Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തങ്ങ സമരത്തിൽ നടന്ന വെടിവെപ്പിനെ അനുകൂലിച്ച അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളിൽ; വെടിവെപ്പിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്ന്; കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാകുമ്പോൾ ജോഗിയുടെ രക്തസാക്ഷിത്വവും ചർച്ചകളിൽ

മുത്തങ്ങ സമരത്തിൽ നടന്ന വെടിവെപ്പിനെ അനുകൂലിച്ച അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളിൽ; വെടിവെപ്പിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്ന്; കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാകുമ്പോൾ ജോഗിയുടെ രക്തസാക്ഷിത്വവും ചർച്ചകളിൽ

ജാസിംമൊയ്ദീൻ

കോഴിക്കോട്: കണ്ണൂർ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനായി നിയമിതനാകുമ്പോൾ രാഷ്ട്രീയ കേരളത്തിൽ മുത്തങ്ങയിലെ വെടിവെപ്പും ജോഗിയെന്ന ആദിവാസി യുവാവിന്റെ രക്ത സാക്ഷിത്വവും വീണ്ടും ചർച്ചയാവുകയാണ്. കണ്ണൂരിലെ കോൺഗ്രസിനകത്തെ അക്രമരാഷ്ട്രീയത്തിന്റെ വാക്താവെന്ന നിലയിൽ വളർന്ന കെ സുധാകരന്റെ ചരിത്രത്തിൽ കറുത്ത അദ്ധ്യായമായി നിലനിൽക്കുന്ന സംഭവങ്ങളിലൊന്നാണ് മുത്തങ്ങയിലെ സമരവും അവിടെ നടന്ന വെടിവെപ്പും വെടിവെപ്പിനെ തുടർന്നുണ്ടായ രക്തസാക്ഷിത്വവും.

രാഷ്ട്രീയ കേരളം ഒന്നടങ്കം ആ വെടിവെപ്പിനെയും അക്രമ സംഭവങ്ങളെയും അപലപിച്ചപ്പോൾ വെടിവെപ്പിനെ ന്യായീകരിച്ച അപൂർവ്വം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അന്ന് വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരൻ. വെടിവെപ്പിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്നാണ്. അന്ന് നടന്നത്തിയ പത്ര സമ്മേളനത്തിൽ വെടിവെപ്പ് നടത്തിയ പൊലീസിന്റെ നടപടിയെ അഭിനന്ദിക്കുക കൂടി ചെയ്തു കെ സുധാകരൻ. ഇതിനെ തുടർന്ന് പോരാട്ടം പ്രവർത്തകർ കൽപറ്റയിൽ കെ സുധാകരന്റെ കോലം കത്തിക്കുകയും ചെയ്തു.

2001ലെ എകെ ആന്റണി മന്ത്രി സഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു കെ സുധാകരൻ. ഈ കാലത്താണ് വിവാദമായ മുത്തങ്ങ വെടിവെപ്പുണ്ടാകുന്നത്. 2003 ഫെബ്രുവരി 19നായിരുന്നു വെടിവെപ്പ്. വെടിവെപ്പിൽ ജോഗിയെന്ന ആദിവാസി യുവാവും സമരാനുകൂലികൾ ബന്ധിയാക്കിയ വിനോദ് എന്ന പേലീസുകാരൻ ആശുപത്രിയിലും മരിച്ചു. മുത്തങ്ങ സമരത്തിലൂടെയായിരുന്ന ജീവിക്കാൻ ഭൂമിയെന്ന മുദ്രാവാക്യം ആദിവാസികൾ ആദ്യമായി ഉയർത്തിയത്.

ഈ സമരത്തെ ഏത് വിധേനയും അടിച്ചമർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരനും. 2003 ജനുവരി അഞ്ചിനാണ് വനംഭൂമിയിൽ അവകാശം സ്ഥാപിച്ചു കൊണ്ടുള്ള മുത്തങ്ങ സമരത്തിന് തുടക്കമായത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ ഉൾപ്പെടുന്ന വനത്തിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിലായിരുന്ന സമരം. ഭരണ കക്ഷിയായ യുഡിഎഫിന് പുറമെ എൽഡിഎഫും പ്രത്യക്ഷമായി തന്നെ സമരത്തെ എതിർത്തു. പരിസ്ഥിതി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമരത്തിന് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് വയനാട്ടിലെത്തി. 44 ദിവസം നീണ്ട സമരത്തിനൊടുവിൽ ചില പരിസ്ഥിതി സംഘടനകളും സമരത്തിനെതിരെ തിരിഞ്ഞു.

ആദിവാസികളെ ബലം പ്രയോഗിച്ച് വനത്തിനകത്ത് നിന്ന് പുറത്താക്കണമെന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്കും സർക്കാറിനുമൊപ്പം ചില പരിസ്ഥിതി സംഘടനകളും ആവശ്യപ്പെട്ടു. വനത്തിനുള്ളിൽ സമരം നടത്തുന്ന ആദിവാസികൾക്ക് നാട്ടലിറങ്ങുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തികൊണ്ടാണ് മുത്തങ്ങയിൽ പൊലീസ് പ്രകോപനം സൃഷ്ടിച്ചത്. ഈ നടപടിക്ക് ആഭ്യനന്ദര വകുപ്പിന് പൂർണ പിന്തുണയുമായി വനം വകുപ്പുമെത്തി. അക്കാലത്തെ വനം മന്ത്രിയായിരുന്ന കെ സുധാകരൻ വനം വകുപ്പിനെ ഉപയോഗിച്ച് മുത്തങ്ങയിൽ കലാപത്തിന് തുടക്കമിട്ടു. 2003 ഫെബ്രുവരി 19ന് വനത്തിനകത്തെ സമരഭൂമിയിൽ നിന്നും ആദിവാസികളെ ബലം പ്രയോഗിച്ച് പുറത്താക്കുന്ന നടപടിക്ക് തുടക്കമായി. പൊലീസ്, വനം സേനകളിലെ ആയിരത്തോളം ഉദ്യോഗസ്ഥർക്കൊപ്പം ചില ഗുണ്ടകളും ആദിവാസികളെ ഒഴിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു, കെ സുധാകരനായിരുന്നു ഈ തന്ത്രത്തിന് പിന്നിൽ.

സമരക്കാരെ ഒഴിപ്പിക്കൽ ഒടുക്കം വെടിവെപ്പിലാണ് അവസാനിച്ചത്. ആദിവാസി ചെറുപ്പക്കാരൻ ജോഗി വെടിവെപ്പിൽ മരിച്ചു. പൊലീസുകാരനായ വിനോദ് പിന്നീട് ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. എന്നാൽ മുത്തങ്ങയിലെ ക്രൂരതക്ക് ശേഷമാണ് വയനാട്ടിൽ യഥാർത്ഥത്തിൽ കലാപം അരങ്ങേറിയത്. പൊലീസിന്റെയും വനം വകുപ്പിന്റെയും പിന്തുണയോടെ ആൾക്കൂട്ടങ്ങൾ വയനാട്ടിലൂടനീളം ആദിവാസി ഊരുകളിൽ കയറി കലാപം അഴിച്ചുവിട്ടു. പൊലീസ് ഊരുകളിലെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടിൽ ഇറങ്ങിയ ആദിവാസികളെ പൊലീസിന്റെ ഒത്താശയോടെ സാമൂഹ്യ വിരുദ്ധർ മാരകമായി മർദ്ദിച്ചു.പൊലീസ് കോളനികളിൽ കയറി രാത്രിയിൽ പോലും കുട്ടികളെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ജയിലിൽ അടച്ചു.

സമരത്തിന് നേതൃത്വം നൽകിയ സി കെ ജാനുവിനേയും ഗീതാനന്ദനേയും ക്രൂരമായി മർദ്ദിച്ച് ജയിലിലടച്ചു. സമരത്തെ അനുകൂലിച്ചെന്ന കുറ്റം ചാർത്തി നിരവധി സാമൂഹിക പ്രവർത്തകർക്കെതിരെ കേസെടുത്തു. അദ്ധ്യാപകനായ കെ കെ സുരേന്ദ്രനെ ബലമായി അറസ്റ്റ് ചെയ്ത് ക്രൂര മർദ്ദനത്തിന് ഇരയാക്കി ലോക്കപ്പിലിട്ട് ചെവി അടിച്ചു പൊട്ടിക്കുന്ന സംഭവവും പിന്നീട് ഉണ്ടായി. വെടിവെപ്പിനിടയിൽ സംഭവിച്ച പൊലീസുകാരന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയെന്ന് കാണിച്ച് ആയിരത്തോളം ആദിവാസികളെ പ്രതികളാക്കി വനം വകുപ്പും കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസുകാരന്റെ മരണത്തിലു സമരത്തിന്റെ പേരിലും നിരവധി ആദിവാസികൾ കേസുകളിൽ പ്രതികളായി.

കേസുകളിൽ ഉൾപ്പെട്ട 25ലേറെ ആദിവാസികൽ ഇക്കാലയളവിനിടയിൽ മരണപ്പെട്ടു. നാട്ടുകാരും പൊലീസും ക്രൂരമായി മർദ്ദിച്ച ആദിവാസികളിൽ പലരും അവശരായി ജീവിക്കാൻ മാർഗ്ഗമില്ലാതെയാണ് മരണപ്പെട്ടത്. പകുതിയിലധികം പേരും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇത്തരത്തിൽ വയനാട്ടിലെ ആദിവാസി ജീവിതങ്ങളെ ചോരക്കളമാക്കിയ മുത്തങ്ങ വെടിവെപ്പിന്റെ മുഖ്യ സൂത്രധാരകരിൽ ഒരാളാണ് ഇന്ന് കെപിസിസി പ്രസിഡണ്ടായി നിയമിതനായിട്ടുള്ള കെ സുധാകരൻ.

വെടിവെപ്പിന് ശേഷവും പിന്നീട് നടന്ന കലാപത്തിന് ശേഷവും സമരത്തെ എതിർത്തവർ പോലും വെടിവെപ്പിനെയും കലാപത്തെയും അപലപിച്ചപ്പോൾ വെടിവെപ്പിനെ ന്യായീകരിച്ച് പത്ര സമ്മേളനം നടത്തുകയാണ് അന്നത്തെ വനം മന്ത്രിയായ കെ സുധാകരൻ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP