Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതൃപ്തികൾ മറന്ന് ഒ പനീർസെൽവവും എടപ്പാടി പളനിസ്വാമിയും കൂടിക്കാഴ്‌ച്ച നടത്തി; ഭിന്നത പരിഹരിച്ച് മുന്നോട്ട് പോകാനും തീരുമാനം; അണ്ണാ ഡിഎംകെയിൽ ഇത് മഞ്ഞുരുകൽ കാലം; തിരക്കിട്ട നടപടികൾ ശശികലയുടെ രാഷ്ട്രീയ പ്രവേശനനീക്കങ്ങൾക്കിടെ

അതൃപ്തികൾ മറന്ന് ഒ പനീർസെൽവവും എടപ്പാടി പളനിസ്വാമിയും കൂടിക്കാഴ്‌ച്ച നടത്തി;  ഭിന്നത പരിഹരിച്ച് മുന്നോട്ട് പോകാനും തീരുമാനം; അണ്ണാ ഡിഎംകെയിൽ ഇത് മഞ്ഞുരുകൽ കാലം; തിരക്കിട്ട നടപടികൾ ശശികലയുടെ രാഷ്ട്രീയ പ്രവേശനനീക്കങ്ങൾക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അണ്ണാ ഡിഎംകെയിൽ ഇത് മഞ്ഞുരുകൽ കാലം.അഭിപ്രായ ഭിന്നതയിലായിരുന്ന ഒ പനീർസെൽവവും എടപ്പാടി പളനിസ്വാമിയും കൂടിക്കാഴ്‌ച്ച നടത്തി.ചിന്നത്തലൈവി രാഷ്ട്രീയത്തിലേക്ക് റീ എൻട്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാർട്ടിയിലെ തിരക്കിട്ട നീക്കങ്ങൾ. ഭിന്നതകൾ പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം ഇപിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് ശശികല വ്യക്തമാക്കിയതോടെ നേതൃസ്ഥാനം നഷ്ടമാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപിഎസ്. ഇതിന്റെ ആദ്യപടിയായാണ് ഇടഞ്ഞ് നിന്ന ഒപിഎസ്സുമായി പളനിസ്വാമി ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് ചർച്ച നടത്തിയതും ഭിന്നത പരിഹരിച്ച് ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ടതും.

ഒപിഎസ് പക്ഷ നേതാക്കളുമായി അണ്ണാഡിഎംകെ ആസ്ഥാനത്ത് വിളിച്ച ചർച്ചയിൽ നിന്ന് നേരത്തെ പനീർസെൽവം വിട്ടുനിന്നിരുന്നു. അർഹമായ പരിഗണന നൽകാതെ നേതൃസ്ഥാനത്ത് നിന്ന് തഴഞ്ഞെന്നാണ് പനീർസെൽവം വിഭാഗത്തിന്റെ പരാതി. ഒരുമിച്ച് പോകുമെന്ന് യോഗത്തിന് ശേഷം പളനിസ്വാമി അവകാശപ്പെട്ടു.

അതേസമയം വിമത നേതാക്കളെ ഒപ്പംഎത്തിച്ച് പിന്തുണ ഉറപ്പാക്കാൻ അനുയായികളുടെ യോഗം ശശികല വിളിച്ചു.നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ചർച്ച ചെയ്യാനായിരുന്നു യോഗം. തെരഞ്ഞെടുപ്പ് തോൽവിയോടെ തകർന്നടിഞ്ഞ പാർട്ടിയെ തിരിച്ചുപിടിക്കുമെന്നാണ് ശശികല ആഹ്വാനം ചെയതത്. ജയിൽ വാസത്തിന് ശേഷം സജീവ രാഷ്ട്രിയത്തിലേക്ക് ഇല്ലെന്നാണ് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നത്.എന്നാൽ കഴിഞ്ഞ ആഴ്്ച്ച പാർട്ടിയിലെ ഒരു നേതാവിന് അയച്ച ഫോൺ സന്ദേശത്തിലാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് ശശികല വ്യക്തമാക്കിയത്.

കോവിഡ് കുറയുന്നതിന് പിന്നാലെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുമെന്ന് ശശികല പ്രഖ്യാപിച്ചു കഴിഞ്ഞു.തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ പാർട്ടിക്ക് ഈ തിരിച്ചുവരവ് നൽകുന്ന ആവേശം ചെറുതല്ല.കോവിഡ് മഹാമാരി മാറുന്നതിനു പിന്നാലെ, തന്നെ പുറത്താക്കിയ അണ്ണാ ഡിഎംകെയിലേക്കുതന്നെ തിരികെയെത്തുമെന്നു ശശികല പറയുന്നു. പാർട്ടി പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണത്തിലാണു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ ചിന്നമ്മ നൽകിയത്.

ഒരു ദേശീയ മാധ്യമമാണ് ഫോൺസംഭാഷണം സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.'വിഷമിക്കേണ്ട, ഞാൻ തീർച്ചയായും മടങ്ങിവരും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ എഐഎഡിഎംകെയിലെ പ്രശ്നങ്ങൾ ശരിയാക്കാം. ധൈര്യമായിരിക്കൂ' എന്നു പാർട്ടി പ്രവർത്തകനുമായുള്ള സംഭാഷണത്തിൽ ശശികല ഉറപ്പു നൽകുന്നുണ്ട്. ഈ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായെന്നാണ് വാർത്ത.'ഞങ്ങൾ അമ്മയ്ക്കു പിന്തുണയായി ഒപ്പമുണ്ടാകും' എന്ന മറുപടിയും കേൾക്കാം.

സംഭവം സത്യമാണെന്ന് പാർട്ടി നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്.എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്റെ പഴ്‌സനൽ അസിസ്റ്റന്റ് ജനാർദനൻ ഫോൺസംഭാഷണം സത്യമാണെന്ന് വെളിപ്പെടുത്തി.തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെയാണു ശശികലയുടെ നീക്കം. അന്തരിച്ച മുന്മുഖ്യമന്ത്രി ജെ.ജയലളിതയുടെ ഉറ്റ സുഹൃത്തായ ശശികല, ഈ വർഷം മാർച്ചിലാണു രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഡിഎംകെയെ പരാജയപ്പെടുത്താൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനവും ചെയ്തു.

അനധികൃത സ്വത്തുകേസിൽ നാലുവർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി ഫെബ്രുവരി എട്ടിനാണു ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് മോചിതയായത്. നിലവിൽ ചെന്നൈയിലെ ടി നഗറിലാണു ശശികല താമസിക്കുന്നത്. അണ്ണാ ഡിഎംകെയിലും സംസ്ഥാന രാഷ്ട്രീയത്തിലും നിർണായക ഘടകമായി മാറുമെന്നു കരുതിയ വേളയിലാണു ശശികല വിരമിക്കൽ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP