Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് ടെസ്റ്റിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ പങ്കെടുപ്പിക്കണം; ആഹ്വാനവുമായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റും കൗൺസിലറും; വാട്‌സാപ്പ് ശബ്ദസന്ദേശം പുറത്ത്; മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കാൻ നടന്ന മറിമായങ്ങൾ ഇങ്ങനെ

കോവിഡ് ടെസ്റ്റിൽ  ലക്ഷണങ്ങൾ ഇല്ലാത്തവരെ പങ്കെടുപ്പിക്കണം; ആഹ്വാനവുമായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റും കൗൺസിലറും; വാട്‌സാപ്പ് ശബ്ദസന്ദേശം പുറത്ത്; മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കാൻ നടന്ന മറിമായങ്ങൾ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കാൻ കോവിഡ് ടെസ്റ്റിൽ വിവിധ പഞ്ചായത്ത് പ്രതിനിധികൾ ഇടപെട്ട് തട്ടിപ്പ് നടത്തിയതായി. ഇതുസംബന്ധിച്ച് പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മു കുൽസു ചക്കച്ചൻ, പുഴക്കാട്ടിരി പഞ്ചായത്ത് മൂന്നാം വാർഡ് കൗൺസിലർ മൂസക്കുട്ടി മാസ്റ്റർ എന്നിവരുടെ ശബ്ദസന്ദേശം മറുനാടൻ മലയാളിക്ക് ലഭിച്ചു. വാട്സ്ആപ്പിലൂടെ ഇരുവരും അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

പുഴക്കാട്ടിരി ആശുപത്രിയും, പനങ്ങാങ്ങര സ്‌കൂളിലും നടക്കുന്ന കോവിഡ് പരിശോധനാ ക്യാമ്പിൽ പരമാവധി കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ നിർബന്ധമായും പങ്കെടുപ്പിച്ചുകൊണ്ട് വിജയിപ്പിക്കണമെന്നും പരിശോധനയിൽ കോവിഡ് പോസിറ്റിവിറ്റി കുറഞ്ഞാൽ മാത്രമെ ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കൂവെന്നും ഇതിനാൽ കോവിഡ് പോസിറ്റീവ് സാധ്യതയുള്ളവർ വീട്ടിൽ ഇരുന്ന് മറ്റുള്ളവർ പരിശോധനക്ക് വരണമെന്നുമാണ് ആഹ്വാനംചെയ്തിട്ടുള്ളത്.

ഇത്തരത്തിൽ വിവിധ പഞ്ചായത്തുകളിൽ തട്ടിപ്പ് അരങ്ങേറിയതായും കഴിഞ്ഞ ദിവസം സമാനമായി സംസാരിച്ച മലപ്പുറം വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി മലപ്പുറം കോവിഡ് പോസിറ്റിവിറ്റി കുറയുകയും ചെയ്തിരുന്നു. ഇത് പരിശോധനയിൽ തട്ടിപ്പുനടത്തിയതാണെന്ന സൂചനകളാണ് നൽകുന്നത്. രോഗ ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാതെ ലക്ഷണം ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യണമെന്നാണ് വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയുടേയും പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നത്.

എത്രയോ നല്ല കാര്യങ്ങളും സാമൂഹിക സേവനങ്ങളും ഞങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നുണ്ട്. അതിനൊന്നും വലിയ വില നൽകാതെ ചാനലുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നുവെന്നാണു മുസ്തഫ ആരോപിക്കുന്നത്. കോവിഡ് ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്താൽ ടി.പി.ആർ ഇനിയും കൂടും, ടി.പി.ആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും. അത് ഒഴിവാക്കണം, അതിനായി ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണം. ഇങ്ങിനെ ചെയ്താൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാകും.

സമീപ പഞ്ചായത്തുകളിൽ ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. പരമാവധി വാഹനങ്ങളിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ എത്തിച്ച് പരിശോധിക്കണം. ടി.പി.ആർ കുറഞ്ഞാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കിത്തരാമെന്ന് കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെന്നുമാണ് മുസ്തഫ ശബ്ദ സന്ദേശത്തിൽ പറയുന്നു. അതേസമയം ഇതുസംബന്ധിച്ചു കലക്ടർക്ക് പരാതി നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ നീക്കം അംഗീകരിക്കാനാവില്ലെന്നും നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

അതേ സമയം പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിണ്ടും കുറഞ്ഞ് 12.34 ശതമാനത്തിലെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 13.3 ശതമാനമായിരുന്നു വെള്ളിയാഴ്ചയിലെ നിരക്ക്.

ഇന്ന് 3,990 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 3,838 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. 109 പേർക്ക് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 37 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രോഗമുക്തരായ 4,289 പേരുൾപ്പടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,41,252 ആയി.

64,040 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 45,039 പേരാണ് ചികിത്സയിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,445 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 303 പേരും 187 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിൽ(ഡൊമിസിലിയറി കെയർ സെന്റർ) 1,135 പേരും ശേഷിക്കുന്നവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 818 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP