Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയുടെ ഏത് മുൻ താരത്തിനാണ് കൂടുതൽ ടെസ്റ്റ് കളിക്കാൻ അർഹത? വിസ്ഡൻ ട്വീറ്ററിൽ കുറിച്ച ചോദ്യത്തിന് ഭൂരിഭാഗം പറഞ്ഞത് യുവരാജ് സിങ് എന്ന്; 'അടുത്ത ജന്മം അക്കാര്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു' മറുപടിയുമായി യുവി

ഇന്ത്യയുടെ ഏത് മുൻ താരത്തിനാണ് കൂടുതൽ ടെസ്റ്റ് കളിക്കാൻ അർഹത? വിസ്ഡൻ ട്വീറ്ററിൽ കുറിച്ച ചോദ്യത്തിന് ഭൂരിഭാഗം പറഞ്ഞത് യുവരാജ് സിങ് എന്ന്; 'അടുത്ത ജന്മം അക്കാര്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു' മറുപടിയുമായി യുവി

സ്പോർട്സ് ഡെസ്ക്

ലുധിയാന: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പരിമിത ഓവർ മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയ താരമാണ് ഓൾറൗണ്ടർ യുവരാജ് സിങ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവരാജ് ബാറ്റ് കൊണ്ടും പന്തുകൊണ്ടും കാഴ്ചവച്ച മിന്നും പ്രകടനത്തിലൂടെ ഇന്ത്യയ്ക്കായി 2007-ൽ ട്വന്റി 20 കിരീടവും 2011-ൽ ലോകകപ്പും നേടുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

നിർണായകമായ പല അവസരങ്ങളിലും ഇന്ത്യൻ ടീം പ്രതിസന്ധികളിൽ നിൽക്കുന്ന ഘട്ടങ്ങളിലും യുവരാജ് ടീമിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ട്. ഏകദിന, ട്വന്റി20 മത്സരങ്ങളിൽ യുവരാജ് സിങ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നെങ്കിൽ ടെസ്റ്റിൽ അതായിരുന്നില്ല അവസ്ഥ. താരത്തിന് ആവശ്യത്തിന് അവസരം ലഭിച്ചില്ലെന്നു നേരത്തേ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.

17 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ 304 ഏകദിന മത്സരങ്ങളും 58 ട്വന്റി 20 മത്സരങ്ങളുമാണു യുവി കളിച്ചത്. യഥാക്രമം 8701, 1177 റൺസുകളും താരം നേടി. ഏകദിനത്തിൽ 111 ഉം ട്വന്റി20യിൽ 28 ഉം വിക്കറ്റുകൾ സ്വന്തമാക്കി. എന്നാൽ ടെസ്റ്റിൽ വെറും 40 മത്സരങ്ങൾ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. അതിൽ 1900 റൺസും 9 വിക്കറ്റുകളും താരം നേടി. 2003 ൽ ന്യൂസീലൻഡിനെതിരെയാണ് യുവരാജ് സിങ് ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്.

ഈയിടെ വിസ്ഡൻ ഇന്ത്യ കുറിച്ച ഒരു ട്വീറ്റാണ് വീണ്ടും വിഷയത്തിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിച്ചത്. ഇന്ത്യയുടെ ഏത് മുൻ താരത്തിനാണ് കൂടുതൽ ടെസ്റ്റ് കളിക്കാൻ അർഹത? എന്നതായിരുന്നു വിസ്ഡൻ ട്വീറ്ററിൽ കുറിച്ച ചോദ്യം. ഇതിന് ഭൂരിഭാഗം പേരും യുവരാജ് സിങ് എന്നാണ് കുറിച്ചത്.

ഇത് വൈറലായതോടെ പോസ്റ്റിന്റെ ചുവട്ടിൽ കമന്റുമായി സാക്ഷാൽ യുവരാജ് തന്നെ പ്രത്യക്ഷപ്പെട്ടു. അടുത്ത ജന്മം അക്കാര്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുവരാജ് പറഞ്ഞു. ഏഴു വർഷത്തോളം പന്ത്രണ്ടാമനായി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും തമാശ രൂപേണ യുവി കൂട്ടിച്ചേർത്തു.

യുവരാജിന്റെ ഈ ട്വീറ്റ് ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ വൈറലായി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ച യുവരാജ് ഈയിടെ റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജെൻഡ്സിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് കിരീടം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP