Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രതിപക്ഷ നേതൃസ്ഥാനം മുഖ്യമന്ത്രി കസേരയിലേക്കുള്ള ആദ്യ ടിക്കറ്റ്; നേടിയത് മന്ത്രിമാരെ പോലെ വസതിയും 30 ജീവനക്കാരും എസ്‌കോർട്ടുമുള്ള സൂപ്പർ പദവി; പത്തംഗ ഉന്നതാധികാര സമിതിയിൽ പെടാത്ത ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തഴയപ്പെട്ട നേതാവ് ഒന്നാമൻ ആയത് നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ

പ്രതിപക്ഷ നേതൃസ്ഥാനം മുഖ്യമന്ത്രി കസേരയിലേക്കുള്ള ആദ്യ ടിക്കറ്റ്; നേടിയത് മന്ത്രിമാരെ പോലെ വസതിയും 30 ജീവനക്കാരും എസ്‌കോർട്ടുമുള്ള സൂപ്പർ പദവി; പത്തംഗ ഉന്നതാധികാര സമിതിയിൽ പെടാത്ത ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തഴയപ്പെട്ട നേതാവ് ഒന്നാമൻ ആയത് നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെസി വേണുഗോപാലാണ് വിഡി സതീശന് രക്ഷകനായത്. എല്ലാ അർത്ഥത്തിലും തിരുത്തൽ വാദം വീണ്ടും. രമേശ് ചെന്നിത്തലയും ജി കാർത്തികേയനും ചേർന്ന് കെ കരുണാകരനെതിരെ തൊണ്ണൂറുകളിൽ നടത്തിയ കൊട്ടാര വിപ്ലവത്തിന് സമാനമായ അട്ടിമറി നിശബ്ദമായി കെസിയും വിഡിയും ചേർന്ന് നടത്തി. മുഖ്യമന്ത്രി കസേരയിലേക്കുള്ള ആദ്യ ടിക്കറ്റാണ് പ്രതിപക്ഷ നേതൃസ്ഥാനം. കെ കരുണാകരനെ പോലൊരു ലീഡർ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്നതും പ്രതിപക്ഷത്തിന് വീറും ആവേശവും നൽകിയാണ്. അതിന് ശേഷം വിഡിക്കാണ് കോൺഗ്രസിൽ ആ നിയോഗം.

അധികാരമില്ലെങ്കിലും മന്ത്രിമാർക്കുള്ള എല്ലാ സൗകര്യങ്ങളും പ്രതിപക്ഷ നേതാവിനും കിട്ടും. കാബിനറ്റ് പദവിയാണ് അത്. പ്രതിപക്ഷ നേതാവെന്നാൽ സ്വന്തം മുന്നണിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാൻ പോന്ന പദവിയുമാണ്. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായാണ് വി.ഡി.സതീശൻ ചുമതലയേൽക്കുന്നത്. പി.ടി.ചാക്കോ, ഇം.എംഎസ്. നമ്പൂതിരിപ്പാട്, കെ.കരുണാകരൻ, ടി.കെ.രാമകൃഷ്ണൻ, പി.കെ.വാസുദേവൻ നായർ, ഇ.കെ.നായനാർ, വി എസ്.അച്യുതാനന്ദൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരായിരുന്നു രമേശ് ചെന്നിത്തലയ്ക്കു മുൻപ് സംസ്ഥാനത്തു പ്രതിപക്ഷ നേതാക്കളായിരുന്നവർ. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രി സ്ഥാനമോ വഹിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയാകാൻ ഭാഗ്യമുണ്ടാകാത്തത് 3 പേർക്കു മാത്രം.

കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയിൽ പോലും വിഡി സതീശൻ ഇല്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സ്ഥാനവും കിട്ടിയില്ല. ഇത്തരത്തിലൊരു നേതാവാണ് ഇപ്പോൾ പ്രതിപക്ഷ നേതാവാകുന്നത്. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്‌സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്‌കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്.-ഇങ്ങനെയുള്ള പ്രതിപക്ഷ നേതാവിന്റെ സുഖ സൗകര്യങ്ങളിലേക്കാണ് വിഡി നടന്നു കയറുന്നത്. ഇതിന് വേണ്ടി വെട്ടി വീഴ്‌ത്തിയത് സ്വന്തം ഗ്രൂപ്പ് നേതാവിനേയും. ആദ്യ പ്രതിപക്ഷ നേതാവായ പി.ടി.ചാക്കോ, ടി.കെ.രാമകൃഷ്ണൻ, ഇപ്പോൾ രമേശ് ചെന്നിത്തല-ഇവർ മാത്രമാണ് പ്രതിപക്ഷ നേതാവായിട്ടും മുഖ്യമന്ത്രിയാകാത്തവർ.

നിയമസഭയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തുന്നതിനെക്കാൾ വേഗത്തിൽ കന്റോൺമെന്റ് ഹൗസിലെത്താം. സെക്രട്ടേറിയറ്റിൽനിന്നു 2 കിലോമീറ്ററും നിയമസഭയിൽനിന്ന് അര കിലോമീറ്ററും അടുത്താണ് പ്രതിപക്ഷ നേതാവിന്റെ മന്ദിരം. ഉമ്മൻ ചാണ്ടി ആദ്യ ടേമിൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവായപ്പോൾ വി എസ് സർക്കാർ കന്റോൺമെന്റ് ഹൗസ് അനുവദിച്ചെങ്കിലും അദ്ദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ തന്നെയാണു തുടർന്നും താമസിച്ചത്. പകരം കന്റോൺമെന്റ് ഹൗസിനെ തന്റെ ഓഫിസാക്കി മാറ്റി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോൾ വഴുതക്കാട്ടെ വസതിയിൽനിന്നു കുടുംബസമേതം കന്റോൺമെന്റ് ഹൗസിലേക്കു മാറി.

പാർട്ടി പ്രവർത്തനത്തിന് കൂടിയുള്ള സൗകര്യം കണക്കിലെടുത്താണ് ഇത്. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചയുടൻ തന്നെ കന്റോൺമെന്റ് ഹൗസ് ചെന്നിത്തല ഒഴിഞ്ഞു. ഈ വീട് പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾ സർക്കാർ ആവശ്യമായ അറ്റകുറ്റപ്പണികൾക്കു ശേഷം സതീശനു കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP