Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

22-ാം വയസിൽ ഗൾഫിലെ അപകടത്തിൽ ശരീരം തളർന്നു പോയി; സ്ട്രക്ചറിൽ തിരിച്ചെത്തിയപ്പോൾ കാത്തിരുന്നത് ബാധ്യതകളുടെ അമിതഭാരം; ജീവിതത്തിൽ മുന്നേറാൻ ആകെ ഉണ്ടായിരുന്നത് ഇച്ഛാശക്തി മാത്രം; കുറവുകളെ കഴിവുകളാക്കി മാറ്റി കുട നിർമ്മാണ വൈദഗ്ധ്യം; വിധിക്ക് മുന്നിൽ കീഴടങ്ങാതെ കാട്ടാക്കടക്കാരൻ റഹീം ജീവിതത്തിന് നിറംപകരുമ്പോൾ

22-ാം വയസിൽ ഗൾഫിലെ അപകടത്തിൽ ശരീരം തളർന്നു പോയി; സ്ട്രക്ചറിൽ തിരിച്ചെത്തിയപ്പോൾ കാത്തിരുന്നത് ബാധ്യതകളുടെ അമിതഭാരം; ജീവിതത്തിൽ മുന്നേറാൻ ആകെ ഉണ്ടായിരുന്നത് ഇച്ഛാശക്തി മാത്രം; കുറവുകളെ കഴിവുകളാക്കി മാറ്റി കുട നിർമ്മാണ വൈദഗ്ധ്യം; വിധിക്ക് മുന്നിൽ കീഴടങ്ങാതെ കാട്ടാക്കടക്കാരൻ റഹീം ജീവിതത്തിന് നിറംപകരുമ്പോൾ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: അപകടത്തിൽപെട്ട് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടുപോയിട്ടും, വിരലുകൾക്ക് സ്പർശനശേഷി ഇല്ലാതായിട്ടും റഹീം പ്രതിദിനം നിർമ്മിക്കുന്നത് നൂറുകണക്കിന് കുടകളാണ്. പല വർണങ്ങളിലുള്ള മനോഹരമായ കുടകളിലൂടെ ജീവിതത്തിന് നിറം പകരുകയാണ് കാട്ടാക്കട പേഴുംമൂട് സ്വദേശി എ. റഹീം.

27 വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ വച്ചാണ് റഹീമിന് അപകടം പറ്റുന്നത്. അന്ന് വെറും 22 വയസ് മാത്രമായിരുന്നു പ്രായം. കടം വാങ്ങി ഗൾഫിലെത്തി, അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് കയറി കഷ്ടിച്ച് രണ്ട് മാസം ആയപ്പോഴാണ് അപകടം നടക്കുന്നത്. ഒരു വാഹനം നിയന്ത്രണം വിട്ട് വന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. റഹീം യാത്ര ചെയ്തിരുന്ന കാർ ഓടിച്ചിരുന്ന പാക്കിസ്ഥാനി അടക്കം മൂന്ന് പേർ അവിടെ വച്ചുതന്നെ മരിച്ചു. സ്പൈനൽകോഡിന് പരിക്ക് പറ്റിയ റഹീമിന്റെ അരയ്ക്ക് താഴെ തളർന്നുപോകുകയായിരുന്നു.

നാലര മാസത്തോളം അവിടെ തന്നെ ചികിൽസിച്ച ശേഷമാണ് കമ്പനി അധികൃതർ റഹീമിനെ ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. അനക്കമില്ലാത്ത ശരീരമായി സ്ട്രച്ചറിൽ തിരിച്ച് നാട്ടിലെത്തുമ്പോൾ റഹീമിനെ കാത്തിരുന്നത് ഗൾഫിൽ പോകാൻ വാങ്ങിയ ഭീമമായ കടങ്ങളുടെ ബാധ്യതയായിരുന്നു. അലോപ്പതിയും ആയുർവേദവും യുനാനിയുമൊക്കെ പരീക്ഷിച്ചു നോക്കിയെങ്കിലും ചലനശേഷി ഭാഗികമായി മാത്രമെ തിരിച്ചുകിട്ടിയുള്ളു. വലതുകൈയ്ക്ക് ഇപ്പോഴും 60 ശതമാനം ചലനശേഷി മത്രമെ ഉള്ളു. ഇടതുകൈയിലെ വിരലുകൾക്ക് ചലനശേഷി ഇല്ല. എങ്കിലും കുറവുകളെക്കാൾ കഴിവുകളെ വളർത്തി കഷ്ടപ്പാടുകളെ അതിജീവിക്കുകയാണ് റഹീം.

വെറും എട്ട് വർഷമേ ആയിട്ടുള്ളു ഭാഗികമായ ചലനശേഷിയെങ്കിലും റഹീമിന് തിരിച്ചുകിട്ടിയിട്ട്. സമീപപ്രദേശങ്ങളിലൊക്കെ സ്‌കൂട്ടർ ഓടിച്ചുപോകാനൊക്കെ ഇപ്പോൾ റഹീമിന് കഴിയുന്നുണ്ട്. സ്‌കൂട്ടറിലേയ്ക്ക് കയറാനും ഇറങ്ങാനും പരസഹായം വേണ്ടിവരുമെന്ന് മാത്രം. അങ്ങനെ യാത്ര ചെയ്താണ് കുട നിർമ്മിക്കാനുള്ള സാധനങ്ങൾ എടുക്കാനും നിർമ്മിച്ച ഓർഡർ അനുസരിച്ച് നിർമ്മിച്ച കുടകൾ കൊറിയർ അയയ്ക്കാനുമൊക്കെ റഹീം പോകുന്നത്. അമ്മയുടെയും ഭാര്യയുടെയും രണ്ട് സഹോദരിമാരുടെയും പിന്തുണ റഹീമിനുണ്ട്. കുട കൂടാതെ വിത്ത് വച്ച പേപ്പർ പേനയും റഹീം നിർമ്മിക്കുന്നുണ്ട്. പരിസ്ഥിതി സൗഹാർദ്ദമായ ഈ പേനയിൽ ട്യൂബ് മാത്രമാണ് പ്ലാസ്റ്റിക്ക്. അതായത് 100% പ്ലാസ്റ്റിക്കായ പേനയിൽ നിന്നും 10% മാത്രം പ്ലാസ്റ്റിക്ക് ഉള്ള പേനയിലേയ്ക്കുള്ള മാറ്റം. ഉപയോഗശേഷം വലിച്ചെറിയുന്ന പേനയിൽ പേപ്പർ മണ്ണിൽ ദ്രവിച്ച് അടിയുകയും അതിൽ ഉള്ള വിത്ത് മണ്ണിൽ കിടന്ന് മുളയ്ക്കുകയും ചെയ്യുന്നവിധമാണ് പേനയുടെ നിർമ്മാണം.

കുടയുടെയും പേനയുടെയും വിൽപ്പനയ്ക്ക് ഇന്ന് ഫെയ്സ് ബുക്കും വാട്സാപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെയും റഹീം ആശ്രയിക്കുന്നുണ്ട്. ഒരു വയസ് പ്രായമുള്ള ചെറിയ കുട്ടികൾക്കുള്ള ടൂ ഫോൾഡ് കുട്ടികുടകൾ മുതൽ കാലൻ കുടകൾ വരെ അദ്ദേഹം നിർമ്മിക്കുന്നുണ്ട്. വലിയ ബ്രാൻഡഡ് കുടകളുടെ വിലയൊന്നും റഹീമിന്റെ കുടകൾക്ക് നൽകണ്ട. 250 രൂപ മുതൽ 500 രൂപ വരെയുള്ള കുടകൾ ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള പലതരം ടൂഫോൾഡ് കുടകൾ, നാല് തരത്തിലുള്ള ത്രീ ഫോൾഡ് കുടകൾ, മൂന്ന് തരം കാലൻ കുടകൾ, ഫൈവ് ഫോൾഡ് നാനോ കുടകൾ എന്നിവയാണ് പ്രധാനമായും റഹീം നിർമ്മിക്കുന്നത്. ബ്ലാക്ക്, കളർ, പ്രിന്റ്, പ്രിൽ എന്നിങ്ങനെ പോകുന്നു റഹീം നിർമ്മിക്കുന്ന കുടകളുടെ വൈവിധ്യം. കൈകൊണ്ട് നിർമ്മിക്കുന്നതിനാൽ കുടകളുടെ ഭംഗിക്കോ ഗുണനിലവാരത്തിലോ യാതൊരു കോംപ്രമൈസിനും റഹീം തയ്യാറല്ല. അതിസുന്ദരമായ ഈ കുടകൾ മൂന്ന് വർഷമായിട്ടും കേടുപാടുകളൊന്നുമില്ലെന്ന് അനുഭവസ്ഥർ പറയുന്നു.

കോഴിക്കോട് നിന്നും തൃശൂരിൽ നിന്നുമുള്ള കമ്പനികളിൽ നിന്നും മുന്തിയ ഇനം കിറ്റുകളാണ് കുട നിർമ്മാണത്തിനായി റഹീം വാങ്ങുന്നത്. വാട്സാപ്പിൽ അവർ ഇട്ടുകൊടുക്കുന്ന ചിത്രങ്ങളിൽ നിന്നും ആവശ്യമായവ അദ്ദേഹം തെരഞ്ഞെടുക്കും. അത് കമ്പനി പാഴ്സലായി റഹീമിന് അയച്ചുകൊടുക്കും. സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ കൂട്ടായ്മയായ ആൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് റഹീം. ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ് അംഗങ്ങൾക്ക് കുടനിർമ്മാണത്തിനും പേന നിർമ്മാണത്തിനും പരിശീലനം നൽകിയത്. അങ്ങനെയാണ് റഹീമും ഇവ നിർമ്മിക്കാൻ പഠിച്ചത്.

ആദ്യം കുട നിർമ്മിക്കാനാണ് പഠിച്ചത്. സമാനമായ അവസ്ഥയിൽ കേരളത്തിലുടനീളം കുടനിർമ്മാണം നടത്തുന്നവരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അവിടെ ചർച്ചകൾ ചെയ്താണ് കുടനിർമ്മാണത്തിലെ പുതിയ സാങ്കേതിക വിദ്യകളെ പറ്റിയും മറ്റും എല്ലാവരും മനസിലാക്കുന്നത്. പിന്നെയാണ് വിത്ത് വച്ച പേപ്പർ പേന നിർമ്മാണം എന്ന ആശയവും അവരിലുണ്ടാകുന്നത്. വളരെ ചെറിയൊരു ലാഭം മാത്രമാണ് പേനയിലൂടെ അവർക്ക് ലഭിക്കുന്നത്. എന്നാൽ ഒരു വരുമാനം എന്നതിനപ്പുറം നമ്മുടെ പരിസ്ഥിതിക്ക് നൽകുന്ന ഒരു ചെറിയ സംഭാവനയായാണ് ഈ സംരംഭത്തെ അവർ കാണുന്നത്. ഈ കൂട്ടായ്മയുടെ ഉൽപ്പന്നങ്ങൾ ഏറ്റെടുത്ത് വിൽക്കാൻ സഹായം വാഗ്ദാനം ചെയ്ത് പൊതുപ്രവർത്തകൻ കൂടിയായ ഫാദർ ഡേവിസ് ചിറമേൽ അച്ചൻ മുന്നോട്ടുവന്നിട്ടുണ്ട്.

ആവശ്യക്കാർക്ക് പരസ്യങ്ങൾ പ്രിന്റ് ചെയ്തും നൽകാറുണ്ട്. പരസ്യങ്ങൾ പ്രിന്റ് ചെയ്ത പേനകൾക്ക് 10 രൂപയും അല്ലാത്തവയ്ക്ക് 8 രൂപയുമാണ് വില. വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുടകൾക്കും പേപ്പർ പേനയ്ക്കും ആവശ്യക്കാരെത്താറുണ്ടെന്ന് റഹീം പറയുന്നു. ഐയർലാൻഡിൽ നിന്നൊരാൾ മുന്നൂറ് പേനകളാണ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി പ്രവാസി മലയാളികൾ സ്ഥിരമായി കുടകൾ വാങ്ങാറുണ്ട്.

ഇതൊരു റഹീമിന്റെ മാത്രം കഥയല്ല. കേരളത്തിൽ ഉടനീളം നൂറുകണക്കിന് പേർ ഇത്തരത്തിൽ വീൽച്ചെയറിലും കിടക്കയിലുമായി കുടകളും പേനകളും നിർമ്മിച്ച് ജീവിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 12 ഓളം പേർ ഇവരുടെ കൂട്ടായ്മയിലുണ്ട്. കോവിഡിന്റെ ഈ കെട്ടക്കാലത്തും ആരുടെ മുന്നിലും കൈനീട്ടാതെ ശാരീരിക അസ്വസ്ഥതകളെ അവഗണിച്ചും നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം കഴിക്കുന്ന അവർ അഭിനന്ദിക്കപ്പെടേണ്ടവർ തന്നെയാണ്.  ഈ മഴക്കാലത്ത് വാങ്ങുന്ന കുടകളിൽ ഒന്നെങ്കിലും ഇവരിൽ നിന്നായാൽ അതിവർക്കൊരു സഹായം കൂടിയാണ്.

റഹീമിന്റെ മൊബൈൽ നമ്പർ: 7034 500484

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP