Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലർന്നുകിടന്ന് മേൽപ്പോട്ട് തുപ്പുന്ന കെ.ടി ജലീൽ; നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു

മലർന്നുകിടന്ന് മേൽപ്പോട്ട് തുപ്പുന്ന കെ.ടി ജലീൽ; നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു

നൗഷാദ് മണ്ണിശ്ശേരി

മുൻ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീൽ ഫേസ്‌ബുക്കിൽ എഴുതിയ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ 80:20അനുപാതം, മദ്രസാധ്യാപകർക്ക് സർക്കാർ ശമ്പളം യാഥാർഥ്യമെന്ത്? എന്ന ലേഖനം തന്റെ കഴിവില്ലായ്മയും പക്വതക്കുറവും ഒരിക്കൽ കൂടി തുറന്നുകാട്ടുന്നതായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 80:20അനുപാതവുമായി ബന്ധപ്പെട്ടോ മദ്‌റസാധ്യാപകരുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതിയും ആരും ഉയർത്തിയതായി കേട്ടിട്ടില്ല എന്ന ജലീലിന്റെ സാക്ഷ്യപ്പെടുത്തലുകൾ മാത്രം മതി ക്രൈസ്തവ വിഭാഗങ്ങൾക്കുണ്ടായ അനിഷ്ടത്തിന്റെ മുഴുവൻ കാരണവും ജലീൽ എന്ന മന്ത്രിയുടെ ഭരണാധികാരി എന്ന നിലക്കുള്ള വീഴ്ചകൾ മനസ്സിലാക്കാൻ.

ജലീൽ അവകാശപ്പെട്ടതുപോലെ യു.ഡി.എഫിന്റെ സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്തിട്ട് പോലും തന്റെ നേരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ട് എന്തുകൊണ്ട് തക്കസമയത്ത് നേരെചൊവ്വേ ഉത്തരം നൽകാൻ ജലീലിന് കഴിയാതെ പോയി
എന്നാണ് കേരളീയർക്ക് അറിയേണ്ടത്. ജലീലിന്റെയും ഇടതുപക്ഷ സർക്കാരിന്റെയും കുറ്റകരമായ അനാസ്ഥയും മൗനവും കൊണ്ട് കേരളത്തിനു സംഭവിച്ച പരിക്ക് ചില്ലറയല്ല. മുസ്ലിം സമുദായത്തിന് അന്യായമായ എന്തൊക്കെയോ വാരിക്കോരി കൊടുത്തു എന്ന തോന്നൽ ഉണ്ടാക്കിയത് ജലീലിന്റെ ചില പ്രസ്താവനകൾ ആയിരുന്നു. ഇതുവഴി ചില മുസ്ലിം സംഘടനകളുടെയങ്കിലും വോട്ട് ഉറപ്പിക്കാനും യു.ഡി.എഫ് അധികാരത്തിൽ എത്തുന്നതോടെ മുസ്ലിംലീഗിന്റെ അപ്രമാദിത്യമായിരിക്കും വരാൻ പോകുന്നത് എന്ന് ഇതര സമുദായങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിന് സാധിച്ചു ഇതായിരുന്നു ആ മൗനത്തിന് പിന്നിൽ പ്രവർത്തിച്ച കുബുദ്ധി. എല്ലാം ചെയ്ത് വെച്ചും പ്രബലരായ രണ്ട് സമുദായങ്ങളെ തമ്മിലകറ്റിയും തങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കുകയും ചെയ്തിട്ട് യാതൊരു പ്രയോജനവും ഇല്ലാത്ത വിശദീകരണവുമായി വന്നിരിക്കുകയാണ് ജലീൽ ഇപ്പോൾ.

ഇവിടെയും പഴി മുഴുവൻ മുസ്ലിംലീഗിന് തന്നെ. സർക്കാറിലുള്ള സ്വാധീനമുപയോഗിച്ച് തന്റെ ബന്ധുവിന് അന്യായമായി ജോലി വാങ്ങിക്കൊടുത്തതിനെ മുസ്ലിംലീഗ് നഖശിഖാന്തം എതിർത്തിട്ടുണ്ട്. അതിനപ്പുറത്ത് ജലീൽ സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് മുസ്ലിംലീഗ് എവിടെയും ആരോപിച്ചിട്ടില്ല അത് ആരോപിച്ചത് ക്രൈസ്തവ സമുദായങ്ങളും സംഘപരിവാർ കേന്ദ്രങ്ങളുമായിരുന്നു. പക്ഷേ ജലീലും സിപിഎമ്മും അപകടകരമായ മൗനത്തിന്റെ വല്മീകത്തിൽ ഒളിക്കുകയായിരുന്നു. കൃസ്ത്യൻ സഭകൾ ആരോപണമുന്നയിച്ചത് ജലീലിന് നേരെയാണ് .

അന്ന് പിണറായിയാണ് മുഖ്യമന്ത്രി
പക്ഷെ രണ്ട് പേരും ഒന്ന് രണ്ട് വർഷമായി ആരോപണങ്ങളെ നിഷേധിച്ചില്ല.
അത് വഴി മുസ്ലിംകൾ എന്തൊക്കെയോ അന്യായമായി കൊണ്ടുപോകുന്നു എന്ന തോന്നൽ കൃസ്ത്യാനികൾക്കുണ്ടാവാനും അത് സാമൂഹ്യ ബന്ധം വഷളാവാനും കാരണമായി.

ഇപ്പോൾ പുതിയ മന്ത്രിസഭയിൽ ആ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നു.
ഒരു വിഭാഗം തന്നെ കൈകാര്യം ചെയ്യുന്നതിനാൽ മറു വിഭാഗത്തിന് പരാതിയുണ്ടായതിനാലാണ് നടപടി എന്നാണ് സിപിഎം വിശദീകരിച്ചത്.

ആ പരാതിയിലെ സത്യാവസ്ഥ വെളിപ്പെടുത്തി സമൂഹത്തിലുണ്ടായ അകൽച്ച മാറ്റേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ഈ വിഷയത്തിലെ തുടരുന്ന മൗനവും വകുപ്പ് ഏറ്റെടുക്കലും പരാതി മുഖ്യമന്ത്രി വിശ്വസിച്ചിരിക്കുന്നു എന്ന ധാരണയാണുണ്ടാക്കുന്നത്.

അതെ സമയം, തന്റെ വശം ന്യായീകരിച്ച് ജലീൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. എന്താണിതിനർഥം.?
പക്ഷെ, ജലീലും മുഖ്യമന്ത്രിയും ഇതിലൊന്നും കക്ഷിയല്ലാത്ത മുസ്ലിംലീഗിന്റെ നേരെ തിരിയുന്നത് എന്തിനാണ്? ആരോപണം ഉന്നയിച്ച സഭാ നേതൃത്വത്തെ അഭിമുഖീകരിക്കാൻ ജലീലെന്തിനാണ് മടിക്കുന്നത്? ലീഗ് വകുപ്പ് കൈകാര്യം ചെയ്തപ്പോഴൊന്നും ഉണ്ടാകാത്ത പരാതികൾ എങ്ങനെ ജലീലിനെതിരെ ഉണ്ടാവുന്നത് ?
മറുപടി പറയേണ്ടത് ജലീലും മുഖ്യമന്ത്രിയുമാണ്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ ഉദ്യോഗ പ്രാതിനിധ്യത്തിന് വേണ്ടിയുള്ളതാണ്. എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ളതല്ല. ആ കാര്യം സർക്കാർ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് മുസ്ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ട ആനുകൂല്യങ്ങൾ എടുത്ത് മറ്റ് സമുദായത്തിന് നൽകുന്നതിൽ അർത്ഥമില്ലല്ലോ.

ക്രിസ്ത്യൻ അവശ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണം. തുടർന്നുവരുന്ന അനുപാതം നിലനിർത്തിയാൽ വീണ്ടും ആക്ഷേപമുയരാൻ സാധ്യത ഉള്ളതുകൊണ്ട് പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ മറ്റു വഴികൾ ആലോചിക്കണം.

ക്രിസ്ത്യൻ സമുദായത്തിന്റെ സാമൂഹ്യ-വിദ്യാഭ്യാസ സ്ഥിതിഗതികൾ പഠിക്കുന്നതിനു വേണ്ടി ജസ്റ്റിന് കോശി അധ്യക്ഷനായ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാർ നിയമിച്ചിരുന്നു. ആ റിപ്പോർട്ട് വരുന്നതിനനുസരിച്ച് അവർക്ക് അർഹമായ ക്ഷേമ പദ്ധതികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് ഞങ്ങൾ എതിരല്ല കഴിഞ്ഞ പിണറായി സർക്കാർ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ വിഷയങ്ങൾ പഠിക്കാൻ ജസ്റ്റിസ് കോശി അധ്യക്ഷനായ കമ്മിറ്റിയെ വെച്ചിട്ടുണ്ടല്ലൊ അവരുടെ റിപോർട്ട് പ്രകാരം അവർക്കായി പാക്കേജുകൾ കൊണ്ടുവരാവുന്നതാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP