Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രഫുൽ പട്ടേലിനെ അഡ്‌മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിച്ചപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ; ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയപ്പോൾ തുടങ്ങിയ അമർഷം; ബീഫ് നിരോധന നീക്കവും എതിർപ്പ് ശക്തമാക്കി; ലക്ഷദ്വീപിൽ സംഭവിക്കുന്നത് എന്ത്? മറ്റൊരു കശ്മീരാക്കാൻ കേന്ദ്രശ്രമമെന്ന് വി ടി ബൽറാം

പ്രഫുൽ പട്ടേലിനെ അഡ്‌മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിച്ചപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ; ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയപ്പോൾ തുടങ്ങിയ അമർഷം; ബീഫ് നിരോധന നീക്കവും എതിർപ്പ് ശക്തമാക്കി; ലക്ഷദ്വീപിൽ സംഭവിക്കുന്നത് എന്ത്? മറ്റൊരു കശ്മീരാക്കാൻ കേന്ദ്രശ്രമമെന്ന് വി ടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് കാലത്ത് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിന്നും വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. പുതിയ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ചുമതലയേറ്റെടുത്തതോടെ തുടങ്ങിയ പ്രശ്‌നങ്ങൾ ലക്ഷദ്വീപ് നിവാസികളുടെ കടുത്ത എതിർപ്പിന് ഇടയാക്കുകയാണ്. ഏറ്റവും ഒടുവിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതും അടക്കമുള്ള കാര്യങ്ങളും കൂടിയായപ്പോൾ ദ്വീപ് വാസികൾ കടുത്ത രോഷത്തിലായി.

രാജ്യം മുഴുവൻ കൊവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയിൽ ക്വാറന്റീനിൽ ഇരുന്നവർക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നൽകി പാലിച്ച് പോന്ന നിയന്ത്രണങ്ങൾക്കാണ് ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇളവുകളനുവദിച്ചത്. ഇതാണ് കടുത്ത വിമർശനങ്ങൾക്കു ഇടയാക്കിയത്.

ഇതാണ് രൂക്ഷവ്യാപനത്തിന് കാരണമായതെന്നാണ് ആരോപണം. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്. ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷന്റെ ഓൺലൈൻ പ്രതിഷേധ ക്യാംപയിൻ തുടരുകയാണ്. കൊറോണക്കാലത്ത് വിദ്യാർത്ഥി വിപ്ലവം വീട്ടുപടിക്കൽ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്

ലക്ഷദ്വീപിലെ മുൻ അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതോടെ ഇദ്ദേഹം നടത്തിയ പരിഷ്‌ക്കാരങ്ങൽ ദ്വീപ് വാസികളുടെ എതിർപ്പിന് ഇടയാക്കി.

ദ്വീപിനെ ബാധിക്കുന്ന വിധത്തില് പഞ്ചായത്തീ രാജ് സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളും കടുത്ത എതിർപ്പുകൾക്ക് ഇടയാക്കി. പഞ്ചായത്തുകൾക്ക് പണം ചെലവഴിക്കാൻ സാധിക്കില്ലെന്നതാണ് ഇവിടുത്തെ പ്രശ്‌നം. 2012ൽ അമർനാഥ് ഐഎഎസ് അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന സമയത്താണ് ആദ്യമായി ലക്ഷദ്വീപിലെ പഞ്ചായത്തിന് അഞ്ചു വകുപ്പുകൾ കൈമാറുന്നത്. ഈ അധികാരത്തിൽ പ്രഫുൽ പട്ടേൽ കൈകടത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

വിദ്യാഭ്യാസം, ആരോഗ്യം, മൃഗ സംരക്ഷണം, ഫിഷറീസ്, എന്നീ വകുപ്പുകളാണ് പഞ്ചായത്ത് നിയന്ത്രിച്ചിരുന്നത്. പഞ്ചായത്താണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെങ്കിലും ഉദ്യോഗസ്ഥർ സാങ്കേതികമായി അഡ്‌മിനിസ്‌ട്രേഷന്റെ നിയന്ത്രണത്തിലായിരുന്നു നിലനിന്നിരുന്നത്. ഇപ്പോൾ ഇറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം മേല്പറഞ്ഞ വകുപ്പുകളിൽ പഞ്ചായത്തിന് ഒരു നിയന്ത്രണവും ഉണ്ടാകില്ല. ഏതെങ്കിലും പദ്ധതികൾ വിഭാവനം ചെയ്തു നൽകിയാൽ അഡ്‌മിനിസ്‌ട്രേഷൻ നിർദ്ദേശിക്കുന്ന രീതിയിൽ നടപ്പിലാക്കുന്ന ഒരു ഏജൻസി മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ലക്ഷദ്വീപ് പഞ്ചായത്ത്. ഇതിൽ കടുത്ത അമർഷം പഞ്ചായത്തിൽ പുകയുന്നുണ്ട്.

ഇത്തരം വിഷയങ്ങളെല്ലം നിലനിൽക്കേ ബീഫ് നിരോധനം അടക്കമുള്ള വിഷയങ്ങളും ലക്ഷദ്വീപ് വാസികളിൽ കൂടുതൽ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സംഭവം കേരളത്തിലും കൂടുതൽ ചർച്ചയാകുകയും ചെയ്യുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം ആരോപിച്ചു. കേന്ദ്ര ബിജെപി സർക്കാരിന്റെ രഹസ്യ അജണ്ടയെ തുറന്ന കാട്ടുന്ന പരാമർശമാണ് വിടി ബൽറാം തന്റെ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ മുസ്ലിം അസ്ഥിത്വത്തെ തകർക്കാനുള്ള സംഘപരിവാറിന്റെ കുടില ശ്രമങ്ങളെ അക്കമിട്ടു നിരത്തുന്നകായാണ് ബൽറാം.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം..

കേരളത്തിന്റെ അയൽപക്കത്ത് ഭാഷാപരമായും സാംസ്കാരികമായും വളരെയടുപ്പം പുലർത്തുന്ന നാടാണ് ലക്ഷദ്വീപ്. അവിടത്തുകാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത പഠനത്തിനെത്തുന്നതും ഇങ്ങോട്ടാണ്. കേന്ദ്ര ഭരണ പ്രദേശമായ അവിടെ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ട്. കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണല്ലോ.

2020 ഡിസംബറിലാണ് ചില പ്രത്യേക അജണ്ടകളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്‌ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.

?ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു എല്ലാം അഡ്‌മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോൾ അഡ്‌മിനിസ്ട്രേറ്ററുടെ കീഴിലായി.

?സർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയാണ് പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു.

?എഴുപതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിൽ സർക്കാർ സർവ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികൾ. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.

?ഈയടുത്ത കാലം വരെ ഒരാൾക്കുപോലും കോവിഡ് വരാതിരുന്ന ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ കോവിഡ് പ്രോട്ടോക്കോളുകൾ തോന്നിയപോലെ അട്ടിമറിച്ചു. ഇന്ന് ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60 ശതമാനത്തിലധികമാണ്. മതിയായ വിദഗ്ദ ചികിത്സാ സൗകര്യങ്ങളില്ലാത്ത ദ്വീപിൽ ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

? മദ്യ രഹിത പ്രദേശമായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾക്ക് അനുമതികൊടുത്തു. തദ്ദേശവാസികളുടെ സാംസ്കാരിക സെൻസിറ്റിവിറ്റികളോട് പൂർണ്ണമായ അവഹേളനമായി ഇത് മാറുന്നുണ്ട്.

? ബീഫ് നിരോധനം നടത്തി തീന്മേശയിലും കൈകടത്തി.

?സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗൻവാടികൾ അടച്ചുപൂട്ടി.

?സിഎഎ/എൻആർസിക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ ലക്ഷദീപിൽ നിന്ന് എടുത്തു മാറ്റി.

?ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പൊലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.

? രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്.

?ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിക്കാനും ഇനിമുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിർബന്ധിക്കാനും തുടങ്ങി.

?ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി!

പുതിയ അഡ്‌മിനിസ്ട്രേറ്റർ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ട് മാത്രം ലക്ഷദ്വീപിൽ അടിച്ചേൽപ്പിച്ച നടപടികളിൽ ചിലത് മാത്രമാണിത്. ദീർഘമായ ആസൂത്രണത്തോടെ, വംശീയ അപരവൽക്കരണത്തിനായുള്ള ഒരു സംഘപരിവാരം പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് സംശയിക്കാവുന്നതാണ്. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്പൻ ടൂറിസം പദ്ധതികൾക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കശ്മീരിലും അങ്ങനെയൊരു ലക്ഷ്യം ഭരണ വർഗ്ഗത്തിനുണ്ടായിരുന്നുവല്ലോ.

കേന്ദ്രഭരണ പ്രദേശം എന്ന നിലയിൽ പുറത്തു നിന്നെത്തുന്ന ഉദ്യോഗസ്ഥ/രാഷ്ട്രീയ പ്രമാണികൾക്ക് ലക്ഷദ്വീപ് ഭരണകൂടത്തിൽ വലിയ സ്വാധീനം എന്നുമുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ അതിശയിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഔന്നത്യമുള്ള പി എം സയീദിനെപ്പോലുള്ള ഒരു ജന പ്രതിനിധിയുടെ സാന്നിധ്യം അക്കാലത്ത് ദ്വീപുകാർക്ക് പകർന്നു നൽകിയ ആത്മവിശ്വാസവും സംരക്ഷിത ബോധവും ചെറുതല്ല. അദ്ദേഹത്തിന്റെ അഭാവം ഇന്ന് ദ്വീപുകാർ കൂടുതൽക്കൂടുതലായി തിരിച്ചറിയുന്നുണ്ട്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും ഇക്കാര്യത്തിൽ സജീവവും ആത്മാർത്ഥവുമായ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP