Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെറിറ്റ് സ്‌കോളർഷിപ്പുകൾ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കണമെന്ന വിധി നടപ്പിലാക്കേണ്ടി വരും; സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഉത്തരവിനെതിരെ അപ്പീൽ പോയാൽ പിണങ്ങുക ക്രൈസ്തവ വിഭാഗം; വിധിയിൽ മുസ്ലിം സമുദായം പ്രതിഷേധത്തിലും; പിണറായിക്ക് തലവദേനയായി ഇന്നലത്തെ ഹൈക്കോടതി വിധി

മെറിറ്റ് സ്‌കോളർഷിപ്പുകൾ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കണമെന്ന വിധി നടപ്പിലാക്കേണ്ടി വരും; സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഉത്തരവിനെതിരെ അപ്പീൽ പോയാൽ പിണങ്ങുക ക്രൈസ്തവ വിഭാഗം; വിധിയിൽ മുസ്ലിം സമുദായം പ്രതിഷേധത്തിലും; പിണറായിക്ക് തലവദേനയായി ഇന്നലത്തെ ഹൈക്കോടതി വിധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ് വിതരണം സംബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ 3 ഉത്തരവുകൾ ഹൈക്കോടതി അസാധുവാക്കുമ്പോൾ വെട്ടിലാകുന്നത് ഇടതു സർക്കാർ. ഈ വിധിക്കെതിരെ അപ്പീൽ പോകുന്നത് പോലും പരിഗണിച്ചാൽ അത് തിരിച്ചടിയാകുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. 2008 ഓഗസ്റ്റ് 16, 2011 ഫെബ്രുവരി 22, 2015 മെയ്‌ 8 തീയതികളിലെ ഉത്തരവുകളാണ് റദ്ദാക്കിയത്. സ്വാഭാവികമായി ഇത്തരം സാഹചര്യത്തിൽ അപ്പീൽ നൽകുകയാണ് പതിവ്. എന്നാൽ ഇത് മറ്റു പല സാഹചര്യങ്ങളും ഉണ്ടാക്കുമെന്നാണ് ആശങ്ക.

ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് ഇടതുപക്ഷം തുടർഭരണത്തിൽ എത്തിയത്. മുസ്ലിം വോട്ടുകൾ പല സ്ഥലത്തും ഇടതു സ്ഥാനാർത്ഥികൾക്ക് പൂർണ്ണമായും അനുകൂലമായി. ഈ സാഹചര്യത്തിൽ മുസ്ലിം സമുദായത്തിനെതിരായ വിധിയെ സർക്കാരിന് പരസ്യമായി അംഗീകരിക്കാൻ കഴിയില്ല. മറുഭാഗത്ത് നേട്ടമുണ്ടായത് ക്രൈസ്തവർക്കാണ്. വിധിക്കെതിരെ അപ്പീൽ പോയാൽ സാമൂഹിക നീതി ഉയർത്തി അവരും സർക്കാരിനെതിരെ തിരിയും. അതുകൊണ്ട് തന്നെ ഈ വിധിയിൽ തൽകാലം സർക്കാർ മൗനം തുടരും.

സ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്‌കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. സ്‌കോളർഷിപ് വിതരണത്തിൽ നിലവിലെ 80:20 അനുപാതം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി റദ്ദാക്കുകയും ചെയ്തു. കോടതിയുടെ നിർദ്ദേശം സർക്കാരിന് അംഗീകരിക്കേണ്ടി വരും. നേരത്തെ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധിയും.

സംസ്ഥാനത്തെ ജനസംഖ്യാ അനുപാതം അനുസരിച്ചു ക്രൈസ്തവർക്ക് അർഹമായതു കണക്കിലെടുക്കാതെ, മുസ്ലിം വിഭാഗത്തിന് 80% സ്‌കോളർഷിപ് നൽകുന്നതു ഭരണഘടനാ വിരുദ്ധമാണ്. ന്യൂനപക്ഷ കമ്മിഷന്റെ നിയമ വ്യവസ്ഥകളെ സർക്കാർ ഉത്തരവു കൊണ്ടു മറികടക്കാനാവില്ലെന്നും കോടതി പറഞ്ഞു. ന്യൂനപക്ഷങ്ങളെ മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമാക്കണമെന്നും വാദിച്ചു പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കലാണ് ഹർജി നൽകിയത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ പിന്നാക്കാവസ്ഥ വേർതിരിച്ചു കാണിക്കാനുള്ള അധികാരം ദേശീയ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകൾക്കില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായാണു പരിഗണിക്കേണ്ടത്. 2011 ലെ സെൻസസ് പ്രകാരം 45.27% ആണ് കേരളത്തിൽ ന്യൂനപക്ഷങ്ങൾ. അതിൽ 58.67% മുസ്ലിംകളും 40.6% ക്രിസ്ത്യാനികളും 0.73% മറ്റു ന്യൂനപക്ഷങ്ങളുമാണ്. വിദ്യാഭ്യാസ അവകാശങ്ങളെ ഭരണഘടന സംരക്ഷിക്കുന്നത് വിവേചനമില്ലാതെയാണ്. സ്‌കോളർഷിപ് നൽകുന്നതിൽ വിവേചനം ആരോപിച്ചു ക്രിസ്ത്യൻ വിഭാഗങ്ങൾ സർക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കോടതി പറഞ്ഞു. ഈ സാഹചര്യം പരിഗണിച്ചാണ് കോടതി വിധി.

സച്ചാർ കമ്മിഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിൽ മൈനോറിറ്റി സെൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയെന്ന 2008 ഓഗസ്റ്റ് 16 ലെ ഉത്തരവും റദ്ദാക്കി. മുസ്ലിം വിദ്യാർത്ഥിനികൾക്ക് ബിരുദ, ബിരുദാനന്തര പ്രഫഷനൽ കോഴ്‌സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്‌കോളർഷിപ്പുകൾ അനുവദിക്കുന്നതായാണ് ഈ ഉത്തരവിലുള്ളത്. കൊളീജിയറ്റ് എജ്യുക്കേഷൻ വഴിയാണ് ഇതു നടപ്പാക്കുന്നത്. ഇതിനായി 14 ജില്ലകളിലും ഡപ്യൂട്ടി കലക്ടർക്കു കീഴിൽ ക്ലാർക്ക് തസ്തിക സൃഷ്ടിക്കും. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി 10 കോടി രൂപ നീക്കിവയ്ക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.

എന്നാൽ, മുസ്ലിം വിദ്യാർത്ഥികൾക്കു നൽകുന്ന സ്‌കോളർഷിപ്പും ഹോസ്റ്റൽ സ്‌റ്റൈപ്പൻഡും ലത്തീൻ കത്തോലിക്കാ, പരിവർത്തിത ക്രിസ്ത്യാനികൾ എന്നീ വിഭാഗങ്ങൾക്കും നൽകാൻ തീരുമാനിച്ചതായി 2011 ഫെബ്രുവരി 22 ലെ ഉത്തരവിൽ പറയുന്നു. മുസ്ലിം വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പും ഹോസ്റ്റൽ സ്‌റ്റൈപ്പൻഡും നൽകുന്ന അതേ മാനദണ്ഡങ്ങൾ ഇവർക്കും ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ആകെ ലഭിക്കുന്ന സ്‌കോളർഷിപ്പിന്റെ 20% മാത്രമേ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിത ക്രിസ്ത്യാനികൾക്കും ഉള്ളൂവെന്നും ഉത്തരവിലുണ്ട്. ഇതും അസാധുവായി.

സിഎ, ഐസിഡബ്ല്യുഎ, കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകൾ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളെക്കുറിച്ചാണു 2015 മെയ്‌ 8 ലെ ഉത്തരവിൽ പറയുന്നത്. 6 ലക്ഷത്തിൽ താഴെ വരുമാനക്കാരായ, 60% മാർക്കോടെ ബിരുദ യോഗ്യതയുള്ളവർക്കാണു സ്‌കോളർഷിപ്പിന് അർഹത. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു മുൻഗണന നൽകുമെന്നും ഉത്തരവിലുണ്ട്.

1.80 കോടി രൂപയുടെ സ്‌കോളർഷിപ് നൽകും. മുസ്ലിം വിഭാഗത്തിന് 80%, മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്ക് 20% എന്ന തോതിലാണ് സ്‌കോളർഷിപ് നൽകുക. 30% വിദ്യാർത്ഥിനികൾക്കായി സംവരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP