Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,717 പേർക്ക്; കൂടുതൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും; കേരളത്തിൽ ഒൻപത് മരണം; 36 പേർ ചികിത്സയിൽ; കനത്ത ജാഗ്രത

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,717 പേർക്ക്; കൂടുതൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും; കേരളത്തിൽ ഒൻപത് മരണം; 36 പേർ ചികിത്സയിൽ; കനത്ത ജാഗ്രത

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു. ഇതുവരെ 11,717 മ്യൂക്കോർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

കോവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നതു വ്യാപകമായതിനെ തുടർന്ന് ഇതിനെ മഹാമാരിയായി പ്രഖ്യാപിക്കണമെന്നും രോഗികളുടെ എണ്ണം അറിയിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്തിൽ ഇതുവരെ 2,859 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ 2,770 പേർക്കും ആന്ധ്രാപ്രദേശിൽ 768 പേർക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കണക്ക് പ്രകാരം കേരളത്തിൽ 36 ബ്ലാക്ക് ഫംഗസ് ബാധിതരാണുള്ളത്.

ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്റെ 29,250 വയലുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിൽ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബ്ലാക്ക് ഫംഗസ് ബാധിതരുടെ കണക്കുകളും സദാനന്ദ ഗൗഡ ട്വിറ്ററിൽ പങ്കുവെച്ചു.

ഡൽഹിയിൽ ഇതുവരെ 620 കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ പട്ടികയിൽ 120 കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

പടികയറിയെത്തുന്നതു പോലെയാണ് ഈ ഫംഗസിന്റെ കാര്യം. ആദ്യ പടിയിൽ അപകടം തിരിച്ചറിയുകയും പരിഹാര നടപടി തുടങ്ങുകയും ചെയ്താൽ അത്രയും നല്ലത്. മൂക്കിൽനിന്നാണു ഫംഗസ് ബാധ പ്രധാനമായും തുടങ്ങുക. പിന്നീടതു തലയോട്ടിക്കുള്ളിലെ അറകളിലേക്ക് (സൈനസ്) പടരും. അവിടെനിന്നാണു കണ്ണിലേക്കെത്തുക. പിന്നീടു തലച്ചോറിലേക്കും. ഈ ഘട്ടം എത്തുമ്പോഴേക്കും സ്ഥിതി കൈവിട്ടിരിക്കും.

കണ്ണിനെ ബാധിച്ചു തുടങ്ങും മുൻപു ഡോക്ടറെ കാണാനായാൽ കാഴ്ചയും ജീവനും രക്ഷിക്കാം. വൈകുംതോറും രോഗമുക്തിക്കു സാധ്യത കുറയും. ആദ്യമേ തിരിച്ചറിഞ്ഞു ഡോക്ടറുടെ സേവനം തേടണമെന്നു പൊതുവിൽ പറയാമെങ്കിലും രോഗമത്ര നിസ്സാരമല്ല. മ്യൂക്കർമൈക്കോസിസിന്റെ ലക്ഷണങ്ങൾ അത്രകണ്ടു പ്രകടമാവില്ല എന്നതാണു പ്രധാന തടസ്സം.

കടുത്ത പനിയോ മറ്റോ ഉണ്ടാകാതിരിക്കുന്നിടത്തോളം പലരും ചെറിയ ലക്ഷണങ്ങളെ അവഗണിക്കാനാണു സാധ്യത. ഈ കാര്യത്തിൽ മുൻകരുതൽ വേണം. ഇടവിട്ടും കൃത്യമായുമുള്ള പ്രമേഹ പരിശോധന പ്രധാനമാണ്. കോവിഡ് ബാധിതരുടെയും മുക്തരുടെയും കാര്യത്തിൽ ഇതു ബാധകമാണ്. നേരത്തേ പ്രമേഹമുള്ളവരും അല്ലാത്തവരും ശ്രദ്ധിക്കണം. പ്രമേഹമില്ലെന്നു കരുതുന്ന യുവാക്കളും കരുതലെടുക്കണം.

പ്രാഥമിക ലക്ഷണങ്ങൾ

അസാധാരണമായ മൂക്കൊലിപ്പ്, മൂക്കിലെ രക്തസ്രാവം, വരൾച്ച, മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ പ്രാഥമിക ലക്ഷണങ്ങളാണ്. പലരും നിസ്സാരമായി കാണുന്നവയും. ഇഎൻടി സർജനെ സമീപിച്ച് ഈ ഘട്ടത്തിൽ മൂക്കു പരിശോധിക്കുന്നതാണു നല്ലത്. പ്രത്യേകിച്ചു ഗുരുതര കോവിഡ് ബാധയിൽനിന്നു മുക്തി നേടിയവരും പ്രതിരോധശേഷി കുറവുള്ളവരും.

കോവിഡ് മുക്തിക്കു ശേഷവും തുടരുന്ന അകാരണമായ തലവേദന, പല്ലുവേദന, പല്ലിനു ബലക്ഷയമുള്ളതായോ തരിപ്പുള്ളതായോ തോന്നുക, മുഖഭാഗത്തെ തരിപ്പ്, കണ്ണിനോ പോളകൾക്കോ വീക്കം, ഒരു ഭാഗത്തു കൂടുതലായി തോന്നുന്ന മൂക്കടപ്പ് എന്നിവയും ഗൗരവമർഹിക്കുന്നു. കുറച്ചു കഴിയുമ്പോൾ കണ്ണു തുറക്കാനോ കൃഷ്ണമണി ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥ വരാം. കാഴ്ച തടസ്സപ്പെടുന്നതായോ നഷ്ടപ്പെടുന്നതായോ തോന്നാം.

ഇതിലും കടുത്ത പ്രശ്നങ്ങളും ഉണ്ടാകാം. എത്ര നേരത്തേ കണ്ടെത്താൻ കഴിയുമോ അത്രയും നല്ലത്. നേത്രരോഗ വിദഗ്ധൻ, ഇഎൻടി സ്പെഷലിസ്റ്റ്, ജനറൽ സർജൻ, ന്യൂറോ സർജൻ, ഡെന്റൽ മാക്സിലോഫേഷ്യൽ സർജൻ എന്നിവരുടെ കൂട്ടായ പരിശ്രമം ബ്ലാക്ക് ഫംഗസ് ചികിത്സയിൽ വേണ്ടിവരും. നേസൽ എൻഡോസ്‌കോപിയും മൂക്കിൽനിന്നുള്ള സ്രവ പരിശോധനയുമെല്ലാം ഡോക്ടർ നടത്തും.

ഐസൊകോണസോൾ, പോസകോണസോൾ എന്നീ മരുന്നുകളും മ്യൂക്കർമൈക്കോസിസ് ചികിത്സയിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ആംഫോടെറിസിൻ ബി ഇൻജക്ഷൻ തന്നെയാണു പ്രധാനം. ആംഫോടെറിസിന്റെ അത്രയും ഫലപ്രാപ്തി കാണിക്കുന്നില്ലെങ്കിലും ഇതിന്റെ ലഭ്യതക്കുറവു പ്രശ്നമാകുന്നതിനാൽ പകരം ഐസൊകോണസോൾ ഉപയോഗിക്കാറുണ്ട്.

കേരളത്തിലും മരണം

കേരളത്തിൽ ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ച ഒൻപതു പേരുടെ മരണം സ്ഥിരീകരിച്ചു. മൂന്ന് ഇതര സംസ്ഥാനക്കാരുൾപ്പെടെ 36 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചവർ പ്രമേഹം നിയന്ത്രിച്ചു നിർത്തണമെന്നും ലക്ഷണങ്ങളെ അവഗണിക്കരുതെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ശ്വസനത്തിലൂടെ ഫംഗസിനെ ഉള്ളിലേക്ക് എടുക്കുന്നതു തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ബാധിക്കാം.

മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കർമൈസെറ്റ്സ് ഇനത്തിൽപെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. എച്ച്ഐവി ബാധിതരിലും വളരെക്കാലമായി പ്രമേഹമുള്ളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരിൽ ഫംഗസ് ബാധ ഗുരുതരമാകാൻ കാരണം. കോവിഡ് കാരണമുള്ള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വർധിപ്പിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയെ 'ബ്ലാക്ക് ഫംഗസ്' മുതലെടുക്കുന്നതാണു രോഗാവസ്ഥയിലേക്കു നയിക്കുന്നത്. കടുത്ത പ്രമേഹരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, കാൻസർ ചികിത്സയിലുള്ളവർ, കോവിഡ് ചികിത്സയ്ക്കു വെന്റിലേറ്റർ സഹായം തേടിയവർ, ഉയർന്ന അളവിൽ സ്റ്റിറോയ്ഡ് മരുന്നു കഴിച്ചവർ, കോവിഡിനെ തുടർന്നു രക്തത്തിൽ ഫെറിറ്റിൻ (ശരീരത്തിനാവശ്യമായ ഇരുമ്പ് സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ) അളവ് കൂടുതലായവർ തുടങ്ങിയവരെല്ലാം മ്യൂക്കർമൈക്കോസിസിന്റെ നിഴലിലുള്ളവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP