Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധ്യയന വർഷം തുടങ്ങുന്നതിനാൽ അദ്ധ്യാപകർക്കുള്ളത് പിടിപ്പത് ജോലി; പോരാത്തതിന് കോവിഡ് ഡ്യൂട്ടിയും; ഇനി മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുകൾ തോറും കയറി ഇറങ്ങണം; ഈ നിർദ്ദേശം അപ്രയോഗികമെന്ന് സംഘടനകൾ; പിടിവാശി തുടർന്ന് സർക്കാരും; ഇത് ലോക്ഡൗൺ കാലത്തെ തലതരിഞ്ഞ നയം

അധ്യയന വർഷം തുടങ്ങുന്നതിനാൽ അദ്ധ്യാപകർക്കുള്ളത് പിടിപ്പത് ജോലി; പോരാത്തതിന് കോവിഡ് ഡ്യൂട്ടിയും; ഇനി മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുകൾ തോറും കയറി ഇറങ്ങണം; ഈ നിർദ്ദേശം അപ്രയോഗികമെന്ന് സംഘടനകൾ; പിടിവാശി തുടർന്ന് സർക്കാരും; ഇത് ലോക്ഡൗൺ കാലത്തെ തലതരിഞ്ഞ നയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വീടുകളിൽ നേരിട്ടെത്തിക്കണമെന്ന നിർദ്ദേശം വിവാദത്തിൽ. കോവിഡ് മഹാമാരി പടർന്നുപിടിക്കവെ, പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശവുമായി അദ്ധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങണമെന്ന കടുംപിടിത്തം സർക്കാരും തുടരുകയാണ്. തിങ്കളാഴ്ചയ്ക്കകം വീടുകളിലെത്തി കുട്ടികൾക്കു നേരിട്ടു സന്ദേശം കൈമാറണമെന്നാണു നിർദ്ദേശം. ഇതോടെ എതിർത്ത് അദ്ധ്യാപക സംഘടനകളും രംഗത്തു വന്നു.

ജൂൺ ഒന്നിനു പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പിടിപ്പതു ജോലിയാണ് അദ്ധ്യാപകർക്കു ചെയ്തു തീർക്കാനുള്ളത്. പല അദ്ധ്യാപകരെയും കോവിഡ് ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയ്ക്കാണ്, മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങണമെന്ന ഉത്തരവ്. അദ്ധ്യാപക സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടും പിന്മാറാൻ സർക്കാർ തയ്യാറല്ല. എല്ലാ വീട്ടിലും പോയേ മതിയാകൂവെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

നിർദ്ദേശം അപ്രായോഗികമെന്ന് കെപിഎസ്ടിഎ നിലപാട് എടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം ജൂൺ ഒന്നിനു മുൻപായി എല്ലാ വീടുകളിലും നേരിട്ടെത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ലോക്ഡൗണും ചില ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ അഡ്‌മിഷനും പ്രവേശനോത്സവവും ഉൾപ്പടെയുള്ള കാര്യങ്ങൾ ഓൺലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം കെബിപിഎസ് വഴി ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ച് അദ്ധ്യാപകർ മുഖേന ഓരോ കുട്ടിയുടെ വീട്ടിലും നേരിട്ടെത്തിക്കാൻ തീരുമാനിച്ചത് കാലഘട്ടത്തിന് യോജിച്ചതല്ലെന്ന് അദ്ധ്യാപക സംഘടന പറയുന്നു.

ഓൺലൈനായിതന്നെ സന്ദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ, തീരുമാനം അയുക്തികമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്യുഐപിയിലുള്ള അദ്ധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തത്. പ്രവേശനോത്സവം സംബന്ധിച്ച തയ്യാറെടുപ്പുകൾക്ക് ഞായറും തിങ്കളും മാത്രമേയുള്ളൂ. അതിനിടയിൽ അദ്ധ്യാപകർ വഴിയുള്ള നോട്ടിസ് വിതരണം അസാധ്യമാണ്. അതിനാൽ ഇക്കാര്യത്തിൽ അദ്ധ്യാപകരെ നിർബന്ധിക്കുന്ന നിലപാടുകൾ വിദ്യാഭ്യാസ ഓഫിസർമാരുടെ പക്കൽ നിന്നുണ്ടാകരുതെന്നും വീടുകളിൽ നോട്ടിസെത്തിക്കുന്നതിൽനിന്നും അദ്ധ്യാപകരെ ഒഴിവാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.

എന്നാൽ എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടർമാർ ഇതുസംബന്ധിച്ച കർശന നിർദ്ദേശം എഇഒമാർ വഴി സ്‌കൂളുകൾക്കു നൽകിക്കഴിഞ്ഞു. വീടുകളിൽ എത്തിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വഴി അദ്ധ്യാപകർക്കു നൽകുന്നുണ്ട്. 'ഒന്നാം ക്ലാസിലേക്കു കടന്നുവരുന്ന വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എഇഒ തലത്തിലാണു സ്‌കൂളുകളിലേക്ക് എത്തിക്കുന്നത്. സ്‌കൂളുകളിൽ ലഭിക്കുന്ന സന്ദേശം പിടിഎ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി, വാർഡംഗങ്ങൾ, അദ്ധ്യാപകർ, യുവജന സംഘടനകൾ, ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ പ്രഥമാധ്യാപകർ ശ്രദ്ധിക്കണം' എന്നാണു വിദ്യാഭ്യാസ വകുപ്പ് ഉന്നതർ അയച്ചിരിക്കുന്ന സന്ദേശം.

മുഖ്യമന്ത്രിയുടെ സന്ദേശം തിങ്കളാഴ്ചയ്ക്കകം വിദ്യാർത്ഥികളുടെ കയ്യിൽ എത്തിയെന്ന് ഉറപ്പാക്കണമെന്ന കർശന നിർദേശവും കൂട്ടത്തിലുണ്ട്. എല്ലാ പ്രഥമാധ്യാപകരും എഇഒയിൽനിന്ന് സന്ദേശം ഏറ്റുവാങ്ങണം. വിദ്യാർത്ഥികൾക്കുള്ള അരിവിതരണവും കിറ്റു വിതരണവും സ്‌കൂളുകളിൽ പൂർത്തിയായി വരുന്നതേയുള്ളൂ. കോവിഡ് രൂക്ഷമായ മേഖലകളിൽപ്പോലും അദ്ധ്യാപകർ സ്‌കൂളുകളിലെത്തി അരി- കിറ്റു വിതരണത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP