Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് പ്രധാനമന്ത്രിയുടെ അതൃപ്തി കൂടി കണക്കിലെടുത്ത്; അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചന നേരിട്ട് നൽകാൻ നദ്ദ; ദേശീയ ഭാരവാഹിയാക്കി നാണക്കേട് ഒഴിവാക്കാനും സാധ്യത; സമ്പൂർണ്ണ സംഘടനാ അഴിച്ചുപണിയെന്ന ബദൽ ഫോർമുലയുമായി സുരന്ദ്രനും; ബിജെപിയിൽ ഉടച്ചുവാർക്കൽ സാധ്യത കൂടുമ്പോൾ

സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് പ്രധാനമന്ത്രിയുടെ അതൃപ്തി കൂടി കണക്കിലെടുത്ത്; അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചന നേരിട്ട് നൽകാൻ നദ്ദ; ദേശീയ ഭാരവാഹിയാക്കി നാണക്കേട് ഒഴിവാക്കാനും സാധ്യത; സമ്പൂർണ്ണ സംഘടനാ അഴിച്ചുപണിയെന്ന ബദൽ ഫോർമുലയുമായി സുരന്ദ്രനും; ബിജെപിയിൽ ഉടച്ചുവാർക്കൽ സാധ്യത കൂടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോട് രാജിവയ്ക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെടുമെന്ന് സൂചന. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയെന്ന പേരുദോഷം ഒഴിവാക്കാനാകും ഇത്. കേന്ദ്ര നേതൃത്വത്തിൽ പദവി നൽകി സുരേന്ദ്രനെ കേരളത്തിലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതും ബിജെപി കേന്ദ്ര നേൃത്വത്തിന്റെ പരിഗണനയിലാണ്.

ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉൾപ്പെടെയുള്ളവരുമായി സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. കൊടകര കുഴൽപണക്കേസ്, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. കേരളത്തിലെ സംഘടനാ വിഷയങ്ങളിൽ സിവി ആനന്ദബോസ് നൽകിയ റിപ്പോർട്ട് സുരേന്ദ്രന് എതിരാണ്. ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരും അക്കമിട്ട് നിരത്തി പ്രശ്‌നങ്ങൾ നദ്ദയെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക റിപ്പോർട്ട് സുരേന്ദ്രൻ സമർപ്പിക്കും.

ഇത് വിശദമായി കേന്ദ്രം പരിശോധിക്കും. ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്നാകും സുരേന്ദ്രൻ നദ്ദയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. പാർട്ടിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ല. കൊടകരയിലും അതു തന്നെയാണ് സംഭവിച്ചതെന്നും വിശദീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും സുരേന്ദ്രൻ കാണാൻ ശ്രമിക്കും. എന്നാൽ അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാൻ സാധ്യത കുറവാണ്. സുരേന്ദ്രൻ ഇന്നലെ ഡൽഹിയിലെത്തി.

കൂടിക്കാഴ്ചകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന. സമ്പൂർണ്ണ അഴിച്ചു പണിയിലൂടെ എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി പാർട്ടിക്ക് പുനർജീവനം നൽകാമെന്ന നിലപാടാണ് സുരേന്ദ്രനുള്ളത്.

കേരളത്തിലെ ബിജെപി.യുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയർന്ന കുഴൽപ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാർട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളിൽ റിപ്പോർട്ട് തേടുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷൻ ഡൽഹിയിലെത്തി നേതാക്കളെ നേരിട്ട് കാണാനിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള നടപടികൾക്ക് മുമ്പേ നേതൃത്വത്തിന് മുന്നിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് സുരേന്ദ്രന്റെ ലക്ഷ്യം.

കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാർട്ടിക്ക് കേരളത്തിൽ സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുരുതര വോട്ട് ചോർച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജനറൽ സെക്രട്ടറിമാർ നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചർച്ചയായി. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP