Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം; ബിഎസ്‌പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സുന്ദരയുടെ മൊഴിയെടുക്കുന്നു; ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും; രാഷ്ട്രീയ ഗൂഢാലോചന എന്ന് ബിജെപി; സുന്ദരയെ പ്രതിയാക്കാത്തതിൽ വിവാദം

കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം; ബിഎസ്‌പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സുന്ദരയുടെ മൊഴിയെടുക്കുന്നു; ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും; രാഷ്ട്രീയ ഗൂഢാലോചന എന്ന് ബിജെപി; സുന്ദരയെ പ്രതിയാക്കാത്തതിൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തൽ നടത്തിയ കെ. സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ കെ.സുന്ദരയെ വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടുന്നത്. കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ ജില്ലാപൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്‌പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ പണം നൽകി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 171-ഇ, 171-ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. ഇതിന് ശേഷമാകും തുടർനടപടികൾ ഉണ്ടാകുക. സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.വി. രമേശൻ കാസർകോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി. പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബദിയടുക്ക പൊലീസും കാസർകോട് ഡി.വൈ.എസ്‌പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്രിക പിൻവലിക്കുന്നതിന് രണ്ടരലക്ഷം രൂപ ബിജെപി. നേതാക്കന്മാർ നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. സുരേന്ദ്രൻ ഇക്കാര്യത്തിൽ ഇടപെടുകയും ഫോണിൽ ആവശ്യം ഉന്നയിച്ചതായും സുന്ദര പറഞ്ഞിരുന്നു. കൂടാതെ ഇടപാടുകൾ സംബന്ധിച്ച കാര്യം നിശ്ചയിച്ചുവെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രാദേശിക ബിജെപി. നേതാക്കൾ വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു.

കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണ്. അതുപോലെ തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആയി നൽകിയ പത്രിക പിൻവലിക്കാൻ കാശു കൊടുക്കുന്നതും അത് വാങ്ങി മത്സരത്തിൽ നിന്നും പിന്മാറുന്നതും. ഇതു രണ്ടും ക്രിമിനൽ കുറ്റമാണ്. മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കൽ വിവാദത്തിൽ അതുകൊണ്ട് തന്നെയാണ് പൊലീസ് കേസെടുത്തത്.

എന്നാൽ നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി പ്രവർത്തകർക്കും എതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. പണം കൊടുത്തവർ എന്ന് ആരോപണം നേരിടുന്നവർ മാത്രം പ്രതികൾ. അതേ സമയം ഈ കേസിൽ പണം വാങ്ങി പിന്മാറിയ സുന്ദരയേയും നിയമപരമായി പ്രതിചേർക്കേണ്ടതുണ്ട്. കെ സുരന്ദരക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

പത്രിക പിൻവലിക്കിലിൽ സുന്ദരയേയും പ്രതിയാക്കേണ്ടി വരുമെന്ന് പൊലീസ് മനസ്സിലാക്കുന്നുണ്ട്. എന്നാൽ കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. അതിനിടെ തന്റെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര അറിയിച്ചു. പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാൻ ആവശ്യപ്പെട്ടു. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര സമ്മതിക്കുന്നുണ്ട്.

പണം ചെലവായതിനാൽ തിരികെ കൊടുക്കാനില്ല. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരുടേയും പ്രലോഭനത്തിലല്ലെന്നും കെ. സുന്ദര വിശദീകരിച്ചിട്ടുണ്ട്. ഇത് കേസെടുക്കാൻ പോന്ന വെളിപ്പെടുത്തലാണ്. എന്നാൽ സുരേന്ദ്രനും സുന്ദരയും കേസിൽ പ്രതികളാകേണ്ട സാഹചര്യമാണുള്ളത്. 2016ൽ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ വിജയം തട്ടി മാറ്റിയ സുന്ദരയെ സുരേന്ദ്രൻ വിലകൊടുത്ത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒതുക്കിയപ്പോൾ പുലിവാലായി മാറുമെന്ന് സുരേന്ദ്രൻ പോലും കരുതിക്കാണില്ല. ബിജെപിയിൽ നിന്ന് പണം കൈപ്പറ്റിയാണ് നോമിനേഷൻ പിൻവലിച്ചതെന്ന് ഒരു ചാനലിൽ വെളിപ്പെടുത്തിയത്തിന് പിന്നാലെയാണ് കേസെടുത്ത് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ, ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും ബിജെപിക്കാർ നൽകിയതായി സുന്ദര കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പേരിലെ സാമ്യം വോട്ട് നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് പിൻവലിക്കാൻ നിർബന്ധിച്ചത്. ബിജെപി നേതാക്കൾ വീട്ടിൽ വന്ന് അമ്മയുടെ കൈയിലാണ് പണം നൽകിയത്. രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളായാണ് കിട്ടിയതെന്നുമാണ് സുന്ദര ചാനലിലൂടെ വെളിപ്പെടുത്തിയത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നിർബന്ധിച്ചപ്പോൾ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കിട്ടിയത് രണ്ടര ലക്ഷം രൂപ. സുരേന്ദ്രൻ ജയിച്ചാൽ വീടും കർണാടകത്തിൽ വൈൻ ഷോപ്പും നൽകുമെന്നും അറിയിച്ചു.

എല്ലാം ശരിയാക്കാമെന്ന് കെ സുരേന്ദ്രനും പിന്നാലെ ഫോണിലൂടെ അറിയിച്ചുവെന്നും സുന്ദര പറഞ്ഞു. മാർച്ച് 21ന് ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ വാണിനഗറിലെ വീട്ടിലെത്തിയാണ് പിന്മാറാൻ ആവശ്യപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ 467 വോട്ട് നേടിയതാണ് കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെടാൻ കാരണമെന്നും അവർ പറഞ്ഞു. സ്മാർട്ട്ഫോണും സമ്മാനമായി നൽകി. ഇതൊന്നും പുറത്തുപറയരുതെന്നും നിർദ്ദേശിച്ചുവെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടുവെന്നും ആരോപിച്ചിരുന്നു.

മത്സരരംഗത്തുനിന്ന് പിന്മാറാൻ സ്ഥാനാർത്ഥിക്ക് പണം നൽകിയത് രാഷ്ട്രീയ മൂല്യച്യുതിയാണ് കാണിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശൻ ആരോപിച്ചിരുന്നു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാനുള്ള സുരേന്ദ്രന്റെ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി.വി. രമേശൻ പറഞ്ഞു.

2016-ൽ മഞ്ചേശ്വരം മണ്ഡലത്തിൽ 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. 2021-ൽ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബി.എസ്‌പി. സ്ഥാനാർഥായായി സുന്ദര നാമനിർദ്ദേശ പത്രിക സമർപ്പിച്ചുവെങ്കിലും പിന്നീട് പിൻവാങ്ങി. ഇത്തരത്തിൽ പത്രിക പിൻവലിക്കാൻ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP