Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക്ഡൗണിൽ നമ്മൾ വീട്ടിലിരിക്കുമ്പോൾ സ്പോർട്സ് ഡയറക്ട് ഉടമ 15 രാജ്യങ്ങളിലായി പ്രൈവറ്റ് ജറ്റിൽ പറന്നത് 90 തവണ; സാധാരണക്കാർക്കും സമ്പന്നർക്കും രണ്ടു നിയമമാ ?

ലോക്ക്ഡൗണിൽ നമ്മൾ വീട്ടിലിരിക്കുമ്പോൾ സ്പോർട്സ് ഡയറക്ട് ഉടമ 15 രാജ്യങ്ങളിലായി പ്രൈവറ്റ് ജറ്റിൽ പറന്നത് 90 തവണ; സാധാരണക്കാർക്കും സമ്പന്നർക്കും രണ്ടു നിയമമാ ?

സ്വന്തം ലേഖകൻ

ദുരിതനാളുകളിൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ ധനികരും സ്വാധീനശക്തിയുള്ളവരും എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് സ്പോർട്സ് ഡയറക്ട് ഉടമ മൈക്ക് ആഷ്ലി. ലോക്ക്ഡൗൺ കാലത്ത് അടച്ചിട്ട ഷോറൂമുകളിലെ ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാർ പദ്ധതി അനുസരിച്ച് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മാത്രം ചെലവിട്ടത് 5 മില്ല്യൺ പൗണ്ടാണ്. ഫർലോ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുഖജനാവിൽ നിന്നുമാണ് ഇവർക്ക് പണം നൽകുന്നത്.

ലോക്ക്ഡൗണിൽ അടച്ചിടപ്പെട്ട സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് തൊഴിൽ നഷ്ടം സംഭവിക്കാതിരിക്കാനും അതുപോലെ, ലോക്ക്ഡൗണിനു ശേഷം കാര്യമായ സാമ്പത്തിക ബാദ്ധ്യതകളില്ലാതെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സ്ഥാപനങ്ങളെ സഹായിക്കാനുമായിട്ടായിരുന്നു സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. അനേകം ചെറുകിട - ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങൾക്ക് അത് അനുഗ്രഹമാവുകയും ചെയ്തു. എന്നാൽ, സ്പോർട്സ് ഡയറക്ട് പോലുള്ള സ്ഥാപനങ്ങൾ അത് ദുരുപയോഗം ചെയ്യുകയും ചെയ്തു.

സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ ജീവനക്കാരുടെ ശമ്പളം പൊതുഖജനാവിൽ നിന്നും കൊടുപ്പിച്ചതിനുശേഷം ഇതിന്റെ മുതലാളിയായ ശതകോടീശ്വരൻ തന്റെ സ്വകാര്യ ജെറ്റിൽ ലോകം കറങ്ങിയത് 90 തവണയായിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇദ്ദേഹത്തിന്റെ ഡസ്സാൾട്ട് ഫാല്ക്കൺ 7 എക്സ് എന്ന സ്വകാര്യവിമാനം പറന്നത് 1,45,000 മൈലുകളായിരുന്നു. 2020 ജൂൺ 1 ന് ശേഷം ഇത് 15 രാജ്യങ്ങളിലെ 34 വ്യത്യസ്ത വിമാനത്താവളങ്ങളിൽ ഇറങ്ങിയതായും രേഖകൾ പറയുന്നു.

മാലിദ്വീപ്, ദുബായ്, പോർച്ചുഗൽ, മിയാമി, ഫ്ളോറിഡയിലെ ഓർലാൻഡോ, ക്രെറ്റെ, ഗ്രീസിലെ മൈകൊനോസ്, സാക്കിന്തോസ്, മജോർക്ക, ഇബിസിയ എന്നിവിടങ്ങൾ ഇയാൾ സന്ദർശിച്ച സ്ഥലങ്ങളിൽ ഉൾപ്പെടും. വിദേശയാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലത്തായിരുന്നു ഇയാളുടെ യാത്ര എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരു യുദ്ധവിമാനത്തിനു സമാനമായി, ശബ്ദത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാൻ കഴിവുള്ള ഈ സ്വകാര്യ ജെറ്റിന് 38 മില്ല്യൺ പൗണ്ടാണ് വില. ജനുവരി 6 ന് മൂന്നാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷവും ഈ വിമാനം ലണ്ടനിലെ ല്യുട്ടനിൽ നിന്നും പറന്നുയർന്നിട്ടുണ്ട്.

ഡിസംബറിൽ മാലിദ്വീപിൽ പോയി മടങ്ങിയെത്തിയ വിമാനം ജനുവരി ഫെബ്രുവരി മാസങ്ങളിലായി ല്യുട്ടനിൽ നിന്നും അഞ്ചു തവണയാണ് ദുബായിലേക്ക് പറന്നത്. അതുപോലെ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ദുബായ്, നസ്സാവു ഇറ്റലിയിലെ പിസ, മിയാമി എന്നിവിടങ്ങളിലേക്കും ഇത് പറന്നിട്ടുണ്ട്. മിയാമിയിൽ ഇയാൾക്ക് 32 മില്ല്യൺ പൗണ്ട് വിലവരുന്ന ഒരു കൂറ്റൻ ആഡംബര ബംഗ്ലാവുമുണ്ട്.

ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുമ്പോഴും ഇയാൾ ആഡംബരമായി ജീവിക്കുകയായിരുന്നു എന്നത് മാത്രമല്ല കാര്യം. ഈ വിമാനം പോയിട്ടുള്ള മിക്കയിടങ്ങളിലും സന്ദർശിച്ച് തിരികെയെത്തിയാൽ 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. യാത്രകൾക്കിടയിലെ ഇടവേളകൾ പരിശോധിച്ചാൽ അത് നടന്നിട്ടില്ലെന്ന് വ്യക്തമാകുന്നു. എന്നാൽ, അപ്പോഴും ഇയാൾ തന്നെയാണ് വിമാനത്തിന്റെ ഓരോ യാത്രയിലും അതിലുണ്ടായിരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP