Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് പറയുന്നത് ജാനു; സുരേന്ദ്രനുമായുള്ള കൂടുതൽ ഫോൺ സംഭാഷണവും പുറത്ത്; പ്രസീതയെ അപമാനിക്കാൻ സരിത 2.0 എന്നു വിശേഷിപ്പിച്ച് സന്ദേശങ്ങളും; ബിജെപിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് പറയുന്നത് ജാനു; സുരേന്ദ്രനുമായുള്ള കൂടുതൽ ഫോൺ സംഭാഷണവും പുറത്ത്; പ്രസീതയെ അപമാനിക്കാൻ സരിത 2.0 എന്നു വിശേഷിപ്പിച്ച് സന്ദേശങ്ങളും; ബിജെപിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകളാണ്‌ലഭിച്ചത്. പ്രസീതയുടെ ഫോണിൽ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു. അതിനിടെ ഇതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സികെ ജാനുവും പറയുന്നു.

ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്തുവന്നിട്ടുണ്ട്. സികെ ജാനുവിനെ എൻഡിഎയിൽ തിരികെയെത്തിക്കാൻ ഇടനിലക്കാരുമായി സംസാരിച്ചിട്ടില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാദം പൊളിക്കുന്നതാണ് ഈ ശബ്ദ സംഭാഷണങ്ങൾ.

നേരത്തെ സുരേന്ദ്രൻ ജെആർപി നേതാവ് പ്രസീത അഴീക്കോടുമായി നടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്തായി. ഇരുവരും നടത്തിയ സംഭാഷണങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇരുവരും തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവാണ് പ്രസീത നേരത്തെ പുറത്തു വിട്ടത്. പ്രസീത തന്നെ വിളിച്ചിട്ടുണ്ടാകുമെന്നും എന്നാൽ അത് ഓർമ്മയില്ലെന്നുമാണ് സുരേന്ദ്രൻ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ നൂറു കണക്കിന് പേർ വിളിക്കുന്നതിനാൽ യാതൊന്നും ഓർമ്മയില്ലെന്നാണ് സുരേന്ദ്രന്റെ വാദം. സികെ ജാനു അവരുടെ ആവശ്യത്തിന് ഞങ്ങളോടാരോടും പണം ചോദിച്ചിട്ടില്ല. ബിജെപിയുടെ ടിക്കറ്റ് ലഭിക്കാൻ പത്ത് കോടി രൂപ ഒരാൾ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. അതും അങ്ങോട്ട് കൊടുക്കാൻ. പത്ത് കോടി ഒറ്റയടിക്ക് പത്ത് ലക്ഷമാകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സികെ ജാനുവിനെ പോലുള്ളവരെ ഉപദ്രവിക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ധാരാളം ആരോപണങ്ങൾ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടിട്ടില്ല. സുൽത്താൻ ബത്തേരിയിലെ പാർട്ടി ആവശ്യത്തിനായി നിയമാനുസൃതം പണം നൽകിയതായും സുരേന്ദ്രൻ വിശദീകരിക്കുന്നു. ഇതിനെ പൊളിക്കാനാണ് ജാനുവിനും സുരേന്ദ്രനുമെതിരെ കൂടുതൽ ഫോൺ സംഭാഷണങ്ങൾ പ്രസീത പുറത്തു വിടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനു സി.കെ.ജാനുവിനു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ കൂടിയായ പ്രസീത അഴീക്കോട് ആരോപിച്ചിട്ടുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ടവരാണ് വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിപ്പിക്കുന്നത്. സരിത 2.0 എന്നു വിശേഷിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്നുവെന്നും പ്രസീത പറയുന്നു. ഇതിനെതിരെ നിയമവഴി തേടുമെന്നും പ്രസീത പറഞ്ഞു. 10 ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ജാനുവും സുരേന്ദ്രനും തമ്മിൽ നടന്നിട്ടുള്ളത്. ബത്തേരിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൂടുതൽ തുക കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ കൈവശമുണ്ട്. കൂടുതൽ പ്രകോപിപ്പിച്ചാൽ അവയെല്ലാം പുറത്തുവിടേണ്ടിവരുമെന്നും പ്രസീത പറഞ്ഞു.

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ ബിജെപി 400 കോടിയുടെ കള്ളപ്പണമൊഴുക്കിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സ്പെഷ്യൽ കമ്മിറ്റി രൂപീകരിച്ച് കൊടകര ഹവാല പണമിടപാട് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. തൃശൂർ കൊടകരയിൽ വച്ച് 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ബിജെപി പ്രവർത്തകൻ ധർമരാജൻ പറയുമ്പോഴും പൊലീസ് 1.5 കോടി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ മൂന്നിന് നഷ്ടപ്പെട്ടു എന്നു പറയുന്ന പണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൊണ്ട് വന്നതാണ്.

ഹവാല പണം കൈവശം വെച്ച ധർമരാജൻ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും എംപിയുമായ സുരേഷ് ഗോപിയുടെ ഓഫിസ് സന്ദർശിച്ചിരുന്നു. അതുകൊണ്ട് സുരേഷ് ഗോപിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രയിൽ, കള്ളപ്പണം കറുത്ത ബാഗുകളിൽ കടത്തിയതായി ദൃശ്യമാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഹെലികോപ്റ്ററിൽ നിന്ന് കാറിലേക്ക് ഈ ബാഗുകൾ മാറ്റുന്ന ദൃശ്യം മാധ്യമങ്ങൾ നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രയെകുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണം. മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥി കെ സുന്ദരയെ 2.5 ലക്ഷം രൂപ കൊടുത്തു ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവലിപ്പിച്ചിരുന്നു. പണത്തിനൊപ്പം വിലകൂടിയ ഐ ഫോണും നൽകിയിരുന്നു.

സുൽത്താൻ ബത്തേരിയിൽ സ്ഥാനാർത്ഥിയാകാനും ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയിൽ ചേരാനും 10 കോടി രൂപ സികെ ജാനു ആവശ്യപ്പെട്ടതായും 10 ലക്ഷം കെ സുരേന്ദ്രൻ നൽകിയതായും ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഖജാൻജി പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ച് മുതൽ ആറ് കോടി വരെ 35 മണ്ഡലങ്ങളിൽ നൽകിയിരുന്നു. ബാക്കി മണ്ഡലങ്ങളിൽ മൂന്ന് മുതൽ നാല് കോടിവരെയും നൽകിയിരുന്നുവെന്നും സലിം മടവൂർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP