Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാപ്പ് പറഞ്ഞ് ക്ലബ്ബ് ഹൗസിലെ പ്രിഥ്വിരാജിന്റെ 'വ്യാജൻ' രംഗത്ത്; നിരുപദ്രവകരമായ ഒരു തമാശയാണെന്ന് മനസിലാക്കുന്നു; ഓൺലൈൻ ദുരുപയോഗം ക്ഷമിക്കാനാവില്ല; അതിനാൽ ദയവായി ഇത് നിർത്തുകയെന്ന് നടൻ; വലുതായി സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക; നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന നടന്റെ ആശ്വാസ വാക്കുകളും; സൂരജ് നായർ എന്ന ആരാധകൻ ഉണ്ടാക്കിയ പൊല്ലാപ്പിന് വിരാമം

മാപ്പ് പറഞ്ഞ് ക്ലബ്ബ് ഹൗസിലെ പ്രിഥ്വിരാജിന്റെ 'വ്യാജൻ' രംഗത്ത്; നിരുപദ്രവകരമായ ഒരു തമാശയാണെന്ന് മനസിലാക്കുന്നു; ഓൺലൈൻ ദുരുപയോഗം ക്ഷമിക്കാനാവില്ല; അതിനാൽ ദയവായി ഇത് നിർത്തുകയെന്ന് നടൻ; വലുതായി സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക; നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന നടന്റെ ആശ്വാസ വാക്കുകളും; സൂരജ് നായർ എന്ന ആരാധകൻ ഉണ്ടാക്കിയ പൊല്ലാപ്പിന് വിരാമം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സമൂഹമാധ്യമത്തിലെ പുത്തൻ താരോദയമായ ക്ലബ്ഹൗസിൽ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് നടൻ പ്രിഥ്വിരാജ്. ക്ലബ്ബ് ഹൗസിൽ നടന്റെ പേരും യൂസർ ഐഡിയും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങിയതിൽ ഫേസ്‌ബുക്കിലൂടെ മാപ്പ് പറഞ്ഞ് സൂരജ് നായർ എന്ന ആരാധകൻ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഓൺലൈൻ ദുരുപയോഗം നിർത്തണമെന്ന് നടൻ ആവശ്യപ്പെട്ടത്.

ക്ലബ്ബ് ഹൗസിൽ 2500 ൽ അധികം ആളുകൾ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും ഇത് താൻ സംസാരിക്കുന്നുവെന്ന് കരുതുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും പ്രിഥ്വിരാജ് ചൂണ്ടിക്കാണിക്കുന്നു. ചലച്ചിത്ര ലോകത്തുള്ളവരും പുറത്തുമുള്ള നിരവധി ആളുകളിൽ നിന്നും ഇത് സംബന്ധിച്ച ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും നൽകിയിരുന്നുവെന്നും പ്രിഥ്വിരാജ് പറയുന്നു.

നിരുപദ്രവകരമായ ഒരു തമാശയാണെന്ന് താൻ മനസ്സിലാക്കുന്നു. എന്നാൽ വ്യാജ അക്കൗണ്ട് തയ്യാറാക്കി ദുരുപയോഗപ്പെടുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ആരാധകനെ പ്രിഥ്വിരാജ് തന്റെ മറുപടിക്കുറിപ്പിൽ ഓർമപ്പെടുത്തുന്നുണ്ട്. അതിനാൽ അത് ഉടനടി നിർത്തേണ്ടത് അത്യാവശ്യമാണ്. അത് ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും പ്രിഥ്വിരാജ് പറയുന്നു.

മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന് സിനിമ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്നും എനിക്ക് ഉറപ്പുണ്ട്. വലിയ സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പ്രിഥ്വിരാജ് കുറിപ്പിൽ പറയുന്നു.

താൻ ക്ലബൗസിൽ അംഗമല്ല. തന്റെ അഭ്യുദയകാംക്ഷികൾക്കും മറ്റുള്ളവർക്കും ഇത്തരം ഓൺലൈൻ ദുരുപയോഗം ക്ഷമിക്കാനാവില്ലെന്നും അതിനാൽ ദയവായി ഇത് നിർത്തണം എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടാണ് പ്രിഥ്വിരാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നടന്റെ പേരും യൂസർ ഐഡിയും ഉപയോഗിച്ചതിൽ മാപ്പ് പറഞ്ഞാണ് അദ്ദേഹത്തിന്റെ ആരാധകനായ സൂരജ് നായർ നേരത്തെ രംഗത്ത് എത്തിയത്. ക്ലബ്ബ് ഹൗസിൽ ഇത്തരമൊരു അക്കൗണ്ട് തുടങ്ങിയതിന് ശേഷമാണ് പേരും യൂസർഐഡിയും മാറ്റാൻ കഴിയില്ലെന്ന് താൻ മനസിലാക്കിയതെന്നും സൂരജ് കുറിപ്പിൽ പറയുന്നു.

പ്രിഥ്വിരാജ് സിനിമകളിലെ ഡയലോഗുകൾ പഠിച്ച് അതു മറ്റുള്ളവരെ കേൾപ്പിച്ച് ക്ലബ്ബ് ഹൗസിലെ അംഗങ്ങളെ എന്റർടെയ്ൻ ചെയ്യാൻ താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ താൻ ഒരു തരത്തിലും അക്കൗണ്ട് ദുരുപയോഗപ്പെടുത്തിയിട്ടില്ല. ആരെയെങ്കിലും പറ്റിക്കാനോ നടന്റെ പേരിൽ എന്തെങ്കിലും നേടിയെടുക്കാനോ അല്ല ഇതൊന്നും ചെയ്തത്. ചെയ്തതിന്റെ ഗൗരവം മനസിലാക്കുന്നു. അതിനാൽ ക്ലബ്ബ് ഹൗസിലെ അക്കൗണ്ട താൻ ഇല്ലാതാക്കിയെന്നും സൂരജ് കുറിപ്പിൽ പറയുന്നു.

അക്കൗണ്ടിന്റെ പേര് മാറ്റാൻ സാധിക്കില്ല എന്ന തിരിച്ചറിഞ്ഞപ്പോൾ ക്ലബ് ഹൗസ് ബയോ യിൽ തന്റെ ഐഡന്റിറ്റി നൽകിയെന്നും അതിന്റെ കൂടി ഇൻസ്റ്റഗ്രാമും ലിങ്ക്ഡ് ആണെന്നും സൂരജ് കുറിപ്പിൽ പറയുന്നു. കുറച്ചുമുമ്പ് വരെ ഫാൻസ് ഗ്രൂപ്പിലെ അംഗമായിരുന്നു. മറ്റ് ഫാൻസ് അംഗങ്ങൾ തന്നെ അസഭ്യം പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ല. നടന്റെ ഐഡന്റിറ്റി ഉപയോഗിച്ചതും ക്ലബ്ബ് ഹൗസിൽ ശബ്ദം അനുകരിച്ചതും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും സൂരജ് കുറിപ്പിൽ പറയുന്നു. 


സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ തന്റെ പടവും വച്ച് തന്റെ ശബ്ദവും മിമിക്രി ചെയ്ത് ചിലർ ഉപയോഗിക്കുന്നതായി പ്രിഥ്വരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്ദത്തെ അനുകരിക്കുക, എന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിർത്തുക. ഞാൻ ക്ലബ് ഹൗസിൽ ഇല്ല എന്നുമാണ് പൃഥ്വിരാജ് നേരത്തെ പ്രതികരിച്ചിരിക്കുന്നത്.

ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് നേരത്തെ സുരേഷ് ഗോപിയും രംഗത്ത് എത്തിയിരുന്നു. ഒരു വ്യക്തിയുടെ പേരിൽ ആൾമാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ക്ലബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ക്ലബ് ഹൗസിൽ സിനിമാതാരങ്ങളുടെ വ്യാജന്മാർ വ്യാപകമാവുകയാണ്.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി താരങ്ങളാണ് ഇതേ വിഷയം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP