Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് രാജ്യത്തിന്റെ കിഴക്കൻ തീരത്തേക്ക്; മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നു; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകും; കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഇല്ല; ബംഗാളിനും ഒഡീഷയ്ക്കും ജാഗ്രതാ നിർദ്ദേശം; കാലവർഷം 31ന് തന്നെ

ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് രാജ്യത്തിന്റെ കിഴക്കൻ തീരത്തേക്ക്; മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നു; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകും; കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഇല്ല; ബംഗാളിനും ഒഡീഷയ്ക്കും ജാഗ്രതാ നിർദ്ദേശം; കാലവർഷം 31ന് തന്നെ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരമേഖയിൽ നാശംവിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്നുപോയതിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റായ യാസ് കിഴക്കൻ തീരത്തോട് അടുക്കുന്നു. മെയ് 26-ന് യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കാമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ചുഴലിക്കാറ്റ് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ 08.30- ഓടുകൂടി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. മെയ് 23 രാവിലെയോടെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. ഇത് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാനാണ് സാധ്യത.

തുടർന്നും വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്നു മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയിൽ കടന്നുപോകുന്ന 22 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതം കൂടാതെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കിഴക്കൻ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം, ഇത് ചില ഉൾനാടൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്.

ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും.

 ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കൂടും. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിലും യെലോ അലർട്ട് നൽകിയിട്ടുണ്ട്.

മെയ് 22 മുതൽ മെയ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

'യാസ്' പേരിട്ടത് ഒമാൻ

ഒമാൻ നിർദ്ദേശിച്ച 'യാസ്' എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.മെയ് 22 മുതൽ മെയ് 24 വരെ തെക്കു കിഴക്കൻ - മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദ്ദേശം നൽകേണ്ടതാണ്.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. കേരളത്തിൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അഥോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

മെയ്‌ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

മെയ്‌ 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

മെയ്‌ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മെയ്‌ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

മെയ്‌ 26: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്

കാലവർഷം 31ന്

തക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31ന് കേരളത്തിലെത്താൻ സാധ്യത. ഇപ്പോൾ ആൻഡമൻ നിക്കോബാർ ദ്വീപിലെത്തിയ മൺസൂൺ, വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP