Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി ഏഴു വർഷം പൂർത്തിയാക്കുമ്പോൾ തുളുമ്പി ഒഴുകുന്നത് ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച് നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്; 'ആറു ദശകങ്ങളെ ആറു വർഷങ്ങൾ കൊണ്ട് പൊളിച്ചടുക്കുമ്പോൾ''! സുധാ മേനോൻ എഴുതുന്നു

മോദി ഏഴു വർഷം പൂർത്തിയാക്കുമ്പോൾ തുളുമ്പി ഒഴുകുന്നത് ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച് നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്; 'ആറു ദശകങ്ങളെ ആറു വർഷങ്ങൾ കൊണ്ട് പൊളിച്ചടുക്കുമ്പോൾ''! സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം മെയ് മുപ്പതിന് പത്രങ്ങളിൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ആണിത്. ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന സ്വയംപര്യാപ്ത ഇന്ത്യയെ മോദി വെറും ആറു കൊല്ലം കൊണ്ട് കെട്ടിപ്പടുത്തതായി അദ്ദേഹം അതിൽ എഴുതി. കൃത്യം ഒരു വർഷം കഴിഞ്ഞ്, ഇന്നലെ അദ്ദേഹം വീണ്ടും പുകഴ്‌ത്തിയത് 135 കോടി ഇന്ത്യക്കാർക്ക് 'സേവ' ചെയ്യുന്ന നരേന്ദ്ര മോദിയെന്ന നീതിമാനും വഴികാട്ടിയുമായ ഭരണാധികാരിയെയാണ്.

പക്ഷേ, അമിത് ഷാ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നത് പോലെ, 'ആത്മവിശ്വാസം നിറഞ്ഞുകവിയുന്ന സ്വാശ്രയഇന്ത്യയെ' ആണ് മോദി സൃഷ്ടിച്ചത് എന്ന് നെഞ്ചിൽ കൈവച്ചുകൊണ്ട് ആത്മാർഥമായി പറയാൻ ബഹുമാന്യനായ ആഭ്യന്തരമന്ത്രിക്ക് കഴിയുമോ? വാസ്തവത്തിൽ ഇന്ത്യയെ എഴുപത് വർഷം പിന്നോട്ട് നടത്താൻ ആണ് മോദി ശ്രമിച്ചത് എന്ന് മനസ്സിലാക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ എക്‌സൽ ഷീറ്റ് ആവശ്യമില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള സാധുജനങ്ങളുടെ കണ്ണിൽ മാത്രംനോക്കിയാൽ മതി.

ഇന്ന്, അമിത് ഷായുടെ താഴെ കാണുന്ന ലേഖനം പ്രസിദ്ധീകരിച്ച് ഒരു വർഷം കഴിയുമ്പോൾ, ഏതു ഇന്ത്യക്കാരനാണ് ആത്മവിശ്വാസം കരകവിഞ്ഞ് ഒഴുകുന്നത്? ഏകദേശം 139 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ ആണ് ഇന്ത്യയിൽ ഉള്ളത് എന്ന് 2017 ലെ ഇക്കണോമിക് സർവ്വേ പറയുന്നു. ആ സാധുമനുഷ്യരിൽ ബഹുഭൂരിഭാഗത്തെയും ഒരൊറ്റ രാത്രിയിലെ ലോക്ക്‌ഡൗൺ പ്രഖ്യാപനത്തിലൂടെ 'സേവനതല്പരനായ' പ്രധാനമന്ത്രി എറിഞ്ഞുകൊടുത്തതു രോഗത്തിന്റെയും പട്ടിണിയുടെയും , യാത്രയുടെയും, നിത്യദുരിതത്തിന്റെയും, വഴിയരികിലെ മരണത്തിന്റെയും അനിശ്ചിതത്വത്തിലേക്കായിരുന്നു. അവരിൽ വെറും മൂന്നിലൊന്നു മനുഷ്യർക്ക് ആണ് നിങ്ങൾ പ്രഖ്യാപിച്ച അഞ്ഞൂറ് രൂപയും ധാന്യങ്ങളും കിട്ടിയത്. ആ 139 ദശലക്ഷം മനുഷ്യരുടെ ഹൃദയം ആണോ ആത്മവിശ്വാസം കൊണ്ട് തുളുമ്പിത്തുടിച്ചിരുന്നത്?

നിങ്ങളുടെ ഭരണപരാജയം മൂലം പ്രിയപ്പെട്ടവരുടെ മൃതശരീരം ഗംഗയിൽ എറിയേണ്ടി വന്ന നിസ്സഹായരായ ഉത്തരേന്ത്യൻ ഗ്രാമീണന്റെയും, ആശുപത്രികളിൽ കിടക്ക കിട്ടാതെ വഴിയിൽ ശ്വാസം മുട്ടി മരിച്ചുപോയ പതിനായിരക്കണക്കിനു സാധാരണ മനുഷ്യരുടേയും ഇപ്പോഴും വറ്റാത്ത കണ്ണുനീർ ആണോ, ബഹുമാന്യനായ അമിത് ഷാ, നിങ്ങൾ ഇന്ത്യക്കാരന്റെ അളവറ്റ ആത്മവിശ്വാസത്തിന്റെയും സ്വയം പര്യാപ്തതയുടെയും ' നിറഞ്ഞുതുളുമ്പൽ'' ആയി സ്വയം സങ്കൽപ്പിക്കുന്നത്? അവരുടെ വഴികാട്ടിയായി എവിടെയെങ്കിലും എപ്പോഴെങ്കിലും നരേന്ദ്ര മോദി ഉണ്ടായിരുന്നോ?

കഴിഞ്ഞ ഒരൊറ്റ വർഷത്തിനുള്ളിൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഉയർന്നത് 60 ദശലക്ഷത്തിൽ നിന്നും 134 ദശലക്ഷം ആയിട്ടാണ്. 2020 ജനുവരിയിൽ പോലും ഇന്ത്യയിലെ GDP വളർച്ച 42 കൊല്ലത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ആയിരുന്നു. മാത്രമല്ല, കഴിഞ്ഞ നാല് വർഷം കൊണ്ട് 45 വർഷത്തെ ഏറ്റവും കൂടിയ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും ഇന്ത്യ ഇടറി വീണുപോയി. തീർന്നില്ല, ഏറ്റവും കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ അന്താരാഷ്ട്രവിപണിയിൽ ലഭ്യമായിട്ടും, ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ത്യക്കാർ പെട്രോളും ഡീസലും വാങ്ങുന്നത്. 2014ൽ 59രൂപ ആയിരുന്ന ഡോളർനിരക്ക് ഇന്ന് 73രൂപയായി.

ലക്ഷക്കണക്കിന് ഗ്രാമീണർ കടക്കെണിയിൽ ആയി. നോട്ടുനിരോധനത്തിലൂടെ തകർന്നുപോയ ഗ്രാമീണ ചെറുകിടവ്യവസായങ്ങളും, ചെറുകിടവ്യാപാരികളും വഴിയോരക്കച്ചവടക്കാരും ഈ മഹാമാരി കൂടി ബാധിച്ചതോടെ സ്വയംപര്യാപ്തതപോയിട്ട് ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരായി മാറി. കഴിഞ്ഞ ആറു മാസമായി കൊടും തണുപ്പും, കൊടുംചൂടും, കൊറോണയും കൂട്ടാക്കാതെ ഒരു കൂട്ടം കർഷകർ സ്വന്തം നാടും കൃഷിയിടവും വിട്ട് അതിജീവനത്തിനായി തെരുവിൽ പോരാടുകയാണ്. ഭക്ഷണം പോലും പ്രതിസന്ധിയിൽ ആയ ഈ മനുഷ്യരോടാണ് നിങ്ങൾ ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും രാഷ്ട്രീയം മനോഹരമായി പറയുന്നത്!

ദിശാബോധമില്ലാത്ത, വൈരുധ്യങ്ങളും, വാചാടോപങ്ങളും, മാത്രം നിറഞ്ഞ മോദിയുടെ സാമ്പത്തിക-സാമൂഹ്യ നയങ്ങൾ ഇന്നാട്ടിലെ ഏറ്റവും ദരിദ്രർക്ക്, ഗ്രാമീണർക്ക്, ആത്മഹത്യയുടെ മുനമ്പിൽ നില്ക്കുന്ന കർഷകർക്ക് എന്ത് ആത്മവിശ്വാസമാണ് പകർന്നു കൊടുക്കുന്നത്? കരുണയുടെ എല്ലാ ഉറവകളും എന്നോ വറ്റിപ്പോയ ഒരു ഭരണകൂടത്തിനു എല്ലാം കമ്പോളത്തിൽ അധിഷ്ഠിതമായതുകൊണ്ടാണ് സാർവത്രികവാക്‌സിൻ പോലും ഇന്ത്യയിലെ മനുഷ്യർക്ക് നിഷേധിക്കുന്നത്..

ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഫ്രീഡം ഹൗസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, 'പൂർണ്ണസ്വതന്ത്രരാജ്യം(Free) എന്ന സ്ഥാനത്തു നിന്നും, ഇക്കൊല്ലം ആദ്യമായി ഇന്ത്യ ഭാഗികസ്വതന്ത്ര രാജ്യങ്ങളുടെ(Partially Free) പട്ടികയിലേക്ക് തരംതാഴ്‌ത്തപ്പെട്ടിരിക്കുന്നു.അതോടൊപ്പം പ്രശസ്തമായ 'ഗ്ലോബൽ ഡെമോക്രസി ഇൻഡക്‌സ് റാങ്കിൽ' ഇന്ത്യയുടെ സ്ഥാനം 51ൽ നിന്നും 53 ആയി താഴുകയും, ജനാധിപത്യത്തിന്റെ പല തലങ്ങളിലും അപായകരമാം വണ്ണം വ്യതിയാനം സംഭവിക്കുന്നതായി അവരുടെ പഠനം കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഇന്ന് ലക്ഷദ്വീപിൽ സംഭവിക്കുന്നതും ഒരു ജനതയുടെ ജീവിതത്തിലും സംസ്‌കാരത്തിനും മേലെയുള്ള അസാധാരണമായ കടന്നുകയറ്റമാണ്.

ഏഴു വർഷം കൊണ്ട് ഈ അവസ്ഥയിലേക്ക് ഇന്ത്യൻ ജനാധിപത്യത്തെയും ജനജീവിതത്തെയും 'undo' ചെയ്യാൻ മോദിക്ക് കഴിഞ്ഞതുകൊണ്ടാണോ അദ്ദേഹം 'വഴിവിളക്ക്' ആയി മാറുന്നത്? മോദി ഏഴു വർഷം പൂർത്തിയാക്കുമ്പോൾ ഞങ്ങളിൽ തുളുമ്പി ഒഴുകുന്നത് ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച് നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്. ഇതെല്ലാം അനുഭവിക്കുന്ന പാവങ്ങൾക്ക് മുന്നിലാണ് നിങ്ങൾ മാർഗദീപമായി, സേവനത്തിന്റെ രാജർഷിബിംബമായി നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത് എന്നുള്ളത് എത്ര വിചിത്രമാണ്!

ബഹുമാന്യനായ അമിത് ഷാ, താങ്കൾ പറഞ്ഞതിൽ ഒരെയൊരു കാര്യം മാത്രമാണ് സത്യം. അക്ഷരാർഥത്തിൽ, ഏഴു വർഷം കൊണ്ട് ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ, അതിന്റെ അടിസ്ഥാന ആശയങ്ങളെ, നെടുംതൂണുകളെ, ദുർബലരായ പ്രതിപക്ഷം നിസ്സഹായരായി നോക്കിനിൽക്കവേ, നിങ്ങൾ വളരെ എളുപ്പത്തിൽ പൊളിച്ചുകളഞ്ഞിരിക്കുന്നു...അതായിരുന്നുവല്ലോ നിങ്ങളുടെ ലക്ഷ്യവും. Undoing India..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP