Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം 'കണ്ടെത്തിയിട്ടില്ല'; ലോകാരോഗ്യസംഘടന സൂചിപ്പിച്ചത് 'B.1.617 വകഭേദം' എന്നു മാത്രം; പരാമർശം ഉൾപ്പെടുന്ന വാർത്തകളും പോസ്റ്റുകളും നീക്കംചെയ്യാൻ കേന്ദ്രസർക്കാർ നിർദ്ദേശം

കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം 'കണ്ടെത്തിയിട്ടില്ല'; ലോകാരോഗ്യസംഘടന സൂചിപ്പിച്ചത് 'B.1.617 വകഭേദം' എന്നു മാത്രം; പരാമർശം ഉൾപ്പെടുന്ന വാർത്തകളും പോസ്റ്റുകളും നീക്കംചെയ്യാൻ കേന്ദ്രസർക്കാർ നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണവൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന പരാമർശം ഉൾപ്പെടുന്ന വാർത്തകളും പോസ്റ്റുകളും നീക്കംചെയ്യാൻ സാമൂഹികമാധ്യമ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

വൈറസിന്റെ 'ഇന്ത്യൻ വകഭേദം' എന്നുപയോഗിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിവരസാങ്കേതിക മന്ത്രാലയം കമ്പനികൾക്ക് വെള്ളിയാഴ്ച കത്തയച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന് പരാമർശിക്കുന്ന എല്ലാ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ കത്തിലെ നിർദ്ദേശം.

കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ B.1.617 വകഭേദം ആഗോളതലത്തിൽ ആശങ്കയുളവാക്കുന്നതായി മെയ്‌ 11 ന് ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. എന്നാൽ ലോകാരോഗ്യസംഘടന 'B.1.617 വകഭേദം' എന്നു മാത്രമാണ് സൂചിപ്പിച്ചതെന്നും മാധ്യമങ്ങൾ അടിസ്ഥാനരഹിതമായി 'ഇന്ത്യൻ വകഭേദം' എന്ന് ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്രസ്താവന പുറത്തിറക്കിയിരുന്നു.

B.1.617 വകഭേദം ഇന്ത്യൻ വകഭേദമാണെന്ന് ശാസ്ത്രീയാടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന പരാമർശിക്കുകയോ ആ വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് സംഘടന ചൂണ്ടിക്കാട്ടുകയോ ചെയ്തിട്ടില്ലെന്ന് കത്തിൽ പറയുന്നു. ഇന്ത്യൻ വകഭേദം എന്ന പരാമർശം തെറ്റായ സന്ദേശം നൽകുന്നതായും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായും മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

വൈറസിന്റെ വകഭേദത്തെ, അത് ആദ്യമായി കണ്ടെത്തുന്ന സ്ഥലവുമായി ചേർത്ത് നാമകരണം ചെയ്യാറുണ്ട്. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളെ ആ രാജ്യങ്ങളുടെ പേരുമായി ചേർത്ത് വിദഗ്ദ്ധർ പരാമർശിച്ചുവരുന്നുണ്ട്.

ഇന്ത്യൻ വകഭേദം എന്നുൾക്കൊള്ളുന്ന ആയിരക്കണക്കിന് പോസ്റ്റുകളുള്ളതിനാൽ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് അവയൊക്കെ നീക്കംചെയ്യുന്നത് പ്രയാസമാണെന്നാണ് സാമൂഹ്യ മാധ്യമ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP