Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊടകര കേസ് പിണറായിയുടെ കൈയിൽ ബിജെപി കൊടുത്ത വടി; അമിത് ഷായുടെ കളരിയിലെ ഉത്തരേന്ത്യൻ ചുവട് ബിജെപിക്കെതിരെ തന്നെ ഉപയോഗിച്ച് കേരള മുഖ്യൻ; സുരേന്ദ്രന്റെ മകന്റെ ആദ്യ കാൽവയ്‌പ്പ് തന്നെ കള്ളപ്പണവിവാദത്തിലേയ്ക്ക് വഴുതുമ്പോൾ വഴി തുറക്കുന്നത് മറ്റൊരു മകനോ? ബിനീഷിന്റെ ജയിൽമോചനത്തിന് കുഴൽപ്പണക്കേസ് കാരണമാകുമോ?

കൊടകര കേസ് പിണറായിയുടെ കൈയിൽ ബിജെപി കൊടുത്ത വടി; അമിത് ഷായുടെ കളരിയിലെ ഉത്തരേന്ത്യൻ ചുവട് ബിജെപിക്കെതിരെ തന്നെ ഉപയോഗിച്ച് കേരള മുഖ്യൻ; സുരേന്ദ്രന്റെ മകന്റെ ആദ്യ കാൽവയ്‌പ്പ് തന്നെ കള്ളപ്പണവിവാദത്തിലേയ്ക്ക് വഴുതുമ്പോൾ വഴി തുറക്കുന്നത് മറ്റൊരു മകനോ? ബിനീഷിന്റെ ജയിൽമോചനത്തിന് കുഴൽപ്പണക്കേസ് കാരണമാകുമോ?

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: ബിജെപി പ്രതിസ്ഥാനത്ത് നിൽക്കുന്ന കള്ളപ്പണ ഇടപാടുകൾ രാഷ്ട്രീയകേരളത്തിൽ സജീവ ചർച്ചയാകുമ്പോൾ അതിൽ ശ്രദ്ധാകേന്ദ്രമാകുന്നത് ഒരു പുത്രനാണ്. കേരളരാഷ്ട്രീയത്തിൽ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ചർച്ചകളിലെത്തുന്നു.

ബിനീഷ് കോടിയേരി അടക്കം നിരവധി പുത്രന്മാർ മുമ്പും വിവാദങ്ങളിൽ നിറഞ്ഞുനിന്നിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ അവരുടെ അച്ഛന്മാർക്ക് കാഴ്‌ച്ചക്കാരുടെ റോളായിരുന്നു. ഇവിടെ ഹരികൃഷ്ണന്റെ ആദ്യ ചുവടുവയ്‌പ്പ് തന്നെ കുഴൽപ്പണ വിവാദത്തിലേയ്ക്ക് വഴുതിവീണപ്പോൾ അച്ഛൻ തന്നെ കൂട്ടുആരോപിതനായി ഒപ്പമുണ്ടെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അച്ഛനുമായി ഫോണിൽ ബന്ധപ്പെടാനാണ് മകന്റെ ഫോണിലേക്ക് വിളികൾ വന്നതെന്നതാണ് വസ്തുത. കുഴൽപ്പണവുമായി ഹരികൃഷ്ണന് യാതൊരു ബന്ധവുമില്ല.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം കെ സുരേന്ദ്രൻെ മകനോട് തീർക്കുകയാണെന്ന് ബിജെപിയും ആരോപിച്ചിട്ടുണ്ട് പ്രതികാരം തീർക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെയെന്നും ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മത്സ്യവ്യാപാരം വഴിയുള്ള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കിൽ ആറുമാസമായി അദ്ദേഹത്തിന് ജയിൽ തുടരേണ്ടി വരില്ലായിരുന്നുവെന്നും ബിജെപി വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്റെ വാഹനത്തിന്റെ സാരഥിയായി മകൻ തന്നെ എത്തിയപ്പോൾ മാധ്യമങ്ങൾ അത് ആഘോഷമാക്കിയിരുന്നു. എന്നാൽ അതേ മാധ്യമങ്ങൾ തന്നെ ഹരികൃഷ്ണനെ ഇപ്പോൾ നിലത്തിട്ട് ചവിട്ടുന്നു എന്നതാണ് വിരോധാഭാസം. അന്ന് മകന്റെ സാരഥ്യം ആഘോഷിക്കപ്പെട്ടെങ്കിൽ, ഡ്രൈവറെ പോലും ഒഴിവാക്കി ഇലക്ഷൻകാലത്തെ രണ്ട് പേരുടെയും രഹസ്യയാത്രകളിൽ ദുരൂഹതയുണ്ടെന്ന വാദമാണ് കുഴൽപ്പണക്കേസിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉയർന്നുവരുന്നത്.

കെ. സുരേന്ദ്രന്റെ മകനും ഇപ്പോൾ വിവാദത്തിൽപ്പെടുമ്പോൾ പല്ലുറുമി ചിരിക്കുന്ന ചിലരുണ്ട്. കൊടകര കുഴൽപ്പണക്കേസ് ആളിക്കത്തിച്ച് ഭരണപക്ഷത്തെ ചില മക്കളുടെ കേസുകളുമായി ഒത്തുതീർപ്പാക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നുണ്ട്. എട്ട് മാസമായി ജയിലിൽ കിടക്കുന്ന ബിനീഷ് കോടിയേരിക്ക് ഇതുവരെ ജാമ്യം ലഭിക്കാത്തത് കേന്ദ്രത്തിന്റെ കർശനമായ ഇടപെടൽ കൊണ്ടാണെന്ന് കരുതുന്നവരുണ്ട്. അച്ഛന് സുഖമില്ലാത്തതിനാൽ കാണാൻ പോകണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും ബിനീഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇത് സിപിഎമ്മിന് ഏറെ നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു. ബിനോയ്ക്കാകട്ടെ ഡിഎൻഎ കേസ് പകുതി വഴിയിലുമാണ്.

ഇപ്പോൾ വീണ് കിട്ടിയ അവസരം നന്നായി വിനിയോഗിക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം. അതിന് വേണ്ടിയാണ് സുരേന്ദ്രന്റെ മകനിലേയ്ക്കുള്ള ലിങ്ക് തുറന്നതെന്ന് കരുതുന്നവരുമുണ്ട്. കുഴൽപ്പണമെന്നത് വിദേശരാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്ന പണമാണ്. കൊടകരയിൽ കണ്ടെത്തിയ പണത്തിന് വിദേശ ബന്ധങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ധർമരാജനെ പലതവണ ബന്ധപ്പെട്ടുവെന്നതല്ലാതെ ബിജെപി നേതാക്കളെ കുടുക്കാൻ കഴിയുന്ന തെളിവുകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുമില്ല.

അതിനാൽ ഈ കേസ് അധികനാൾ കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവ് ഭരണപക്ഷത്തിനുണ്ട്. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ബിജെപിയേയും സുരേന്ദ്രനേയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. സുരേന്ദ്രന്റെ മകനെ കൂടി ഇതിൽ കൊണ്ടുവന്ന് സുരേന്ദ്രനെ പൂർണമായും നിരായുധനാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരത്തിൽ ബിജെപിയെ സംസ്ഥാനസർക്കാരിന്റെ കാൽക്കീഴിലെത്തിക്കുക എന്ന വടക്കേഇന്ത്യയിലെ ബിജെപി തന്ത്രം തന്നെയാണ് സിപിഎമ്മിന്റേതും.

ഈ കേസിന്റെ തുമ്പ് പിടിച്ച് ബിനീഷിന്റെ ലഹരികടത്ത് കേസ് പൂർണമായും ആവിയാക്കാമെന്ന് സിപിഎം കരുതുന്നു. ബിനോയുടെ കേസിലും ഇത് ഗുണം ചെയ്യുമോ എന്ന പരിശോധനയും നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പരാതിക്കാരിയുടെ സംസ്ഥാനമായ ബീഹാർ ഭരിക്കുന്നത് എൻഡിഎ ആണ്. തങ്ങൾക്ക് വെല്ലുവിളിയാകുന്ന പാർട്ടിക്കകത്തും പുറത്തുമുള്ള നേതാക്കളുടെ അവിഹിത ഇടപാടുകളെല്ലാം കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ച് ആ തെളിവുകൾ കാട്ടി ഭീഷണിപ്പെടുത്തി അവരുടെ നിയന്ത്രണത്തിന്റെ ഒരു ചരട് കൈയിൽ കരുതുന്ന അമിത് ഷാ തന്ത്രം പോലെ ബിജെപിയേയും സുരേന്ദ്രനേയും തുടർന്നും വരച്ച വരയിലൂടെ നടത്തിക്കാൻ ഈ കേസ് പിണറായി ഉപയോഗിക്കും.

ബിജെപിയെ നിലയ്ക്ക് നിർത്താൻ വടി അന്വേഷിച്ചുകൊണ്ടിരുന്ന പിണറായിയുടെ കൈയിൽ ബിജെപി നേതാക്കൾ തന്നെ കൊണ്ടുകൊടുത്ത വടിയാണ് കള്ളപ്പണക്കേസ്. വടിയൊടിയുംവരെയേ അടിക്കാൻ കഴിയു എന്ന ബോധ്യം പിണറായിക്കുണ്ട്. അതിനാൽ അതിന് മുമ്പ് പരമാവധി തല്ലാനാകും അവർ ശ്രമിക്കുന്നത്. നിന്നുകൊള്ളുക എന്നത് മാത്രമേ ബിജെപിക്കും സുരേന്ദ്രനും ഇപ്പോൾ നിവൃത്തിയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP