Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അന്ന് സഞ്ജുവിനൊപ്പം എനിക്കും ട്രയൽസിൽ പങ്കെടുക്കാൻ വിളി വന്നതാണ്; ആ സഞ്ജു ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി; ഞാനോ? ഇതൊക്കെയാണ് ജീവിതം; കോലിയുടെ വാക്കു കേട്ടതിനാൽ 2012ലെ അണ്ടർ 19 ലോകകപ്പിൽ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു; സ്മിത് പട്ടേൽ പ്രതീക്ഷകളുമായി അമേരിക്കയിലേക്ക്

അന്ന് സഞ്ജുവിനൊപ്പം എനിക്കും ട്രയൽസിൽ പങ്കെടുക്കാൻ വിളി വന്നതാണ്; ആ സഞ്ജു ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി; ഞാനോ? ഇതൊക്കെയാണ് ജീവിതം; കോലിയുടെ വാക്കു കേട്ടതിനാൽ 2012ലെ അണ്ടർ 19 ലോകകപ്പിൽ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു; സ്മിത് പട്ടേൽ പ്രതീക്ഷകളുമായി അമേരിക്കയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'ഐപിഎലിൽ കളിക്കാൻ എനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ല. 2012ൽ ജൂനിയർ കിരീടം ചൂടിയ ടീമിൽ ഉന്മുക്ത് ചന്ദിനും സന്ദീപ് ശർമയ്ക്കും മാത്രമാണ് ഐപിഎലിൽ കളിക്കാനായത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരമാണ് നഷ്ടമായത്. അത് ലഭിച്ചിരുന്നെങ്കിൽ എന്റെ കരിയർ മറ്റൊരു തലത്തിലെത്തുമായിരുന്നു. അന്ന് സഞ്ജുവിനൊപ്പം എനിക്കും ട്രയൽസിൽ പങ്കെടുക്കാൻ വിളി വന്നതാണ്. ആ സഞ്ജു ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി. ഞാനോ? ഇതൊക്കെയാണ് ജീവിതം'- ഇന്ത്യയിലെ ക്രിക്കറ്റ് സാഹചര്യം സ്മിത് പട്ടേൽ തിരിച്ചറിയുകയാണ്. ഇനി അമേരിക്കയിലാണ് പ്രതീക്ഷ.

2012ൽ അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ അംഗം സ്മിത് പട്ടേൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനു (ബിസിസിഐ) കീഴിലുള്ള എല്ലാ വിഭാഗം ക്രിക്കറ്റിൽനിന്നും വിരമിച്ചു. അമേരിക്കൻ ക്രിക്കറ്റ് ടീമിനായി രാജ്യാന്തര തലത്തിൽ കളിക്കും. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇരുപത്തെട്ടുകാരൻ സ്മിത് പട്ടേൽ കരീബിയൻ പ്രിമിയർ ലീഗിൽ (സിപിഎൽ) ബാർബഡോസ് ട്രൈഡന്റിനായി കളിക്കാനും തീരുമാനിച്ചു. ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടാനുള്ള തീവ്ര ശ്രമത്തിലാണ് കഴിഞ്ഞ എട്ടു വർഷമായി ഞാൻ. ഇന്ത്യൻ ക്രിക്കറ്റിൽ നിലവിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ദേശീയ ടീമിൽ ഇടംപിടിക്കാൻ കടുത്ത മത്സരമാണ് നടക്കുന്നത്. രണ്ടാമതായി, കഴിഞ്ഞ 11 വർഷമായി യുഎസിൽ എന്റെ മാതാപിതാക്കൾ തനിച്ചു കഴിയുകയാണ്. ഇനി അവരുടെ അടുത്തേക്ക് മടങ്ങണം' സ്മിത് പട്ടേൽ പറയുന്നു.

2010ൽ ഗുജറാത്തിൽനിന്ന് യുഎസിലെ പെൻസിൽവാനിയയിലേക്ക് കുടിയേറിയ കുടുംബമാണ് സ്മിത് പട്ടേലിന്റേത്. നിലവിൽ ഈസ്റ്റണിൽ സ്ഥിര താമസമാണ് പട്ടേലിന്റെ കുടുംബം. അദ്ദേഹത്തിന്റെ പിതാവ് ഈസ്റ്റണിൽ ഗ്യാസ് സ്റ്റേഷൻ നടത്തുകയാണ്. 2010ൽ സ്മിത് പട്ടേലിനെയും കൂട്ടി യുഎസിലേക്കു കുടിയേറാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. വിരാട് കോലിയുടെ സ്വാധീനത്താൽ അദ്ദേഹം ഇന്ത്യയിൽത്തന്നെ തുടരുകയായിരുന്നു. 2008ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിലാണ് നമ്മൾ അണ്ടർ 19 ലോകകപ്പ് നേടിയത്. ആ വിജയമാണ് ക്രിക്കറ്റുമായി ചേർന്നുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്-സ്മിത് പട്ടേൽ പറഞ്ഞു.

ഇന്ത്യയിൽത്തന്നെ തുടരാനുള്ള സ്മിത് പട്ടേലിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചാണ് 2012ലെ അണ്ടർ 19 ലോകകപ്പിൽ അദ്ദേഹം ഉൾപ്പെടുന്ന ടീം കിരീടം നേടിയത്. ഉന്മുക്ത് ചന്ദ് നയിച്ച ടീം ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് കിരീടം നിലനിർത്തുമ്പോൾ, ഫൈനലിൽ ക്യാപ്റ്റൻ ഉന്മുക്ത് ചന്ദിനൊപ്പം തിളങ്ങിയത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായിരുന്ന സ്മിത് പട്ടേലായിരുന്നു. 84 പന്തിൽ നാലു ഫോറുകളോടെ 62 റൺസുമായി പുറത്താകാതെ നിന്ന സ്മിത് പട്ടേലിന്റെ കൂടി മികവിൽ ഇന്ത്യ കിരീടം ചൂടി. പക്ഷേ ഈ മികവ് പിന്നീട് തുണയായില്ല.

ജൂനിയർ തലത്തിൽ തിളങ്ങാനായെങ്കിലും ഗുജറാത്ത് സീനിയർ ടീമിൽ പോലും സ്ഥിരം സ്ഥാനം കിട്ടിയില്ല. അണ്ടർ 22 തലത്തിലും കളിച്ചാണ് പട്ടേൽ ഗുജറാത്ത് ടീമിൽ ഇടമുറപ്പാക്കിയത്. എന്നാൽ, പാർഥിവ് പട്ടേൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ഉണ്ടായിരുന്നതിനാൽ സ്മിത് പട്ടേൽ പലപ്പോഴും രണ്ടാം നിരക്കാരനായി. കൂടുതൽ അവസരങ്ങൾ തേടി ഗുജറാത്ത് ടീം വിട്ട സ്മിത് പട്ടേൽ ത്രിപുര, ഗോവ, ബറോഡ തുടങ്ങിയ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ കളിച്ചു. ആഭ്യന്തര തലത്തിൽ നാലു ടീമുകൾക്കായി 55 മത്സരങ്ങൾ കളിച്ചു. 40ന് മുകളിൽ ശരാശരിയുണ്ട്. 11 സെഞ്ചുറികളും 14 അർധസെഞ്ചുറികളും നേടി.

'ഇന്ത്യയിൽ എന്റെ കരിയർ നിരാശാജനകമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ മത്സരം വച്ചു നോക്കുമ്പോൾ അത് സ്വാഭാവികമാണ്. എനിക്ക് യാതൊരു വിഷമവുമില്ല. ബിസിസിഐയിൽനിന്ന് പിരിയാനുള്ള എല്ലാ പേപ്പർ ജോലികളും തീർന്നു. ഇന്ത്യൻ ക്രിക്കറ്റെന്ന എന്റെ കരിയറിലെ അധ്യായം അടഞ്ഞു. ഇനി യുഎസിനായി കളിക്കും' സ്മിത് പട്ടേൽ പറഞ്ഞു. 'ഗ്രീൻ കാർഡുള്ള വ്യക്തിയാണ് ഞാൻ. 2022 ഓഗസ്റ്റോടെ യുഎസിനായി കളത്തിലിറങ്ങാം. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനുള്ള അസുലഭാവസരമാണ് എനിക്കിത്. അടുത്ത വർഷം ആരംഭിക്കുന്ന മേജർ ലീഗ് ക്രിക്കറ്റുമായും എനിക്ക് രണ്ടു വർഷത്തെ കരാറുണ്ട്' സ്മിത് പട്ടേൽ പറഞ്ഞു.

ഒരിക്കലും ഐപിഎലിൽ കളിക്കാനാകാതെ പോയതാണ് എക്കാലത്തേയും വലിയ ദുഃഖമെന്നും സ്മിത് പട്ടേൽ പറഞ്ഞു. 2012ൽ രാജസ്ഥാൻ റോയൽസ് ട്രയൽസിനായി വിളിച്ച താരങ്ങളുടെ കൂട്ടത്തിൽ സ്മിത് പട്ടേലുമുണ്ടായിരുന്നു. അന്ന് പുണെയിൽ അണ്ടർ 25 വെസ്റ്റ് സോൺ ക്യാംപിൽ പങ്കെടുക്കുകയായിരുന്നതിനാൽ ട്രയൽസിനെത്താനായില്ല. അന്ന് ട്രയലിനുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP