Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നറുക്ക് വീണത് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസർക്ക്; സുബോദ് കുമാർ ജസ്വാൾ പുതിയ സിബിഐ ഡയറക്ടർ; സിഐഎസ്എഫ് മേധാവി മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ; നിയമനം രണ്ടുവർഷത്തേക്ക്; തിരഞ്ഞെടുത്തത് പ്രധാനമന്ത്രി അദ്ധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി

നറുക്ക് വീണത് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസർക്ക്; സുബോദ് കുമാർ ജസ്വാൾ പുതിയ സിബിഐ ഡയറക്ടർ; സിഐഎസ്എഫ് മേധാവി മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ; നിയമനം രണ്ടുവർഷത്തേക്ക്; തിരഞ്ഞെടുത്തത് പ്രധാനമന്ത്രി അദ്ധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിഐഎസ്എഫ് മേധാവി സുബോദ് കുമാർ ജസ്വാൾ പുതിയ സിബിഐ ഡയറക്ടർ. സുബോദ് കുമാർ ജസ്വാൾ, എസ്എസ്ബി ഡയറക്ടർ ജനറൽ കെ.ആർ.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്പെഷൽ സെക്രട്ടറി വി എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ സീനിയർ സുബോദ് കുമാറായിരുന്നു. രണ്ടുവർഷമാണ് സിബിഐ ഡയറക്ടറുടെ കാലാവധി. പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജസ്വാൾ. നിലവിൽ സിഐഎസ്എഫ് മേധാവിയായി ജോലി ചെയ്യുന്നു.

നിയമനത്തിൽ ലോക് നാഥ് ബെഹ്‌റ അടക്കം മൂന്ന് സർക്കാർ നോമിനികൾക്ക് തിരിച്ചടിയായത് സുപ്രീം കോടതിയുടെ 'ആറുമാസ ഉത്തരവ്് ആയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇത് ചൂണ്ടിക്കാട്ടിയത്. ഒന്നരമണിക്കൂർ നീണ്ട യോഗത്തിൽ പ്രധാനമന്ത്രിയെ കൂടാതെ, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരാണ് പങ്കെടുത്തത്. മൂന്നുപേരാണ് ചുരുക്ക പട്ടികയിൽ വന്നത്.

ഇതിന് മുമ്പ് ഒരിക്കലും ഈ ആറ് മാസ ഉത്തരവ് സിബിഐ ഡയറക്ടറുടെ നിയമനത്തിൽ ഉന്നയിച്ചിരുന്നില്ല. ആറു മാസത്തിൽ താഴെ മാത്രം സർവീസുള്ള ഉദ്യോഗസ്ഥരെ ഡയറക്ടർ പോസ്റ്റിലേക്കു പരിഗണിക്കാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധിയാണ് 90 മിനിറ്റ് നീണ്ട യോഗത്തിൽ ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. സെലക്ഷൻ പാനൽ നിയമം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് യോഗത്തിൽ പറഞ്ഞു. അധിർ രഞ്ജൻ ചൗധരിയും ഈ നിർദ്ദേശത്തെ അനുകൂലിച്ചതോടെ ഭൂരിപക്ഷമായി.

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ഇതിനെ പിന്തുണച്ചു. ഇതോടെ ജൂൺ 20-ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റ,ജൂലൈ 31 ന് വിരമിക്കുന്ന രാകേഷ് അസ്താന, മെയ്‌ 31ന് വിരമിക്കുന്ന എൻഐഎ മേധാവി വൈ.സി. മോദി എന്നിവർ ഇതോടെ അയോഗ്യരാകുകയായിരുന്നു.

നാല് മാസം വൈകിയാണ് ഉന്നതാധികാര സമിതിയോഗം ചേർന്നത്. അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഉദാസീന മനോഭാവത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.തനിക്ക് ആദ്യം 109 പേരുകൾ ലഭിച്ചെന്നും സമിതി കൂടുന്നതിന്റെ തലേന്ന് അത് 16 പേരുകളായി ചുരുങ്ങിയെന്നും ചൗധരി പറഞ്ഞു. തിങ്കളാഴ്ച ഒരുമണിയോടെ അത് 10 പേരും നാലുമണിയോടെ ആറുപേരും ആയി ചുരുങ്ങി. പഴ്‌സോണൽ-പരിശീലന വകുപ്പിന്റെ ഈ ഉദാസീന ഭാവം വളരെ പ്രതിഷേധാർഹമാണെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

സിബിഐ ഡയറക്ടർ ആർ കെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാൽ താത്കാലിക ചുമതല പ്രവീൺ സിൻഹയ്ക്കാണ്. 1985-86 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കേരള പൊലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും അന്തിമപട്ടികയിലുണ്ടായിരുന്നു. എൻ.ഐ.എ. മേധാവി വൈ.സി. മോദി, അതിർത്തി രക്ഷാസേന ഡയറക്ടർ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറലുമായ രാകേഷ് അസ്താന, സിവിൽ ഏവിയേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റുപ്രമുഖർ.ഗുജറാത്ത ആന്റി കറപ്ഷൻ ബ്യൂറോ കേശവ് കുമാറിന്റെ പേരും പട്ടികയിൽ ഉള്ളതായി മറ്റൊരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുൻപരിചയമുള്ള മൂന്ന് മുതിർന്ന ഐപിഎസ്. ഉദ്യോഗസ്ഥരെ പഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പാണ് തീരുമാനിക്കുന്നത് ഇവരിലൊരാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തിരഞ്ഞെടുക്കുന്നതാണ് പ്രക്രിയ.

സീനിയോറിറ്റി, ഇന്റഗ്രിറ്റി, അഴിമിത വിരുദ്ധ കേസുകൾ അന്വേഷിച്ച അനുഭവ പരിചയം എന്നിവ വിലയിരുത്തിയാണ് തീരുമാനം. രണ്ട് വർഷത്തിൽ കുറയാതെയാണ് സിബിഐ ഡയറക്ടറുടെ കാലാവധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP