Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമ്മാവന്റെ സ്റ്റുഡിയോയിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു; സിനിമാമോഹം എത്തിച്ചത് സംവിധായകൻ ഐ വി ശശിയുടെ പ്രിയപ്പെട്ടവരുടെ പട്ടികയിൽ; വി ജയറാമിന്റെ ക്യാമറ ഒപ്പിയെടുത്തത് ദേവാസുരം, മൃഗയ ഉൾപ്പടെ ദക്ഷിണേന്ത്യയിലെത്തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങൾ; മഹാമാരിക്ക് കീഴടങ്ങി ഒരു പ്രതിഭകൂടി വിടവാങ്ങുമ്പോൾ

അമ്മാവന്റെ സ്റ്റുഡിയോയിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു; സിനിമാമോഹം എത്തിച്ചത് സംവിധായകൻ ഐ വി ശശിയുടെ പ്രിയപ്പെട്ടവരുടെ പട്ടികയിൽ; വി ജയറാമിന്റെ ക്യാമറ ഒപ്പിയെടുത്തത് ദേവാസുരം, മൃഗയ ഉൾപ്പടെ ദക്ഷിണേന്ത്യയിലെത്തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങൾ; മഹാമാരിക്ക് കീഴടങ്ങി ഒരു പ്രതിഭകൂടി വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കോവിഡിന്റെ വേട്ടയിൽ ഇരയാവേണ്ടി വരുന്ന പ്രതിഭകളുടെ പട്ടികനീളുന്നു.ശ്രദ്ധേയ ക്യാമറാമാൻ വി ജയറാം കോവിഡ് ബാധിച്ച് മരിച്ചു.ചികിത്സയ്ക്കിടെ ഹൈദരാബാദിൽ വച്ചാണ് മരണം.തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ പ്രശസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മുതിർന്ന ഛായാഗ്രാഹകൻ വി ജയറാം തന്റെ 70 മത്തെ വയസ്സിലാണ് വിടപറയുന്നത്.

വാറങ്കൽ സ്വദേശിയായ ജയറാമിന് നന്നേ ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയോട് കമ്പമുണ്ടായിരുന്നു. അമ്മാവൻ നടത്തിയിരുന്ന ഫോട്ടോഗ്രഫി സ്റ്റുഡിയോയിൽ നിന്നാണ് ആ കലയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത്. സിനിമാമോഹവുമായി 13-ാം വയസ്സിൽ വീടുവീട്ട് മദ്രാസിലെത്തി. തുടക്കത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര ഛായാഗ്രാഹകനായി വി ജയറാം മാറുകയായിരുന്നു.

ഐ വി ശശിയുടെ കണ്ണായിമാറുകയായിരുന്നു ജയറാം.ഇതോടെയാണ് ജയറാമിന്റെ തലവര തെളിയുന്നതും.ഒരോ ഷോട്ടും ഒ കെ ആണോ എന്നറിയാൻ മോണിറ്ററിങ്ങ് ഇല്ലാതിരുന്ന കാലത്ത് ഐ വി ശശിക്ക് ഏറെ വിശ്വാസമായിരുന്നു ജയറാമിനെ.തന്റെ എല്ലാ മികച്ച സിനിമകളിലും ഐ.വി.ശശി ഛായാഗ്രാഹകനായി കൊണ്ടുവന്നത് വി.ജയറാമിനെയായിരുന്നു എന്നറിയുമ്പോഴാണ് ആ കൂട്ടുകെട്ടിന്റെ ആഴം നമുക്ക് വ്യക്തമാകുന്നത്.

1986ൽ ആവനാഴി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് വി.ജയറാം മലയാളത്തിലേക്ക് ആദ്യമായെത്തിയത്. ക്ഷുഭിതനായ ഇൻസ്‌പെക്ടർ ബൽറാം കേരളക്കരയിലെ തിരശ്ശീലകളിൽ തീപ്പൊരി പടർത്തിയപ്പോൾ ആ ദൃശ്യങ്ങളെ മികവോടെ പകർത്തിയത് ജയറാമിന്റെ ക്യാമറക്കണ്ണുകൾ ആയിരുന്നു. 87ൽ അടിമകൾ ഉടമകൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചപ്പോഴും ക്യാമറയുടെ ജീവൻ വി.ജയറാമായിരുന്നു. ഏറെക്കാലത്തിനുശേഷം കമൽഹാസൻ മലയാളത്തിലേക്ക് തിരിച്ചുവരവു നടത്തിയ ഐ.വി.ശശി ചിത്രം വൃതത്തിനും ജയറാമായിരുന്നു ക്യാമറാമാൻ. 1988ൽ അബ്കാരിയെന്ന ചിത്രം പുറത്തുവന്നു.

മലബാർ കലാപത്തെ ആസ്പദമാക്കി 1988ൽ ഐ.വി.ശശിടി.ദാമോദരൻ കൂട്ടുകെട്ടിൽ പിറന്ന ബ്രഹ്‌മാണ്ഡ സിനിമ റിലീസ് ചെയ്തു. ഇന്നും എന്നും അമ്പരപ്പിക്കുന്ന ദൃശ്യഭംഗിയുള്ള ആ ബിഗ്ബജറ്റ് ചിത്രത്തിനും ജയറാമായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. തുടർന്നാണ് മുക്തി പുറത്തിറങ്ങിയത്.രമ്യകൃഷ്ണന്മോഹൻലാൽ കൂട്ടുകെട്ടിൽ യുവാക്കളുടെ ഹരമായി മാറിയ അനുരാഗി ജയറാമിന്റെ ഛായാഗ്രഹണ മികവിന്റെ തെളിവായിരുന്നു.

തുടർന്നാണ് മലയാളത്തിലെ തന്നെ വ്യത്യസ്തമാർന്ന ചിത്രം മൃഗയ സംഭവിക്കുന്നത്. തന്റെ കരിയറിലെ തന്നെ വെല്ലുവിളികൾ നിറഞ്ഞ സിനിമ ചിത്രികരിക്കുമ്പോഴും ക്യാമറക്കുപിന്നിലെ ദൗത്യം ഐവി ശശി ഏൽപ്പിച്ചത് ജയറാമിനെത്തന്നെയായിരുന്നു.ഐ.വി.ശശിയുടെ സാങ്കേതികത്തികവും മമ്മൂട്ടിയുടെഅവിസ്മരണീയ പ്രകടനവും ലോഹിതതദാസിന്റെ കരുത്തുറ്റ തിരക്കഥയും മാത്രമല്ല മൃഗയയെ പൂർണതയിലെത്തിച്ചത്. ജിം കോർബറ്റ് ശൈലിയിലുള്ള ഒരു സിനിമയെ അതിന്റെ എല്ലാ വന്യതകളോടുംകൂടി അഭ്രപാളിയിലേക്ക് പകർത്തിയ വി.ജയറാമായിരുന്നു.

1992ൽ അപാരതയെന്ന ചിത്രവുമായി വീണ്ടും ജയറാം മലയാളത്തിലെത്തി. എന്നാൽ 1993ലാണ് മലയാളത്തിൽ വി.ജയറാമിന്റെ അവസാനചിത്രം റിലീസ് ചെയ്തത്. അത് മലയാളികളുടെ സിനിമാ ആസ്വാദനശൈലിയെ മാറ്റിമറച്ചു.മംഗലശ്ശേരി നീലകണ്ഠനെന്ന ഫ്യൂഡൽചട്ടമ്പി മലയാള മനസിൽ ചേക്കേറിയത് ആ വർഷമായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി.ശശി ഒരുക്കിയ ദേവാസുരം ആത്മസംഘർഷങ്ങളുടെ ദേവാസുരയുദ്ധമായി മലയാളമനസിൽ ഇന്നും നിലനിൽക്കുന്നു.വരിക്കാശ്ശേരി മനയുടെ സൗന്ദര്യം മലയാളത്തിന്റെ വെള്ളിത്തിരയിൽ പൂർണ്ണതയോടെ ആദ്യം പകർന്നു നൽകിയതും ജയറാമായിരുന്നു.

താൻ ക്യാമറ ചലിപ്പിച്ച ചിത്രങ്ങൾ എല്ലാം തിയേറ്ററുകളെ ഇളക്കി മറിച്ചപ്പോഴും അതിന്റെ പിന്നിണിയിൽ പ്രവർത്തിച്ച എല്ലാവരും കൈയടി നേടിയപ്പോഴും എന്തുകൊണ്ടോ ജയറാമിന്റെ പേര് മാത്രം പലരും പരാമർശിച്ചിരുന്നില്ല. മലയാളത്തിൽ മാത്രമല്ല ജയറാം തന്റെ പ്രതിഭ തെളിയിച്ചത്.തെലുങ്കിൽ എൻടിആർ, അക്കിനേനി നാഗേശ്വര റാവു, കൃഷ്ണ, ചിരഞ്ജീവി, ബാലകൃഷ്ണ എന്നിവർ നായകരായ ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചു.

തെലുങ്കിൽ കെ രാഘവേന്ദ്ര റാവു സംവിധാനം നിർവ്വഹിച്ച പല പ്രശസ്ത ചിത്രങ്ങളുടെയും സിനിമാറ്റോഗ്രഫർ ജയറാം ആയിരുന്നു. പെല്ലി സണ്ടാഡി, പരദേശി, പാണ്ഡുരംഗഡു, ഇഡ്ഡരു മിഥ്രുലു എന്നിവ അവയിൽ ചിലത്. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'മേര സപ്‌നോ കി റാണി'യുടെ ഛായാഗ്രഹണവും ജയറാമായിരുന്നു. ഛായാഗ്രഹണത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കോവിഡ് കാരണം വെളിച്ചമണഞ്ഞ വെള്ളിത്തിരകൾ സാക്ഷിയാക്കിയാണ് ദക്ഷിണേന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ ഛായാഗ്രാഹകനായി വെള്ളിത്തിരകളെ പ്രകമ്പനം കൊള്ളിച്ച വി.ജയറാമും തന്റെ ക്യാമറയും മിഴിയടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP