Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷദ്വീപിലെ ജനഹിതത്തിനെതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ; നിലപാട് അറിയിച്ചത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ടെലിഫോണിൽ വിളിച്ച്; ജനനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും കാന്തപുരത്തോട് അമിത്ഷാ

ലക്ഷദ്വീപിലെ ജനഹിതത്തിനെതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ; നിലപാട് അറിയിച്ചത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ടെലിഫോണിൽ വിളിച്ച്;  ജനനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും കാന്തപുരത്തോട് അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ ഹിതത്തിനെതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കൂടിയായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ടെലിഫോണിൽ വിളിച്ചാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. ലക്ഷദീപിലെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കത്ത് നൽകിയിരുന്നു. ഇത് വായിച്ച ശേഷമാണ് അദ്ദേഹം നേരിൽ വിളിച്ച് നിലപാട് വ്യക്തമാക്കിയത്.

കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും കേന്ദ്രസർക്കാർ നിൽക്കുക. ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞു.

അതേസമയം, ദ്വീപ് വാസികൾ ഇപ്പോഴും കടുത്ത ആശങ്കകളിലാണെന്നും, അവർക്ക് മേൽ കഴിഞ്ഞ ആറു മാസങ്ങളിൽ ചുമത്തപ്പെട്ട നിയമങ്ങൾ ഒഴിവാക്കണമെന്നും കാന്തപുരം സംഭാഷണത്തിൽ ആവശ്യപ്പെട്ടു. ജനഹിതത്തിനു വിരുദ്ധമായി സ്ഥാപിക്കപ്പെട്ട പുതിയ നിയമങ്ങൾ റദ്ദാക്കിയാലേ ജനങ്ങൾ ആശങ്കകളിൽ നിന്ന് മുക്തരാകുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം അമിത്ഷാ ഉറപ്പു നൽകുന്നതിനിടെയും ദ്വീപ് ജനതയെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടു പോകുകയാണ് ലക്ഷദ്വീപ് ഭരണകൂടം. എല്ലാ മീൻപിടിത്ത ബോട്ടുകളിലും സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിവാദ ഉത്തരവ് ഇറക്കിയതും വിവാദത്തിലായിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കാനും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാനും ഇത് സഹായിക്കുമെന്നാണ് വിശദീകരണം. ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്‌കാരങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് പുതിയ ഉത്തരവ്.

ദ്വീപുകളിലെ 50 ശതമാനത്തിലധികം പേരുടെയും പ്രധാന ഉപജീവനം മാർഗം മത്സ്യബന്ധനമാണ്. കോസ്റ്റ് ഗാർഡും നാവികസേനയും അടക്കമുള്ളവരുടെ കർശന പരിശോധന ഇപ്പോൾത്തന്നെ ദ്വീപിലുണ്ട്. ഇതിനു പുറമേയാണ് കടലിൽ പോകുന്ന ബോട്ടുകളിൽ എല്ലാം സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവ് ഇറക്കിയത്. ദ്വീപിലേക്കു വരുന്ന കപ്പലുകളിലും ബോട്ടുകളിലും സുരക്ഷാ പരിശോധന ഇരട്ടിയാക്കിയിട്ടുണ്ട്. ദ്വീപിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങൾ നേരത്തേ കൊച്ചിയിലും കോഴിക്കോട്ടുമായിരുന്നു ശേഖരിച്ചിരുന്നത്. ഇതു ദ്വീപിലെത്തുമ്പോഴും ശേഖരിക്കും.

കപ്പലുകളും ബോട്ടുകളും നിർത്തുന്ന ബർത്തുകളിലെല്ലാം കൂടുതൽ സി.സി.ടിവി ക്യാമറകളും സ്ഥാപിക്കും. യാത്രക്കാരുടെ ലഗേജും മറ്റും പരിശോധിക്കാനുള്ള സംവിധാനം കൊച്ചിയിൽ മാത്രമാണ് നിലവിൽ ഉള്ളത്. ഇതേ സംവിധാനം ബേപ്പൂരും മംഗലാപുരത്തും സ്ഥാപിക്കാൻ നടപടിയെടുക്കും തുടങ്ങിയവയാണ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരങ്ങൾ. കേന്ദ്ര സേനയായ സിഐ.എസ്. എഫിനാണ് സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP