Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനത്ത നാശം വിതച്ച് യാസ്; ചുഴലിക്കാറ്റിൽ ബംഗാളിലും ഒഡിഷയിലും വ്യാപക നാശനഷ്ടം; ബംഗാളിൽ മൂന്നുപേർ മരിച്ചു; തീരം തൊട്ടത് മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിൽ; ഒരുകോടി പേരെ ബാധിച്ചു; മൂന്ന് ലക്ഷം വീടുകൾ തകർന്നു; ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി; വേഗത കുറഞ്ഞ് യാസ് ഝാർഖണ്ഡിലേക്ക്

കനത്ത നാശം വിതച്ച് യാസ്; ചുഴലിക്കാറ്റിൽ ബംഗാളിലും ഒഡിഷയിലും വ്യാപക നാശനഷ്ടം; ബംഗാളിൽ മൂന്നുപേർ മരിച്ചു; തീരം തൊട്ടത് മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിൽ; ഒരുകോടി പേരെ ബാധിച്ചു; മൂന്ന് ലക്ഷം വീടുകൾ തകർന്നു; ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി; വേഗത കുറഞ്ഞ് യാസ് ഝാർഖണ്ഡിലേക്ക്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിൽ ബംഗാളിലും ഒഡിഷയിലും കനത്ത നാശനഷ്ടം. ബംഗാളിൽ മൂന്നുപേർ മരിച്ചു. മൂന്നു ലക്ഷം വീടുകൾ തകർന്നു. ഒരു കോടി ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചു.

മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലുമീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി.

പൂർണമായി കരയിലെത്തിയ യാസ് ശക്തി കുറഞ്ഞ് ഝാർഖണ്ഡിലേക്കു കടന്നു. ഒഡിഷയിലെ ദുർഗാപുർ, റൂർക്കേല വിമാനത്താവളങ്ങൾ പ്രവർത്തനം താൽകാലികമായി നിർത്തി. അടഞ്ഞു കിടക്കുന്ന ജർസുഗുഡ വിരേന്ദ്രസായി, കൊൽക്കത്ത വിമാനത്താവളങ്ങൾ രാത്രി തുറക്കും. റെയിൽവേ 18 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി.

തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡീഷ ഒഴിപ്പിച്ചിരുന്നു. മരം വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മെദിനിപ്പുരിലെ ദിഗയിൽ കടൽക്ഷോഭത്തെ തുടർന്ന് തീരുത്തുള്ളവരെയാകെ ഒഴിപ്പിച്ചു. 11 ലക്ഷം പേരെയാണ് പശ്ചിമ ബംഗാൾ മാത്രം ഒഴിപ്പിച്ചത്.

രാവിലെ ഒൻപതു മണിയോടെ സൂപ്പർ സൈക്ലോണായി യാസ് ഒഡിഷയിലെ ദംറ തുറമുഖത്തിനു സമീപത്തുകൂടി കരയിൽ കയറി. പൂർണമായി കരതൊടാൻ നാലു മണിക്കൂർ സമയമെടുത്തു. തുടക്കത്തിൽ മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗത്തിൽ ആഞ്ഞുവീശിയ യാസ് നിലവിൽ ശക്തിയും വേഗതവും കുറഞ്ഞ് ചുഴലിക്കാറ്റായി റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണ്. നാളെ രാവിലെ ന്യൂനമർദമായി മാറും.

ബംഗാളിലാണു യാസ് ദുരിത പെയ്ത്ത് നടത്തിയത്. മൂന്നു ലക്ഷം വീടുകൾ പൂർണമായോ, ഭാഗികമായോ തകർന്നു. ഒരു കോടിയാളുകളെ ബാധിച്ചു. മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയുടെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ദിഗ, ഈസ്റ്റ് മിഡ്‌നാപുർ, നന്ദിഗ്രാം എന്നീ ജില്ലകളിൽ വൻ നാശമുണ്ടായതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

മൂന്ന് ലക്ഷം വീടുകൾക്ക് കേടു പറ്റുകയോ തകരുകയോ ചെയ്‌തെന്ന് മമത പറഞ്ഞു. കൊൽക്കത്തയ്ക്ക് അടുത്ത് നോർത്ത് 24 പർഗാനസിൽ രണ്ടു പേർ ഇടിമിന്നലേറ്റ് മരിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വീണു. മെദിനിപ്പൂർ, സൗത്ത് 24 പർഗാനസ് ഹൂഗ്‌ളി എന്നീ ജില്ലകളിലും കനത്ത മഴ തുടരുന്നു.

കൊൽക്കത്ത വിമാനത്താവളം 12 മണിക്കൂർ സമയത്തേക്ക് അടച്ചിട്ടിരുന്നു. ദുരന്തനിവാരണ സേനയുടെ 60 കമ്പനികൾ ഈ മേഖലയിൽ തുടരുകയാണ്. നാവിക സേനയുടെ രണ്ട് കപ്പലുകൾ എന്തും നേരിടാൻ തീരത്തുന്നുണ്ട്. ചുഴലിക്കാറ്റ് ഇനി ഝാർഖണ്ടിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഝാർഖണ്ടിലും ബംഗാളിലും കനത്ത മഴ തുടരും. മൂന്ന് ദിവസമായി തുടരുന്ന മുൻകരുതൽ നടപടികൾ എന്തായാലും ആളപായം കുറയ്ക്കാൻ സഹായിച്ചു എന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ

ഒഡിഷയിലെ തീരദേശ ജില്ലകളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണെങ്കിലും ആൾനാശമുണ്ടായിട്ടില്ല. ബലാസോർ, ബദ്രക്, ജഗത് സിങ് പുർ തുടങ്ങിയ ജില്ലകളെയാണ് യാസ് പിടിച്ചുകുലുക്കിയത്. ചുഴലിക്കാറ്റിന്റെ സ്വാധീന വലയത്തിലേക്കെത്തിയതോടെ ഝാർഖണ്ഡിന്റെ താഴ്ന്ന ഭാഗങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയും കര, വ്യോമ, നാവിക സേനകളും രക്ഷാപ്രവർത്തനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP