Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണഘടനയിൽ പറയുന്ന തുല്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശനം; ബജറ്റിലെ 35,000 കോടിയെ കുറിച്ചുള്ള ചോദ്യവും നിർണായകമായി; വിയോജിപ്പ് അറിയിച്ച് ആർഎസ്എസും; വാക്സിൻ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുന്നത് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ; കൂടുതൽ വിദേശ വാക്സീനുകൾ എത്തുന്നതിൽ പ്രതീക്ഷ

ഭരണഘടനയിൽ പറയുന്ന തുല്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശനം; ബജറ്റിലെ 35,000 കോടിയെ കുറിച്ചുള്ള ചോദ്യവും നിർണായകമായി; വിയോജിപ്പ് അറിയിച്ച് ആർഎസ്എസും; വാക്സിൻ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുന്നത് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ; കൂടുതൽ വിദേശ വാക്സീനുകൾ എത്തുന്നതിൽ പ്രതീക്ഷ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കിയ വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതിയും വിവിധ സംസ്ഥാനങ്ങളും ഉയർത്തിയ ശക്തമായ വിമർശനങ്ങളുടേയും സമ്മർദങ്ങളുടേയും ഫലമാണ് നയം പരിഷ്‌കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമെന്ന് റിപ്പോർട്ട്. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്‌സീൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്‌സീന്റെ വിലയും സംഭരണവും സംബന്ധിച്ച് സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചിരുന്നു. കൂടാതെ സുപ്രീം കോടതിയിൽ നിന്നും നിരന്തരം വിമർശനം നേരിട്ടതോടെയാണ് വാക്‌സിൻ നയം മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

എന്നാൽ സുപ്രീംകോടതി ഇടപെട്ടപ്പോൾ നിവൃത്തികേടുകെട്ടു പ്രഖ്യാപിച്ച സൗജന്യ വാക്സിൻ നയ മാറ്റത്തിലും അടവു നയം വ്യക്തമാണ്. സ്വകാര്യ ആശുപത്രികളിൽ തുടർന്നും 150 രൂപ നൽകണം. 18 കഴിഞ്ഞവർക്കെല്ലാം ജൂൺ 21-ാം തീയതി വരെ കേന്ദ്രത്തിന്റെ സൗജന്യ വാക്സിനില്ല. ഇതുവരെ തുക നൽകി വാക്സിൻ സ്വീകരിച്ചവർക്കും സംസ്ഥാന സർക്കാരുകൾക്കും പണം തിരിച്ചു നൽകുകയുമില്ല.

മൊത്തം വാക്സിനുകളുടെ 75 ശതമാനം കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്കും വിതരണം ചെയ്യുമെന്നാണ് നിർദ്ദേശം. ശേഷിച്ച 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കു നൽകും. ഒരു ഡോസിനു പരമാവധി 150 രൂപ സർവീസ് ചാർജ് നൽകി സ്വകാര്യ ആശുപത്രികളിൽ നിന്ന് ആളുകൾക്കു തുടർന്നും വാക്സിൻ സ്വീകരിക്കാം.

ഡോസിനു 150 രൂപ നിരക്കിൽ 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി നൽകുന്നതോടെ എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി തന്നെ വെള്ളം ചേർത്തു. ഇതു വരെ പണം മുടക്കി വാക്സിൻ സ്വീകരിച്ചവർക്കു ബാക്കി പണം തിരികെ നൽകുമെന്ന സൂചന പോലുമില്ല. സംസ്ഥാന സർക്കാരുകൾ ഇതുവരെ മുടക്കിയ വലിയ തുകയും വെള്ളത്തിലാകുന്ന അവസ്ഥയിലാണ് നിലവിലുള്ളതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിൽ സുപ്രീംകോടതി പലതവണ ഇടപെടൽ നടത്തിയിരുന്നു. 18 നും 44നും ഇടയിൽ പ്രായമായവർ പണം നൽകി വാക്‌സിൻ സ്വീകരിക്കണം എന്നത് ഏകപക്ഷീയവും വിവേചനപരവും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സർക്കാർ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോൾ കോടതിക്ക് മൂകസാക്ഷി ആയി ഇരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളോടും വാക്‌സിൻ നയം അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

കോവാക്‌സിൻ, കോവിഷീൽഡ്, സ്പുട്നിക് തുടങ്ങിയ വാക്‌സിനുകൾ ഇതുവരെ എത്രത്തോളം സംഭരിച്ചു? പതിനെട്ടിനും 44-നും ഇടയിലുള്ളവർക്കായി സംസ്ഥാനങ്ങൾ ഉയർന്ന വിലയ്ക്ക് സംഭരിച്ച വാക്‌സിനുകൾ 45-ന് മുകളിലുള്ളവർക്ക് മറിച്ചുനൽകുന്നതിനാൽ തുടർന്ന് ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യും? എന്നിങ്ങനെ വിഷയത്തിൽ കേന്ദ്രത്തോട് ഒട്ടേറെ ചോദ്യങ്ങൾ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. കേന്ദ്ര ബജറ്റിൽ വാക്‌സിന് വേണ്ടി വകയിരുത്തിയ 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. 18നും 44നും ഇടയിലുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചുകൂടാ. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ആർഎസ് എസ് മേധാവി മോഹൻ ഭാഗവത് നേരിട്ട് രംഗത്തെത്തിയിരുന്നു. ഹം ജീതേംഗെ എന്ന സംവാദത്തിൽ പങ്കെടുക്കവെ, വാക്‌സിൻ നയത്തിലടക്കം കോവിഡ് പ്രതിരോധ നടപടിയിലെ വീഴ്ചകളും അലംഭാവും അദ്ദേഹം തുറന്നു കാട്ടിയിരുന്നു. പ്രതിപക്ഷ ആക്രമണത്തിനിടെ വിമർശനവുമായി ആർഎസ്എസ് കൂടി രംഗത്തെതിയത് മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വാക്‌സിൻ വിതരണത്തിൽ കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാറിന്റേതെന്ന് വാക്സിൻ ലഭ്യത സംബന്ധിച്ച ഹരജിയിൽ ഹൈക്കോടതിയിൽ കേരള സർക്കാർ ഉന്നയിക്കുകയുണ്ടായി. കേന്ദ്രം ന്യായ വിലക്ക് വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. , എല്ലാവർക്കും സൗജന്യവാക്‌സിൻ നൽകണമെന്ന് നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം സഭ ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്.

കൂടാതെ കേന്ദ്ര വാക്‌സിൻ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്ഭവനിലെത്തി കേരളാ ഗവർണർ കൈമാറിയിരുന്നു. പ്രതിദിനം ഒരു കോടി വാക്‌സിനേഷനും സജന്യ വാക്‌സിനേഷനും ഉറപ്പാക്കാൻ മോദി സർക്കാരിനെ നിർദ്ദേശിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

രാജ്യത്ത് വാക്‌സിനേഷൻ ജനുവരി 16-ന് ആരംഭിച്ചപ്പോൾ, ആദ്യ ഘട്ടത്തിൽ ആദ്യം കോവിഡ് മുൻഗണനാ പോരാളികൾക്കും പിന്നെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും അടുത്ത ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾ വാക്‌സിൻ എത്തിച്ചു നൽകിയിരുന്നു. പിന്നീട് 18-44 പ്രായവിഭാഗത്തിലുള്ളവരുടെ വാക്‌സീനിഷേൻ തുടങ്ങിയപ്പോൾ പകുതി വാക്‌സീൻ കേന്ദ്രം നൽകുമെന്നും ബാക്കി പകുതി സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും ചേർന്ന് സംഭരിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നയം.

എന്നാൽ സ്വകാര്യ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കും ആവശ്യമായത്ര വാക്‌സീൻ നൽകാൻ നിർമ്മാണകമ്പനികൾക്ക് സാധിക്കാത്ത അവസ്ഥ വന്നു. ആഴ്ചകളോളം യുവാക്കളുടെ വാക്‌സീനേഷൻ മുടങ്ങുകയും ചെയ്തു. സംസ്ഥാനങ്ങൾ വാക്‌സീന് വേണ്ടി മത്സരിക്കുന്ന അവസ്ഥയുണ്ടെന്ന് സുപ്രീംകോടതിയും വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സീൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.

കേന്ദ്രസർക്കാർ നേരിട്ട് വാക്‌സീൻ കമ്പനികളിൽ നിന്നും ശേഖരിക്കുകയും അതു പിന്നീട് സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്യുന്ന രീതി കൊണ്ടു വരാനാണ് കേന്ദ്രം ഇപ്പോൾ ആലോചിക്കുന്നത്. ഒരേവിലയ്ക്ക് വാക്‌സീൻ വാങ്ങാനും ഇതിലൂടെ കേന്ദ്രത്തിനാവും. എല്ലാ സംസ്ഥാനങ്ങൾക്കുമായി വാക്‌സീൻ ഒരുമിച്ച് വാങ്ങുമ്പോൾ വലിയ ഓർഡർ ലഭിക്കും എന്നത് കമ്പനികൾക്കും തുണയാവും. വിതരണം സംബന്ധിച്ച തലവേദന ഒഴിവാക്കുകയും ചെയ്യും.

ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. വിദേശത്തുനിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം. 75 ശതമാനം വാക്സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും.

സംസ്ഥാനങ്ങൾ തമ്മിൽ അഭിപ്രായ ഐക്യത്തിൽ എത്തിയാൽ വാക്‌സീൻ നയം മാറ്റാൻ തയ്യാറാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അടക്കമുള്ളവർ കേന്ദ്രം വാക്‌സീൻ സംഭരിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങളെ നേരിട്ട് വാക്‌സീൻ സംഭരിക്കാൻ അനുവദിക്കണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നിലപാട്.

നിലവിൽ ഉത്പാദിപ്പിക്കുന്ന വാക്‌സീനുകൾ കൂടാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി കൂടുതൽ വാക്‌സീനുകൾ രാജ്യത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ കൊവിഷീൽഡ്, കൊവാക്‌സീൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കും. ഇതോടൊപ്പം നിലവിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പ്ടുനിക് വി വാക്‌സീന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കും. സൈഡസ് കാഡിലയുടെ വാക്‌സീനും ഉടനെ വിതരണത്തിന് എത്തും. ഇതോടൊപ്പം അമേരിക്കൻ കമ്പനിയായ ഫൈസറും രണ്ട് മാസത്തിൽ ഇന്ത്യയിൽ ലഭ്യമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫൈസർ അടക്കമുള്ള വിദേശവാക്‌സീൻ നിർമ്മാതാക്കളുമായി കേന്ദ്രആരോഗ്യമന്ത്രാലയം നിലവിൽ ചർച്ച തുടരുകയാണ്. ചില നിബന്ധകളിൽ മാറ്റം വരുത്തിയാൽ ഇന്ത്യയ്ക്ക് അഞ്ച് കോടി വാക്‌സീൻ അടിയന്തരമായി എത്തിക്കാമെന്ന് ഫൈസർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP