Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂത്ത് മൊബിലിറ്റി പദ്ധതിയിൽ രണ്ടുവർഷം യു കെയിൽ ജോലിചെയ്യാം; കള്ളവണ്ടി കയറി വരുന്ന ഇന്ത്യാക്കാരെ ഉടൻ നാടുകടത്തും; ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറും ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലും ഒപ്പുവച്ചത് സുപ്രധാന കുടിയേറ്റ കരാർ

യൂത്ത് മൊബിലിറ്റി പദ്ധതിയിൽ രണ്ടുവർഷം യു കെയിൽ ജോലിചെയ്യാം; കള്ളവണ്ടി കയറി വരുന്ന ഇന്ത്യാക്കാരെ ഉടൻ നാടുകടത്തും; ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറും ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലും ഒപ്പുവച്ചത് സുപ്രധാന കുടിയേറ്റ കരാർ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കിക്കൊണ്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറും ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലും പുതിയ കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച്, അനധികൃതമായി ബ്രിട്ടനിൽ കുടിയേറിയ ഇന്ത്യാക്കാരെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കും. എന്നാൽ, അതിനുമുൻപായി ഇവർ ഇന്ത്യാക്കാരാണെന്ന് തെളിയിക്കപ്പെടണം. കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഇരു രാജ്യങ്ങളും ഒപ്പിട്ട മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർടണർഷിപ് എഗ്രിമെന്റിലെ വ്യവസ്ഥയാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹായ സഹകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഈ കരാർ സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതോടെ ഇന്ത്യയിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാർ യഥാർത്ഥത്തിൽ ഇന്ത്യാക്കാർ തന്നെയാണോ എന്ന് തെളിയിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ ബ്രിട്ടൻ ഏർപ്പെടുത്തും. ഇത്തരത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നവർ ഇന്ത്യാക്കാർ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തേ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ എന്നും കല്ലുകടികൾ സൃഷ്ടിച്ചിരുന്ന ഇക്കാര്യം ഇപ്പോൾ ഫലവത്തായി പരിഹരിച്ചിരിക്കുകയാണ്. ഈ മേഖലയിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കും. നേരത്തേ ബ്രിട്ടൻ വിചാരിച്ചിരുന്നത് ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാരെ തിരികെയെടുക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു. പുതിയ കരാർ ഒപ്പുവച്ചതോടെ ആ സംശയം ദൂരീകരിക്കപ്പെട്ടു.

അനധികൃത കുടിയേറ്റപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനൊപ്പം ഒരു പുതിയ യൂത്ത് മൊബിലിറ്റി പദ്ധതിയും ചൊവ്വാഴ്‌ച്ച ഒപ്പിട്ട ഈ കരാറിൽ ഉണ്ട്. ഇതനുസരിച്ച് എല്ലാവർഷവും ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ രണ്ടുവർഷം വരെജോലിചെയ്യുവാനുള്ള അവസരം ലഭിക്കും. ഇതിനായി ലേബർ മാർക്കറ്റ് ടെസ്റ്റിന്റെ ആവശ്യം വരില്ല. ഇത്തരത്തിൽ ബ്രിട്ടനിൽ ജോലി ചെയ്യാവുന്നവരുടെ എണ്ണം ഭാവിയിൽ വർദ്ധിപ്പിച്ചേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനധികൃത കുടിയേറ്റത്തിനെ ഇന്ത്യ ഒരിക്കലും പ്രോത്സഹിപ്പിക്കില്ല എന്നു പറഞ്ഞ ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സന്ദീപ് ചക്രവർത്തി, അത് നിയമപരമായ കുടിയേറ്റത്തേ പോലും പലപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തുമെന്നും ചൂണ്ടിക്കാട്ടി. ഇപ്പോൾ ഒപ്പിട്ടിരിക്കുന്ന പുതിയ കുടിയേറ്റ യൂത്ത് മൊബിലിറ്റി കരാർ ഇക്കാര്യങ്ങൾ സമഗ്രമായി ഉൾക്കൊണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് കേന്ദ്രങ്ങളും അറിയിച്ചു. യുവ പ്രൊഫഷണലുകൾക്ക് എത്രയും പെട്ടെന്ന് ബ്രിട്ടനിൽ എത്തി തൊഴിൽ എടുക്കുവാനുള്ള അവസരങ്ങളും ഒരുക്കും. ബ്രിട്ടൻ വിസ പങ്കാളിത്തമുണ്ടാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് വക്താവ് ചൂണ്ടിക്കാണിച്ചു.

പുതിയ കരാറിലെ പ്രധാന ഭാഗങ്ങൾ

ബ്രിട്ടനിൽ താമസിക്കുവാനോ തൊഴിലെടുക്കുവാനോ നിയമപരമായി രേഖകൾ ഇല്ലാത്തവരോ, മറ്റെന്തെങ്കിലും കാരണവശാൽ അനുമതി നിഷേധിച്ചവരോ ആയ ഇന്ത്യൻ പൗരന്മാരെ ബ്രിട്ടൻ നാടുകടത്തുമ്പോൾ ഇന്ത്യ അവരെ സ്വീകരിക്കും. എന്നാൽ, ഇവർ ഇന്ത്യാക്കാരാണെന്ന് തെളിയിക്കുവാനുള്ള രേഖകൾ ബ്രിട്ടീഷ് സർക്കാർ നൽകണം. ഇക്കാര്യത്തിൽ ബ്രിട്ടന് ആവശ്യമായ സഹായങ്ങൾ ഇന്ത്യ നൽകുന്നതായിരിക്കും.

ഇത്തരത്തിൽ അനധികൃതമായി കുടിയേറ്റക്കാർക്ക് സ്വമേധയാ ബ്രിട്ടൻ വിട്ട് ഇന്ത്യയിലേക്ക് പോകുവാനുള്ള വഴിയൊരുക്കുക എന്നതാണ് ഈ കരാറിന്റെ മുഖ്യ ഉദ്ദേശ്യം. ഇങ്ങനെ പോകുന്നവർക്ക് ഇരു രാജ്യങ്ങളിലും നിയമ നടപടികൾ നേരിടേണ്ടതായി വരില്ല. എന്നാൽ, സ്വമേധയാ ഒഴിഞ്ഞുപോകാൻ കൂട്ടാക്കാത്ത അനധികൃത കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് നാടുകടത്താൻ ബ്രിട്ടന് സാധിക്കും. ഇങ്ങനെ വന്നാൽ, അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇന്ത്യയിലും ലഭിച്ചെന്നുവരില്ല.

ഇതോടൊപ്പമാണ് പ്രതിവർഷം 3000 യുവ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ ജോലിചെയ്യുവാനുള്ള അനുമതിയും ബ്രിട്ടൻ നൽകുന്നത്. രണ്ടുവർഷം വരെ ഇത്തരത്തിലെത്തുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ ജോലിചെയ്യാൻ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP