Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻസറിനും മൾട്ടിപ്പിൾ സ്‌ക്ലീറോസിസിനും മരുന്ന് ഉൾപ്പെടെ ദേശീയ, അന്തർദേശീയ തലത്തിൽ ഏഴ് പുതിയ പേറ്റന്റുകൾ കരസ്ഥമാക്കി അമൃത സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ

സ്വന്തം ലേഖകൻ

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിന്, കാൻസറിനും മൾട്ടിപ്പിൾ സ്‌ക്ലീറോസിസിനും മരുന്ന് ഉൾപ്പെടെയുള്ള ഏഴ് പുതിയ കണ്ടുപിടുത്തങ്ങൾക്ക് ദേശീയ, അന്തർദേശീയ പേറ്റന്റുകൾ ലഭിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ഏഴ് പേറ്റന്റുകളും ലഭിച്ചത്. മൂന്ന് കണ്ടുപിടുത്തങ്ങൾക്ക് അമേരിക്കൻ പേറ്റന്റും നാല് കണ്ടുപിടുത്തങ്ങൾക്ക് ഇന്ത്യൻ പേറ്റന്റുമാണ് ലഭിച്ചതെന്ന് അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ ഡയറക്ടറും, അമൃതവിശ്വ വിദ്യാപീഠം റിസർച്ച് ഡീനുമായ ഡോ. ശാന്തികുമാർ വി. നായർ പറഞ്ഞു.

ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് (എം.എസ്.) എന്ന രോഗത്തിനുള്ള മരുന്നിനാണ് ആദ്യത്തെ അമേരിക്കൻ പേറ്റന്റ് ലഭിച്ചത്. ലോകമെമ്പാടുമുള്ള എം. എസ്. രോഗം ബാധിച്ചവർക്ക് പുതിയ മരുന്നിന്റെ കണ്ടെത്തൽ ആശ്വാസകരമാണ്.
എക്‌സ്-റേ, എം.ആർ.ഐ., ഇൻഫ്രാറെഡ് ഫ്‌ളൂറസെൻസ് എന്നിവയിൽ മികവുറ്റ ദൃശ്യം നൽകാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ മൾട്ടിമോഡൽ നാനോ കോൺട്രാസ്റ്റ് ഏജന്റ് വികസിപ്പിച്ചതിനാണ് രണ്ടാമത്തെ അമേരിക്കൻ പേറ്റന്റ്. കാൻസർ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഫലപ്രദവും നൂതനവുമായ കണ്ടെത്തലാണിത്.

നാനോ ടെക്‌സ്‌റ്റൈൽ അടിസ്ഥാനമാക്കിയുള്ള ചെറിയ വ്യാസമുള്ള രക്തക്കുഴൽ ഒട്ടിക്കലിനാണ് മൂന്നാമത്തെ അമേരിക്കൻ പേറ്റന്റ് ലഭിച്ചത്. തടസങ്ങളില്ലാതെ, ദീർഘകാലം നീണ്ട് നിൽക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മുയലുകളിലും പന്നികളിലും ഇതിന്റെ പരീക്ഷണം വിജയമായിരുന്നു. അടുത്ത ഘട്ടത്തിൽ മനുഷ്യരിൽ പരീക്ഷിക്കാനാണ് പദ്ധതി.
ഒരേസമയം രോഗിക്ക് ഒന്നിലധികം മരുന്നുകൾ നൽകാൻ കഴിയുന്ന കോർ-ഷെൽ നാനോപാർട്ടിക്കിൾ സിസ്റ്റം കണ്ടുപിടിച്ചതിനാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്. ഒരേ സമയം ഒന്നിലധികം മരുന്നുകൾ രോഗിക്കു നൽകുമ്പോൾ അതിൽ വിഷാംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോർ-ഷെൽ നാനോപാർട്ടിക്കിൾ സിസ്റ്റം വഴി മരുന്നുകൾ നൽകുമ്പോൾ വിഷാംശം ഉണ്ടാകാറില്ല എന്നതാണ് പ്രത്യേകത. കാൻസർ പോലുള്ള ചികിത്സയ്ക്ക് ഒരേ സമയം ഒന്നിലധികം മരുന്നുകൾ നൽകേണ്ടതായിട്ടുണ്ട്. പുതിയ കണ്ടുപിടുത്തം കാൻസർ ചികിത്സയ്ക്ക് മുതൽ കൂട്ടാകും.

നാനോ സ്ട്രക്ചർ ഓർത്തോപെഡിക്, ഡെന്റൽ ഇംപ്ലാന്റ് വികസിപ്പിച്ചതിനാണ് മറ്റൊരു ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്. പുതിയ കണ്ടുപിടുത്തം മനുഷ്യശരീരത്തിന്റെ അസ്ഥിയുമായി മികച്ച നിലയിൽ സംയോജിക്കുന്നതായും ഇംപ്ലാന്റിന് ശേഷമുള്ള ജീവിതം മെച്ചപ്പെടുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

മരുന്നിലാതെ ഉപയോഗിക്കാവുന്ന പുതിയ സ്റ്റെന്റ് കണ്ടുപിടിച്ചതിനാണ് അവസാന ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്. നിലിവിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകൾക്ക് ഇംപ്ലാന്റിന് ശേഷം ധമനികളിലുണ്ടാകുന്ന തടസങ്ങൾ ഇല്ലാതാക്കാൻ മരുന്നിന്റെ സഹായം കൂടി വേണം. പുതിയ സ്റ്റെന്റ് മരുന്നിന്റെ സഹായമില്ലാതെ തടസങ്ങളെ ഇല്ലാതാക്കുന്നുവെന്നതാണ് പ്രത്യേകത.
അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്യുലർ മെഡിസിൻ ഡയറക്ടർ ഡോ. ശാന്തികുമാർ വി. നായർ, ഡോ. മൻസൂർ കോയകുട്ടി, ഡോ. ദീപ്തി മേനോൻ, ഡോ. പ്രവീൺ വർമ്മ, ഡോ. കൃഷ്ണകുമാർ മേനോൻ, ഡോ. ഗോപി മോഹൻ, ഡോ. അനുഷ അശോകൻ, ഡോ. വിജയ് ഹരീഷ് എന്നിവരാണ് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

നേരത്തെ 16 പേറ്റന്റുകൾ അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ എട്ട് എണ്ണം അന്തർദേശീയ പേറ്റന്റുകളാണ്. ആകെ 83 പേറ്റന്റുകൾക്കാണ് അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ അപേക്ഷിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP