Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമം മറികടന്ന് മെഡിസിറ്റിക്ക് അനുമതി നൽകിയത് നാട്ടുകാർക്ക് തൊഴിൽ നൽകുമെന്ന ഉറപ്പിൽ; കാര്യം സാധിച്ചപ്പോൾ മമ്മൂട്ടിയുടെ മകളുടെ ഫൈവ് സ്റ്റാർ ആശുപത്രി വാക്കുമാറ്റി: വഞ്ചനയുടെ കഥയുമായി ആസ്റ്റർ മെഡിസിറ്റിയുടെ തുടക്കം

നിയമം മറികടന്ന് മെഡിസിറ്റിക്ക് അനുമതി നൽകിയത് നാട്ടുകാർക്ക് തൊഴിൽ നൽകുമെന്ന ഉറപ്പിൽ; കാര്യം സാധിച്ചപ്പോൾ മമ്മൂട്ടിയുടെ മകളുടെ ഫൈവ് സ്റ്റാർ ആശുപത്രി വാക്കുമാറ്റി: വഞ്ചനയുടെ കഥയുമായി ആസ്റ്റർ മെഡിസിറ്റിയുടെ തുടക്കം

കൊച്ചി: ഒരുപാട് വാഗ്ദാനങ്ങളും സ്വപ്നങ്ങളും നൽകിയായിരുന്നു മമ്മൂട്ടിയുടെ മകൾക്കും മരുമകനും പങ്കാളിത്തമുള്ള ആസാദ് മൂപ്പന്റെ ആസ്റ്റർ മെഡിസിറ്റി ചേരാനെല്ലൂരിൽ എത്തിയത്. ഈ മെഡിസിറ്റി പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന കരാറിൽ ആയിരുന്നു നിയമങ്ങളിൽ വിട്ടുവീഴ്‌ച്ച ചെയ്ത് അനുമതി നൽകിയത്. നാട്ടുകാരിൽ വിദ്യാസമ്പന്നരായവർക്ക് തൊഴിൽ, പ്രദേശവാസികൾക്ക് സൗജന്യ ചികിത്സ ഇങ്ങനെ വാഗ്ദാനങ്ങൾ നൽകിയതോടെയാണ് പഞ്ചായത്ത് വിട്ടുവീഴ്‌ച്ചക്ക് തയ്യാറായത്. എന്നാൽ പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. പഞ്ചായത്തിൽ നിന്നും മെഡിസിറ്റിക്ക് ആവശ്യമായ കാര്യങ്ങളെല്ലാം നേടിയെടുത്തപ്പോൾ കരാറും വാഗ്ദാനങ്ങളുമെല്ലാം ആശുപത്രി മറന്നു. സൗജന്യ ചികിത്സ നൽകുമെന്ന് പറഞ്ഞതും ജോലി നൽകുമെന്ന് പറഞ്ഞതുമൊക്കെ പാഴ് വാക്കായി. ചുരുങ്ങിയ ആളുകൾക്ക് ഏറ്റവും താഴെക്കിടയിലുള്ള ജോലി നൽകുക മാത്രമാണ് ഉണ്ടായത്.

നിർമ്മാണാനുമതിയും, പ്രവർത്തന ലൈസൻസും ലഭിക്കാനായി ചേരാനെല്ലൂർ പഞ്ചായത്തുമായി ചേർന്ന് ആസ്റ്റർ മെഡിസിറ്റി ഒപ്പ് വച്ച കരാർ നടപ്പാക്കാതെ ആശുപത്രി അധികൃതർ വാഗ്ദാനലംഘനം നടത്തുന്നു എന്ന കാര്യം ഇപ്പോഴാണ് നാട്ടുകാർക്കിടയിലും പഞ്ചായത്തിലും ചർച്ചയായത്. ചേരാനെല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഐക്യകണ്‌ഠേനയുള്ള നിർദ്ദേശമാണ് ആശുപത്രി പ്രവർത്തിച്ച് തുടങ്ങിയതോടെ ലംഘിക്കപ്പെട്ടത്. പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് 2010 ഫെബ്രുവരി 17നാണ് പ്രദേശത്ത് ആരംഭിക്കാൻ പോവുന്ന ആസ്റ്റർ മെഡിസിറ്റിക്ക് അനുമതി നൽകുന്നതിലേക്കായി ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചത്.

മെഡിസിറ്റി പ്രൊജക്ട് പഞ്ചായത്തിന്റെ വികസനത്തിനും ധനഭദ്രതയ്ക്കും, ആക്കം കൂട്ടുകയും, ചുരുങ്ങിയത് 3200 പേർക്കെങ്കിലും ജോലി സാധ്യതയുണ്ടാക്കുമെന്നും പഞ്ചായത്ത് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഒരു പരിധിവരെ മാത്രമേ ഇത് നടപ്പാക്കാൻ മെഡിസിറ്റി തയ്യാറായുള്ളൂ എന്ന ആരോപണം നിൽനിൽക്കുന്നു. അഡ്‌മിനിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് വിദ്യാസമ്പന്നരായ പ്രദേശവാസികളെ പരിഗണിക്കുകപോലും ചെയ്തില്ലെന്നാണ് പഞ്ചായത്തംഗങ്ങൾ ആരോപിക്കുന്നത്. ചേരാനെല്ലൂർ പഞ്ചായത്തിലെ ബി പി എൽ കുടുംബങ്ങളിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും പഞ്ചായത്ത് കരാറിലൂടെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആശുപത്രി പ്രവർത്തനം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഈ ന്യായമായ ആവശ്യം പരിഗണിക്കാൻ പരിഗണിക്കാൻ മെഡിസിറ്റി അധികൃതർ തയ്യാറായിട്ടില്ലെന്നാണ് വാസ്തവം. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആശുപത്രി കത്തയതച്ചിരുന്നു. സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.

പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷവും തിങ്ങിപ്പാർക്കുന്നത് ചേരാനെല്ലൂരിലാണെന്നിരിക്കേ പഞ്ചായത്തുമായി ഉണ്ടാക്കിയ കരാറിലെ ഈ വ്യവസ്ഥ മെഡിസിറ്റി പാലിച്ചാൽ അവർക്ക് കിലോ മീറ്ററുകൾ താണ്ടി എറണാകുളത്തെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരില്ല. എന്നാൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ആശുപത്രിയിൽ പാവങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകാൻ അധികൃതർ തയ്യാറെല്ലെന്നാണ് അറിയുന്നത്.

2011 മെയ് 10ന് പഞ്ചായത്തും മെഡിസിറ്റിയുമായി ഒപ്പ് വച്ചിരിക്കുന്ന കരാർ പ്രകാരം തീരദേശപരിപാലന നിയമം അനുസരിച്ച് മാത്രമേ നിർമ്മാണം നടത്താവൂ എന്നാണ് അനുശാസിച്ചിട്ടുള്ളത്. എന്നാൽ സി ആർ ഇസഡ് ഏത് ഡിവിഷനിലാണ് മെഡിസിറ്റി ഉൾപ്പെട്ടിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തോട് ചേർന്നുള്ള 701ാം നമ്പർ ഹരിജൻ കോളനി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കാന നിർമ്മിക്കണം എന്ന പഞ്ചായത്തിന്റെ ഒരു ആവശ്യം മാത്രമാണ് മെഡിസിറ്റി പാലിച്ചത്. പ്രധാനപ്പെട്ട ശുപാർശകൾ നടപ്പാക്കാതെ മെഡിസിറ്റിക്ക് ലൈസൻസ് നൽകുന്നതിനെതിരെ പഞ്ചായത്തംഗങ്ങളിൽ ചിലരുടെ വിയോജനക്കുറിപ്പും നിലനിൽക്കുന്നുണ്ട്.

ആശുപത്രി ലൈസൻസ് ലഭിക്കുന്നതിന് മുമ്പാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് പഞ്ചായത്ത് സ്‌റ്റോപ്പ് മെമോ നൽകിയെങ്കിലും തുടർന്നും ചികിത്സ നടത്തിയെന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലാണ് 38 ഏക്കർ ഭൂമിയിൽ മെഡിസിറ്റി തുടങ്ങിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിസ്‌പെഷാലിറ്റി ആശുപത്രി സമുച്ചയമാണ് മെഡിസിറ്റി. 5000 കോടി രൂപ ചെലവിലാണ് ആസ്റ്റർ മെഡി സിറ്റി കൊച്ചിയിൽ തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ 575രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് ഉള്ളത്. രണ്ടാംഘട്ടത്തിൽ കിടക്കകളുടെ എണ്ണം 1075 ആയി വർധിപ്പിക്കാനാണ് ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP