Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.വി.അൻവർ എംഎ‍ൽഎയുടെ അനധികൃത തടയണകൾക്കെതിരെ നടപടിയെടുക്കാതെ അലംഭാവം; കോഴിക്കോട് കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് ഹർജി; കളക്ടർ സീറാം സാംബശിവറാവു തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് അഞ്ചുമാസം മുമ്പ്

പി.വി.അൻവർ എംഎ‍ൽഎയുടെ അനധികൃത തടയണകൾക്കെതിരെ നടപടിയെടുക്കാതെ അലംഭാവം; കോഴിക്കോട് കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് ഹർജി; കളക്ടർ സീറാം സാംബശിവറാവു തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് അഞ്ചുമാസം മുമ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎയായ പി.വി.അൻവറിന്റെ അനധികൃത തടയണകൾക്കെതിരെ നടപടിയെടുക്കാത്ത കോഴിക്കോട് കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് ഹർജി. പി.വി അൻവർ എംഎ‍ൽഎയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ നടപടിയെടുക്കാത്തതിനാണ് കോഴിക്കോട് കളക്ടർ സീറാം സാംബശിവറാവുവിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി നൽകിയത്.

കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജനുവരി 25ന് ജില്ലാ കളക്ടർ വിചാരണ നടത്തി റിസോർട്ടിലെ തടയണകളും അനധികൃത നിർമ്മാണങ്ങളും പരിശോധിക്കാൻ മൂന്നംഗ വിദഗ്‌സമിതിയെ നിയോഗിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് തേടുകയുമായിരുന്നു. എന്നാൽ വിദഗ്ധ സമിതിയെ നിയോഗിക്കുകയല്ലാകെ ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടർ അനധികൃത തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

ഇതോടെയാണ് രാജൻ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി നിർമ്മിച്ച തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രൻ, കെ.വി ജിജു എന്നിവർ നൽകിയപരാതിയിൽ രണ്ടര വർഷമായിട്ടും കോഴിക്കോട് കളക്ടർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഉരുൾപൊട്ടലിനെ തുടർന്ന് 2018ൽ കോഴിക്കോട് ജില്ലാ കളക്ടർ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അൻവർ എംഎ‍ൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആർ നാച്വറോ റിസോർട്ട്.

ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകൾകെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകൾ നിർമ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ഈ തടയണകൾക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇൻഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്.

ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗംകേൾക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി പി.വി അൻവറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാൽ കോഴിക്കോട് കളക്ടർ പീവീആർ നാച്വറോ പാർക്കിലെ അനധികൃത തടയണകൾക്കും വില്ലകൾക്കുമെതിരെ ഉയർന്ന പരാതികളിൽ നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP