Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി-സിപിഎം ഒത്തുതീർപ്പ്: നിയമസഭയിൽ സതീശനെ തെളിവ് നിരത്താൻ വെല്ലുവിളിച്ചത് മുഖ്യമന്ത്രി; ആദ്യ തെളിവ് പറഞ്ഞപ്പോൾ മൈക്ക് ഓഫാക്കി സ്പീക്കർ; 2.25 കോടി കണ്ടെത്താനുള്ള പൊലീസ് ശ്രമം പൊളിച്ചത് ചോർത്തലുകാർ എന്ന റിപ്പോർട്ടുകളെ ഗൗരവത്തോടെ കണ്ട് പ്രതിപക്ഷം; ബിജെപിക്കാരുടെ കുഴൽ സിപിഎം മോഷ്ടിച്ചുവെന്ന ആരോപണം ശക്തമാകുമ്പോൾ

ബിജെപി-സിപിഎം ഒത്തുതീർപ്പ്: നിയമസഭയിൽ സതീശനെ തെളിവ് നിരത്താൻ വെല്ലുവിളിച്ചത് മുഖ്യമന്ത്രി; ആദ്യ തെളിവ് പറഞ്ഞപ്പോൾ മൈക്ക് ഓഫാക്കി സ്പീക്കർ; 2.25 കോടി കണ്ടെത്താനുള്ള പൊലീസ് ശ്രമം പൊളിച്ചത് ചോർത്തലുകാർ എന്ന റിപ്പോർട്ടുകളെ ഗൗരവത്തോടെ കണ്ട് പ്രതിപക്ഷം; ബിജെപിക്കാരുടെ കുഴൽ സിപിഎം മോഷ്ടിച്ചുവെന്ന ആരോപണം ശക്തമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ഇന്നലെ നിയമസഭയിൽ നടന്നത് നാടകീയ മുഹൂർത്തങ്ങൾ. സിപിഎമ്മിനെതിരെ വമ്പൻ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ചത്. തെളിവ് പുറത്തു വിടാനായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ആദ്യ തെളിവ് പറഞ്ഞപ്പോൾ വിഡി സതീശന് സ്പീക്കർ മൈക്ക് നൽകിയുമില്ല. അങ്ങനെ നാടകീയതകൾ ഏറെ സംഭവിച്ചു. ഷാഫി പറമ്പിലും കത്തിക്കയറി. ഇതോടെ ഭരണപക്ഷം പ്രതിരോധത്തിലുമായി.

ഇതിനിടെയാണ് അന്വേഷണ വിവരങ്ങൾ പൊലീസുകാർ തന്നെ ചോർത്തുന്നുവെന്ന വാർത്ത പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ സിപിഎം-ബിജെപി ഒത്തുകളി പ്രതിപക്ഷം ഇനിയും ഉന്നയിക്കും. കുഴൽപ്പണത്തിലെ 3.5 കോടി രൂപയിൽ 2.25 കോടി രൂപ ഇപ്പോഴും കാണാമറയത്താണ്. ബാക്കി തുക കണ്ടെത്താനുള്ള റെയ്ഡിന്റെ വിവരമാണ് ചോർന്നത്. ഇതോടെ ഒത്തുകളി വ്യക്തമായെന്ന് പ്രതിപക്ഷം പറയുന്നു. ബിജെപിക്കാരുടെ പണം സിപിഎമ്മുകാർ മോഷ്ടിച്ചുവെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സംഘപരിവാർവിരുദ്ധ രാഷ്ട്രീയം 'സ്വത്താ'ക്കിമാറ്റാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ് യു.ഡി.എഫ്. അടവും തന്ത്രവും മാറ്റുകയാണ്. കൊടകര കുഴൽപ്പണക്കേസ് നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്. ബിജെപി.ക്കും കോൺഗ്രസിനും കേരളത്തിൽ ഒരേ വാക്കും സമാന ചിന്തയുമാണെന്നതായിരുന്നു സിപിഎമ്മും എൽ.ഡി.എഫും ഉന്നയിച്ച പ്രധാന ആരോപണം. ഇടതുമുന്നണി ചാർത്തിനൽകിയ ഈ മുഖം മാറ്റാനുള്ള യു.ഡി.എഫിന്റെ കന്നിപ്പോരാട്ടമാണ് നിയമസഭയിലുണ്ടായത്. അതിൽ ഒരു പരിധിവരെ കോൺഗ്രസ് വിജയിക്കുകയും ചെയ്തു.

ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായ കൊടകര കുഴൽപണക്കേസ് ഒത്തുതീർപ്പാക്കി തേച്ചുമായ്ക്കാൻ സർക്കാർ നീക്കം നടത്തുന്നതായി നിയമസഭയിൽ സതീശൻ ആരോപിച്ചു. കേസ് ഒതുക്കിയെന്നു വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അതു പ്രതിപക്ഷം സഭയിൽ വ്യക്തമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി. അടിയന്തര പ്രമേയ നോട്ടിസ് ചർച്ചയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പല തവണ കൊമ്പു കോർത്തുവെന്നതാണ് വസ്തുത.

കേന്ദ്ര ഏജൻസികൾ നിങ്ങൾക്കെതിരെ നടത്തുന്ന അന്വേഷണങ്ങൾ ഒതുക്കാൻ കുഴൽപണക്കേസ് ഉപയോഗിക്കുകയല്ലേ? കള്ളപ്പണം തട്ടിയെടുത്ത ഏതാനും പേരിൽ അന്വേഷണം തീർക്കാനാണു നീക്കം. കോടികളുടെ ഉറവിടമെവിടെ? അതു പരിശോധിക്കാൻ തയാറാകാത്തത് എന്തുകൊണ്ട്? അക്കാര്യം അന്വേഷിക്കാൻ ആദായ നികുതി വകുപ്പിനോടും ഇഡിയോടും ആവശ്യപ്പെടാത്തത് എന്തുകൊണ്ട്? ബിജെപി നേതാക്കളുടെ പേരു പറയാൻ പോലും മുഖ്യമന്ത്രിക്കു ധൈര്യമില്ല. ബിജെപി അധ്യക്ഷൻ എന്നു പോലും പറയുന്നില്ല. വിലപേശാൻ ഈ കേസിനെ ഉപയോഗിക്കരുതെന്നതായിരുന്നു സതീശന്റെ നിലപാട്.

ആദായ നികുതി വകുപ്പ്, ഇഡി അന്വേഷണങ്ങൾ ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവും അതേ ആവശ്യം ഉന്നയിക്കുന്നത്. ഇതു ബിജെപിയെ രക്ഷിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കമാണ്. ഞങ്ങൾ ഒരു ഒത്തുതീർപ്പിനും തയാറല്ല. പ്രവീൺ തൊഗാഡിയക്കെതിരായ കേസും എബിവിപി പ്രവർത്തകർ പ്രതികളായ എംജി കോളജ് കേസും പിൻവലിച്ചത് ആരുടെ ഭരണകാലത്താണ്? ഒത്തുതീർപ്പു വിദഗ്ധരെ എല്ലാവർക്കുമറിയാം. ഈ സർക്കാരും മുന്നണിയും ആ കൂട്ടത്തിൽ പെടില്ല. അതു സംബന്ധിച്ച വിവരം പോക്കറ്റിൽ ഉണ്ടെങ്കിൽ ഇപ്പോൾ പറയാം. കാത്തു നിൽക്കേണ്ട കാര്യമില്ലെന്നായിരുന്നു പിണറായിയുടെ തിരിച്ചടി

മറുപടിക്കായി പ്രതിപക്ഷ നേതാവ് എഴുന്നേറ്റെങ്കിലും സ്പീക്കർ മൈക്ക് നൽകാതെ അടുത്ത നടപടിക്രമത്തിലേക്കു കടക്കാൻ ശ്രമിച്ചു. ഇതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനത്തു. സ്പീക്കർ വീണ്ടും സതീശന് അവസരം നൽകി. 7 മണ്ഡലങ്ങളിൽ ബിജെപിയെ വിജയിപ്പിക്കാനുള്ള സിപിഎമ്മിന്റെ ഒത്തുതീർപ്പു ഫോർമുല നാട്ടിൽ പാട്ടാണെന്നു സതീശൻ പറഞ്ഞു. ഷാഫി പറമ്പിലും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. ആരും പിടിക്കപ്പെടില്ലെന്ന് ഷാഫി ആരോപിച്ചു.

ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നു പറയുന്നതു പോലെ ഒരു കുഴൽ ഇട്ടാൽ അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും എന്ന സ്ഥിതി കുഴൽപണക്കേസിൽ ഉണ്ടാകരുതെന്നു ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഷാഫി. കള്ളപ്പണത്തിനെതിരെ വൻ പ്രചാരണം നടത്തിയ ബിജെപിയും നേതാക്കളും അതിന്റെ വക്താക്കളായി മാറിയെന്നും ഷാഫി പറഞ്ഞു.

അതിനിടെ കൊടകര കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയും ചെയ്തു. പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നത്. ഇതുവരെ 96 സാക്ഷികളുടെ മൊഴിയും 20 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. കവർച്ച ചെയ്യപ്പെട്ട കാറിൽ മൂന്നരക്കോടി രൂപ ഉണ്ടെന്നു വ്യക്തമായി.

അതിൽ 1112001 രൂപയും കവർച്ച ചെയ്ത പണം ഉപയോഗിച്ചു വാങ്ങിയ 347 ഗ്രാം സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെത്തി മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP