Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തിൽ ഒരു 'വോട്ടു വിൽപ്പന തെരുവ്' തുറക്കലായിരിക്കും അഭികാമ്യം; ആവശ്യക്കാർക്ക് വന്ന് പറയുന്ന പണം നൽകി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ': തവനൂരിൽ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതിന് കണക്കുകൾ നിരത്തി കെ.ടി.ജലീൽ എംഎൽഎ

'ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തിൽ ഒരു 'വോട്ടു വിൽപ്പന തെരുവ്' തുറക്കലായിരിക്കും അഭികാമ്യം; ആവശ്യക്കാർക്ക് വന്ന് പറയുന്ന പണം നൽകി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ': തവനൂരിൽ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതിന് കണക്കുകൾ നിരത്തി കെ.ടി.ജലീൽ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തവനൂരിൽ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതിന് കണക്കുകൾ നിരത്തി കെടി ജലീൽ എംഎൽഎ. ബപ്പൂരിലെയും വടകരയിലെയും പരസ്യ സഖ്യത്തിന്റെ രഹസ്യ ആവിഷ്‌കാരമാണ് തവനൂരിൽ ഇരുകൂട്ടരും നടത്തിയതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു. 'കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ബിജെപിക്ക് തവനൂർ നിയമസഭാ മണ്ഡല പരിതിയിൽ നിന്ന് കിട്ടിയത് ഇരുപതിനായിരത്തോളം വോട്ടായിരുന്നു. അതിന്റെ തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചതാകട്ടെ ഇരുപതിനായിരത്തിലധികം വോട്ടായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒൻപതിനായിരത്തി തൊള്ളായിരം വോട്ടാണ്. ഏതാണ്ട് പതിനായിരത്തിലധികം വോട്ടാണ് തൽക്കാലത്തേക്ക് കോൺഗ്രസ്സ് കുപ്പായമിട്ട് കൈപ്പത്തി ചിഹ്നത്തിൽ എനിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച മുസ്ലിംലീഗുകാരന് മറിച്ചു നൽകിയത്. തവനൂർ മണ്ഡലത്തിലെ ബിജെപി കേന്ദ്രങ്ങളിൽ അവർക്ക് കിട്ടിയ വോട്ടുകൾ പരിശോധിച്ചാൽ ലീഗു സംസ്ഥാന നേതൃത്വവുമായി ബിജെപി നേതൃത്വം നടത്തിയ കോടികളുടെ വോട്ടു കച്ചവടം സംശയലേശമന്യേ ബോധ്യമാകും. ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തിൽ ഒരു 'വോട്ടു വിൽപ്പന തെരുവ്' തുറക്കലായിരിക്കും അഭികാമ്യം. ആവശ്യക്കാർക്ക് വന്ന് പറയുന്ന പണം നൽകി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ. '-ജലീൽ കുറിച്ചു.

മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി നീക്കം കരുതിയിരിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. ലീഗില്ലാതെ തന്നെ ലീഗ് മുസ്ലിം സമുദായത്തിന് വാങ്ങി നൽകുന്നു എന്നവകാശപ്പെടുന്ന ന്യായമായതും അർഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും അവകാശങ്ങളും ബന്ധപ്പെട്ടവർക്ക് ഉറപ്പുവരുത്താൻ ഇടതുപക്ഷ പാർട്ടികൾക്ക് കഴിയും. അതുകൊണ്ടുതന്നെ മുസ്ലിം സമൂഹം ഇടതുപക്ഷ മതേതര പ്ലാറ്റ്ഫോം തന്നെയാകും ഭാവിയിൽ തെരഞ്ഞെടുക്കുക എന്നും ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി നീക്കം കരുതിയിരിക്കുക

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിലൂടെ ആ വകുപ്പിന്റെ ഗൗരവം വർദ്ധിച്ചിരിക്കുകയാണ്. വകുപ്പിനെ ചുറ്റിപ്പറ്റി ചില വിഭാഗങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും അർഹതപ്പെട്ടത് എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. അക്കാര്യം എല്ലാ ന്യൂനപക്ഷ സംഘടനകൾക്കും ബോദ്ധ്യമാണ്. പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന്. അതിന്റെ ഭാഗമായാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രബലമായ എല്ലാ മുസ്ലിം സംഘടനകളും സ്വാഗതം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനകളായ ഇരു സുന്നി വിഭാഗങ്ങളും മുജാഹിദ് സംഘടനകളും മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത് അതുകൊണ്ടാണ്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മാത്രമാണ് അതിന് വിരുദ്ധമായ ഒരു നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. അതിന് പിന്നിൽ ഇരുകൂട്ടർക്കും വ്യക്തമായ രാഷ്ട്രീയതാത്പര്യങ്ങളുണ്ട്.

ന്യൂനപക്ഷ ക്ഷേമവകുപ്പ് കേരളത്തിൽ നിലവിൽ വരുന്നത് വി എസ് സർക്കാരിന്റെ കാലത്താണ്. അക്കാലംമുതൽ ഇന്നുവരെ ഒരേ മാതൃകയിലാണ് വകുപ്പിന്റെ കീഴിൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യയിലെ മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനും രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിയമിക്കപ്പെട്ടിരുന്നു. ആ സർക്കാരിന്റെ അവസാനകാലത്ത് പ്രസ്തുത കമ്മിറ്റി സമഗ്രമായ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. രണ്ടാം യുപിഎ സർക്കാർ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചില നടപടികളിലേക്ക് കടന്നു. വിദ്യാഭ്യാസ തൊഴിൽ മേഖലകളിലുൾപ്പടെ സാമൂഹ്യ രംഗങ്ങളിൽ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗം ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് സച്ചാർ കമ്മിറ്റി തെളിവുകളെ ആധാരമാക്കി കണ്ടെത്തിയിരുന്നു. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രണ്ടാം യുപിഎ സർക്കാർ ചില പദ്ധതികൾക്ക് രൂപം നൽകി. ഇതുപ്രകാരം ഇന്ത്യയിലെ മുസ്ലിം സാന്ദ്രീകൃത മേഖലകളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ മൂന്ന് സംസ്ഥാനങ്ങളിൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും ബംഗാളിലെ മുർഷിദാബാദിലും ബിഹാറിലെ കിഷൺഗഞ്ചിലുമായിരുന്നു ആ മുന്ന് കാമ്പസുകൾ. കേരളത്തിൽ അന്ന് അധികാരത്തിലിരുന്ന വി എസ് സർക്കാർ യൂണിവേഴ്സിറ്റിക്ക് വേണ്ടി 350 ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്ത് നൽകിയത്.
തുടർനടപടിയെന്ന നിലയിൽ സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിച്ച് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. അന്ന് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ന്യൂനപക്ഷക്ഷേമം എന്നൊരു വകുപ്പുണ്ടായിരുന്നില്ല. ഇത് പരിഹരിക്കപ്പെടണമെന്നും സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ന്യൂനപക്ഷക്ഷേമ വകുപ്പുകൾ രൂപീകരിക്കണമെന്നും സച്ചാർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ രജീന്ദർ സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ എങ്ങനെ നടപ്പിലാക്കാം എന്നതുസംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ വി എസ് സർക്കാർ നിയോഗിച്ചു. പാലോളി കമ്മിറ്റി ഗഹനമായ പഠനത്തിനൊടുവിൽ സുപ്രധാനമായ ഒരുപിടി നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽവെച്ചു. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയതുപോപോലെ കേരളത്തിൽ അടിയന്തരമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കണം എന്ന ശുപാർശ പാലോളി കമ്മിറ്റി റിപ്പോർട്ടിലും ശക്തമായിത്തന്നെ ആവർത്തിച്ചു. തുടർന്നാണ്2011 ജനുവരിയിൽ കേരളത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമാകുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് പരിഹാരം നിർദ്ദേശിക്കാനായിരുന്നു ഞാനടക്കം അംഗമായിരുന്ന പാലോളി കമ്മിറ്റിയെ ഇടതുപക്ഷ സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. ആ അന്വേഷണത്തിൽ ചില പ്രസക്തമായ കാര്യങ്ങൾ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടു.

മുസ്ലിം വിഭാഗത്തിൽ അഭ്യസ്തവിദ്യരായ ആളുകൾ ഉണ്ടെങ്കിലും മത്സരപരീക്ഷകളിൽ അവർക്ക് മുന്നേറാൻ കഴിഞ്ഞിരുന്നില്ല എന്നുള്ളതായിരുന്നു അതിൽ ഒന്ന്. കേരളത്തിലെ സർക്കാർ ഉദ്യോഗ മേഖലകളിൽ റിസർവേഷന്റെ അനുപാതത്തിന് അനുസൃതമായിപ്പോലും പല മേഖലകളിലും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പ്രാതിനിധ്യം ഇല്ലെന്നത് തെളിവെടുപ്പിനിടയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. റിസർവേഷൻ ക്വാട്ടയ്ക്കപ്പുറം ജനറൽ മെറിറ്റിലേക്ക് അവർക്ക് എത്താൻ ഇതുകൊണ്ടു തന്നെ കഴിഞ്ഞിരുന്നുമില്ല. അതിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പിഎസ്‌സി കോച്ചിങ് സെന്ററുകൾ ആരംഭിച്ച് മുസ്ലിം യുവതീ യുവാക്കളെ മത്സരപരീക്ഷകൾക്ക് തയ്യാറാക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. ആ ശുപാർശ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലാദ്യമായി മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് പിഎസ്‌സി കോച്ചിങ് നൽകുന്നതിനായി പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. അങ്ങനെ പയ്യന്നൂർ, കോഴിക്കോട്, പൊന്നാനി, ആലുവ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലായി അഞ്ച് സെന്ററുകൾ വി എസ് സർക്കാരിന്റെ മുൻകയ്യിൽ ആരംഭിച്ചു.

നൂറുശതമാനവും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കുട്ടികളായിരുന്നു ആ സെന്ററിൽ പ്രവേശിപ്പിക്കപ്പെടേണ്ടിയിരുന്നതെങ്കിലും കമ്മിറ്റിയുടെ തീരുമാനപ്രകാരം മുസ്ലിം കുട്ടികൾക്ക് മാത്രമായി എന്ന നയം വേണ്ട എന്നും 80-20 എന്ന അനുപാതത്തിൽ മുസ്ലിം കുട്ടികളെയും, മറ്റ് ഇതര ന്യൂനപക്ഷങ്ങളിലെ പിന്നോക്കം നിൽക്കുന്ന വരെയും, ഇതരന്യൂനപക്ഷങ്ങളില്ലാത്തിടത്ത് ഭൂരിപക്ഷ മതസമുദായത്തിലെ പിന്നോക്കവിഭാഗക്കാരായ കുട്ടികളെയും പ്രവേശിപ്പിക്കാമെന്ന് കമ്മിറ്റി തീരുമാനിച്ചത്. ഒരു സ്ഥാപനത്തിൽ മുസ്ലിംകുട്ടികൾ മാത്രം പഠിക്കുന്നതിനുപകരം മൾട്ടി റിലീജിയസയായിട്ടുള്ള ഒരു ക്ലാസ്റൂമാണ് ആവശ്യമെന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെടുകയും കമ്മിറ്റി അത് ഒറ്റമനസ്സോടെ അംഗീകരിക്കുകയുമായിരുന്നു. ആദ്യ ഘട്ടത്തിൽ ആ സെന്ററുകളുടെ പേര് തന്നെ കോച്ചിങ് സെന്റർ ഫോർ മുസ്ലിം യൂത്ത് (സിസിഎംവൈ) എന്നായിരുന്നു. മുസ്ലിം യുവതീയുവാക്കളെ ലക്ഷ്യമിട്ടാണ് ആ സെന്ററുകൾ ആരംഭിച്ചതെന്നതിന്റെ തെളിവുകൂടിയായിരുന്നു ആ പേര്. ഒന്നാം പിണറായി സർക്കാരിന്റെ തുടക്ക കാലത്ത് ഞാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുമ്പോൾ ആ പേര് കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് എന്നാക്കി മാറ്റി. 20 ശതമാനത്തോളം മറ്റ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ പെടുന്ന കുട്ടികളുമുണ്ട് എന്ന പരിഗണനയിലായിരുന്നു മുസ്ലിം യൂത്തിൽ നിന്ന് മെനോറിറ്റി യൂത്തിലേക്കുള്ള ആ പേരു മാറ്റം.

പാലോളി കമ്മിറ്റി കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ചപ്പോൾ മനസ്സിലാക്കിയ രണ്ടാമത്തെ കാര്യം മലബാർ മേഖലയിൽ പ്ലസ് ടു പഠനത്തിന് വേണ്ടത്ര സൗകര്യമില്ല എന്നുള്ളതായിരുന്നു. മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ മേഖലയിൽ പ്ലസ്ടു സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദ്ദേശം കമ്മിറ്റി മുന്നോട്ടുവെച്ചത് അതിന്റെ വെളിച്ചത്തിലാണ്. തുടർന്ന് എംഎ ബേബി വിദ്യഭ്യാസ മന്ത്രിയായിരിക്കെ വി എസ് സർക്കാർ കേരളത്തിലാദ്യമായി ഒരു മേഖലയ്ക്ക് മാത്രമായി പ്ലസ് ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു. അന്ന് മലബാർ മേഖലയ്ക്കായി മാത്രം 180 ഹയർ സെക്കന്റെറി സ്‌കൂളുകളാണ് പുതുതായി ആരംഭിച്ചത്.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റ്, പ്രൈവറ്റ് ഐടിഐകൾ ഒന്നും ഇല്ലാതിരുന്ന മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ സാങ്കേതിക സ്ഥാപനങ്ങൾ കൂടുതൽ സ്ഥാപിക്കണം എന്നത് കമ്മിറ്റിയുടെ ശുപാർശകളിൽ മറ്റൊന്നായിരുന്നു. പ്രസ്തുത ശുപാർശപ്രകാരമാണ് വർഷങ്ങൾക്ക് ശേഷം വി എസ് സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് ഐടിഐകൾ അനുവദിക്കപ്പെട്ടത്. മലപ്പുറം ജില്ലയിൽ അതുവരെ അരീക്കോട് മാത്രമായിരുന്നു ഗവൺമെന്റ് ഐടിഐ ഉണ്ടായിരുന്നത്. കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മുന്ന് പുതിയ ഐടിഐകൾ ജില്ലയിൽ നിലവിൽ വന്നു. ചെറിയമുണ്ടത്തും മക്കരപ്പറമ്പിലും പൊന്നാനിയിലുമായിരുന്നു അവ. സ്വകാര്യരംഗത്ത് ഐടിസികൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാതിരിന്ന സാഹചര്യത്തിനും മാറ്റമുണ്ടായി. പിന്നോക്ക മേഖലകളിലെല്ലാം തന്നെ ഐടിസികളും വരണമെന്ന കമ്മിറ്റി തീരുമാനമനുസരിച്ച് മലബാർ മേഖലയിൽ അമ്പതോളം ഐടിസികളാണ് സഖാവ് ഗുരുദാസൻ തൊഴിൽ വകുപ്പ് മന്ത്രിയായിരിക്കെ സ്ഥാപിതമായത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് പോസ്റ്റ് ഗ്രാജുവേറ്റ്, ഗവേഷണ രംഗങ്ങളിൽ മുസ്ലിം പെൺകുട്ടികൾ പല കാരണങ്ങൾ കൊണ്ടും കടന്നുവരാൻ വൈമുഖ്യം കാണിക്കുന്നു എന്നതായിരുന്നു കമ്മിറ്റിയുടെ വേറൊരു കണ്ടെത്തൽ. ആ കുറവ് പരിഹരിക്കുന്നതിനായി പാവപ്പെട്ട മിടുക്കികളായ മുസ്ലിം പെൺകുട്ടികൾക്ക് പ്രത്യേകം സ്‌കോളർഷിപ്പുകളും സ്‌റ്റൈപെന്റുകളും ഏർപ്പെടുത്തണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. ആദ്യഘട്ടത്തിൽ ആയിരം പെൺകുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകാൻ തീരുമാനിച്ചത്. പാവപ്പെട്ട മുസ്ലിംപെൺകുട്ടികൾക്ക് ഹോസ്റ്റൽ ഫീസ് എന്ന നിലയിൽ 10000 രൂപ പ്രതിവർഷം നൽകാനായിരുന്നു തീരുമാനം. വളരെക്കാലം മുൻപ് തന്നെ കേരളത്തിൽ മുസ്ലിം, നാടാർ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കൂൾതലത്തിൽ സ്‌കോളർഷിപ്പ് നൽകിവരുന്ന നടപടി ആരംഭിച്ചിരുന്നു. നാടാർവിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികളും മുസ്ലിം പെൺകുട്ടികളും സ്‌കൂളിലേക്ക് വരാൻ മടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ അവരെ സ്‌കൂളുകളിലേക്ക് ആകർഷിക്കുന്നതിനാണ് അത്തരമൊരു സ്‌കോളർഷിപ്പ് അവർക്കു മാത്രമായി ഏർപ്പെടുത്തിയത്. അന്നതിനെ ആരും ചോദ്യം ചെയ്തതായി കേട്ടിട്ടില്ല. അതിന്റെ തുടർച്ചെയെന്നോണം ഉന്നത വിദ്യാഭ്യാസ മേഖലയിലും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പാവപ്പെട്ട പെൺകുട്ടികൾ കടന്നുവരുന്നതിന് കളമൊരുക്കലായിരുന്നു മേൽ തീരുമാനത്തിന്റെ ലക്ഷ്യം.

നഴ്സിങ് മേഖലയിൽ ഏറ്റവും കുറവ് പ്രാതിനിധ്യമുള്ളത് മുസ്ലിം സമുദായത്തിൽ നിന്നാണെന്ന പൊതു അഭിപ്രായത്തിന്റെ പശ്ചാതലത്തിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് നഴ്സിങ് രംഗത്തേക്കുള്ള പ്രവേശനം പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയായി നഴ്‌സിങ് സ്‌കോളർഷിപ്പും നടപ്പിലാക്കി. നാമമാത്ര എണ്ണമായിരുന്നിട്ട് കൂടി ഈ പദ്ധതിയും 80:20 ആനുപാതത്തിലാണ് നൽകിവരുന്നത്.
പൊതുമേഖലാസ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റ് ബോർഡുകളിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാൽ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ സാന്നിദ്ധ്യം കുറവാണെന്ന കാര്യം കമ്മിറ്റിയുടെ മുമ്പാകെ കൊണ്ടുവരപ്പെട്ടു. അത് നികത്താനാണ് കമ്മിറ്റി നിർദ്ദേശപ്രകാരം പൊതുമേഖലാസ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ് ബോർഡുകളിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് വി എസ് സർക്കാർ ഉത്തരവിറക്കിയത്.

കേരളത്തിലെ മുഴുവൻ മുസ്ലിംങ്ങൾക്കും റിസർവേഷൻ ലഭിച്ചിരുന്നപ്പോഴും മുസ്ലിം വിഭാഗത്തിലെ 'കച്ചി മേമൻ' എന്ന മൈക്രോ മൈനോറിറ്റിക്ക് മാത്രം റിസർവേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്ത വസ്തുത കമ്മിറ്റിയുടെ എറണാകുളം സിറ്റിംഗിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആ വിഷയം ഒരു ശുപാർശയായി പാലൊളി കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും മുസ്ലിം റിസർവേഷന്റെ പരിതിയിൽ അവരെ ഉൾപ്പെടുത്തി വി എസ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

മദ്രസാ അദ്ധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നതായിരുന്നു കമ്മിറ്റിയുടെ പ്രധാനമായ മറ്റൊരു ശുപാർശ. അതേ തുടർന്നാണ് മദ്രസാ അദ്ധ്യാപകരിൽ നിന്നും, അവർ ജോലിചെയ്യുന്ന മദ്രസകളിൽ നിന്നും വിഹിതം വാങ്ങി മദ്രസാ അദ്ധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്താൻ ഇടതുപക്ഷ സർക്കാർ നിയമ നിർമ്മാണം നടത്തിയത്. സാധാരണയുള്ള എല്ലാ ക്ഷേമനിധികളെയും പോലെ ഒരുക്ഷേമനിധി എന്നതിനപ്പുറം സർക്കാരിൽ നിന്ന് ഒരു അധികസഹായവും പദ്ധതിക്കായി ലഭിക്കുന്നില്ല. എന്നാൽ ഈ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് വ്യാപകമായ വർഗീയ പ്രചരണമാണ് സംഘ്പരിവാർ നാട്ടിലെങ്ങും നടത്തിയത്. സാധാരണ ക്ഷേമനിധികളെല്ലാം ഏതെങ്കിലുമൊരു ബാങ്കുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ആ രീതിയിൽ മദ്രസ്സാ ക്ഷേമനിധി ആരംഭിച്ച സമയത്ത് കോഴിക്കോട് കോപ്പറേറ്റീവ് ബാങ്കുമായാണ് കരാർ ഒപ്പിട്ടത്. എന്നാൽ പലിശയായി കിട്ടുന്ന വരുമാനത്തിൽ നിന്ന് ആനുകൂല്യങ്ങൾ നൽകുന്നതിനോട് മദ്രസാ അദ്ധ്യാപക സംഘടനകൾ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചു.

പലിശപ്പണം ആനുകൂല്യമായി ലഭിക്കുന്നത് മാനസികമായ പ്രയാസമുണ്ടാക്കുന്നു എന്ന് അവർ സർക്കാരിനെ അറിയിച്ചു. അങ്ങിനെയാണ് മദ്രസ്സാദ്ധ്യാപക ക്ഷേമനിധി സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ച് 'ഇൻസന്റീവ്' നൽകാൻ തീരുമാനമായത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഖ്യ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുവേണ്ടി ലഭിക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായത്. അത്തരത്തിൽ സർക്കാരിന് ചെലവഴിക്കാൻ ട്രഷറിയിലേക്ക് തരുന്ന പണത്തിന് ഒരു നിശ്ചിത സംഖ്യ ഇൻസെന്റീവ് നൽകുന്നതിനെയാണ് അവിഹിതമായി ഭീമമായ തുക മദ്രസ്സാ അദ്ധ്യാപകർക്ക് സർക്കാർ നൽകുന്നുവെന്ന് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. ഇന്ന് മുപ്പതിനായിരത്തോളം അംഗങ്ങളാണ് ഈ ക്ഷേമനിധിയിലുള്ളത്. മദ്രസ്സാ അദ്ധ്യാപകരുടെയും മദ്രസ്സാ മാനേജ്‌മെന്റുകളുടെയും വിഹിതമായി സ്വരൂപിക്കപ്പെട്ട 25 കോടിയോളം രൂപയാണ് നിലവിൽ ട്രഷറിയിൽ നിക്ഷേപമായി ഉള്ളത്. ആ 25 കോടി ഏതെങ്കിലും ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നതെങ്കിൽ സർക്കാർ ഇൻസന്റീവനേക്കാൾ അധികം തുക ലഭിക്കുമായിരുന്നു. അതുചെയ്യാതെ ജനക്ഷേമപ്രവർത്തനങ്ങൾക്കായി സർക്കാറിന് ഏതുസമയത്തും ഉപയോഗിക്കാൻ കഴിയുമാറ് പൊതുഖജനാവിൽ സൂക്ഷിച്ചത് മഹാപരാധമാണെന്നാണോ സംഘ് ഭാഷ്യം.

മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിന്റെ പതിതാവസ്ഥക്ക് പരിഹാരം കാണാൻ നടപ്പിലാക്കിയ പ്രത്യേക പദ്ധതികളാണ് ചില ക്രൈസ്ത സഭകളുടെയും സംഘടനകളുടെയും തെറ്റിദ്ധാരണക്ക് വിധേയമായത്. ന്യൂനപക്ഷസമുദായങ്ങൾക്ക് എല്ലാവർക്കുമായിട്ടാണ് പദ്ധതികളെന്നും സർക്കാർ അതിന്റെ എൺപത് ശതമാനം മുസ്ലിംങ്ങൾക്ക് നൽകുകയാണെന്നുമുള്ള പ്രചാരണത്തിന് ചുക്കാൺ പിടിച്ചത് ബിജെപിയായിരുന്നു. കേരളത്തിന് അനുവദിക്കപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ പദ്ധതികൾ പോലും ഇത്തരത്തിലാണ് വിതരണം ചെയ്യുന്നതെന്ന പച്ചക്കള്ളം വ്യാപകമായി അവർ പ്രചരിപ്പിച്ചു. ദൗർഭാഗ്യവശാൽ അറിഞ്ഞോ അറിയാതെയോ ചിലർ അതിൽ വീണു പോയി.

ക്രൈസ്തവ സമുദായത്തിൽ നുഴഞ്ഞുകയറാനും അവരുടെ പ്രീതി സമ്പാദിക്കുന്നതിനും ബിജെപി തൊടുത്തുവിട്ട കള്ള പ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന നിലപാട് നമ്മുടെ മതനിരപേക്ഷ മൂല്യങ്ങളുടെ കടക്ക് കത്തി വെക്കുന്നതിന് തുല്യമാണ്. ഈ ദുഷ്പ്രചാരണത്തിലൂടെ ബി.ജ.പി ലക്ഷ്യമിട്ടത് ഒരുവെടിക്ക് രണ്ട് പക്ഷിയായിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളെ വേർതിരിക്കുന്ന തോടൊപ്പം ന്യൂനപക്ഷങ്ങളിൽ ചേരിതിരിവും വർഗീയ ധ്രുവീകരണവും നടത്തി ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെ പാട്ടിലാക്കാനായിരുന്നു അവർ ഉദ്ദേശിച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഭൂരിപക്ഷ- ന്യൂനപക്ഷ വിഭജനം കൊണ്ടുതന്നെ ബിജെപിക്ക് അധികാരത്തിലേ റാൻ സാധിക്കും. എന്നാൽ കേരളത്തിൽ ന്യൂനപക്ഷങ്ങൾ ജനസംഖ്യയിൽ പ്രബലമായതിനാൽ അവരിലെ ഏതെങ്കിലുമൊരു വിഭാഗത്തെ കൂടെനിർത്താതെ ഇവിടെ അധികാരത്തിലെത്താൻ വിദൂര സാധ്യതപോലും ഇല്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു നുണ പ്രചരണത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്. മലയാളക്കരയിൽ അധികാരം പിടിക്കാൻ ന്യൂനപക്ഷവിഭാഗങ്ങളിലെ ഒരു കൂട്ടരെ കൂടെക്കൂട്ടാനാണ് ഇത്തരം നെറികെട്ട കളികൾ സംഘ് പരിവാർ നടത്തിയത്. ന്യൂനപക്ഷ അനുകൂല്യങ്ങൾ മുസ്ലിങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയത് മന്ത്രി എന്ന നിലയിൽ ഞാനാണെന്നാണ് ബിജെപി പാടിനടന്നത്. '

കടുത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ ഒരംഗം എന്ന നിലയിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും അവർ കിണഞ്ഞ് ശ്രമിച്ചത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ എന്റെ തലക്കുമുകളിൽ വട്ടമിട്ടു പറന്നിട്ടും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റാതിരുന്നതും അതേ തുടർന്ന് നിരന്തരം കേന്ദ്ര ഏജൻസികളെ ഞാൻ വെല്ലുവിളിച്ചതും ബിജെപിയെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിന്റെ പ്രതിഫലനം കൂടിയായിരുന്നു എന്റെ മണ്ഡലത്തിൽ യുഡിഎഫിന് വോട്ട് മറിച്ച് നൽകാൻ മലപ്പുറം ജില്ലയിലെ ബിജെപിക്ക് സാമാന്യം നല്ല വോട്ടുള്ള തവനൂരിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ അണിയറയിൽ ഗൂഢാലോചന നടത്തിയത്.

ലീഗും ബിജെപിയും എന്നെ തോൽപ്പിക്കാൻ തോളോടുതോൾ ചേർന്നു. ബേപ്പൂരിലെയും വടകരയിലെയും പരസ്യ സഖ്യത്തിന്റെ രഹസ്യ ആവിഷ്‌കാരമാണ് തവനൂരിൽ ഇരുകൂട്ടരും നടത്തിയത്. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ബിജെപിക്ക് തവനൂർ നിയമസഭാ മണ്ഡല പരിതിയിൽ നിന്ന് കിട്ടിയത് ഇരുപതിനായിരത്തോളം വോട്ടായിരുന്നു. അതിന്റെ തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചതാകട്ടെ ഇരുപതിനായിരത്തിലധികം വോട്ടായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒൻപതിനായിരത്തി തൊള്ളായിരം വോട്ടാണ്. ഏതാണ്ട് പതിനായിരത്തിലധികം വോട്ടാണ് തൽക്കാലത്തേക്ക് കോൺഗ്രസ്സ് കുപ്പായമിട്ട് കൈപ്പത്തി ചിഹ്നത്തിൽ എനിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച മുസ്ലിംലീഗുകാരന് മറിച്ചു നൽകിയത്. തവനൂർ മണ്ഡലത്തിലെ ബിജെപി കേന്ദ്രങ്ങളിൽ അവർക്ക് കിട്ടിയ വോട്ടുകൾ പരിശോധിച്ചാൽ ലീഗു സംസ്ഥാന നേതൃത്വവുമായി ബിജെപി നേതൃത്വം നടത്തിയ കോടികളുടെ വോട്ടു കച്ചവടം സംശയലേശമന്യേ ബോധ്യമാകും. ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തിൽ ഒരു 'വോട്ടു വിൽപ്പന തെരുവ്' തുറക്കലായിരിക്കും അഭികാമ്യം. ആവശ്യക്കാർക്ക് വന്ന് പറയുന്ന പണം നൽകി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ. കേരളത്തിലെ ബിജെപി നേതൃത്വം സഗൗരവം ഇക്കാര്യം ആലോചിക്കണമെന്നാണ് വിനീതമായ എന്റെ അഭ്യർത്ഥന.

കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതികളൊന്നും ന്യൂനപക്ഷവകുപ്പ് വഴിയല്ല വിതരണം ചെയ്യുന്നത്. കേന്ദ്രമാനവവിഭവശേഷി വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികൾക്ക് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും അവർ നേരിട്ടാണ്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു നോഡൽ ഏജൻസി മാത്രമാണ്. അതല്ലാതെ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിന്റെ ഒരു സ്‌കോളർഷിപ്പ് പദ്ധതിയിലേയും ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള അധികാരമോ അവകാശമോ ഇല്ല. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലൊന്നും 80-20 അനുപാതം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനോ സംസ്ഥാന ന്യൂനപക്ഷവകുപ്പിനോ കഴിയില്ല. ഉദാഹരണത്തിന് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ മുഖേന നൽകുന്ന വിവിധ വായ്പകൾ 80:20 അനുപാതമനുസരിച്ചല്ല നൽകുന്നത്.

എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളിലെ അർഹതപ്പെട്ട അപേക്ഷകർക്കും വായ്പ ലഭിക്കും. ഒരുഘട്ടത്തിൽ ക്രൈസ്തവ സഭകളും ചില സംഘടനകളും നിലവിലെ 80-20 അനുപാതം മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യ 18 ശതമാനവും, മുസ്ലിം ജനസംഖ്യ 26 ശതമാനവുമാണ്. അതിനനുസരിച്ച് അനുപാതം മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതുപ്രകാരം കാര്യങ്ങളുടെ നിജസ്ഥിതി അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതുപ്രകാരമാണ് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന പ്രത്യേക പ്രശ്‌നങ്ങളും പിന്നോക്കാവസ്ഥയും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പാലോളി കമ്മിറ്റിക്ക് സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മിറ്റിയെ ഇടതുപക്ഷ സർക്കാർ നിയോഗിച്ചത്. പ്രസ്തുത കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. വൈകാതെ കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൈസ്തവ സമുദായത്തിലെ ഏതെങ്കിലും അവാന്തര വിഭാഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പിന്നോക്കാവസ്ഥയുണ്ടെങ്കിൽ ആധികാരികമായ പഠനം തത്സംബന്ധമായി കോശി കമ്മീഷൻ നടത്തും. അതനുസൃതമായ ശുപാർശ കോശി കമ്മീഷൻ സർക്കാറിന് സമർപ്പിക്കും. അതിലെ പ്രസക്തമായ ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി പറഞ്ഞിട്ടുമുണ്ട്. അങ്ങിനെ നടപ്പിലാക്കുന്ന പദ്ധതികളിലും സ്വാഭാവികമായും അനുവർത്തിക്കപ്പെടുന്ന മാനദണ്ഡം 80:20 എന്ന അനുപാതമായിരിക്കും. പാലോളി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കപ്പെട്ട പദ്ധതികളിൽ 80 ശതമാനം മുസ്ലിം സമുദായത്തിന് നൽകിയ പോലെ കോശി കമ്മീഷൻ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ 80 ശതമാനം പ്രാതിനിധ്യം ക്രൈസ്തവ സമുദായത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായിരിക്കും. മദ്രസാ അദ്ധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ പോലെ ക്രൈസ്തവ സമുദായത്തിലെ ഏതെങ്കിലും വിഭാഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കോശി കമ്മീഷൻ ശുപാർശ ചെയ്യുകയാണെങ്കിൽ അതിന്റെ പ്രായോഗികതയും കൂടി പരിഗണിച്ച് അതും നടപ്പിലാക്കാൻ സർക്കാറിന് മടിയുണ്ടാവില്ല.

അതേസമയം, ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും ഒരു ജനവിഭാഗത്തിനും കുറയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യില്ല. ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ചിടത്തോളം എല്ലാ വിഷയങ്ങളിലും തുറന്ന സമീപനമാണുള്ളത്. എല്ലാ വിഭാഗം ആളുകളും അഭിവൃദ്ധിപ്പെടുകയും പുരോഗമിക്കുകയും വേണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ഞാൻ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോൾ നടപ്പിലാക്കിയത് ഒന്നാം പിണറായി സർക്കാരിന്റെ നയമായിരുന്നു. ആരോടും അനീതി കാണിക്കാത്ത അതേ നയമായിരിക്കും ആ വകുപ്പ് ആര് കൈകാര്യം ചെയ്താലും നടപ്പിലാക്കപ്പെടുക. ഭൂരിപക്ഷ - ന്യൂനപക്ഷവിഭാഗങ്ങളോടും അവർക്കിടയിലെ അവാന്തര വിഭാഗങ്ങളോടും ഒരുപോലെ നീതികാണിച്ചുകൊണ്ടാകും ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോവുക.

രണ്ടാം പിണറായി സർക്കാരിനെ ഒന്നിന്റെ പേരിലും അപകീർത്തിപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല. പ്രത്യേകിച്ച് മുസ്ലിംലീഗിന്. ലീഗ് നിലനിൽക്കുന്നത് തന്നെ മുസ്ലിം പ്രാധിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്താൻ ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ വേണം എന്ന വാദമുയർത്തിയാണ്. സത്യത്തിൽ ഈ സർക്കാർ തന്നെ ആ ആവശ്യം നിറവേറ്റിയാൽ അപ്രസക്തമാകുന്നത് മുസ്ലിംലീഗ് എന്ന സംഘടനയുടെ രാഷ്ട്രീയ നിലനിൽപ്പാണ്. ലീഗില്ലാതെ തന്നെ ലീഗ് മുസ്ലിം സമുദായത്തിന് വാങ്ങി നൽകുന്നു എന്നവകാശപ്പെടുന്ന ന്യായമായതും അർഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും അവകാശങ്ങളും ബന്ധപ്പെട്ടവർക്ക് ഉറപ്പുവരുത്താൻ ഇടതുപക്ഷ പാർട്ടികൾക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവങ്ങളാണ് ആ ഉറപ്പിന് ആധാരമായി ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ മുസ്ലിം സമൂഹം ഇടതുപക്ഷ മതേതര പ്ലാറ്റ്ഫോം തന്നെയാകും ഭാവിയിൽ തെരഞ്ഞെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP