Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് അതിജീവന പാതയിൽ മലപ്പുറം; നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്; നിയമം ലംഘിച്ച 615 പേർക്കെതിരെ ക്രിമിനൽ നടപടി; 10,115 പേരിൽ നിന്നും പിഴ ഈടാക്കി

കോവിഡ് അതിജീവന പാതയിൽ മലപ്പുറം; നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്; നിയമം ലംഘിച്ച 615 പേർക്കെതിരെ ക്രിമിനൽ നടപടി; 10,115 പേരിൽ നിന്നും പിഴ ഈടാക്കി

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് 19 വ്യാപനം രൂക്ഷമായതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ മലപ്പുറം ജില്ലയിൽ പ്രതിരോധം ഫലപ്രാപ്തിയിലേക്കടുക്കുന്നു. വ്യാഴാഴ്ച 16.82 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 12 ദിവസമായി തുടരുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ജനങ്ങളുടെ പൊതു സമ്പർക്കം ഗണ്യമായി കുറക്കാനായതാണ് ജില്ലയ്ക്ക് ആശ്വാസമാകുന്നത്. ജനങ്ങളുടെ സഹകരണവും രോഗ വ്യാപനം കുറയ്ക്കാൻ സഹായകമായി

മെയ് 21 ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആർ) 23 ന് 31.53 ശതമാനത്തിലേക്ക് ഉയർന്നിരുന്നെങ്കിലും ഇപ്പോൾ കുറഞ്ഞുവരികയാണ്. 24 ന് 27.34, 25 ന് 26.57, 26 ന് 21.62 ശതമാനം എന്നിങ്ങനെ കുറഞ്ഞാണ് ടി.പി.ആർ വ്യാഴാഴ്ച 16.82 ശതമാനത്തിൽ എത്തി നിൽക്കുന്നത്. വൈറസിന്റെ സമൂഹ വ്യാപനം കണ്ടെത്തി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ് 23 മുതൽ ജില്ലയിൽ പ്രതിദിന പരിശോധന വർധിപ്പിച്ചിരുന്നു.

നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന പ്രത്യേക പരിശോധനയിൽ വൈറസ് ബാധിതരാകുന്നവർ കുറയുന്നുവെന്ന കണ്ടെത്തലും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. പ്രതിദിനം 25,000 പേർക്കാണ് ജില്ലയിൽ വാർഡ് തലത്തിലുൾപ്പടെ നടക്കുന്ന പ്രത്യേക ക്യാമ്പുകളിൽ ആന്റിജൻ പരിശോധന നടത്തുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരേയും പരിശോധനയ്ക്ക് വിധേയരാക്കുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ തോത് കണ്ടെത്തുകയും രോഗികളുമായി മറ്റുള്ളവർ സമ്പർക്കത്തിലേർപ്പെടുന്നത് തടയുകയും ചെയ്യുന്ന രീതിയാണ് ജില്ലയിൽ അനുവർത്തിക്കുന്നത്. പരമാവധിയാളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം വലിയ അളവിൽ കുറക്കാനാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ വിപുലമായ ക്രമീകരണങ്ങളാണ് നിലവിലുള്ളത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർക്ക് വീടുകളിൽ തന്നെയാണ് പ്രത്യേക നിരീക്ഷണ സൗകര്യം ഏർപ്പെടുത്തുന്നത്. ഇതിനു കഴിയാത്തവർക്ക് തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്നു.ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവർക്ക് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ,കോവിഡ് ആശുപത്രികളിലും കേന്ദ്രങ്ങളിലുമാണ് ചികിത്സ നൽകുന്നത്.
കോവിഡ് സമൂഹ വ്യാപന സാധ്യത തടയാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ തുടരുന്നത്.

ഇക്കാര്യത്തിൽ പൊതുജന സഹകരണം മാതൃകാപരമാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം പൊലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും രോഗ നിർവ്യാപന പ്രവർത്തനങ്ങളിൽ സജീവമാണ്. കടുത്ത നിയന്ത്രണങ്ങൾ സമൂഹ രക്ഷയ്ക്കാണെന്ന് തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതുജനങ്ങളിൽ നിന്നുമുള്ളത്. ഈ രീതിയിൽ പ്രതിരോധം തുടരുന്നതോടെ കോവിഡ് മഹാമാരിയെ അതിജീവിക്കാനാകുമെന്നു ജില്ലാ കലക്ടർ കെ ഗോപാല കൃഷ്ണൻ പറഞ്ഞു.

ട്രിപ്പിൾ ലോക്ക് ഡൗൺ: ജില്ലയിൽ 615 പേർക്കെതിരെ ക്രിമിനൽ നടപടി

കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്റ ഭാഗമായി ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണവും നിയമ നടപടികളും ശക്തമായി തുടരുന്നു. ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച 615 പേർക്കെതിരെ ക്രിമിനൽ നടപടിയെടുത്തു. 10,115 പേരിൽ നിന്നും പിഴ ഈടാക്കി. സാമൂഹിക അകലം പാലിക്കാത്തവർ, മാസ്‌ക്ക് ധരിക്കാത്തവർ, അനാവശ്യ യാത്ര നടത്തുന്നവർ, ക്വാറന്റൈൻ ലംഘനം നടത്തിയവർ എന്നിവർക്കെതിരെയാണ് കേസുകൾ എടുത്തത്.

ട്രിപ്പിൾ ലോക്ക് ഡൗണിൽ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 4,861 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 24,30,500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് 1,678 പേർക്കെതിരെയും നടപടിയെടുത്തു. ഇവരിൽ നിന്നും 8,39,000 രൂപ പിഴ ഈടാക്കി. അനാവശ്യമായി പുറത്തിങ്ങിയതിന് ജില്ലയിൽ ഇതുവരെ (മെയ് 26) 4,573 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കുന്നതിനായി വ്യക്തമായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരെ ആന്റിജെൻ ടെസ്റ്റിന് വിധേയമാക്കുകയും പോസിറ്റീവ് ആകുന്നവരെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും നെഗറ്റീവായാൽ പിഴ ഈടാക്കുകയും ചെയ്യും. ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റ നേതൃത്വത്തിൽ ജില്ലയിൽ വാഹന പരിശോധന, റോഡ് ബ്ലോക്കിങ്ങ്, ക്വാറന്റൈൻ ചെക്ക് എന്നിവ കൂടുതൽ ശക്തമാക്കീട്ടുണ്ട്.

ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചു

കോവിഡ് രോഗികളുടെ ചികിത്സക്കും നിരീക്ഷണത്തിനുമായി ജില്ലയിൽ ഒരുക്കിയത് 8,543 കോവിഡ് കിടക്കകളും അനുബന്ധ സൗകര്യങ്ങളും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് കൂടുതൽ ചികിത്സാ, നിരീക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.

ആശുപത്രികൾ, ഫസ്റ്റ് ലൈൻ-സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായാണ് ഇത്രയും സൗകര്യങ്ങൾ ഒരുക്കിയത്. 76 കോവിഡ് ആശുപത്രികളാണ് നിലവിൽ ജില്ലയിലുള്ളത്. ഇതിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ ഏഴ് സർക്കാർ ആശുപത്രികളും 69 സ്വകാര്യ ആശുപത്രികളുമാണ് കോവിഡ് ആശുപത്രികളാക്കി മാറ്റിയത്. കേന്ദ്രീകൃത ഓക്സിജൻ സൗകര്യത്തോടെയുള്ള 192 എണ്ണം ഉൾപ്പെടെ 818 കിടക്കകളാണ് സർക്കാർ ആശുപത്രികളിലുള്ളത്. 101 ഐ.സി.യു കിടക്കകളും 69 വെന്റിലേറ്ററുകളും സർക്കാർ ആശുപത്രികളിലുണ്ട്.

സ്വകാര്യ ആശുപത്രികളിലെ 2,016 കിടക്കകളിൽ 640 കിടക്കകൾ കേന്ദ്രീകൃത ഓക്സിജൻ സൗകര്യത്തോടെയുള്ളതാണ്. 329 ഐ.സി.യു കിടക്കകളും 140 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ഒമ്പത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 38 കേന്ദ്രീകൃത ഓക്സിജൻ സൗകര്യത്തോടെയുള്ളവ സഹിതം 1,073 കിടക്കൾ സജ്ജമാണ്. ഫസ്റ്റ് ലൈൻ സെന്ററുകളിൽ ലഭ്യമായ കിടക്കകകളുടെ 27 ശതമാനമാണ് നിലവിൽ രോഗികളുള്ളത്.

13 സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റുകളിലുള്ള 485 കിടക്കകളിൽ 37 ശതമാനം കിടക്കകളാണ് നിലവിൽ രോഗികൾ ഉപയോഗിക്കുന്നത്. ഈ ചികിത്സാ കേന്ദ്രങ്ങളിൽ 69 കേന്ദ്രീകൃത ഓക്സിജൻ സൗകര്യമുള്ള കിടക്കകളും അഞ്ച് ഐ.സി.യു കിടക്കകളും സജ്ജമാണ്. ഇതിനു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ 111 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും (ഡൊമിസിലിയറി കെയർ സെന്റർ) ജില്ലയിൽ പ്രവർത്തിക്കുന്നതായും കോവിഡ് പ്രതിരോധ-നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യാനുസരണം കൂടുതൽ കിടക്കകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി 4,151 കിടക്കകളാണ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഇത്തരം കേന്ദ്രങ്ങളിൽ 25.42 ശതമാനം കിടക്കകളും കോവിഡ് നിരീക്ഷണത്തിലുള്ളവർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ പട്ടിക വർഗ കോളനികളിൽ വാക്സിൻ സ്വീകരിച്ചത് 5,633 പേർ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പട്ടിക വർഗ കോളനികളിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഊർജിതമായി തുടരുന്നു. പട്ടിക വർഗ വിഭാഗക്കാർക്ക് അടിയന്തരമായി കോവിഡ് വാക്സിനേഷൻ നൽകണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തെ തുടർന്നാണ് നടപടി. പട്ടിക വർഗത്തിൽ പെട്ട 5,633 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.

18നും 45 നും ഇടയിൽ പ്രായമുള്ള 1,426 പേരും 45 നും 60 നും ഇടയിൽ 2,365 പേരും 60 വയസിനു മുകളിൽ 1,632 പേരുമാണ് ആദ്യ ഡോസ് വാക്സിൻ എടുത്തത്. നാല്പത്തഞ്ചിനും അറുപതിനും ഇടയിൽ 71 പേരും അറുപത് വയസ്സിനു മുകളിൽ 139 പേരും രണ്ട് ഡോസും പൂർത്തിയാക്കി. കോളനികളിലെ 18 വയസ്സിനുമുകളിലുള്ള എല്ലാ ആളുകൾക്കും വാക്‌സിൻ നൽകുവാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. നിലമ്പൂർ, പെരിന്തൽമണ്ണ, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾക്ക് കീഴിലായി 291 പട്ടിക വർഗ കോളനികളാണ് ജില്ലയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP