Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെലാറസ് ചാരന്മാർ വിമാനത്തിൽ കയറി ബോംബ് ഭീഷണി ഉയർത്തിയത് തന്നെ മിൻസികിൽ വിമാനം ഇറക്കാൻ; ബെലാറാസുകാർ വിമാനം നിയന്ത്രണത്തിലാക്കുമെന്ന് മനസ്സിലാക്കി ലാപ്ടോപും മൊബൈലും കാമുകിയെ ഏൽപിച്ച് മാധ്യമ പ്രവർത്തകൻ; ക്രൂര മർദ്ദനത്തിനൊടുവിൽ മാപ്പപേക്ഷയുമായി അറസ്റ്റിലായ പത്ര പ്രവർത്തകൻ

ബെലാറസ് ചാരന്മാർ വിമാനത്തിൽ കയറി ബോംബ് ഭീഷണി ഉയർത്തിയത് തന്നെ മിൻസികിൽ വിമാനം ഇറക്കാൻ; ബെലാറാസുകാർ വിമാനം നിയന്ത്രണത്തിലാക്കുമെന്ന് മനസ്സിലാക്കി ലാപ്ടോപും മൊബൈലും കാമുകിയെ ഏൽപിച്ച് മാധ്യമ പ്രവർത്തകൻ; ക്രൂര മർദ്ദനത്തിനൊടുവിൽ മാപ്പപേക്ഷയുമായി അറസ്റ്റിലായ പത്ര പ്രവർത്തകൻ

മറുനാടൻ ഡെസ്‌ക്‌

ഗ്രീസിൽ ഒരു സാമ്പത്തിക സെമിനാറിൽ പങ്കെടുത്തശേഷം ലിത്വാനിയയിലേക്ക് മടങ്ങുകയായിരുന്നു പത്രപ്രവർത്തകനായ റോമൻ പ്രോടാസെവിച്ച്. അസുഖകരമായ വാർത്തകളാൾ ബെലാറസ് ഭരണകൂടത്തിന് അനഭിമതനായ ഈ ബെലാറസുകാരൻ കുറച്ചു വർഷങ്ങളായി ലിത്വാനിയയിലാണ് താമസം. ഏഥൻസിലെ വിമാനത്താവളത്തിലെത്തുമ്പോൾ കൂടെ റഷ്യാക്കാരിയായ കാമുകിയും ഉണ്ടായിരുന്നു.

വിമാനത്താവളത്തിൽ വച്ചു തന്നെ ചിലർ സംശയാസ്പദമായ രീതിയിൽ പെട്രോസെവിച്ചിനെ അനുഗമിക്കുകയും അദ്ദേഹത്തിന്റെ ചിത്രം തങ്ങളുടെ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. അതായത്, വിമാനത്താവളം മുതൽ തന്നെ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയുടെ ആളുകൾ ഈ 26 കാരനെ പിന്തുടരുന്നുണ്ടായിരുന്നു എന്നർത്ഥം. തുടർന്നായിരുന്നു ബെലാറസിന്റെ ആകാശത്ത് വച്ച് ഒരു മിഗ്-29 യുദ്ധവിമാനം റേയ്ൻഎയർ വിമാനത്തിന്റെ ഗതി തടസ്സപ്പെടുത്തിക്കൊണ്ട് എത്തിയത്.

തുടർന്നായിരുന്നു വിമാനം മിൻസ്‌കിൽ ഇറക്കുന്നതും ബോംബ് തിരയാനെന്ന വ്യാജേന വിമാനത്തിൽ കയറിയ സുരക്ഷാ സൈനികർ പ്രോട്ടാസെവിച്ചിനെയും കാമുകിയേയും അറസ്റ്റ് ചെയ്യുന്നതും. മണിക്കൂറുകൾ നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ഒടുവിലാണ് റെയ്ൻഎയർ വിമാനത്തിന് ലിത്വാനിയയിലേക്ക് പോകാൻ അനുമതി ലഭിച്ചത്. ഇതിൽ നിന്നെല്ലാം വ്യക്തമാക്കുന്നത് ബെലാറസിന്റെ ശക്തനായ പ്രസിഡണ്ട് പ്രൊാറ്റാസെവിച്ചിനെ പിടികൂടാൻ സൈന്യത്തിന്റെ സേവനം മാത്രമല്ല, മറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സേവനവും ഉറപ്പാക്കിയിരുന്നു എന്നാണ്.

ഗ്രീസിൽ സന്ദർശനത്തിനെത്തിയ പ്രോട്ടാസെവിച്ച്, ബെലാറസിന്റെ പ്രതിപക്ഷത്തിന്റെ നേതാവായ സ്വെത്ലാന ടിഖാനോവ്സ്‌കായയുമായി ചിത്രങ്ങൾ എടുത്തിരുന്നു. സ്വെത്ലാന സദാസമയവും രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണുള്ളത്. കൂടാതെ പ്രോട്ടാസെവിച്ച്, തന്റെ 23 കാരിയായ കാമുകി സോഫിയ സപേഗയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബെലാറസിയൻ കെ ജി ബി ഉദ്യോഗസ്ഥർ ഇയാളെ വിടാതെ പിന്തുടരുകയായിരുന്നു.

നാല് ചാരന്മാരാണ് ഇയാളെ പിന്തുടർന്നിരുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ നാലുപേർ വിമാനത്തിൽ കയറുകയും വിമാനം ബെലാറസിന്റെ ആകാശത്ത് എത്തിയ സമയത്ത് പൈലറ്റുമായി വാഗ്വാദം ആരംഭിക്കുകയും ചെയ്തു. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ട് എന്നൊരു ഭീഷണി ലഭിക്കുന്നതും ഈ സമയത്താണ്. തൊട്ടടുത്ത നിമിഷത്തിലാണ് ഒരു മിഗ്-20 പ്രത്യക്ഷപ്പെട്ട് യാത്രാ വിമാനത്തിന്റെ ഗതി തടയുന്നത്.

ബോംബു ഭീഷണി ഉണ്ട് എന്നറിഞ്ഞതോടെ പ്രോട്ടാസെവിച്ച് അപകടം മണത്തു. ആകാശത്ത് മിഗ് -20 കൂടി കണ്ടതോടെ അയാൾ തീർച്ചപ്പെടുത്തി തനിക്ക് അപകടം വരാൻ പോവുകയാണെന്ന്. തന്റെ ലാപ്ടോപും സ്മാർട്ട്ഫോണും കാമികി സോഫിയ സപേഗയെ ഏല്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. മാത്രമല്ല, ബെലാറസിയൻ ഏകാധിപതിക്കെതിരെ നിരവധി പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ പ്രചോദനം നൽകിയിട്ടുള്ള ഈ 26 കാരൻ, പൈലറ്റിനോട് വിമാനം ഒരുകാരണവശാലും മിൻസ്‌കിൽ ഇറക്കരുതെന്ന് അപേക്ഷിച്ചു. അവർ തന്നെ കൊല്ലും എന്നായിരുന്നു കാരണമായി പറഞ്ഞത്.

സോഷ്യൽ മീഡിയ ചാനലായ നെക്സ്റ്റയുടെ സഹസ്ഥാപകനും എഡിറ്ററുായ പ്രോട്ടോസെവിച്ച് ലുക്കഷെൻകോയുടെ ദുർഭരണത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ്. പ്രധാന സമൂഹമാധ്യമങ്ങളായ ഫേസ്‌ബുക്കും ട്വിറ്ററുമൊക്കെ ഈ ഏകാധിപതി നിരോധിച്ചിരിക്കുകയാണ്. ഇവിടെയാണ് പ്രോട്ടോസേവിച്ചിന്റെത് പോലുള്ള സ്വകാര്യ ചാനലുകൾക്ക് പ്രാധാന്യം വർദ്ധിച്ചത്. ഭരണകൂട ഭീകരത പച്ചക്ക് കാണിച്ചിരുന്ന പ്രോട്ടോസേവിച്ചിന്റെ ചാനൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇതിൽ വന്നിരുന്ന പല ചിത്രങ്ങളും മറ്റും പല അന്താരാഷ്ട്ര മാധ്യമങ്ങളും വലിയ വാർത്തയാക്കാറുമുണ്ട്. ഇത്തരത്തിൽ ഭരണകൂടത്തിന് തലവേദനയായി മാറിയ ഈ 26 കാരൻ അറസ്റ്റ് ഭയന്ന് 2019 ലായിരുന്നു രാജ്യം വിട്ട് അയൽരാജ്യമായ ലിത്വാനിയയിൽ അഭയം പ്രാപിച്ചത്. അതേ വർഷം നവംബറിൽ ഇയാളുടെ പേർ ബെലാറസിലെ തീവ്രവാദികളുടെ പേരുകൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക ലിസ്റ്റിൽ ഇടം പിടിച്ചു. 2011-ൽ ഒരു കൗമാരക്കാരനായിരിക്കുമ്പോൾ തന്നെ പ്രതിഷേധ റാലിയിൽ പങ്കെടുത്തതിന് സ്‌കൂളിൽ നിന്നും പുറത്താക്കിയ ചരിത്രമാണ് പ്രോട്ടാസെവിച്ചിനുള്ളത്.

വിമാനത്തിൽ നിന്നും പിടിച്ചുകൊണ്ടുപോയ പ്രോട്ടാസേവിച്ചിനെ പിന്നീട് കാണുന്നത് ടി വിയിൽ പ്രത്യക്ഷപ്പെട്ട് കുറ്റസമ്മതം നടത്തുമ്പോഴായിരുന്നു. ക്രൂരമർദ്ദനത്തിനിരയായി എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാൻ കഴിയും വിധത്തിലായിരുന്നു അയാളുടെ ഭാവഹാവാദികൾ. ടി വിയിൽ പ്രത്യക്ഷപ്പെട്ട ഇയാൾ ഭരണകൂടത്തെ അട്ടിമറിക്കുവാൻ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു എന്ന കുറ്റം സമ്മതിക്കുകയായിരുന്നു. മാത്രമല്ല, ഉദ്യോഗസ്ഥർ രാജ്യത്തിന്റെ നിയമമനുസരിച്ച് പ്രവർത്തിക്കുക മാത്രമായിരുന്നു എന്നും ഇനിയുള്ള നടപടികളിൽ താൻ അവരുമായി പൂർണ്ണമായും സഹകരിക്കുമെന്നും അയാൾ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP