Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിദിനം അയ്യായിരത്തിന് മുകളിൽ വന്നിരുന്ന കോവിഡ് കേസുകൾ നാലായിരത്തിന് താഴേക്കായി; ടെസ്റ്റ് പോസിറ്റിവിറ്റിയും താഴുന്നു; ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന മലപ്പുറത്തെ ഓക്സിജൻ ക്ഷാമത്തിനും പരിഹാരം

പ്രതിദിനം അയ്യായിരത്തിന് മുകളിൽ വന്നിരുന്ന കോവിഡ് കേസുകൾ നാലായിരത്തിന് താഴേക്കായി;  ടെസ്റ്റ് പോസിറ്റിവിറ്റിയും താഴുന്നു;  ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന മലപ്പുറത്തെ ഓക്സിജൻ ക്ഷാമത്തിനും പരിഹാരം

ജംഷാദ് മലപ്പുറം

 മലപ്പുറം: പ്രതിദിനം അയ്യായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ ഏക ജില്ലയായ മലപ്പുറം ജില്ലയിലെ ഓക്സിജൻ  ക്ഷാമം പരിഹരിച്ചു. അന്തരീക്ഷത്തിൽ സുലഭമായിരുന്നിട്ടുപോലും കോവിഡ് രോഗികളെയും കൊണ്ട് അവരുടെ ബന്ധുക്കൾ പ്രാണവായുവിനായി ആശുപത്രികൾ തേടി നെട്ടോട്ടമോടുന്ന ദാരുണ കാഴ്ചയാണ് രാജ്യമെങ്ങും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. മലപ്പുറംജില്ലയും ഒരു ഘട്ടത്തിൽ ഓക്സിജൻ ക്ഷാമമെന്ന ആ ഭീകര അവസ്ഥ മുന്നിൽ കണ്ടു. ഭക്ഷണമുൾപ്പടെ ഒരു ഭരണകൂടം പൊതുജനത്തിന് ലഭ്യമാക്കേണ്ട അവശ്യവസ്തുക്കളുടെ ഗണത്തിലേക്ക് ആദ്യമായാണ് ഓക്സിജൻ എന്ന പ്രാണവായു കടന്നു വരുന്നത്. പ്രതിദിനം 5000 ത്തിന് മുകളിൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത ജില്ലയിൽ അത് ഭയപ്പാടിന് കാരണമായെങ്കിൽ അത്ഭുതപ്പെടാനില്ല. എന്നാൽ സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സമയോചിതമായി ഇടപെടലിലൂടെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാൻ കഴിഞ്ഞുവെന്നത് നിരവധി കോവിഡ് രോഗികൾക്ക് ആശ്വാസകരമായിരിക്കുകയാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം വേഗത്തിലായാണ് ഓക്സിജൻ ക്ഷാമം ഇത്രമേൽ രൂക്ഷമാക്കിയത്. ജനസംഖ്യാനുപാതത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലയെന്നതിനാൽ ഓക്സിജൻ ലഭ്യമാക്കുന്നതിനായി മുന്തിയ പരിഗണനയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സർക്കാർ നിർദ്ദേശ പ്രകാരം 330 ഓക്‌സിജൻ സിലിണ്ടറുകളാണ് അയൽ ജില്ലകളിൽ നിന്നും മലപ്പുറത്തെത്തിച്ചത്. ഇതിൽ 200 എണ്ണം തൃശൂർ ജില്ലയിൽ നിന്നും 130 എണ്ണം കോഴിക്കോട് ജില്ലയിൽ നിന്നുമാണ്. പാലക്കാട് കഞ്ചിക്കോട്ടു നിന്നാണ് ദ്രവരൂപത്തിലുള്ള ഓക്സിജൻ ജില്ലയിലെ സംഭരണികളിലേക്കെത്തിക്കുന്നത്.

ജില്ലയിലെ പ്രധാന കോവിഡ് ആശുപത്രിയായ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഓക്സിജൻ സംഭരണശേഷി വർധിപ്പിച്ചതുൾപ്പടെ പ്രവർത്തികളാണ് ജില്ലയുടെ ഓക്സിജൻ ക്ഷാമത്തിന് വേഗത്തിൽ പരിഹാരമായി മാറിയത്. നേരത്തെ 18 മണിക്കൂർ വിതരണത്തിനുള്ള ഓക്സിജൻ മാത്രമായിരുന്നു മഞ്ചേരിയിലെ സംഭരണിക്കുണ്ടായിരുന്നത്. എന്നാൽ പുതിയ സംഭരണി പ്രവർത്തനക്ഷമമായതോടെ 48 മണിക്കൂർ നേരത്തേക്ക് ഓക്സിജൻ വിതരണം സാധ്യമാകും. സ്വകാര്യ മേഖലയിലേതുൾപ്പടെ ഓക്സിജൻ പ്ലാന്റുകൾ കൂടി പ്രവർത്തന ക്ഷമമാക്കിയതോടെ ജില്ലയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ വേഗത്തിൽ മറികടക്കാൻ ജില്ലാ ഭരണകൂടത്തിനായി.

ജില്ലയിലെ ഏഴ് കോവിഡ് ആശുപത്രികളിലും ഏകദേശം 7000 ലിറ്റർ ഓക്സിജൻ നിറക്കാവുന്ന വിധത്തിലുള്ള 100 ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളും കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 30 ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളുമാണ് ഉറപ്പാക്കിയിട്ടുള്ളത്. കൂടാതെ ചേളാരിയിലെ ശ്രീകല ഓക്സിജൻ കമ്പനിയിലെ മെഡിക്കൽ ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജൻ മാനേജ്മെന്റ് കമ്മിറ്റി പിടിച്ചെടുത്ത വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന 300 സിലിണ്ടറുകൾ അണുവിമുക്തമാക്കിയ ശേഷം വിവിധ സർക്കാർ ആശുപത്രികളിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന 20 ഓക്‌സിജൻ കോൺസൺട്രേറ്ററുകളും വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകിയിട്ടുണ്ട്.ജില്ലയിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ പ്രധാനഓക്സിജൻ നിർമ്മാണ കേന്ദ്രങ്ങളുടെയും സംഭരണികളുടെയും വിവരങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.

മഞ്ചേരിയിൽ ഇനി 48 മണിക്കൂറും ഓക്‌സിജൻ ലഭിക്കും

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10,000 ലിറ്റർ സംഭരണശേഷിയുള്ള ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ 48 മണിക്കൂർ തടസമില്ലാതെ ഓക്‌സിജൻ ലഭ്യമാക്കാനായി. നേരത്തെ രണ്ട് പ്ലാന്റുകളിലായി 4000 ലിറ്റർ സംഭരണ ശേഷിയുണ്ടായിരുന്നപ്പോൾ 18 മുതൽ 20 മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജൻ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇവിടെ നിന്നും മാറ്റിയ 3000 ലിറ്ററിന്റെ പ്ലാന്റ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി സൗജന്യമായാണ് മഞ്ചേരിയിലെ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിൽ കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഓക്സിജൻ കിടക്കകളും വർധിപ്പിച്ചിരിക്കുകയാണ്. ഓക്സിജൻ സംഭരണശേഷി ഉയർത്തിയതിന്റെ കൂടി അടിസ്ഥാനത്തിൽ നിലവിൽ 147 പോയിന്റുകളിലായി 223 ബെഡുകളെന്നത് 175 ബെഡുകൾ കൂടി വർധിപ്പിച്ച് 398 ലെത്തിക്കാനാണ് തീരുമാനം. കൂടാതെ ഡി, ബി ടൈപ്പ് സിലിണ്ടറുകൾ വഴി ശേഷിക്കുന്ന ബെഡുകളിലും ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ഓക്‌സിജൻ സംഭരണി

മഞ്ചേരി മെഡിക്കൽ കോളജിൽ നിലവിലെ സംഭരണ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി മാറ്റിയ 3000 ലിറ്ററിന്റെ ഓക്സിജൻ പ്ലാന്റ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പ്ലാന്റിൽ നിന്നുള്ള പൈപ്പ് കണക്ഷനുൾപ്പടെ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കൂടാതെ പി.എം കെയർ പദ്ധതിയിലൂടെ മറ്റൊരു പ്ലാന്റ് കൂടി സ്ഥാപിച്ചേക്കും.

താനൂർ ദയ കോവിഡ് ആശുപത്രി

കോവിഡ് ആശുപത്രിയായി സർക്കാർ ഏറ്റെടുത്ത താനൂരിലെ ദയ ആശുപത്രിയിൽ 2000 ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ദ്രവരൂപത്തിലുള്ള മെഡിക്കൽ ഓക്സിജൻ ടാങ്കിൽ പ്രഷർ റഗുലേറ്റർ കൂടി സജ്ജീകരിക്കുന്നതോടെ പ്ലാന്റ് ഉപയോഗിക്കാനാവും. പാലക്കാട് കഞ്ചിക്കോട്ടെ സെയിൻ ഗോബിയൻ കമ്പനി ഫാക്ടറിയിൽ നിന്നെത്തിച്ച ഓക്സിജൻ ടാങ്ക് കഞ്ചിക്കോട്ടെ പ്രീമിയർ ഗ്യാസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

മാറാക്കരയിലെ ഓക്‌സിജൻ ജനറേറ്റർ

മാറാക്കര പഞ്ചായത്തിലെ പെരുങ്കുളത്ത് എട്ട് വർഷം മുമ്പ് അടച്ചുപൂട്ടിയ സതേൺ എയർ പ്രൊഡക്ട്സിലാണ് വ്യവസായ-വാണിജ്യ വകുപ്പ് പിന്തുണയോടെ ഓക്സിജൻ ഉൽപ്പാദനം പുനരാരംഭിച്ചിരിക്കുന്നത്. ഇതുവഴി 3.2 മെട്രിക് ടൺ ഓക്സിജനാണ് ജില്ലയ്ക്ക് അധികമായി ലഭിക്കുക. മണിക്കൂറിൽ 100 ക്യുബിക് മീറ്ററാണ് പ്ലാന്റിന്റെ ഉൽപ്പാദനശേഷി. പതിനഞ്ച് സിലിണ്ടറുകൾ വരെ ഇത് ഉപയോഗിച്ച് നിറയ്ക്കാനാവും. അന്തരീക്ഷ വായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്നതാണ് പ്ലാന്റിലെ രീതി. മറ്റ് അസംസ്‌കൃത വസ്തുക്കളോ ഇന്ധനങ്ങളോ ഉപയോഗിക്കാതെ വൈദ്യുതിയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. വായുവിനെ തണുപ്പിച്ച് 140 മുതൽ 180 ഡിഗ്രി വരെ എത്തുമ്പോൾ ദ്രവീകൃത ഓക്സിജനായി മാറും. ഈ ഓക്സിജനെ ഉയർന്ന മർദ്ദത്തിൽ സിലിണ്ടറുകളിലേക്ക് നിറയ്ക്കുകയാണ് ചെയ്യുന്നത്. പൂർണമായും ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഓക്‌സിജനാണ് പ്ലാന്റിൽ നിന്ന് നൽകുന്നത്. ഓക്‌സിജൻ വിതരണത്തിനുള്ള സിലിണ്ടറുകൾ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നാണ് എത്തിച്ച് നൽകുന്നത്.

ചേളാരിയിലെ ശ്രീകല ഓക്സിജൻ കമ്പനി

ജില്ലയിലെ ഓക്സിജൻ ഉൽപാദന സംരംഭമാണ് ചേളാരിയിലുള്ള ശ്രീകല ഓക്സിജൻ കമ്പനി. എയർ സെപ്പറേഷൻ യൂണിറ്റ് വഴി അന്തരീക്ഷ വായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുത്ത് ആദ്യം ദ്രവ രൂപത്തിലാക്കുകയും പിന്നീട് വീണ്ടും വാതകരൂപത്തിലാക്കി മാറ്റി സിലിണ്ടറുകളിൽ നിറയ്ക്കുകയുമാണ്ചെയ്യുന്നത്. 4200 ക്യുബിക് മീറ്ററാണ് ഒരുദിവസത്തെ ഉൽപാദനശേഷി. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്കും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്കും ഓക്സിജൻ സിലിണ്ടറുകൾ എത്തുന്നത് ഇവിടെ നിന്നാണ്.

തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിലും

ഇതിന് പുറമെ നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിലും ഓക്സിജൻ നിർമ്മാണ കേന്ദ്രവും സംഭരണികളും സ്ഥാപിക്കുന്നുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 3000 ലിറ്ററിന്റെ ഓക്സിജൻ സംഭരണിയാണ് ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്നത്. ഇത് ഒരു മാസത്തിനകം യാഥാർത്ഥ്യമാകും. കൂടാതെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി പിഎം കെയർ ഫണ്ടുപയോഗിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിന്റെ പ്രവൃത്തികൾ 50 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.വ്യാപാരികൾക്ക് മൂന്നാംഘട്ട ആന്റിജൻ ടെസ്റ്റിന് സൗകര്യമൊരുക്കി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി നഗരസഭയിലെ വ്യാപാര -വാണിജ്യമേഖലയിലെ ജീവനക്കാർക്കും ഉടമകൾക്കും കോവിഡ് പ്രതിരോധത്തിന്റെയും കരുതലിന്റെയും ഭാഗമായി തിരൂരങ്ങാടി നഗരാരോഗ്യ കേന്ദ്രത്തിന്റെയും നഗര സഭയുടെയും നേതൃത്വത്തിൽ മെയ് 29 ആന്റിജൻ ടെസ്റ്റ് നടത്തും. കാച്ചടി സ്‌കൂളിൽ 250 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കിയതായി നഗര സഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

നാളെ രാവിലെ 9.30 മുതൽ പരിശോധന ആരംഭിക്കും. 12 മണിക്ക് മുമ്പായികക്കാട് മുതൽ വെന്നിയൂർ വരെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും ക്യാമ്പിൽ രജിസ്റ്റർ ചെയ്യണം. 12 മണിക്ക് ശേഷം കിറ്റ് ബാക്കി വരുന്ന മുറക്ക് പൊതുജനങ്ങൾക്കും ടെസ്റ്റിൽ പങ്കെടുക്കാം. കടകളിലെ ജീവനക്കാർക്കും ഉടമകൾക്കുമായി മെയ് 26 മുതലാണ് നഗരസഭ ആന്റിജെൻ ടെസ്റ്റ് ക്യാമ്പുകൾ തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയിൽ 260 പേർക്ക് ആന്റിജെൻ ടെസ്റ്റ് നടത്തിയിരുന്നു. ചെമ്മാട് തൃക്കുളം സ്‌കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു കോവിഡ് പരിശോധന. രണ്ടാംഘട്ടമെന്ന നിലയിൽ ഉച്ചക്ക് ശേഷം നടന്ന ക്യാമ്പിലും വൈകീട്ട് നാലിന് ശേഷം കച്ചവടക്കാർക്ക് മാത്രമായി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP