Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്സാപ്പും ഫേസ്‌ബുക്കും ട്വിറ്ററും നാളെ മുതൽ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുമോ? ഐടി നിയമത്തിലെ പുതിയ ചട്ടങ്ങൾ പാലിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും; ചട്ടം പാലിച്ചില്ലെങ്കിൽ പോസ്റ്റുകളെ ചൊല്ലി ബ്ലോക്കോ ക്രിമിനൽ കേസോ വരാം; ആകെ അനുസരിച്ചത് ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രം

വാട്സാപ്പും ഫേസ്‌ബുക്കും ട്വിറ്ററും നാളെ മുതൽ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുമോ? ഐടി നിയമത്തിലെ പുതിയ ചട്ടങ്ങൾ പാലിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും;  ചട്ടം പാലിച്ചില്ലെങ്കിൽ  പോസ്റ്റുകളെ ചൊല്ലി ബ്ലോക്കോ ക്രിമിനൽ കേസോ വരാം; ആകെ അനുസരിച്ചത് ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മൂന്നുമാസ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഫേസ്‌ബുക്കിനും വാട്‌സാപ്പിനും ട്വിറ്ററിനും ഇത് ഇന്ത്യയിലെ പരീക്ഷണകാലമാണ്. ഫെബ്രുവരി 25 നാണ് കേന്ദ്രസർക്കാർ ഈ സോഷ്യൽ മീഡിയ കമ്പനികൾക്ക് മൂന്നുമാസ സമയം നൽകിയതെങ്കിലും, ആരും തന്നെ പുതിയ ചട്ടങ്ങൾ പാലിച്ചതായി റിപ്പോർട്ടില്ല. സർക്കാരിന്റെ പുതിയ ചട്ടങ്ങൾ പാലിക്കാൻ ഉദ്ദേശിക്കുന്നുവെന്ന ഫേസ്‌ബുക്കിന്റെ പ്രസ്താവന മാത്രമാണ് വന്നത്. ഇതോടെ നാളെ മുതൽ നാളെ മുതൽ വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു.

കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ച് ഈ സോഷ്യൽ മീഡിയ കമ്പനികൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സാധിച്ചേക്കില്ല. ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിയമിക്കണമാണ് വ്യവസ്ഥ. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒ ടി ടികൾക്കും ഇത് ബാധകമാണ്.

ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സോഷ്യൽ മീഡിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. 50 ലക്ഷത്തിന് മേലേയാണ് കൂവിന്റെ ഉപയോക്താക്കൾ. റസിഡന്റ് ഗ്രീവൻസ് ഓഫീസർ, ദി ചീഫ് കംപ്ലയൻസ് ഓഫീസർ, നോഡൽ കോണ്ടാക്റ്റ് പേഴ്‌സൺ എന്നിവരെയാണ് പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം നിയമിക്കേണ്ടത്. ഫേസ്‌ബുക്കോ, ട്വിറ്ററോ, വാട്‌സപ്പോ ഈ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. കൂടുതൽ സമയം വേണമെന്നാണ് ഈ കമ്പനികൾ ആവശ്യപ്പെടുന്നത്.

ഇന്റർനെറ്റ് ഇടനിലക്കാർ എന്ന പദവി നഷ്ടമാകും

ഐടി നിയമപ്രകാരം ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്റർനെറ്റ് ഇടനിലക്കാർ എന്ന പദവിയാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് നഷ്ടമാവുക. ഈ പദവി നഷ്ടമായാൽ ഈ പ്ലാറ്റ്‌ഫോമുകളിലെ ഓരോ ഉപയോക്താവിന്റെയും പോസ്റ്റ് കമ്പനികൾ പ്രസിദ്ധീകരിച്ചതായി ആയിരിക്കും കണക്കാക്കുക. ഇതോടെ അനധികൃതമായ ഏതുഉള്ളടക്കത്തിനും കമ്പനിക്കെതിരെ ക്രിമിനൽ കേസ് വരാം. ഒരു പബ്ലിഷർ എന്ന നിലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പോസ്റ്റ് ചെയ്യും മുമ്പ് ഉള്ളടക്കം സെൻസർ ചെയ്യേണ്ടി വരും. ഇതോടെ ചൈനയിലെ ഇന്റർനെറ്റ് കമ്പനികളുടെ രീതിയിലാകും കാര്യങ്ങൾ. ഏതായാലും ആറ് മാസം കൂടി സമയം വേണമെന്നാണ് വാട്‌സാപ്പും ട്വിറ്ററും ഫേസ്‌ബുക്കും ഒക്കെ ആവശ്യപ്പെടുന്നത്.

പുതിയനിയമങ്ങൾ പാലിക്കാൻ തയ്യാറെന്ന് ഫേസ്‌ബുക്ക്

കേന്ദ്രസർക്കാരിന്റെ പുതിയ നിയമങ്ങൾ പാലിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നതായി ഫേസ്‌ബുക്ക് വക്താവ് ഇന്ന് അറിയിച്ചു. എന്നാൽ, സർക്കാരുമായി കൂടുതൽ ചർച്ച ആവശ്യമെന്നാണ് കമ്പനിയുടെ നിലപാട്. ആളുകൾക്ക് സ്വതന്ത്രമായും സുരക്ഷിതമായും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയായി തുടരാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്‌ബുക്ക് വക്താവ് പറഞ്ഞു. ഏതായാലും കമ്പനികൾ കൂടുതൽ സമയം തേടുകയാണെന്ന് വ്യക്തം.

നിയമം പാലിച്ചില്ലെങ്കിൽ ബ്ലോക്ക് വരാം

സോഷ്യൽ മീഡിയ കമ്പനികൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ, അവയെ ബ്ലോക്ക് ചെയ്യാനോ, ക്രിമിനൽ നടപടി സ്വീകരിക്കാനോ സാധ്യതയുണ്ട്.
ഇന്ത്യ കേന്ദ്രമാക്കിയുള്ള ഉദ്യോഗസ്ഥരെയാണ് സൈറ്റുകൾ നിയമിക്കേണ്ടത്. അവരുടെ പേരും ഇന്ത്യയിലെ വിലാസവും നൽകണം. പരാതി പരിഹരിക്കാനും, നീക്കേണ്ട പോസ്റ്റുകൾ നിരീക്ഷിക്കാനും മാറ്റാനും, റിപ്പോർട്ടുകൾ സമർപ്പിക്കാനും സംവിധാനം ഉണ്ടാക്കണം.

പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം. വാർത്താസംപ്രേഷണം, നിയമം, ഐടി, വനിതാ-ശിശുവികസനം എന്നീ വകുപ്പുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി നിരീക്ഷണ സംവിധാനവും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഉള്ളടക്കം നിരോധിക്കാൻ ജോയിന്റെ സെക്രട്ടറിക്ക് മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥനെ സർക്കാർ ചുമതലപ്പെടുത്തും.

എതിർപ്പുമായി ഇന്റർനെറ്റ് റൈറ്റ്‌സ് ഗ്രൂപ്പുകൾ

ഐടി നിയമത്തിലെ പുതിയ ചട്ടങ്ങൾ ഡിജിറ്റൽ ന്യൂസിന്റെയും, ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും സോഷ്യൽ മീഡിയയുടെയും മേൽ അമിതാധികാര പ്രയോഗത്തിന് സർക്കാരിന് അവസരം നൽകുന്നുവെന്നാണ് റൈറ്റ്‌സ് ഗ്രൂപ്പുകളുടെ വിമർശനം. ഓൺലൈൻ സ്വകാര്യതയിലും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിലും ഇടപെടും വിധം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു

തങ്ങൾക്ക് സ്വന്തമായ ഫാക്റ്റ് ചെക്കേഴ്‌സ് ഉണ്ടെന്നും എങ്ങനെയാണ് വസ്തുതകൾ സത്യമെന്ന് അന്വേഷിക്കുകയെന്ന് വെളിപ്പെടുത്താൻ ആവില്ലെന്നുമാണ് ട്വിറ്റർ പറയുന്നത്. ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകളിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പരിശോധന നടത്തിയത് വിവാദമായിരുന്നു. ഗുഡ്ഗാവ്, ഡൽഹി ഓഫീസുകളിലാണ് പരിശോധന നടന്നത്. ബിജെപി ദേശീയ നേതാവ് സംപീത് പത്രയുടെ 'ടൂൾ കിറ്റ്' ട്വീറ്റിനെ വ്യാജമെന്ന് ട്വിറ്റർ അടയാളപ്പെടുത്തിയ ശേഷം ട്വിറ്റർ ഇന്ത്യക്ക് ഡൽഹി പൊലീസ് കത്തയച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ് .

സാംബിത് പാത്ര 'കോൺഗ്രസ് ടൂൾ കിറ്റ്' എന്ന പേരിൽ പ്രചരിപ്പിച്ച കത്തിന് ട്വിറ്റർ മാനിപ്പുലേറ്റഡ് മീഡിയ ടാഗ് കൊടുത്തിരുന്നു. ഇതിൽ വിശദീകരണം ചോദിച്ച് സ്പെഷ്യൽ സെൽ ട്വിറ്റർ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസുകളിൽ പരിശോധന നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ചുള്ള ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റാണ് വ്യാജരേഖയാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയത്. കോൺഗ്രസിന്റെ ലെറ്റർ ഹെഡിലുള്ള ഒരു പ്രസ്താവനയുടെ ചിത്രമായിരുന്നു സംബിത് പാത്ര ട്വിറ്ററിൽ പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP