Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയും; പ്രതിരോധിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ നിർണായകമാകുക മൂക്കിലൊഴിക്കുന്ന വാക്സിൻ; ഇന്ത്യൻ നിർമ്മിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധത്തിൽ ചാലക ശക്തിയാകുമെന്ന് ഡോ.സൗമ്യ വിശ്വനാഥൻ

കോവിഡ് മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയും; പ്രതിരോധിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ നിർണായകമാകുക മൂക്കിലൊഴിക്കുന്ന വാക്സിൻ; ഇന്ത്യൻ നിർമ്മിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധത്തിൽ ചാലക ശക്തിയാകുമെന്ന് ഡോ.സൗമ്യ വിശ്വനാഥൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് രോഗത്തിന്റെ രണ്ടാം തരംഗത്തെ നേരിടുകയാണ് ലോകം മുഴുവൻ. ഇന്ത്യയിലാകട്ടെ രണ്ടാം തരംഗം പിടിച്ചുനിർത്താൻ കഴിയാതെ പതിനായിരങ്ങളുടെ ജീവനെടുത്തു കഴിഞ്ഞു. കോവിഡിന്റെ മൂന്നാം തംരംഗവും ഉണ്ടാകുമെന്ന് വ്യക്തമായതോടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളികളാണ് മുന്നിലുള്ളത്. കോവിഡ് വാക്‌സിന്റെ ലഭ്യതയിൽ അടക്കം ഇന്ത്യ വളരെ പിറകിലായ ഘട്ടത്തിൽ മൂന്നാം ഘട്ടം കടുത്ത ആശങ്കയ്ക്ക് ഇട നൽകുന്നു.

ഈ വർഷം ലഭ്യമാകില്ലെങ്കിലും കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്സിൻ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമ്മിത 'നേസൽ കോവിഡ് വാക്‌സിൻ' കുട്ടികളിലെ കോവിഡ്ബാധയെ ചെറുത്ത് തോൽപിക്കുന്നതിന് ഏറെ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ. കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ കുഞ്ഞുങ്ങളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടെയാണിത് സൗമ്യയുടെ പ്രസ്താവന പുറത്തുവരുന്നതും.

'ഇന്ത്യൻ നിർമ്മിത നേസൽ വാക്‌സിനുകൾ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്തിയാകും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നൽകാൻ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടും' -ശിശുരോഗ വിദഗ്ദ കൂടിയായ ഡോ. സൗമ്യ ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കൂടുതൽ മുതിർന്നവർക്ക്, പ്രത്യേകിച്ച് അദ്ധ്യാപകർക്ക് വാക്‌സിൻ നൽകേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്പോൾ മാത്രമേ സ്‌കൂളുകൾ വീണ്ടും തുറക്കാൻ പാടുള്ളൂ എന്നും അവർ പറഞ്ഞു. 'ആത്യന്തികമായി ഞങ്ങൾ കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ വർഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്പോൾ സ്‌കൂളുകൾ തുറക്കണം. മറ്റ് മുൻകരുതലുകൾക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അദ്ധ്യാപകർക്ക് വാക്‌സിനേഷൻ ചെയ്താൽ അത് ഒരു വലിയ ചുവടുവെപ്പായിരിക്കും' -ഡോ. സൗമ്യ കൂട്ടിച്ചേർത്തു.

ഉപയോഗിക്കാൻ എളുപ്പമെന്ന നിലയിൽ ജനപ്രിയമാണ് മൂക്കിലൂടെ നൽകുന്ന വാക്‌സിനുകൾ. ഒരു നാസൽ വാക്‌സിൻ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്‌സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിൾ-ഡോസ് മരുന്നാണെന്നതും പുതിയ വേരിയന്റിന് അനുകൂല ഘടകമാണ്. മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങൾക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു.

ഭാരത് ബയോടെകിന്റെ കോവാക്‌സിൻ, ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നിവയ്ക്ക് മസിലുകളിൽ രണ്ട് കുത്തിവയ്‌പ്പുകൾ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന് ആവശ്യക്കാർ വർധിക്കാൻ ഇടയാക്കും. സാധാരണ വാക്‌സിൻ വിതരണത്തിൽ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് നേസൽ വാക്‌സിൻ നൽകുക. അതിനാൽ ശരീരത്തിൽ അതിവേഗം പ്രവർത്തിച്ചു തുടങ്ങുന്ന നേസൽ വാക്‌സിൻ സാധാരണ വാക്‌സിനെക്കാൾ ഫലപ്രദമാണെന്നാണ് വിദഗ്ധ അഭിപ്രായം. ശരീരത്തിലെത്തി വളരെ വേഗത്തിൽ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നേസൽ വാക്‌സിൻ സഹായിക്കുന്നു. കോറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്‌സിൻ പ്രവർത്തിക്കുക. ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്‌സിനാണ് നൽകേണ്ടത്.

അതേസമയം കുട്ടികൾ കോവിഡ്ബാധയിൽ നിന്ന് മുക്തരല്ലെന്നും എന്നാൽ ആഘാതം വളരെ കുറവാണെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 'കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ, ഒന്നുകിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല അല്ലെങ്കിൽ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. അവരെ പൊതുവെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല'-നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിൽ ആശങ്കകൾ ഏറെയുണ്ട്. മൂന്നാം തരംഗത്തിന്റെ സാധ്യതയെക്കുറിച്ച് വിദഗ്ധരും സർക്കാരും വ്യാപകമായി മുന്നറിയിപ്പു നൽകുന്നുണ്ട്. പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ കെ. വിജയ് രാഘവനാണ് കോവിഡിന്റെ മൂന്നാം തരംഗം അനിവാര്യമാണെന്നും അതിന്റെ സമയം പ്രവചിക്കാനാവില്ലെന്നും അടുത്തിടെ മുന്നറിയിപ്പു നൽകിയത്. ഈ മുന്നറിയിപ്പിനു ശേഷം അദ്ദേഹം ചില വിശദീകരണങ്ങൾ കൂടി നടത്തി. കടുത്ത നടപടികൾ സ്വീകരിച്ചാൽ മൂന്നാം തരംഗം ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ കൂടാതെ പല വിദഗ്ധരും കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്ത് വന്നേക്കാവുന്ന മൂന്നാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന്, അടുത്ത മാസങ്ങളിൽ ഉണ്ടായേക്കാമെന്നു ഭയപ്പെടുന്ന മൂന്നാം തരംഗത്തിനെതിരെ രാജ്യത്തെ മിക്ക പ്രാദേശിക ഭരണകൂടങ്ങളും ആശുപത്രികളും അടിസ്ഥാന സൗകര്യമൊരുക്കൽ തുടങ്ങിയിട്ടുണ്ട്.

ഇതിനു നിഘണ്ടുക്കളിൽ നിർവചനങ്ങൾ കാണാൻ സാധിച്ചേക്കില്ല. ഒരു വ്യാധി വ്യാപിക്കുകയും കുറേ നാളുകൾക്കു ശേഷം വ്യാപനം ശമിക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ് ഒരു തരംഗം അല്ലെങ്കിൽ വേവ് എന്നു വിളിക്കുന്നത്. പല വൈറൽ പകർച്ചവ്യാധികളും സീസണുകളിലാണ് വരാറ്. അവ ഒരു നിശ്ചിത കാലയളവിനു ശേഷം പിൻവലിയുന്നതും കാണാം. എന്നാൽ, അവ ഋതുക്കൾക്കനുസരിച്ച് വന്നും പോയും ആവർത്തിക്കുന്നതും കാണാം. ഇങ്ങനെ കുറെയധികം ആളുകളെ ബാധിച്ചശേഷം അടങ്ങുന്ന ഒരു വരവിനെയും പോക്കിനെയുമാണ് ഒരു തരംഗം എന്നു പറയുന്നത്.

കോവിഡ്-19ന്റെ കാര്യം പറഞ്ഞാൽ അത് കഴിഞ്ഞ ഒന്നര വർഷത്തോളമായി ലോകത്തെ പല രാജ്യങ്ങളിലും പടരുകയാണ്. എന്നാൽ, ചില സന്ദർഭങ്ങളിൽ അത് ഒരു പ്രദേശത്തെ കൂടുതൽ ആളുകളെ ബാധിക്കുന്നു. ഇങ്ങനെ വർധിക്കുന്ന സമയത്തെ ഗ്രാഫ് പരിശോധിച്ചാൽ അതിനെ ഒരു തരംഗമെന്നു വിളിക്കാനാകും. രോഗികളുടെ എണ്ണം ഉയർന്നതിനു ശേഷം വീണ്ടും താഴുന്നതും കാണാം. രണ്ടാം തരംഗത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന ശേഷം താഴുന്ന സ്ഥിതിവിശേഷം കണ്ടിട്ടില്ലെന്നതാണ് ഈ തരംഗത്തിന്റെ ഒരു സവിശേഷതയായി പറയുന്നത്. അത് ഉയരുകയോ താഴുകയോ ചെയ്യാതെ നിൽക്കുകയാണ് എന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരം അവസരങ്ങളിൽ തരംഗം ഉണ്ടായെന്നും ഇല്ലെന്നും വേർതിരിക്കുക എളുപ്പമല്ലെന്നു വാദിക്കുന്നവരും ഉണ്ട്.

രണ്ടാം തരംഗത്തെക്കാൾ കൂടുതൽ ശക്തമായി മൂന്നാം തരംഗം വരാമെന്ന വാദമുയർത്തുന്നവരുണ്ട്. എന്നാൽ, ഇത് അങ്ങനെ പ്രവചിക്കാനാവില്ലെന്നും ചിലർ പറയുന്നു. മുൻ തരംഗം മൊത്തം ജനതയ്ക്കും ഭീഷണിയാകുമെങ്കിൽ പിന്നീടു വരുന്ന തരംഗങ്ങളിൽ കുറേപ്പേരെങ്കിലും രോഗപ്രതിരോധശേഷി കൈവരിച്ചവരായിരിക്കുമെന്നും പറയുന്നു. എന്നാൽ, ഇതുവരെ ഉണ്ടായ രണ്ടു തരംഗങ്ങളും പരിഗണിച്ചാൽ ഇത് ഇന്ത്യയിൽ പ്രാവർത്തികമായിട്ടില്ല എന്നാണ് ഒരു കൂട്ടം ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ തന്നെ അത്തരം ഒരു മുൻവിധിയോടെ മുന്നോട്ടുപോകുന്നത് അപകടകരമാകാമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP