Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീരമൃത്യുവരിച്ച ഭർത്താവിന്റെ ഭൗതികദേഹം കണ്ണീരോടെ ഏറ്റുവാങ്ങിയത് വിവാഹം കഴിഞ്ഞ് വെറും പത്തു മാസമുള്ളപ്പോൾ; രണ്ട് വർഷത്തിന് ശേഷം ലഫ്റ്റനന്റായി നിതിത കൗൾ; ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത് പുൽവാമ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മേജർ വിഭൂതി ശങ്കർ ധൗണ്ഡ്യാലിന്റെ ഭാര്യ; ധീരവനിതയ്ക്ക് രാജ്യത്തിന്റെ സല്യൂട്ട്

വീരമൃത്യുവരിച്ച ഭർത്താവിന്റെ ഭൗതികദേഹം കണ്ണീരോടെ ഏറ്റുവാങ്ങിയത് വിവാഹം കഴിഞ്ഞ് വെറും പത്തു മാസമുള്ളപ്പോൾ; രണ്ട് വർഷത്തിന് ശേഷം ലഫ്റ്റനന്റായി നിതിത കൗൾ; ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത് പുൽവാമ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മേജർ വിഭൂതി ശങ്കർ ധൗണ്ഡ്യാലിന്റെ ഭാര്യ; ധീരവനിതയ്ക്ക് രാജ്യത്തിന്റെ സല്യൂട്ട്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: രാജ്യത്തിനായി വീരമൃത്യു വരിച്ച പ്രിയതമന്റെ സ്വപ്നങ്ങൾ തന്റേത് കൂടിയാണെന്ന് തെളിയിച്ച് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മേജർ വിഭൂതി ശങ്കർ ധൗണ്ഡ്യാലിന്റെ ഭാര്യ നികിത കൗൾ.

രണ്ട് വർഷം മുമ്പ് നിതിത കൗൾ എന്ന യുവതിയുടെ വേദന നിറഞ്ഞ ചിത്രം രാജ്യമെങ്ങും കണ്ണീരോടെ നെഞ്ചേറ്റിയിരുന്നു. കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവ് മേജർ വിഭുതി ശങ്കർ ധൗണ്ടിയാലിന്റെ പതാക പൊതിഞ്ഞ മൃതദേഹത്തിനരികെ കണ്ണീരോടെ നിൽക്കുകയായിരുന്നു അന്ന് നികിത കൗൾ.

വിവാഹം കഴിഞ്ഞ് വെറും 10 മാസമായിപ്പോഴേക്കും നികിതക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു. അവിടെ തളർന്നിരിക്കാൻ നികിത തയാറായില്ല. ഭർത്താവിന്റെ പാത തിരഞ്ഞെടുക്കാൻ അവർ സധൈര്യം മുന്നോട്ടുവന്നു. ഭർത്താവിന് അന്ത്യചുംബനം നൽകുമ്പോൾ, വേദന കടിച്ചമർത്തി മേജർ വിഭൂതി ശങ്കറിന്റെ സ്വപ്നം കൂടിയാണ് നികിത ഏറ്റെടുത്തത്. അന്നു പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ 27 വയസായിരുന്നു നികിതയുടെ പ്രായം.



ഇപ്പോൾ, രണ്ട് വർഷങ്ങൾക്ക് ശേഷം ഭർത്താവ് തുടങ്ങിവെച്ച ദൗത്യം നികിത ഏറ്റെടുക്കുകയാണ്. ഇന്ന് നികിത ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്, ലഫ്റ്റനന്റ് നികിത കൗൾ ധൗണ്ഡ്യാൽ. ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ശനിയാഴ്ച പാസ് ഔട്ടായ 31 ഷോർട്ട് സർവീസ് കമ്മിഷൻ വനിതാ കേഡറ്റുകളിൽ ഒരാൾ.

 

ഇന്ത്യൻ ആർമി നോർത്തേൺ കമാൻഡ് ലെഫ്. ജനറൽ വൈ കെ ജോഷിയാണ് നികിതയുടെ യൂണിഫോണിൽ നക്ഷത്രം പതിച്ചത്. നികിതക്കൊപ്പം 31 വനിതാ സൈനികരാണ് പരിശീലനം പൂർത്തിയാക്കി സൈന്യത്തിൽ ചേർന്നത്. നികിതയെയോർത്ത് അഭിമാനം കൊള്ളുന്നുവെന്ന് ലെഫ്. ജനറൽ വൈ കെ ജോഷി പറഞ്ഞു.

പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വിഭൂതി ശങ്കറിന്റെ ത്യാഗത്തിന് രാജ്യം ശൗര്യചക്ര നൽകി ആദരമർപ്പിച്ചിരുന്നു. ഭീകരാക്രമണം നടന്ന ദിവസം സൈനിക ഓപ്പറേഷന് തയ്യാറെടുക്കുന്ന തിരക്കിൽ ഭാര്യയെ ഫോണിൽ വിളിച്ച വിഭൂതി പങ്കുവച്ച വാക്കുകൾ പിന്നീട് ചർച്ചയായിരുന്നു. ദൗത്യം കഴിഞ്ഞിട്ട് വിളിച്ചാൽ മതിയായരുന്നല്ലോ എന്ന നികിതയുടെ ചോദ്യത്തിന് വിഭൂതി പറഞ്ഞ മറുപടി ഇങ്ങനെ. 'ഇനി ഒരുപക്ഷേ എനിക്ക് വിളിക്കാൻ കഴിഞ്ഞില്ലെങ്കില്ലോ. ഞാൻ ഈ യൂണിഫോമിനെ എത്ര സ്‌നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ. ഈ നാടിനെയും..' ഈ വാക്കുകൾ പറഞ്ഞ്, ഏതാനും നിമിഷങ്ങൾക്കുശേഷമാണ് മേജർ വീരമൃത്യു വരിച്ചത്.

ആറുമാസത്തിന് ശേഷം നികിതയും സൈന്യത്തിന്റെ ഭാഗമാകാനും രാജ്യത്തിനായി പോരാടും തീരുമാനിക്കുകയായിരുന്നു. ആ നിശ്ചയദാർഢ്യമാണ് ശനിയാഴ്ച യാഥാർഥ്യമായത്. 'ജീവിതത്തെ വേദനകൾ കൊത്തിപ്പറിക്കുമ്പോൾ, ദുഃഖം ഇരുട്ടുപോലെ പൊതിയുമ്പോൾ മനസിലെപ്പോഴും ഒരു ലക്ഷ്യം കാത്തുവയ്ക്കണം. തളർന്ന് വീഴുമ്പോഴെല്ലാം ആ വെളിച്ചത്തെ നോക്കി ഊർജം നിറയ്ക്കണം. ലക്ഷ്യത്തിലെത്തിച്ചേരും വരെ വിശ്രമമില്ലാതെ പോരാടണം.' അന്നു ചങ്കുപിടയുന്ന വേദന കടിച്ചമർത്തി നികിത കൗൾ പറഞ്ഞ വാക്കുകൾ ഇന്ന് സത്യമായി.

''ഇത് വേറൊരു ലോകമാണ്. ഞാൻ ഇവിടെ ചുവടുവെച്ച ദിവസം, അദ്ദേഹം തുടങ്ങിയ അതേ യാത്രയാണ് ഞാൻ പിന്തുടരുന്നതെന്ന് തോന്നി. അവൻ ഇവിടെ എവിടെയോ ഉണ്ട്. എന്നെ നോക്കി എന്നെ പിടിച്ച് 'നിനക്ക് അത് സാധിച്ചു എന്ന് പറയുന്നു. ഐ ലവ് യു വിഭു, ഞാൻ എപ്പോഴും നിന്നെ സ്നേഹിക്കും''- ഭർത്താവിന്റെ ഓർമയിൽ നികിത പറഞ്ഞു. 2018ലുണ്ടായ ഭീകരാക്രമണത്തിൽ മേജർ ധൗണ്ഡിയാലുൾപ്പടെ 40 സൈനികരാണ് വീരചരമമടഞ്ഞത്. ആ ത്യാഗത്തിന് ശൗര്യചക്ര നൽകിയാണ് രാജ്യം ആദരവർപ്പിച്ചത്.

വിഭുതി ശങ്കറിനോടുള്ള ആദര സൂചകമായാണ് താൻ ആർമിയിൽ ചേരുന്നതെന്ന് നിതിക നേരത്തെ പറഞ്ഞിരുന്നു. സൈന്യത്തിൽ ചേരാനുള്ളതീരുമാനത്തെ ഇരു കുടുംബങ്ങളും തുടക്കത്തിൽ എതിർത്തുവെങ്കിലും നിതികയുടെ ഉറച്ച തീരുമാനത്തിൽ അവർ സമ്മതം മൂളുകയുമായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.



രാജ്യം സല്യൂട്ടടിക്കുകയാണ് നികിത കൗളിന്റെ സമർപ്പണത്തിന് മുന്നിൽ. അകാലത്തിൽ വേർപെട്ടു പോയ പ്രിയതമന്റെ സ്വപ്നങ്ങൾ തന്റേത് കൂടിയാണെന്ന് തെളിയിച്ചതിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP