നടക്കുന്ന ഒരു സമയത്ത് ഒരു ചാനലും പൈസ തരുന്ന പതിവില്ല. ഒപ്പം ഷൂട്ടിന്റെ തിരക്ക് കാരണം കുറച്് ദിവസം ഞാൻ ചാനലുമായി ബന്ധപ്പെട്ടിരുന്നില്ല. അത്കൊണ്ട് തന്നെ ഞാൻ മറ്റേതെങ്കിലും ചാനലുമായി കമിറ്റ് ചെയ്തോ എന്ന് കരുതി ജയ്ഹിന്റെ സംഘം ലൊക്കേഷനിലൊക്കെ വന്നിരുന്നു. അന്ന് അവിടെ ആകെ മനുഷ്യത്വമുണ്ടാത് രണ്ടുപേർക്ക് മാത്രമായിരുന്നു. സണ്ണിക്കുട്ടി എബ്രഹാം പിന്നെ ഷൈനിയും. മറ്റെന്തോ ആവിശ്യത്തിന് ചാനലിൽ പോയപ്പൊ സണ്ണി എന്നോട് പറഞ്ഞു ചേട്ടന് ഒരു ചെക്ക് ഉണ്ട്. വാങ്ങണമെന്ന്.

ഞാൻ ശരിക്കും അന്തം വിട്ടു. കാരണം ആ സമയത്ത് എനിക്ക് ചെക്ക് തരേണ്ട ഒരു ആവശ്യവുമില്ല. കാരണം ആസമയത്ത് എഗ്രിമെന്റ് പോലും ആയിട്ടില്ല. അഥവാ തരണമെങ്കിൽ തന്നെ നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞ് തന്നാലും മതിയാവും. ഷൂട്ടിന് തുക ആവശ്യം ഉള്ളതുകൊണ്ട് അഞ്ച് ലക്ഷത്തിന്റെ ചെക്ക് ഞാൻ വാങ്ങിക്കുകയും ചെയ്തു. പിന്നീട് ഞാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് കടം വാങ്ങിക്കുന്നത് നിർത്തി. കാരണം ചോദിക്കാതെ തന്നെ ഇവർ തരുന്നുണ്ടല്ലോ. അഞ്ച് വീണ്ടും ചോദിച്ചപ്പോൾ അതും തന്നിരുന്നു.

സംപ്രേഷണം തുടങ്ങി ആദ്യത്തെ എഴു ദിവസത്തെ എപ്പിസോഡിന്റെ പൈസയൊക്കെ ശരിക്ക് തന്നു. പക്ഷെ തുറന്ന് പറയാലോ പിന്നെ കൃത്യമായിട്ട് എന്നല്ല പൈസയേ കിട്ടിയിട്ടില്ല എനിക്ക്. ടാക്സ് അടക്കം ഒരുലക്ഷത്തി പതിനഞ്ചായിരം രൂപയാണ് എപ്പിസോഡിന് എനിക്ക് തരുന്നത്. അവസാനം അഞ്ചിൽ നിന്ന് രണ്ടായി ഒടുവിൽ ഇരുപതിനായിരമായി കിട്ടാതായപ്പോഴെക്ക് ഞാൻ സീരിയൽ നിർത്തി.

പ്രതിഫലമൊന്നുമില്ലാതെ പിന്നെന്തിനാണ് സീരിയൽ തുടർന്ന് ?

ഇത് എല്ലാരും ചോദിക്കുന്ന ചോദ്യമാണ്. പക്ഷെ ഒരു സീരിയൽ തുടങ്ങിയാൽ പിന്നെ അത്രപെട്ടെന്ന് അത് നിർത്താൻ പറ്റില്ല.അല്ലെങ്കിൽ അതുപോലെ പൈസ ഉള്ള ആളായിരിക്കണം പ്രൊഡ്യൂസർ. അല്ലെങ്കിൽ സീരിയൽ നടന്നെ പറ്റു.കാശ് കിട്ടിയേ പറ്റു.അതായിരുന്നു അവസ്ഥ.മാത്രമല്ല ആദ്യമൊക്കെ തുക നന്നായി തന്നവരല്ലെ.അതും വിശ്വാസമായി.

റേറ്റിങ്ങ് ഉണ്ടായിരുന്നോ രണ്ടാം ഭാഗത്തിന്?

കോൺഗ്രസ്സുകാർ മാത്രം കണ്ടിരുന്നെങ്കിൽ അത്യാവശ്യം റേറ്റിങ്ങ് ഉണ്ടായേനെ. ഞാൻ ഈ സീരിയലൊക്കെ അവസാനിച്ചിട്ട് ആറുമാസം കഴിഞ്ഞ് കാശിന്റെ കാര്യം സംസാരിക്കാനായി രമേഷ് ചെന്നിത്തലയുടെ വീട്ടിൽ ചെന്നു. അപ്പോൾ അവിടെ വാഴ്ക്കൻ ഉണ്ടായിരുന്നു. എന്റെ കണ്ട് സുഖവിവരങ്ങൾ ഒക്കെ അന്വേഷിച്ച ശേഷം വാഴ്ക്കൻ പറഞ്ഞു സീരിയലൊക്കെ കാണുന്നുണ്ട് എന്ന്. ഏത്.. ആറുമാസം മുന്നെ തീർന്ന എന്റെ സീരിയൽ. സീരിയൽ നിർത്തിയതൊന്നും അവർ അറിഞ്ഞേ ഇല്ല.

28 ലക്ഷത്തോളം രൂപ തരാനുള്ളപ്പോഴാണ് 4 ലക്ഷം രൂപ തന്ന് ഇവർ ആ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത്.കേസിനുപോകാൻ പോലും എന്റെ കൈയിൽ പൈസ ഇല്ലായിരുന്നു. അഭിനയിക്കുമ്പോ കിട്ടുന്ന പൈസ അല്ലാതെ ഒന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല. കാരണം ഉദ്ഘാടനത്തിന് വിളിച്ചതൊക്കെ അച്ചന്മാരും ്‌സ്‌കുളിൽ നിന്നൊക്കെയായിരുന്നു. അതിനൊക്കെ എങ്ങിന കാശ് വാങ്ങുക. വണ്ടിയുടെ കാശ് മാത്രമാണ് വാങ്ങിയിരുന്നു.

സാമ്പത്തീക ക്രമക്കേടിന്റെ ഒരു വിവാദം ഉണ്ടായല്ലോ അത് എന്തായിരുന്നു?

കത്തനാരിന്റെ സമയത്ത് ഞാൻ ചില പലിശക്കാരിൽ നിന്നൊക്കെ പണം വാങ്ങിയിരുന്നു. അവർ വിചാരിച്ചത് കൃത്യമായി പലിശ കിട്ടും എന്നതാണ്.പക്ഷെ സീരിയൽ വിജയിക്കാതെ വന്നതോടെ ആകെ പ്രശ്നമായി.പിന്നെ സീരിയൽ അവസാനിക്കുമ്പോൾ അണിയറ പ്രവർത്തകർക്കൊക്കെ പണം ബാക്കിയുണ്ടായിരുന്നു. അതൊക്കെ പിന്നീടാണ് കൊടുത്ത് തീർക്കാൻ പറ്റിയത്. ആ സമയത്ത് ഞാൻ സ്വന്തമായൊരു വീട് എന്ന ആഗ്രഹവുമായി ഒരു വീടിന് അഡ്വാൻസ് കൊടുത്തിരുന്നു.അത് തിരിച്ചു വാങ്ങിയാണ് കുറെ ബാധ്യത തീർത്തത്. ആ അഡ്വാൻസ് കൊടുത്ത തുക മാത്രമാണ് ഞാൻ കത്തനാരിൽ നിന്നും ഉണ്ടാക്കിയെന്ന് പറയാൻ ഉള്ളത്.

പക്ഷെ അപ്പോഴൊന്നും പലിശക്കാർ എന്നെ വിട്ടില്ല.കട ബാധ്യതകൾ ഒകെ ഉണ്ടായത് ജയ്ഹിന്ദിന് വേണ്ടി സീരിയൽ ചെയ്തതുകൊണ്ടു തന്നെയാണ്. അതിൽ ഇപ്പോഴും ചില കടങ്ങൾ തുടരുന്നു. ഒരുവിധം കടങ്ങൾ വീടുവിറ്റ് വരെ ഞാൻ തീർത്തുവന്നു.അതിനിടക്ക് ഒരു വരുമാനമാർഗ്ഗമെന്ന നിലയിലാണ് പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയത്.ചെറിയ പരസ്യങ്ങൾ ഒക്കെ ചെയ്യുകയായിരുന്നു ലക്ഷ്യം.

അങ്ങിനെയാണ് എനിക്കൊരു നല്ല വർക്ക് കിട്ടിയത്.അത് യാഥാർത്ഥ്യമായാൽ പ്രൊഡക്ഷൻ ഹൗസിന് തന്നെ ഗുണകരമാകുമായിരുന്നു. തന്നെ സമീപിച്ച ക്ലൈന്റിന് അവരുടെ പ്രമോഷണൽ പർപ്പസ് വീഡിയോ ആയിരുന്നു അത്. അതിന്റെ അവതരണം മലയാളത്തിലെ രണ്ട് സൂപ്പർസ്റ്റാറുകളിൽ ഒരാൾ ചെയ്യാമെന്നേറ്റതും അതിന്റെ ഓഡിയോവരെ അയച്ചുതന്നതുമാണ്. പക്ഷെ ചെലവായി കണക്കാക്കിയത് ഏതാണ്ട് അമ്പത് ലക്ഷം രൂപയാണ്. നമ്മുടെ കയ്യിൽ അത്രയും തുക ഇല്ലാ്ത്തതിനാൽ തന്നെ ഇൻവെസ്റ്റ് ചെയ്യാൻ ഒരാൾ വന്നു.എന്റെ സുഹൃത്താണ് എന്നെ പരിചയപ്പെടുത്തുന്നത്.

ഒരു മൂന്നുലക്ഷം രൂപ വരെ അദ്ദേഹം തന്നു. പിന്നീട് കാശില്ല എന്ന് അദ്ദേഹം തന്നെ വന്നു പറഞ്ഞു. ഇനിയാകെ തന്റെ കൈയിലുള്ളത് ഒരു വണ്ടിയാണെന്നും അത് വേണമെങ്കിൽ വിറ്റ് കാശ് എടുത്തോളാനും പറഞ്ഞു. അങ്ങിനെ അയാൾ തന്നെ വണ്ടി വിറ്റു പണം തന്നു. പക്ഷെ പിന്നീട് അയാളുടെ മോറൽസൈഡ് അത്ര ശരിയല്ലാത്തതുകൊണ്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി.അതിലേക്ക് വിശദമായി ഞാൻ കടക്കുന്നില്ല.പക്ഷെ അ പ്രശ്നത്തെത്തുടർന്ന് അയാൾ പൈസ തിരിച്ച് ആവശ്യപ്പെട്ടു.പക്ഷെ പെട്ടെന്ന് എനിക്കതിന് സാധിക്കുമായിരുന്നില്ല.കാരണം വർക്ക് തുടങ്ങുവേം ചെയ്തു.പൂർത്തിയാക്കാൻ പറ്റിയിട്ടുമില്ല.

പക്ഷെ അപ്പോൾ തന്നെ പുള്ളി എന്റെ കയ്യിൽ നിന്നും ഉറപ്പിനെന്ന പേരിൽ ഒരു ചെക്ക് വാങ്ങി ഞാനറിയാതെ അപ്പോൾ തന്നെ ബാങ്കിൽ ഹാജരാക്കി.കോടതിയിൽ കേസും നൽകി.സോഷ്യൽ മീഡിയയിൽ ഉൾപ്പടെ തന്നെ പരമാവധി അപകീർത്തിപ്പെടുത്തുകയും ചെയ്തു.ഇപ്പോഴും കേസ് തുടരുകയാണ്..

തുടരും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP