Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഐസിസി; ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും; 2027ലെ ഏകദിന ലോകകപ്പിൽ മാറ്റുരയ്ക്കുക 14 ടീമുകൾ; ട്വന്റി20 ലോകകപ്പിന് 20 ടീമുകൾ; ചാംപ്യൻസ് ട്രോഫിയും തിരിച്ചെത്തും

ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഐസിസി; ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും; 2027ലെ ഏകദിന ലോകകപ്പിൽ മാറ്റുരയ്ക്കുക 14 ടീമുകൾ; ട്വന്റി20 ലോകകപ്പിന് 20 ടീമുകൾ; ചാംപ്യൻസ് ട്രോഫിയും തിരിച്ചെത്തും

സ്പോർട്സ് ഡെസ്ക്

ദുബായ്: ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള നീക്കങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർണായക തീരുമാനങ്ങൾ ഐസിസി യോഗത്തിൽ കൈക്കൊണ്ടു.

20232031 കാലഘട്ടത്തിലെ ക്രിക്കറ്റ് ടൂർണമെന്റുകളെക്കുറിച്ച് തീരുമാനിക്കാൻ ചേർന്ന യോഗത്തിലാണ് ലോകകപ്പുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ എടുത്തത്.

2027ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ 14 ടീമുകൾ കിരീടത്തിനായി പോരടിക്കും.ഇതിനു പുറമെ ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 20 ആക്കി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ട് വർഷത്തിലൊരിക്കൽ ട്വന്റി20 ലോകകപ്പ് സംഘടിപ്പിക്കും. 2017 മുതൽ മുടങ്ങിയിരിക്കുന്ന 50 ഓവർ ചാംപ്യൻസ് ട്രോഫിയും പഴയപടി തിരിച്ചെത്തും. ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ കിരീടത്തിനായി മത്സരിക്കുന്ന പഴയ ഫോർമാറ്റ് തന്നെയാകും ചാംപ്യൻസ് ട്രോഫിയിൽ പിന്തുടരുക. 2025, 2029 വർഷങ്ങളിലാകും ചാംപ്യൻസ് ട്രോഫി നടക്കുക.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കാര്യത്തിൽ നിലവിലെ രീതി പിന്തുടരാനും ഐസിസി തീരുമാനിച്ചു. ഒൻപതു ടീമുകൾ രണ്ടു വർഷം കൊണ്ട് ആറു പരമ്പരകൾ കളിക്കുന്ന രീതിയിൽത്തന്നെ ടൂർണമെന്റ് മുന്നോട്ടു പോകും. ഇതനുസരിച്ച് 2025, 2027, 2029, 2031 വർഷങ്ങളിലാകും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾ അരങ്ങേറുക. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഈ മാസം 18 മുതൽ ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടാനിരിക്കെയാണ് ടൂർണമെന്റുമായി മുന്നോട്ടു പോകാൻ ഐസിസി തീരുമാനിച്ചത്.

ഐസിസി യോഗത്തിലെ സുപ്രധാന തീരുമാനം 2027, 2031 ഏകദിന ലോകകപ്പുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 14 ആക്കി ഉയർത്തുന്നതു തന്നെയാണ്. ഇതോടെ ഇരു ലോകകപ്പുകളിലും 54 മത്സരങ്ങൾ വീതമുണ്ടാകും.

2015 മുതലാണ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10 ആയി ചുരുക്കിയത്. അന്നു മുതൽ എണ്ണം വർധിപ്പിക്കാനുള്ള ആവശ്യം ശക്തമാണ്. ഫലത്തിൽ 2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാകും 10 ടീമുകളുടെ പങ്കാളിത്തം. മാത്രമല്ല, 2003ലെ ഏകദിന ലോകകപ്പിനു സമാനമായി സൂപ്പർ സിക്‌സ് ഘട്ടം ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളും തിരികെയെത്തും. ഏഴു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിൽനിന്ന് മൂന്നു വീതം ടീമുകൾ സൂപ്പർ സിക്‌സിലേക്ക് മുന്നേറും. പിന്നാലെ സെമിഫൈനലുകളും ഫൈനലും.

ട്വന്റി20 ലോകകപ്പിൽ, 2024 മുതൽ 20 ടീമുകൾ വീതം പങ്കെടുക്കും. അഞ്ച് ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകൾ വീതം ഓരോ ഗ്രൂപ്പിൽനിന്നും സൂപ്പർ എട്ട് ഘട്ടത്തിലേക്കു കടക്കും. പിന്നാലെ സെമിഫൈനലുകളും ഫൈനലും. 2024, 2026, 2028, 2030 വർഷങ്ങളിലായാണ് ട്വന്റി20 ലോകപ്പുകൾ നടക്കുക. ആകെ 55 മത്സരങ്ങൾ വീതം ഓരോ ലോകകപ്പിലും ഉണ്ടാകും.

ചാംപ്യൻസ് ട്രോഫിയുടെ കാര്യത്തിൽ മുൻപ് പിന്തുടർന്ന അതേ ശൈലിയിൽത്തന്നെ ടൂർണമെന്റ് പുനഃസംഘടിപ്പിക്കും. ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിയിലേക്കു മുന്നേറും. ശേഷം ഫൈനൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP