Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് 'ഇംഗ്ലീഷ് ഫൈനലിൽ' മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും കൊമ്പുകോർക്കും; പ്രീമിയർ ലീഗിനും ലീഗ് കപ്പിനും പിന്നാലെ സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് പെപ് ഗ്വാർഡിയോളയുടെ സംഘം; കലാശപ്പോര് രാത്രി പന്ത്രണ്ടരയ്ക്ക്

യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് 'ഇംഗ്ലീഷ് ഫൈനലിൽ' മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും കൊമ്പുകോർക്കും; പ്രീമിയർ ലീഗിനും ലീഗ് കപ്പിനും പിന്നാലെ സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് പെപ് ഗ്വാർഡിയോളയുടെ സംഘം; കലാശപ്പോര് രാത്രി പന്ത്രണ്ടരയ്ക്ക്

സ്പോർട്സ് ഡെസ്ക്

പോർട്ടോ: യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ചാമ്പ്യൻസ് ലീഗ് 'ഇംഗ്ലിഷ് ഫൈനലിൽ' മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും വലിയ അങ്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

പോർട്ടോയിൽ ഇന്ത്യൻ സമയം ശനിയാഴ്‌ച്ച രാത്രി 12.30ന് ആ അങ്കത്തിന് തുടക്കമാകും. സോണി ലൈവിൽ മത്സരം തത്സമയം കാണാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ രണ്ട് ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ വരുമ്പോൾ വിജയം ആർക്കൊപ്പം ആയിരിക്കും?

ചെൽസിയുടെ കടും നീലയോ അതോ മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീലയോ എന്ന ആകാംക്ഷയിലാണ് ആരാധകർ. പോർട്ടോയിലെ കലാശപ്പോരിനൊടുവിൽ ആര് ചിരിച്ചാലും കപ്പ് ഇംഗ്ലണ്ടിലെത്തും. സെമിയിൽ പിഎസ്ജിയെ വീഴ്‌ത്തിയ സിറ്റി ഉഗ്രൻ ഫോമിലാണ്. റയൽ മാഡ്രിഡിനെ മറികടന്നാണ് ചെൽസി ഓൾ ഇംഗ്ലണ്ട് ഫൈനലിന് കളമൊരുക്കിയത്.

വ്യക്തികളെ ആശ്രയിക്കാതെ ഓൾറൗണ്ട് മികവുമായി സിറ്റിസൺസ്. ഡിബ്രൂയിനും മെഹറസും ഫോഡനും ഗുൺഡോഗനും സിൽവയുമെല്ലാം ഒന്നിനൊന്ന് അപകടകാരികൾ. ഗോളി എഡേഴ്‌സണും വിശ്വസ്തൻ. ഇന്ന് ഇത്തിഹാദിന്റെ പടിയിറങ്ങുന്ന സെർജിയോ അഗ്യൂറോയ്ക്ക് പകരക്കാരനായി അവസരം കിട്ടിയേക്കും.

ഈ കിരീടം കൂടി നേടിയാൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളക്ക് സ്വന്തമാക്കാം. അതോടൊപ്പം സിറ്റി ജഴ്‌സിയിൽ അവസാന മത്സരത്തിനിറങ്ങുന്ന സെർജിയോ അഗ്യൂറോ തന്റെ സ്വപ്ന കിരീടവുമായി വിട പറയാനുള്ള ഒരുക്കത്തിലാണ്.

പ്രീമിയർ ലീഗും ലീഗ് കപ്പും സ്വന്തമാക്കിയ സിറ്റി ഉന്നമിടുന്നത് സീസണിലെ ഹാട്രിക് കിരീടമാണ്. ചെൽസിയെ തോൽപിച്ചാൽ ബാഴ്‌സയിലും ബയേണിലും അത്ഭുതം സൃഷ്ടിച്ച പെപ് ഗാർഡിയോള നീലാകാശത്തോളം ഉയരും.

അതേസമയം മികച്ച ഫോമിലുള്ള ഗോളി എഡ്വാർഡ് മെൻഡിയും എൻഗോളെ കാന്റെയും പരിക്ക് മാറിയെത്തിയ ആശ്വാസത്തിലാണ് ചെൽസി. തിമോ വെർണർ, കെയ് ഹാവെർട്‌സ്, മേസൺ മൗണ്ട് മുന്നേറ്റ നിരയിലാണ് കോച്ച് തോമസ് ടുഷേലിന്റെ പ്രതീക്ഷ.

ശക്തമായ പ്രതിരോധം തന്നെയാണ് ചെൽസിയുടെ കരുത്ത്. പരിക്ക് മാറി കാന്റെ തിരികെയെത്തും. മുൻനിരയിൽ വെർണർ ഫോമിലെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ടു ടീമിനും പരിക്കുകൾ അലട്ടുന്നില്ല എന്നത് ആശ്വാസകരമാണ്.

ചാമ്പ്യൻസ് ലീഗിൽ മൂന്നാം ഫൈനലിന് ഇറങ്ങുന്ന ചെൽസി രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ ഫൈനലാണിത്.

സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്കൊപ്പമായിരുന്നു. എഫ് എ കപ്പിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് ചെൽസി സിറ്റിയെ പരാജയപ്പെടുത്തിയത്.

പരിശീലകൻ ടൂഹലിന്റെ കീഴിൽ ആദ്യ കിരീടമെന്ന കാത്തിരിപ്പും ഇന്ന് കിരീടം നേടിയാൽ ചെൽസിക്ക് അവസാനിപ്പിക്കാം. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ ചെൽസിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു.

നേർക്കുനേർ കണക്ക് ഇങ്ങനെ

പ്രീമിയർ ലീഗ് ക്ലബുകളായ സിറ്റിയും ചെൽസിയും ഇതുവരെ 168 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ചെൽസി എഴുപത് കളിയിലും സിറ്റി 59 കളിയിലും ജയിച്ചു. ബാക്കി മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണയേ സിറ്റിയും ചെൽസിയും നേർക്കുനേർ വന്നിട്ടുള്ളൂ. രണ്ട് തവണയും ചെൽസിക്കായിരുന്നു ജയം. പ്രീമിയർ ലീഗിൽ ഏറ്റവും അവസാനം ഏറ്റുമുട്ടിയപ്പോഴും ചെൽസിയാണ് ജയിച്ചത്.

ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഒന്നാംനിര യൂറോപ്യൻ കിരീടമാണു സിറ്റിയുടെ ലക്ഷ്യം. യൂറോപ്പ ലീഗിന്റെ മുൻഗാമിയായ യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് 1970ൽ നേടിയതു മാത്രമാണ് അവരുടെ ആശ്വാസം.

ചെൽസി 2ാം ചാംപ്യൻസ് ലീഗ് കിരീടമാണു ലക്ഷ്യമിടുന്നത്. 2012ൽ ബയൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ വീഴ്‌ത്തി നീലപ്പട ജേതാക്കളായിരുന്നു. അതിനു ശേഷം 2 തവണ യൂറോപ്പ ലീഗും നേടി.

കോവിഡ് മൂലം തുർക്കിയിലെ ഇസ്തംബൂളിൽനിന്നു മാറ്റിയ മത്സരം നടക്കുന്നതു പോർച്ചുഗലിലെ പോർട്ടോയിലുള്ള എസ്റ്റാഡിയോ ഡോ ഡ്രഗാവോയിലാണ്. സ്റ്റേഡിയത്തിലേക്കു 16,500 കാണികൾക്കു പ്രവേശനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP