Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതസ്പർധ വളർത്താതെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം മുഖ്യമന്ത്രി എങ്ങനെ പരിഹരിക്കും? ആദ്യ ഘട്ടത്തിൽ സർക്കാർ തേടുന്നത് സമവായം; വെള്ളിയാഴ്‌ച്ച സർവ്വകക്ഷി യോഗം വിളിച്ചു പിണറായി; പ്ലാൻ ബിയായി മുന്നിലുള്ളത് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കാൻ

മതസ്പർധ വളർത്താതെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം മുഖ്യമന്ത്രി എങ്ങനെ പരിഹരിക്കും? ആദ്യ ഘട്ടത്തിൽ സർക്കാർ തേടുന്നത് സമവായം; വെള്ളിയാഴ്‌ച്ച സർവ്വകക്ഷി യോഗം വിളിച്ചു പിണറായി; പ്ലാൻ ബിയായി മുന്നിലുള്ളത് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധി സംസ്ഥാന സർക്കാറിനെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. വിധി നടപ്പിലാക്കണമെന്ന് ക്രൈസ്തവ വിഭാഗങ്ങൾ ആവശ്യപ്പെടുമ്പോൾ തന്നെ വിധിക്കെതിരെ അപ്പീൽ പോകണമെന്ന നിലപാടിനാണ് മുസ്ലിം സംഘടനകൾ. ഈ സാഹചര്യത്തിൽ മതസ്പർധ വളരാത്ത വിധത്തിൽ വിഷയം മുഖ്യമന്ത്രി പിണറായി എങ്ങനെ പരിഹരിക്കും എന്ന ആകാംക്ഷയാണ് നിലനിൽക്കുന്നത്. പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ ശ്രമമെന്ന നിലയിൽ സർവ്വ കക്ഷിയോഗം വിളിക്കാനാണ് സർക്കാർ നീക്കം.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് യോഗം. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്.

വിധിയെ അനുകൂലിച്ചും വിധിക്കെതിരെയും നിരവധിപ്പേരാണ് രംഗത്തുവന്നത്. ക്രിസ്ത്യൻ മതവിഭാഗങ്ങൾ വിധിയെ അനുകൂലിച്ചപ്പോൾ വിധിക്കെതിരെ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രശ്നം പരിഹരിക്കുന്നതിന് വിവിധ വഴികളാണ് സർക്കാർ തേടുന്നത്. ക്രൈസ്തവ-മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രത്യേകമായി സ്‌കോളർഷിപ്പ് പദ്ധതി ആവിഷ്‌കരിക്കാമെന്ന നിർദേശമാണ് സർക്കാരിനു മുമ്പിലുള്ളത്. ഇങ്ങനെ വന്നാൽ ഇരുകൂട്ടരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സാധിക്കുകയും ചെയ്യും.

വിധിക്കെതിരേ അപ്പീൽ പോകുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന അഭിപ്രായം നിയമവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്. അത് ക്രൈസ്തവ വിഭാഗത്തിന്റെ എതിർപ്പിനിടയാക്കും. ഉത്തരവ് കോടതി റദ്ദാക്കിയതിനാൽ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതുവരെ ആനുകൂല്യം വിതരണം ചെയ്യാനാനും ആകില്ല. മുസ്ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമ്മിറ്റിയുടെ ശുപാർശയിൽ 2008-ലാണ് ഈ സ്‌കോളർഷിപ്പ് പദ്ധതി കൊണ്ടുവന്നത്. 2011 ഫെബ്രുവരിയിലാണ് ഇതിൽ 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുകൂടി നീക്കിവെച്ചത്. ഇതാണ് ഇപ്പോൾ കുഴപ്പത്തിലായത്.

ക്രൈസ്തവ വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് നടക്കുകയാണ്. സമിതിയിൽനിന്ന് ഇടക്കാല റിപ്പോർട്ടോ പ്രാഥമിക ശുപാർശയോ വാങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനനുസരിച്ച് സ്‌കോളർഷിപ്പ് പദ്ധതി രൂപവത്കരിക്കാമെന്നാണ് ധാരണ.

അതേസമയം നിലവിലെ സ്‌കോളർഷിപ്പ് സ്‌കീമുകൾ ആകെ പരിഷ്‌കരിക്കണമെന്ന നിർദേശവും സർക്കാരിനു മുമ്പിലുണ്ട്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളുടെ മാനദണ്ഡത്തിൽ മാറ്റംവരുത്തണമെന്ന് നിയമസഭാ സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു. ചില മാനദണ്ഡങ്ങൾ അർഹതപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കുന്നതിനു കാരണമാകുന്നുണ്ടെന്നായിരുന്നു 2019 നവംബറിൽ ചിറ്റയം ഗോപകുമാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ.

ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്നുള്ള സ്‌കോളർഷിപ്പിന് അർഹതയില്ലാത്ത വിദ്യാർത്ഥികളെ പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് സ്‌കീമിൽ പരിഗണിക്കണമെന്നായിരുന്നു ശുപാർശ. പിന്നാക്ക വിഭാഗങ്ങൾപ്പെട്ട വിദ്യാർത്ഥികൾക്ക് വിവിധതരം സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഒരേസമയം ഒന്നിലധികം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനാവില്ലെന്നാണ് നിയമം. ഏതെങ്കിലും ഒരു സ്‌കോളർഷിപ്പ് തിരഞ്ഞെടുക്കാനും തടസ്സമുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പിന്നാക്ക സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും അർഹതയില്ല. ഈ തടസ്സം മാറ്റുന്ന രീതിയിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് പരിശോധിക്കണമെന്നായിരുന്നു സമിതിയുടെ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP