Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താംക്ലാസിൽ പഠിക്കുമ്പോൾ അച്ഛനൊപ്പം പാർടൈം കിളിയായി; പാഷനായി ഡ്രൈവിങ്ങും; വളയിട്ട കൈകൾ ടാങ്കറിന്റെ വളയം പിടിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം; ബിരുദാനന്തര ബിരുദക്കാരി രാജ്യത്തെ ആദ്യ ഹസാർഡ് ലൈസൻസ് നേടിയ വനിത; തൃശൂർ കണ്ടശ്ശാംകടവുകാരി ഡെലീഷാ ഡേവിസ് എന്ന 23-വയസ്സുകാരി അത്ഭുതമാകുമ്പോൾ

പത്താംക്ലാസിൽ പഠിക്കുമ്പോൾ അച്ഛനൊപ്പം പാർടൈം കിളിയായി; പാഷനായി ഡ്രൈവിങ്ങും; വളയിട്ട കൈകൾ ടാങ്കറിന്റെ വളയം പിടിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം; ബിരുദാനന്തര ബിരുദക്കാരി രാജ്യത്തെ ആദ്യ ഹസാർഡ് ലൈസൻസ് നേടിയ വനിത; തൃശൂർ കണ്ടശ്ശാംകടവുകാരി ഡെലീഷാ ഡേവിസ് എന്ന 23-വയസ്സുകാരി അത്ഭുതമാകുമ്പോൾ

ആർ പീയൂഷ്

തൃശൂർ: മൂന്നു വർഷമായി കൊച്ചിയിൽ നിന്നും തിരൂരിലെ പെട്രോൾ പമ്പിലേക്ക് ടാങ്കർ ലോറിയിൽ ഇന്ധനവുമായി പോകുന്ന ആ പെൺ ഡ്രൈവറെ ആരും കണ്ടില്ല, ശ്രദ്ധിച്ചില്ല. ഈ ലോക്ക് ഡൗൺ കാലയളവിൽ തിരൂരിൽ പൊലീസ് പരിശോധന നടത്തുമ്പോൾ മാത്രമാണ് ടാങ്കറിന്റെ അമരത്ത് ഇരിക്കുന്ന പെൺകുട്ടിയെ പൊലീസ് ശ്രദ്ധിക്കുന്നത്. അത്യപൂർവ്വമായി കണ്ട പെൺഡ്രൈവറെ പൊലീസ് ഓഫീസർ അടുത്തു വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. പേര് ഡെലീഷാ ഡേവിസ്, വയസ്സ് 23, ബിരുദാനന്തര ബിരുദം കഴിഞ്ഞു, ഒപ്പമുള്ള സഹായി ഇതേ വണ്ടിയിലെ ഡ്രൈവർ കൂടിയായ പിതാവ് ഡേവിസ്.

ഓഫീസർ അത്ഭുതത്തോടെ വിവരങ്ങൾ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അപകടം പിടിച്ച വാഹനങ്ങൾ ഓടിക്കാനുള്ള ഹസാർഡ് ലൈസൻസ് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് മറുപടി പറഞ്ഞ് തന്റെ ലൈസൻസ് ഡെലീഷ എടുത്തുകാട്ടി. സ്ത്രീകൾ പൊതുവേ കരസ്ഥമാക്കാത്ത ലൈസൻസ് കൂടിയുണ്ടെന്നറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥൻ പ്രദേശത്തെ പ്രാദേശിക ചാനൽ പ്രതിനിധിയെ വിവരമറിയിക്കുകയും അവർ വാർത്ത ചെയ്തതോടെയാണ് ഡെലീഷ എന്ന പെൺകരുത്തിനെ കേരളം അറിഞ്ഞത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുന്ന ഡെലീഷ കടന്നു വന്ന വഴികളെപറ്റി മറുനാടനോട് സംസാരിക്കുകയാണ്.

എല്ലാം പെൺകുട്ടികളേയും പോലെ സ്‌കൂട്ടിയിലാണ് എന്റെ ഡ്രൈവിങ് തുടങ്ങിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണത്. അപ്പച്ചന്റെ ഡ്രൈവിങ് എന്റെ ജീനിലും ഉണ്ടെന്ന് 9-ാം ക്ലാസ് എത്തിയപ്പോഴേക്കും മനസ്സിലാക്കി. വീടിനു മുന്നിൽ നീണ്ടു നിവർന്നു കിടന്ന അംബാസിഡർ കാറിൽ ഡ്രൈവിങ് ബാലപാഠങ്ങൾ സ്വായത്തമാക്കി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അപ്പച്ചന്റെ പാർട് ടൈം കിളിയായ ചാർജെടുത്തു. അപ്പച്ചൻ പെട്രോൾ പമ്പിലെ ടാങ്കർ ലോറി ഡ്രൈവറായിരുന്നു. ലോറി എപ്പോഴും ലോഡിറക്കിയതിന് ശേഷം വീട്ടിലാണ് കൊണ്ടിടുന്നത്. കിളിയും ക്ലീനറും ഇല്ലാത്ത വണ്ടിയിലേക്ക് പഠിക്കുമ്പോൾ ചാടിക്കയറിയതാണ്. അപ്പച്ചൻ ലോഡെടുക്കാൻ ഇരുമ്പനത്തേക്ക് പോകുമ്പോൾ ഒപ്പം പോകുമായിരുന്നു. അന്നത്തെ ആ സവാരി കൊണ്ടൊരു ഗുണമുണ്ടായി. ലോറി ഡ്രൈവിങ്പുഷ്പം പോലെ പഠിച്ചെടുത്തു.

കിളിയില്ലാത്ത വണ്ടിയിലെ പകരക്കാരി. അന്ന് ഒരുപാട് കാര്യങ്ങൾ അപ്പച്ചനിൽ നിന്നു പഠിച്ചു. മറ്റുള്ള വണ്ടികളെ പോലെയല്ല ടാങ്കർ ലോറി. അധികം സ്പീഡിൽ പോകാൻ പറ്റില്ല. സഡൻ ബ്രേക്കിങ് പറ്റില്ല. പിന്നെ അശ്രദ്ധ സംഭവിച്ചാൽ തീ പിടിക്കാനുള്ള സാധ്യത. അങ്ങനെ കുറേ കാര്യങ്ങൾ. മറ്റുള്ള വണ്ടികൾ പുഷ്പം പോലെ നമ്മളെ ഓവർടേക്ക് ചെയ്യുന്നതു കണ്ടപ്പോഴാണ് സംശയങ്ങൾ ഇരട്ടിച്ചത്. അന്നു മറുപടി കിട്ടിയ പലതും മനസിലായില്ലെങ്കിലും ഡ്രൈവിങ് പാഷനായി മാറുകയായിരുന്നു. പ്രായപൂർത്തിയായികഴിഞ്ഞ് ടാങ്കർ ലോറിയുടെ ഭാഗമാകാൻ ഹെൽപർ പാസ് നേടുക എന്നതായിരുന്നു ആദ്യ കടമ്പ. എങ്ങനെ ലോഡ് നിറയ്ക്കണം, അപകടമുണ്ടായാൽ എന്തു ചെയ്യണം, മറ്റ് മുൻകരുതലുകൾ എല്ലാം ഇതിലൂടെ പഠിച്ചെടുക്കണം. അതു നേടിയ ശേഷമാണ് ലോറിയുടെ ഡ്രൈവർ ആകണമെന്ന ആഗ്രഹം ഉടലെടുത്തത്.

അപകട വണ്ടികൾ ഓടിക്കുന്നതിനുള്ള ഹസാഡ്‌സ് ലൈസൻസു സ്വന്തമാക്കി. പിന്നീടങ്ങോട്ട് ഡ്രൈവറായ അപ്പച്ചനെ എന്റെ കിളിയാക്കി ഡ്രൈവറായിമാറുകയായിരുന്നു. വയസ് 23 ആകുന്നു ഇപ്പോൾ. നൂറുകണക്കിന് ലോഡുകളാണ് എന്റെ അക്കൗണ്ടിലുള്ളത്. ഡ്രൈവറാകുന്നു എന്നറിഞ്ഞപ്പോൾ അമ്മ ട്രീസ കടുത്ത എതിർപ്പുമായാണ് നിന്നത്. എന്നാൽ അപ്പച്ചൻ എന്റെ ആഗ്രഹത്തിനൊത്തു നിന്നു. പഠിക്കുന്ന സമയം ഞാൻ ഡ്രൈവ് ചെയ്യുമെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും ടാങ്കർ ഓടിക്കുന്ന കാര്യം അറിയില്ലായിരുന്നു. ലോറീ ഡ്രൈവറായപ്പോൾ ബന്ധുക്കളും നാട്ടുകാരുമെല്ലാം നീരസത്തോടെയാണ് സംസാരിച്ചത്. ഇത്രയും പഠിച്ച കൊച്ച് ലോറീ ഡ്രൈവറായാൽ കൊള്ളാവുന്ന എവിടുന്നെങ്കിലും പെണ്ണു കിട്ടുമോ എന്നായിരുന്നു ചോദ്യം. എന്നാൽ എന്റെ അപ്പച്ചൻ പറഞ്ഞത് അവളെ മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ കെട്ടിച്ചു കൊടുക്കൂ എന്നാണ്.

നാട്ടുകാരും ബന്ധുക്കളും പറഞ്ഞകാര്യം അച്ചട്ടായി. ഒരു വിവാഹ ആലോചന വന്നു. ഏതാണ്ട് എല്ലാം ഉറപ്പിച്ചു. എന്നാൽ ചെക്കന്റെ അമ്മ ഞാൻ ലോറീ ഡ്രൈവറാണെന്നറിഞ്ഞപ്പോഴേക്കും വിവാഹത്തിൽ നിന്നും പിന്മാറി. ലോരീ ഡ്രൈവർ മാരെല്ലാം ചീത്ത സ്വഭാവമുള്ളവരാണ് എന്ന ചിന്താഗതിയായിരുന്നു അതിന് പിന്നിൽ. എനിക്ക് പക്ഷേ വിഷമമൊന്നും ഉണ്ടായില്ല. എന്നെ മനസ്സിലാക്കുന്ന ഒരാൾ കടന്നു വരും. എന്റെ ജോലിയെ അംഗീകരിക്കുന്ന ഒരാൾ. ബിരുദാനന്തര ബിരുദമെടുത്തു. ഇനി എം.ഫിൽ ചെയ്യണമെന്നാണ് ആഗ്രഹം. ജോലിക്കൊപ്പം പഠനവും കൊണ്ടു പോകുമെന്ന് ഡെലീഷ പറഞ്ഞു.

റോഡിൽ വെച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒന്നു രണ്ടു വട്ടം മലപ്പുറം ഭാഗത്ത് വച്ച് യുവാക്കൾ മോശമായി സംസാരിച്ചിട്ടുണ്ട് എന്ന് ഡെലീഷ പറയുന്നു. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഓവർടേക്ക് ചെയ്ത് മുന്നിലെത്തി പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തി. ലോഡുണ്ടായതിനാൽ ചവിട്ടിയിട്ട് കിട്ടിയില്ല. എങ്കിലും വെട്ടിച്ചുമാറ്റി നിർത്തി. ഈ സമയം അവർ മോശമായി സംസാരിക്കുകയും നിനക്ക് ലൈസൻസുണ്ടോടീ എന്നൊക്കെ ചോദിച്ചു തട്ടിക്കയറുകയും ചെയ്തു. ലൈസൻസ് ഉണ്ട് എന്ന് പറഞ്ഞതോടെ അവർ പിന്നെ മയത്തിൽ സംസാരിച്ച് കടന്നു പോകുകയും ചെയ്തു. ചിലർ കമന്റടിക്കും. വാഹനത്തിന് മുന്നിൽ സ്പീഡ് കുറച്ചു പോകും. പിന്നാലെ ആവശ്യമില്ലാതെ ഹോണടിച്ചു ശല്യമുണ്ടാക്കും.

സോഷ്യൽ മീഡിയയിൽ ഡെലീഷ താരമായതോടെ തൃശൂർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ആദരിച്ചു. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ചരക്ക് വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് ഏർപ്പാടാക്കിയ ഉച്ചഭക്ഷണ വിതരണം ഡെലീഷയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഹസാർഡസ് ഗുഡ്‌സ് വാഹനം ദീർഘദൂരം വർഷങ്ങളായി ഓടിക്കുന്ന വനിതയെന്ന നിലയിൽ മോട്ടോർ വാഹന വകുപ്പ് പ്രാശംസാഫലകം നൽകി ആദരിച്ചു.

തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ജെയിംസിന്റെ നിർദ്ദേശാനുസരണമായിരുന്നു തീരുമാനം. തൃശൂർ ആർ ടി ഒ ബിജു ജെയിംസ്, എൻഫോഴ്സ്‌മെന്റ് ആർ ടി ഒ, എം പി. ജെയിംസ്, ഐ സി എൽ ഫിൻകോർപ്പ് എം ഡി.കെ ജി. അനിൽ കുമാർ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ എൻ, റോഷൻ കെ, ഉണ്ണിക്കൃഷ്ണൻ എം പി, ഫെനിൽ ജെയിംസ്, ഓസ്‌കാർ ഇവെന്റ്‌സ് ജനീഷ് തുടങ്ങയവർ പരിപാടിക്ക് നേതൃത്വം നൽകിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP