Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറുകണക്കിന് കൊലപാതകങ്ങൾ ചെയ്ത കൊടുംക്രിമിനൽ ബ്രൂസ്‌ക ജയിൽമോചിതനാകുന്നു; 18-ാം വയസിൽ ആരംഭിച്ച കൊലപാതക പരമ്പര; കൂട്ടാളിയുടെ മകനെ കൊന്ന് ജഢം ആസിഡിലിട്ട് അലിയിച്ച ക്രൂരൻ; വിധിയ്‌ക്കെതിരെ വ്യാപകപ്രതിഷേധം

നൂറുകണക്കിന് കൊലപാതകങ്ങൾ ചെയ്ത കൊടുംക്രിമിനൽ ബ്രൂസ്‌ക ജയിൽമോചിതനാകുന്നു; 18-ാം വയസിൽ ആരംഭിച്ച കൊലപാതക പരമ്പര; കൂട്ടാളിയുടെ മകനെ കൊന്ന് ജഢം ആസിഡിലിട്ട് അലിയിച്ച ക്രൂരൻ; വിധിയ്‌ക്കെതിരെ വ്യാപകപ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കുപ്രസിദ്ധ മാഫിയ സംഘമായ കോസ നോസ്ട്രയിലെ കൊടുംകുറ്റവാളി ജിയോവന്നി ബ്രൂസ്‌ക (64) ജയിൽ മോചിതനാകുന്നു. ഇതിനെതിരേ ഇറ്റലിയിൽ വ്യാപക പ്രതിഷേധം. നൂറിലേറെ പേരെ കൊലപ്പെടുത്തിയിട്ടുള്ള ബ്രൂസ്‌കയ്ക്ക് 25 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് നാലു വർഷത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. പിടിയിലായതിന് ശേഷം മാഫിയ സംഘങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ കൈമാറിയതും പൊലീസുമായി സഹകരിച്ചതുമാണ് ബ്രൂസ്‌കയ്ക്ക് ജയിലിന് പുറത്തേക്കുള്ള വഴി തുറക്കാൻ കാരണം. എന്നാൽ ഇതിനെതിരേ ഇറ്റലിയിലെ വിവിധ രാഷ്ട്രീയകക്ഷികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്രൂസ്‌കയുടെ ജയിൽമോചനം ഒരിക്കലും നീതികരിക്കാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം.

ജിയോവന്നി ബ്രൂസ്‌ക എന്ന മൃഗം

മനുഷ്യന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ഒരു മൃഗമാണെന്നാണ് പലരും ബ്രൂസ്‌കയെ വിശേഷിപ്പിക്കുന്നത്. വർഷങ്ങൾക്കിടെ നൂറിലേറെപ്പേരെയാണ് ബ്രൂസ്‌ക അതിക്രൂരമായി കൊലപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ മുതൽ നിഷ്‌കളങ്കരായ കുട്ടികൾ വരെ ഇതിൽ ഉൾപ്പെടുന്നു. മാഫിയ സംഘങ്ങൾക്കെതിരേ അന്വേഷണം നടത്തിയ ജഡ്ജി ജിയോവന്നി ഫാൽക്കോണിയെ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയതോടെയാണ് ബ്രൂസ്‌കയുടെ കുപ്രസിദ്ധി വർധിച്ചത്. റോഡിനടിയിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചായിരുന്നു ഫാൽക്കോണിന് നേരേയുള്ള ബ്രൂസ്‌കയുടെ ആക്രമണം. സ്ഫോടനത്തിൽ ഫാൽക്കോണിയും ഭാര്യയും മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടു. ഇതോടൊപ്പം തന്റെ കൂട്ടാളിയുടെ മകനെ രണ്ടരവർഷത്തോളം തടവിൽ പാർപ്പിച്ച് കൊന്നതും മൃതദേഹം ആഡിഡ് ബാരലിലിട്ട് അലിയിപ്പിച്ച് കളഞ്ഞതും ബ്രൂസ്‌കയുടെ കൊടുംക്രൂരതയായിരുന്നു. 1996-ലാണ് ബ്രൂസ്‌കയെ അതിസാഹസികമായി പൊലീസ് സംഘം പിടികൂടിയത്.

മാഫിയ ലോകത്ത് ജനിച്ചുവീണയാൾ

1957 ഫെബ്രുവരി 20-ന് ഇറ്റലിയിലെ സിച്ചിലിയയിലാണ് ബ്രൂസ്‌കയുടെ ജനനം. പിതാവും മുത്തച്ഛനും എല്ലാം മാഫിയസംഘത്തിന്റെ ഭാഗമായ കുടുംബം. നാട്ടിലെ മാഫിയ സംഘത്തിന്റെ ബോസായിരുന്നു ബ്രൂസ്‌കയുടെ പിതാവ്. അതിനാൽ തന്നെ ചെറുപ്പകാലത്ത് തന്നെ മാഫിയസംഘങ്ങളുടെ പ്രവർത്തനവും കൊള്ളയുമെല്ലാം ബ്രൂസ്‌കയും മനസിലാക്കി. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്ക് സഹായങ്ങൾ നൽകിയും പിതാവ് ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിന്റെ ആയുധങ്ങൾ വൃത്തിയാക്കി സൂക്ഷിച്ചും അവ ഒളിപ്പിച്ചുവെച്ചും കുട്ടി ബ്രൂസ്‌കയും മാഫിയ സംഘത്തിനൊപ്പം ചേർന്നു. തന്റെ 18-ാം വയസിലാണ് ബ്രൂസ്‌ക ആദ്യമായി ഒരാളെ കൊല്ലുന്നത്. തൊട്ടടുത്ത വർഷം രണ്ടാമത്തെ കൊലപാതകവും നടത്തി. തിരക്കേറിയ സിനിമാഹാളിന് പുറത്ത് ഡബിൾ ബാരൽ തോക്ക് കൊണ്ട് ഇരയെ വെടിവെച്ച് വീഴ്‌ത്തിയായിരുന്നു ആ കൊലപാതകം.

രണ്ട് കൊലപാതകങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ ബ്രൂസ്‌കയെ മാഫിയ തലവന്മാരുടെ തലവൻ എന്നറിയപ്പെടുന്ന സാൽവത്തോർ റിന്ന മാഫിയ സംഘത്തിൽ ഔദ്യോഗികമായി പങ്കാളിയാക്കി. ഔദ്യോഗികമായി മാഫിയ സംഘത്തിൽ ചേർന്നതോടെ മറ്റൊരു മാഫിയ തലവനായ ബെർണാഡോ പ്രോവെൻസാനോയുടെ ഡ്രൈവറായും ബ്രൂസ്‌ക പ്രവർത്തിച്ചു. പക്ഷേ, ആളുകളെ കൊല്ലുന്നതിൽ എന്നും മുന്നിൽ നിന്നിരുന്ന ബ്രൂസ്‌ക അധികകാലം ഡ്രൈവർ ജോലി ചെയ്തില്ല. വീണ്ടും ചോരക്കൊതിയുമായി കളത്തിലിറങ്ങി.

ഇരകളെ അതിക്രൂരമായി ഉപദ്രവിച്ച ശേഷം കൊലപ്പെടുത്തുന്നതായിരുന്നു ബ്രൂസ്‌കയുടെ രീതി. തലവന്മാർ ഏൽപ്പിക്കുന്ന ദൗത്യം ബ്രൂസ്‌ക കൃത്യതയോടെ നിറവേറ്റി. ഇരകളുമായി സംസാരിച്ച് ആദ്യം വിവരങ്ങൾ നേടാൻ ശ്രമിക്കുന്ന ബ്രൂസ്‌ക, പിന്നീട് അവരെ അതിമാരകമായി ഉപദ്രവിക്കും. അതിനു ശേഷമായിരുന്നു കൊലപാതകം.

ചുറ്റിക കൊണ്ട് കാലുകൾ തകർത്തും തൂണുകളിൽ ചെവിയിൽ തൂക്കി നിർത്തിയുമാകും ആദ്യഘട്ടത്തിലെ ഉപദ്രവം. ഇരയോട് ഒരു ദയയും കാണിക്കാത്ത ഈ ക്രൂരതയ്ക്ക് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപാതകവും. വെറും പത്ത് മിനിറ്റ് കൊണ്ടാണ് ബ്രൂസ്‌കയും കൂട്ടാളികളും ഒരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം നശിപ്പിക്കാനും ബ്രൂസ്‌കയ്ക്ക് അയാളുടേതായ വഴികളുണ്ടായിരുന്നു. മൃതദേഹങ്ങൾ ആസിഡിൽ അലിയിപ്പിക്കുകയും വലിയ അടുപ്പിൽ ചുട്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ബ്രൂസ്‌ക നടത്തിയ കുറ്റസമ്മതം. മൃതദേഹാവശിഷ്ടങ്ങൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിയെടുത്ത ശേഷം കുഴിച്ചിടുകയും ചെയ്യും. ഒരിക്കലും ഇക്കാര്യങ്ങളൊന്നും തന്നിൽ പരിഭ്രമമുണ്ടാക്കിയിട്ടില്ലെന്നും ബ്രൂസ്‌ക പറഞ്ഞിരുന്നു.

താൻ കൊലപ്പെടുത്തിയവരിൽ ഭൂരിഭാഗം ആളുകളുടെയും പേരോ മറ്റുവിവരങ്ങളോ അയാൾക്കറിയുമായിരുന്നില്ല എന്നതാണ് സത്യം. മാഫിയ തലവന്മാർ ഏൽപ്പിക്കുന്ന ദൗത്യം, ആളുകളുടെ ജീവനെടുത്ത് അയാൾ നിറവേറ്റിപ്പോന്നു.

കാർ ബോബും സ്ഫോടനങ്ങളും

മാഫിയ സംഘങ്ങളെ ഒതുക്കാനായി എക്കാലത്തും ഇറ്റാലിയൻ സർക്കാർ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാനായിരുന്നു ബ്രൂസ്‌കയുടെ ശ്രമം. സാൽവത്തോർ റീന്നയുടെ ചാവേർ സംഘത്തിലെ പ്രധാനിയായ ബ്രൂസ്‌ക 1980 കാലഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരേ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. എ.കെ. 47 തോക്കുകളുമായും കാർ ബോംബുകളുമായും അയാൾ ഉദ്യോഗസ്ഥർമാരെ നേരിട്ടു.

1983 ജൂലായിൽ പാലേർമോ ചീഫ് പ്രോസിക്യൂട്ടറായിരുന്ന റോക്കോ ചിന്നിച്ചിയെ കാർ ബോംബ് സ്ഫോടനത്തിലൂടെയാണ് ബ്രൂസ്‌കയും സംഘവും കൊന്നൊടുക്കിയത്. രണ്ട് അംഗരക്ഷകരും ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മാഫിയകളെ നേരിടാനായി ആന്റി-മാഫിയ പൂൾ എന്ന പേരിൽ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചതിനായിരുന്നു ചിന്നിച്ചിയുടെ ജീവനെടുത്ത് ബ്രൂസ്‌ക പകരംവീട്ടിയത്.

ചിന്നിച്ചിയുടെ മരണശേഷമാണ് ജിയോവന്നി ഫാൽക്കോണി ആന്റി മാഫിയ സംഘത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 1986 മുതൽ 1992 ജനുവരി വരെ മാഫിയസംഘങ്ങൾക്കെതിരേ ഫാൽക്കോണി സന്ധിയില്ലാ പോരാട്ടം നടത്തി. മുന്നൂറിലേറെ മാഫിയ സംഘാംഗങ്ങളെ പിടികൂടി ശിക്ഷിച്ചു. മാഫിയ തലവനായ റീന്നയും ഇങ്ങനെ ശിക്ഷിക്കപ്പെട്ടവരിൽ ഒരാളായിരുന്നു. എന്നാൽ ജയിൽവാസത്തിനിടെ റിന്ന പിന്നീട് രക്ഷപ്പെട്ടു.

മാഫിയസംഘങ്ങളെ ഇല്ലായ്മ ചെയ്യാൻ ഫാൽക്കോണി തുനിഞ്ഞിറങ്ങിയതോടെ അദ്ദേഹം തന്നെയായി കുറ്റവാളികളുടെ അടുത്തലക്ഷ്യം. 1992-ൽ ഫാൽക്കോണിയെയും ഭാര്യയെയും അംഗരക്ഷകരെയും ബ്രൂസ്‌ക ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തി. ഫാൽക്കോണി കാറിൽ വരുന്ന വഴിയിൽ റോഡിനടിയിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചായിരുന്നു ബ്രൂസ്‌ക പദ്ധതി ആസൂത്രണം ചെയ്തത്. ഫാൽക്കോണിയുടെ കൊലപാതകത്തിലൂടെ മാഫിയസംഘം വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്തു.

സാൽവത്തോർ റിന്ന തിരികെ എത്തിയതോടെ മാഫിയ സംഘം തിരിച്ചടികളുടെ എണ്ണം കൂട്ടി. ബ്രൂസ്‌കയായിരുന്നു ഈ ആക്രമണങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത്. പൊലീസിനെതിരേ ബ്രൂസ്‌കയും സംഘവും നിരന്തരം ബോംബാക്രമണങ്ങൾ നടത്തി. സർക്കാർ കെട്ടിടങ്ങൾ തകർത്തു.

പക്ഷേ, ഓരോ തിരിച്ചടിക്കും ഇറ്റാലിയൻ അധികൃതർ മറുപടി നൽകിയിരുന്നു. ഇതിനിടെയാണ് ബ്രൂസ്‌കയുടെ കൂട്ടാളിയും മാഫിയ സംഘാംഗവുമായ സാന്റിനോ ഡി മാറ്റിയോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായതോടെ ഡി മാറ്റിയോ സർക്കാരിന് നിർണായക വിവരങ്ങൾ കൈമാറി. താനടക്കം പങ്കാളിയായ കൊലപാതകങ്ങളെക്കുറിച്ചും ബ്രൂസ്‌കയെക്കുറിച്ചും എല്ലാ വിവരങ്ങളും ഡി മാറ്റിയോ അധികൃതരോട് പങ്കുവെച്ചു. ഡി മാറ്റിയോ നൽകിയ വിവരമനുസരിച്ച് നേരത്തെ രക്ഷപ്പെട്ട റിന്നയെ പൊലീസ് സംഘം 1993 ജനുവരി 15-ന് വീണ്ടും അറസ്റ്റ് ചെയ്തു. അതേവർഷം ഒക്ടോബറിൽ റിന്നയെ കോടതിയിൽ വിചാരണ ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ബ്രൂസ്‌ക ദി ബോസ്

റിന്ന ജയിലിലായതോടെ സ്വാഭാവികമായും ബ്രൂസ്‌ക മാഫിയസംഘത്തിന്റെ ടോപ് ബോസ്സായി മാറി. തങ്ങളെ ചതിച്ച ഡി മാറ്റിയോയ്ക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമെന്നായിരുന്നു തലവനായി ചുമതലയേറ്റ ബ്രൂസ്‌കയുടെ ആദ്യ ഉത്തരവ്.

ബ്രൂസ്‌കയുടെ ഉത്തരവിന് പിന്നാലെ അയാളുടെ കൂട്ടാളികൾ ഡി മാറ്റിയോയുടെ 11 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി. 28-മാസം തടവിൽ പാർപ്പിച്ച കുട്ടിയെ ബ്രൂസ്‌കയും സംഘം ക്രൂരമായി പീഡിപ്പിച്ചു. ഒരു കൂട്ടിൽ പൂട്ടിയിട്ടാണ് ഇവർ കുട്ടിയെ മർദിച്ചിരുന്നത്. കുട്ടിയുടെ ചിത്രങ്ങൾ ഡി മാറ്റിയോയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

രണ്ടര വർഷം നീണ്ട ക്രൂരപീഡനത്തിനൊടുവിൽ 1996-ലാണ് കുട്ടിയെ ബ്രൂസ്‌ക കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആഡിഡ് ബാരലിലിട്ട് അലിയിപ്പിച്ച് കളഞ്ഞു.

അണ്ടർ അറസ്റ്റ്

മകനെ നഷ്ടമായെങ്കിലും ഡി മാറ്റിയോ പൊലീസിന് നിർണായക വിവരങ്ങൾ നൽകി സഹായിച്ചിരുന്നു. ഡി മാറ്റിയോയുടെ മൊഴിയനുസരിച്ച് ഫാൽക്കോണി കൊലക്കേസിൽ ബ്രൂസ്‌കയെയും പ്രതി ചേർത്തു. ഇതിനിടെ, ബ്രൂസ്‌കയെ പിടികൂടാൻ പൊലീസ് സംഘത്തിന്റെ ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഒടുവിൽ 1996 മെയ് 20-ന് അത് സംഭവിച്ചു. ബ്രൂസ്‌ക പൊലീസിന്റെ പിടിയിലായി.

ബ്രൂസ്‌കയുടെ ഫോൺ ചോർത്തിയാണ് പൊലീസ് സംഘം അയാളുടെ ഒളിസങ്കേതം കണ്ടെത്തിയത്. തുടർന്ന് 400-ഓളം പൊലീസുകാർ ബ്രൂസ്‌ക താമസിച്ചിരുന്ന വീട് വളഞ്ഞു. പൊലീസ് വരുന്ന സമയത്ത് കാമുകിക്കും സഹോദരനുമൊപ്പം ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാൾ. പൊലീസ് വീടിനകത്ത് കടന്നതോടെ ബ്രൂസ്‌കയും സഹോദരനും ഒരു ഏറ്റുമുട്ടലിന് പോലും മുതിരാതെ കീഴടങ്ങി.

ശിക്ഷയും സഹായവും

പിടിയിലായി ശിക്ഷിക്കപ്പെട്ടതോടെ ശിക്ഷാ കാലയളവ് കുറച്ചു കിട്ടാനായി ബ്രൂസ്‌ക സർക്കാരിനെ സഹായിച്ചു. 1980, 90 കാലഘട്ടങ്ങളിൽ മാഫിയ സംഘം നടത്തിയ പല ആക്രമണങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ കൈമാറി. കൊടുംകുറ്റവാളികളെ പിടികൂടാൻ പ്രോസിക്യൂട്ടർമാരെ സഹായിച്ചു. അങ്ങനെ ബ്രൂസ്‌ക ഒരു വിവരദായകനായി മാറി. ഇത് കണക്കിലെടുത്താണ് 25 വർഷത്തെ ജയിൽവാസത്തിന് ശേഷം ബ്രൂസ്‌കയ്ക്ക് നാലു വർഷത്തെ പരോൾ അനുവദിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ബ്രൂസ്‌ക ജയിൽമോചിതനായി.

എന്നാൽ, ബ്രൂസ്‌കയുടെ ജയിൽമോചനം ഇറ്റലിയിൽ വ്യാപക പ്രതിഷേധത്തിന് തിരി കൊളുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും നടുക്കം രേഖപ്പെടുത്തി. ''രാജ്യം ഞങ്ങൾക്കെതിരാണ്. 29 വർഷം കഴിഞ്ഞിട്ടും അന്ന് നടന്ന കൂട്ടക്കൊലയെക്കുറിച്ചും ബ്രൂസ്‌കയെ കുറിച്ചുമുള്ള സത്യം ഞങ്ങൾക്കറിയില്ല. എന്റെ കുടുംബത്തെ നശിപ്പിച്ച മനുഷ്യൻ ഇപ്പോൾ സ്വതന്ത്രനായിരിക്കുന്നു.'' 1992-ൽ കൊല്ലപ്പെട്ട അംഗരക്ഷകന്റെ ഭാര്യ ടിന മൗണ്ടിനാരോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ബ്രൂസ്‌കയെ വിട്ടയച്ച വാർത്ത കേട്ട് താൻ ഏറെ ദുഃഖിച്ചെന്നായിരുന്നു കൊല്ലപ്പെട്ട ഫാൽക്കോണിയുടെ സഹോദരി മരിയ ഫാൽക്കോണി പറഞ്ഞത്. എന്നാൽ, നിയമമനുസരിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബ്രൂസ്‌കയ്ക്ക് അവകാശമുണ്ടെന്നും അവർ പറഞ്ഞു.

ഇത്തരത്തിലുള്ള നീതിയല്ല ഇറ്റാലിയൻ ജനത ആഗ്രഹിച്ചിരുന്നതെന്ന് രാഷ്ട്രീയ നേതാവായ മാറ്റിയോ സാൽവനി പ്രതികരിച്ചു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളെ ഒരിക്കലും ജയിലിൽനിന്ന് പുറത്തുവിടരുതെന്നാണ് തന്റെ അഭിപ്രായമെന്നും അവർ പറഞ്ഞു. അതേസമയം, പ്രതിഷേധമുയർത്തുന്നവർക്ക് മറുപടിയുമായി ഇറ്റലിയിലെ ചീഫ് ആന്റി മാഫിയ പ്രോസിക്യൂട്ടർ ഫെഡറികോ കഫിയേരോ രംഗത്തെത്തി. ഇറ്റലിയിൽ നടന്ന വിവിധ ബോംബാക്രമണങ്ങളെക്കുറിച്ചും മറ്റും ബ്രൂസ്‌ക നൽകിയ വിവരങ്ങൾ നമ്മൾ മറക്കരുതെന്നും ഇത്രയും കാലം ജയിലിൽ കിടന്നത് ബ്രൂസ്‌കയ്ക്ക് ലഭിച്ച ഉചിതമായ ശിക്ഷയാണെന്ന് ജഡ്ജിമാർ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP